scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം 28

"ഒന്നുരണ്ടു നിമിഷത്തെ നിശബ്ദത... ചക്കരയുടെ ഉച്ചത്തിലുള്ള കുര മാത്രമേ മാഗിക്ക് കേൾക്കാൻ പറ്റുന്നുള്ളൂ..." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 28 വായിക്കാം

"ഒന്നുരണ്ടു നിമിഷത്തെ നിശബ്ദത... ചക്കരയുടെ ഉച്ചത്തിലുള്ള കുര മാത്രമേ മാഗിക്ക് കേൾക്കാൻ പറ്റുന്നുള്ളൂ..." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 28 വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 28 FI

ചിത്രീകരണം: അർച്ചനാ രവി

തടവുചാട്ടം!

ഇതേസമയത്ത് അങ്ങ് ഹൈഫയിൽ ഇതിലും നാടകീയമായ സംഭവങ്ങൾ നടക്കുകയായിരുന്നു...

“നമുക്ക് തടവു ചാടണം!!”

തടവറയുടെ പുറത്ത് ഹൈഫായിലെ ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്.“ കുട്ടികളെ ഉടൻ വിട്ടയയ്ക്കുക!! പിള്ളതീനിപ്പിശാചുഭരണം വേണ്ടേ... വേണ്ടാ...!!” ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി തടവറയ്ക്കുള്ളിലേക്കു പോലും ഒഴുകിയെത്തി.

Advertisment

പിള്ളതീനിയുടെ പാറാവുകാർ നെട്ടോട്ടമോടുകയാണ്. മാഗീനെ തടവറയിലാക്കിയ വിവരം അമ്മൂമ്മ കടൽജീവികളെ അറിയച്ചതോടെ കടലിലെ കലക്കം പതിന്മടങ്ങായി.

വെള്ളച്ചി ഗ്ലാഡിസിൻ്റെ വീരത്തിമിംഗലചേകോൻമാർ ഹൈഫാ കടൽത്തീരത്തെ സകല ബോട്ടുകളുടെയും ചുക്കാൻ ഇടിച്ചു പൊട്ടിച്ചുകളഞ്ഞു.

ജെല്ലിഫിഷുസേനയാകട്ടെ നൂറുനൂറിരട്ടിയായി പെരുകി ആ തുറമുഖനഗരത്തിൽ സാധാരണജീവിതം അസാധ്യമാക്കി. അവരെ കോരിക്കളയാനും കടലിലെ കപ്പൽവഴികൾ കൈയ്യേറിയ കടൽജീവികളെ തുരത്താനും അങ്ങിങ്ങ് പാഞ്ഞു നടന്ന് പാറാവുകാർ വലഞ്ഞു.

Advertisment

അതുകൊണ്ട് തടവറ കാക്കാൻ അധികം കിങ്കരന്മാർ ഉണ്ടായിരുന്നില്ല. ഉള്ളവർ ക്ഷീണിച്ച് അവശരായിക്കഴിഞ്ഞിരുന്നു. കുട്ടികളല്ലേ... പേടിപ്പിക്കാൻ എളുപ്പമാ, ഇതായിരുന്നു അവരുടെ വിചാരം.

തടവു ചാടാം! കുട്ടികൾക്കെല്ലാം ആവേശമായി. അവരെല്ലാം മാവിൽ എറിയാൻ നല്ല മിടുക്കുള്ളവരാണല്ലോ. ഉടുപ്പിൻറെ പോക്കറ്റിൽ കല്ലുകളോടെയാണ് പലരും പിടിക്കപ്പെട്ടത്. ചിലരുടെ കൈയിൽ കവണകളുമുണ്ട്.

ഈ ആയുധങ്ങളെല്ലാം തയ്യാറാക്കിവച്ചിട്ട് അവർ ഉറക്കെ കരഞ്ഞും ബഹളം വച്ചും പാറാവുകാരെ വരുത്തി. മാഗി മുറിയുടെ നടുഭാഗത്ത് ബോധംകെട്ടുവീണതു പോലെ അഭിനയിച്ചു. കൂട്ടനിലവിളി കേട്ട് പാറാവുകാർ തടവറവാതിൽ തുറന്നു.

ലോകം മുഴുവൻ ടിവിയിൽ കണ്ട അത്ഭുതബാലിക... അതായത്, നമ്മുടെ മാഗി അതാ, ബോധംകെട്ടു കിടക്കുന്നു!! മേലധികാരികളോട് ചോദിക്കാതെയാണല്ലോ, അവളെ ഇങ്ങോട്ടു വലിച്ചിഴച്ചുകൊണ്ടുവന്നത്. അവൾക്കെന്തെങ്കിലും പറ്റിയാൽ... പരിഭ്രമിച്ചുപോയ പാറാവുകാർ ഓടി അവളുടെ അടുത്തേയ്ക്കു ചെന്നു.

