/indian-express-malayalam/media/media_files/2025/08/15/j-devika-kadalkutty-chapter-26-fi-2025-08-15-18-07-02.jpg)
ചിത്രീകരണം: അർച്ചനാ രവി
മഴയമ്മച്ചി
മാങ്ങയും മറ്റും പറിച്ചതിന് പിടിക്കപ്പെട്ട കുട്ടികളുടെ വാടിത്തളർന്ന മുഖങ്ങൾ കണ്ടവർക്ക് സങ്കടം സഹിക്കാനായില്ല. ഹൈഫാ നഗരത്തിലെ ആർത്തിക്കാരല്ലാത്ത മനുഷ്യരെല്ലാം വാവിട്ടു നിലവിളിച്ചുകൊണ്ട് തെരുവിലിറങ്ങി സമരം തുടങ്ങി.
മാഗി വിളിച്ചുപറഞ്ഞു “നിങ്ങളുടെ ദുഷ്ടത്തരമല്ല എൻ്റെ ചോദ്യങ്ങൾക്കുത്തരം!!”
അവൾ അങ്ങനെ പറയുമെന്നും അതാണ് അവളെ പിടിച്ചുകെട്ടാനുള്ള അവസരമെന്നും പിശാചുക്കളുടെ പാറാവുകാർക്ക് അറിയാം. അവർ പിശാചിൻ്റെ ഉത്തരവു കാത്തു നിന്നു. പക്ഷേ ആ നിമിഷം പിള്ളതീനിപ്പിശാചിൻ്റെ ദാസി ഓടിക്കിതച്ച് പിശാചുസദസ്സിലെത്തി.
“തമ്പ്രാക്കളെ, നിങ്ങൾ ഈ കൊട്ടാരത്തിൻ്റെ മട്ടുപ്പാവിലേക്ക് ദയവായി വരണം, ഉടൻതന്നെ... വളരെ വിചിത്രമായ സംഭവങ്ങളാണ് അവിടെ നടക്കുന്നത്...!!”
എന്താണ്, എന്താണ്...? എല്ലാവരും ചാടിയെഴുന്നേറ്റു.
ആകാശം തൊടുന്നത്ര വലുപ്പമുണ്ട് കടപ്പുറക്കൊട്ടാരത്തിന്. ഇരുനൂറ്റിയമ്പതു നില! അതിനും മുകളിലാണ് മട്ടുപ്പാവ്.
“വലിയൊരു മഴമേഘം അവിടുത്തെ സിംഹാസനത്തിന്മേൽ കയറി ഇരിപ്പാണ്... അത് മനുഷ്യരെപ്പോലെ സംസാരിക്കുന്നു... തമ്പ്രാക്കൾ അങ്ങോട്ടുചെല്ലണമെന്നു കല്പിക്കുന്നു!!”
പിശാചുക്കൾ പേടിച്ചു.
“ഞങ്ങളില്ല... അയ്യോ, ഞങ്ങക്കു പേടിയാ...!!” പിശാചുക്കൾ കൊച്ചുപിള്ളാരെപ്പോലെ വിതുമ്പാൻ തുടങ്ങി.
“പോയില്ലെങ്കിൽ... ഇടിമിന്നൽ...“ പേടിച്ചുവിറയ്ക്കുകയായിരുന്ന ദാസിക്ക് മിണ്ടാൻ പോലും ശക്തിയില്ല.
കുറേ തർക്കത്തിനും ബഹളത്തിനും ഒടുവിൽ പിള്ളതീനിയും കൂട്ടുകാരും മട്ടുപ്പാവിലേക്കു പോയി. കറുകറുത്തൊരു മഴമേഘം അവിടമാകെ മൂടിയിരിക്കുന്നു.
കോടിക്കണക്കിനു കുഞ്ഞുവെള്ളത്തുള്ളികളെ ഉള്ളിൽ ചേർത്തുപിടിച്ചുകൊണ്ട് മഴയമ്മച്ചി അവിടെ ചാഞ്ഞുകിടക്കുന്നു!!
സ്വയം പരിചയപ്പെടുത്താനൊന്നും മെനക്കെടാതെ അവർ പിശാചുക്കളോടു കല്പിച്ചു “ആ കുട്ടികളെ ഉടൻ വിട്ടയയ്ക്കുക.”