J Devika Kadalkutty Chapter 28 (2)
ചിത്രീകരണം: അർച്ചനാ രവി

കുട്ടികൾ അതിവേഗം അവരുടെ പുറകിലേക്കു നീങ്ങി വാതിലിലേക്കുള്ള വഴിയടച്ചു. കവണയുള്ളവർ കൃത്യമായ ഉന്നംനോക്കി പാറാവുകാരെ കല്ലെറിഞ്ഞുവീഴ്ത്തി...!!

കുട്ടികളുടെ കൂട്ടം പുറത്തേയ്ക്ക് ഇരച്ചിറങ്ങി. തടഞ്ഞുനിർത്താൻ നോക്കിയ പാറാവുകാരെ തള്ളിയിട്ട് അവർ പുറത്തേയ്ക്ക് ഓടിയിറങ്ങി.
പക്ഷേ പാറാവുപുരയുടെ മുറ്റത്ത് അതാ പിള്ളതീനിയുടെ സൈന്യം നിരന്നു നിൽക്കുന്നു...!!!  അവരുടെ കൈയിൽ തോക്കുണ്ട്. കുട്ടികളുടെ പിന്നാലെ പാറാവുകാരും...

പക്ഷേ മാഗി പേടിച്ചതു പോലെ ഒന്നും സംഭവിച്ചില്ല.

കാരണം, പട്ടാളക്കാർ തങ്ങളുടെ തോക്കുകൾ താഴെയിട്ട് വായും പൊളിച്ചുനിന്നു... പിന്നിൽ നിന്നു വന്ന പാറാവുകാരും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതു പോലെ കണ്ണുംതിരുമ്മി നിന്നു ...!!

ഒന്നുരണ്ടു നിമിഷത്തെ നിശബ്ദത... ചക്കരയുടെ ഉച്ചത്തിലുള്ള കുര മാത്രമേ മാഗിക്ക് കേൾക്കാൻ പറ്റുന്നുള്ളൂ...

“അമ്മൂമ്മേ, എന്താ പറ്റിയത്...?” മാഗി ചോദിച്ചു. അമ്മൂമ്മ ആകാശത്തേയ്ക്കു നോക്കി. കാർമേഘങ്ങൾ നാലു ദിക്കിൽ നിന്നും വന്നു നിറയുന്നു.
പെട്ടെന്ന് അമ്മൂമ്മയുടെ കണ്ണുകളിൽ ആഹ്ളാദത്തിൻറെ തിളക്കം !!

“ജലദേവത... !!”

കാണെക്കാണെ പട്ടാളക്കാരുടെയും പാറാവുകാരുടെയും കണ്ണിൽ വെള്ളം നിറയാൻ തുടങ്ങി. വല്ലാത്ത ഉപ്പ്, കയ്പോളം വരുന്ന ഉപ്പ്, അമ്മച്ചിമേഘം തുറന്നുവിട്ട തീരാവെള്ളം...

പട്ടാളക്കാരും പാറാവുകാരും ബദ്ധപ്പെട്ട് കണ്ണു തുടച്ചിട്ടും അത് അവരുടെ കണ്ണുകളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്നു.

കുട്ടികളെ മുഴുവൻ കൊന്നുകളയാനും മാഗീനെ തടവിലിടാനുമുള്ള പിള്ളതീനിയുടെ ആജ്ഞ അവർക്കു കിട്ടിക്കഴിഞ്ഞിരുന്നു. പക്ഷേ അവർക്കതിനു കഴിയുന്നില്ല... കാരണം, തീരാക്കണ്ണീർ പൊന്തിവരുന്ന കണ്ണുകൾ കൊണ്ട് അവർക്ക് ഈ കുട്ടികളെ കാണാനാവുന്നില്ല. പകരം, സ്വന്തം കുട്ടികളുടെ രൂപങ്ങളാണ് അവർ കാണുന്നത്...

വെടിവയ്ക്കാൻ ഓങ്ങുന്ന ഓരോ പട്ടാളക്കാരനും അടിയ്ക്കാനോങ്ങിയ ഓരോ പാറാവുകാരനും കാണുന്നത് സ്വന്തം കുഞ്ഞുമക്കളെ ... വെടിവയ്ക്കാനോ അടിക്കാനോ പറ്റാതെ അവർ കുഴങ്ങി.

കുട്ടികളെ ആകാശത്തു നിന്ന് വെടിവയ്ക്കാമെന്നു കരുതി വിമാനങ്ങളിൽ വന്ന പട്ടാളക്കാർക്ക് താഴെ തടവറയുടെ സ്ഥാനം കണ്ടെത്താനായില്ല. തീരാവെള്ളം തുളുമ്പിക്കൊണ്ടേയിരുന്ന അവരുടെ കണ്ണുകളിൽ തെളിയുന്നത് അവരുടെ കുട്ടിക്കാലത്തെ വീടുകൾ, കളിസ്ഥലങ്ങൾ, സ്വന്തം വീടുകൾ... 