“താ ...താങ്കൾ...? പിള്ളതീനി വിക്കിവിക്കി ചോദിച്ചു.
“നിങ്ങളുടെയെല്ലാം പെറ്റതള്ള… സാക്ഷൽ വെള്ളം! കടൽ എൻറെ ശരീരമാണ്, മേഘവും. ഹേ മനുഷ്യപ്പിശാചേ, നിൻ്റെ ശരീരത്തിലധികവും ഞാനാണ്.
എൻ്റഎ ശരീരം മലിനമാകുന്നത് ആ കുഞ്ഞുങ്ങൾ കാരണമല്ല!!”
കറുത്തുചുരുണ്ട മുടി പിന്നിലേക്കു കുടഞ്ഞിട്ടുകൊണ്ട് മേഘം തലയാട്ടി. അതുണ്ടാക്കിയ കാറ്റിൻ്റെ ഊക്കിൽ പിള്ളതീനിയും കൂട്ടുകാരും ടെറസ്സിൻ്റെ മറ്റേ അറ്റത്തേക്ക് തെറിച്ചുപോയി.
/filters:format(webp)/indian-express-malayalam/media/media_files/2025/08/15/j-devika-kadalkutty-chapter-26-1-2025-08-15-18-08-15.jpg)
അവർ തപ്പിത്തടഞ്ഞ് എഴുന്നേൽക്കുന്നതിനിടയിൽ മേഘം പറഞ്ഞു “എനിക്കറിയാം നിങ്ങൾക്ക് വേണ്ടതെന്താണെന്ന്... ഒരിക്കലും തീരാത്ത വെള്ളത്തിൻ്റെ ഉറവയിലല്ലേ നിങ്ങളുടെ കണ്ണ്...?”
മഴയമ്മച്ചിക്ക് ഇതെങ്ങനെ പിടികിട്ടി എന്നറിയില്ല, ഇത്തവണ പിശാചുസമ്മേളനത്തിൻ്റെ വിഷയം, ലോകത്ത് കുടിക്കാൻ കൊള്ളുന്ന വെള്ളം മുഴുവൻ എങ്ങനെ കൈക്കലാക്കാമെന്നതായിരുന്നു!!
ഒട്ടും പ്രതീക്ഷിക്കാതെ തേടിയ വള്ളി കാലിൽ ചുറ്റിയെന്നു തോന്നിയപ്പോൾ പിശാചുക്കൾ ഒറ്റശബ്ദത്തിൽ വിളിച്ചുപറഞ്ഞു "അതേ... അതേയതേയതേ...!!"
“ശരി, ആരും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത, ഒരിക്കലും തീരാത്ത വെള്ളത്തിൻ്റെ ഉറവ കാട്ടിത്തരാം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള വെള്ളം. ഇപ്പോഴും ധാരധാരയായി ഒഴുകുന്ന...” പിശാചുക്കൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
“വെള്ളം കാണിച്ചുതന്നാൽ പിള്ളേരെ തുറന്നുവിടാം...” അവർ സമ്മതിച്ചു.
“നിങ്ങൾ എൻ്റെ പുറകേ വരണം...”
പിശാചുക്കളും ശേവുകസംഘവും മഴയമ്മച്ചീടെ പിന്നാലെ പുറപ്പെട്ടു.
അവരെല്ലാം കണ്ണിൽ നിന്നു മറഞ്ഞയുടനെ പിള്ളതീനിയുടെ പാറാവുകാർ മാഗിയെ വലിച്ചിഴച്ച് കൊണ്ടുപോയി മാവിലെറിഞ്ഞ കുട്ടികളെ അടച്ചിട്ടിരുന്ന തടവുമുറിയിൽ തള്ളി.
പക്ഷേ അമ്മൂമ്മ അവളുടെ കൂടെയുള്ളത് അവർക്കു കാണാൻ കഴിയില്ലല്ലോ. ചക്കര അവളുടെ ഹൃദയത്തെ മുറുക്കെപിടിച്ചിരിക്കുന്നുവെന്നും അവർക്കറിയില്ലല്ലോ.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us