ബോംബിടാനാവാതെ അവരും മടങ്ങി.

അലറിവിളിച്ചുകൊണ്ട് ഹൈഫയിലേക്കു മടങ്ങിയ പിള്ളതീനിയും സുഹൃത്തുക്കളും കുട്ടികൾ കൊല്ലപ്പെട്ടില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി.

J Devika Kadalkutty Chapter 28 (1)
ചിത്രീകരണം: അർച്ചനാ രവി

“പട്ടാളക്കാർക്കു പറ്റുന്നില്ലെങ്കിൽ വേണ്ട, നമ്മൾ മതി!” നീലക്കണ്ണന് വാശിയായി.

പക്ഷേ കുട്ടികളുടെ മുന്നിലേക്ക് ചാടിവീണതും, തീരാവെള്ളപ്രവാഹം കൊണ്ട് അവരുടെ കണ്ണുകളും മൂടിപ്പോയി, പിന്നെ കാഴ്ച തെളിഞ്ഞപ്പോൾ പട്ടാളക്കാരെ പോലെയായീ അവരും...!

എൻറെ കുട്ടികളാണ് വിശപ്പും ദാഹവും കൊണ്ട് വാടിത്തളർന്നു നിൽക്കുന്നത്... എൻറെ മക്കളാണ് മുഖത്തും ദേഹത്തും ചോരയൊലിച്ച് കരയുന്നത്. അമ്മയെ കാണണമെന്ന് വാശിപിടിച്ചു കരയുന്നത് തങ്ങളുടെ തന്നെ കുഞ്ഞുങ്ങളല്ലേ....  ഓരോ പിശാചിനും തോന്നി. അവർ കണ്ണും കാതും പൊത്തി ഓടിപ്പോയി.

“ദുഷ്ടന്മാരെ, ഇതാ ഞാൻ നിങ്ങൾക്കു തന്ന വരം ...!”

കാർമേഘം മുഴുവനേ മൂടിയ ആകാശത്തിൽ നിന്ന് ആദ്യം ഒരു മിന്നൽപ്പിണർ പാഞ്ഞു. അതിനെ പുറകേ ഭയങ്കരമായി ഇടി മുഴങ്ങി.

“ഇനി നിങ്ങൾക്ക് ഏതൊരു ജീവിയെയും സ്വന്തം കുട്ടിയായി മാത്രമേ കാണാനാകൂ.... ഏതൊരു കുഞ്ഞിൻറെയും മുഖം സ്വന്തം കുഞ്ഞിൻറെ മുഖമായി മാത്രമേ കാണാനാകൂ...”

പിള്ളതീനിയും കൂട്ടരും എങ്ങോട്ടുനോക്കിയാലും സ്വന്തം മക്കൾ ശ്വാസം കിട്ടാതെ മരിക്കുന്ന കാഴ്ചകൾ... കടൽജീവികളല്ല, സ്വന്തം മക്കളാണ് പ്രേതവലകൾക്കുള്ളിൽ കിടന്നുപിടയുന്നത്... 

“അപ്പാ ഞങ്ങളെ രക്ഷിക്കണേ!” അവർ അലമുറയിടുന്നു... കൈകാലിട്ടടിക്കുന്നു... കടലിലെ ചൂടുകൊണ്ട് പട്ടിണികിടന്നു ചാവുന്നത് മീനുകളോ ഞണ്ടുകളോ കടലാമകളോ അല്ല, തങ്ങളുടെ തന്നെ കുഞ്ഞുങ്ങൾ...

പിശാചുക്കൾ വിയർത്തുകുളിച്ചു. ഭൂമിയെ ശ്വാസം മുട്ടിക്കുന്ന വിഷം പുറന്തള്ളുന്ന യാതൊന്നും ഇനി വേണ്ടേവേണ്ടാ... അവർ എല്ലാവരും ഒത്തുകൂടി ലോകത്തു നിന്ന് ദുഷിച്ച വായുവിനെ അകറ്റാനുള്ള തീരുമാനമെടുത്തു.

കുറച്ചു മാത്രം നാളുകൾ കഴിഞ്ഞപ്പോൾ അൻറാർട്ടിക്കാക്കൊട്ടാരത്തിനു മുകളിൽ ബോധംകെട്ടു കിടന്നിരുന്ന അൽബെഡോ കുഞ്ഞിദേവത മയക്കത്തിൽ നിന്നുയർന്നു. അവൻറെ തൂവെള്ളക്കുപ്പായത്തിൽ തട്ടി ഭൂമിയുടെ ചൂട് ദൂരേയ്ക്കു പറന്നുപോയി.കടലിൻറെ പനി വിട്ടുമാറി.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: