scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം 25

"ഇവരാണ് ഭൂമിയുടെയും കടലിൻ്റെയും സകലദുരിതത്തിനും കാരണം... കായ്ചു നിൽക്കുന്ന മരത്തിൽ കല്ലെറിഞ്ഞ് മാങ്ങായും ആപ്പിളും ഒക്കെ പൊട്ടിച്ചു തിന്ന പിളേളരാണിവർ... കള്ളന്മാരും കള്ളികളും...” ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 25 വായിക്കാം

"ഇവരാണ് ഭൂമിയുടെയും കടലിൻ്റെയും സകലദുരിതത്തിനും കാരണം... കായ്ചു നിൽക്കുന്ന മരത്തിൽ കല്ലെറിഞ്ഞ് മാങ്ങായും ആപ്പിളും ഒക്കെ പൊട്ടിച്ചു തിന്ന പിളേളരാണിവർ... കള്ളന്മാരും കള്ളികളും...” ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 25 വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 25 FI

ചിത്രീകരണം: അർച്ചനാ രവി

പിശാചുക്കളോട് നേർക്കുനേർ

"ആരവിടെ!! പിടിച്ചുകെട്ടവളേ!!”

ക്യാമറകളുടെയും പത്രക്കാരുടെയും മുന്നിൽ വായുവിൽ നിന്നെന്നോണം പ്രത്യക്ഷപ്പെട്ട കൊച്ചുപെണ്ണ് കൈയ്യുയർത്തി എന്തൊക്കെയോ ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ട് പിള്ളതീനിപ്പിശാച് അലറി.

“എന്തു ചെയ്യും?”

“അവളോട് സംസാരിക്കുന്നതു പോലൊന്ന് കാട്ടിയാലെന്താ പ്രശ്നം...?”

Advertisment

“പ്രശ്നമങ്ങ് ഒതുക്കിയേക്ക്, എന്തെങ്കിലും ചില്ലറ പ്രഖ്യാപനമൊക്കെ മതിയായിരിക്കും...”

“എന്നാലുമാ കൊലയാളിത്തിമിംഗലത്തിൻ്റെ ഇടി... ഹോ..." ചിലർ ഇടുപ്പു താങ്ങിപ്പിടിച്ചുകൊണ്ടു പറഞ്ഞു.

“ശരി, അവളെ കണ്ടു കളയാം.”

അധികം സമയം വേണ്ടിവന്നില്ല, ടിവി വാർത്ത പറഞ്ഞു തുടങ്ങി, കടൽകുട്ടി എന്നു സ്വയം വിളിക്കുന്ന മാഗ്ളിൻ ഫിലോമെന എന്ന അത്ഭുതബാലികയെ കാണാൻ  പിശാചുപ്രമുഖർ സമ്മതിച്ചിരിക്കുന്നു...

Advertisment

മാഗിയെ കടപ്പുറക്കൊട്ടാരത്തിൻ്റെ നൂറാം നിലയിലേക്ക് കൊണ്ടുപോകാൻ ആളു വന്നു. പക്ഷേ പിള്ളതീനിയുടെ പാറാവുകാർക്ക് അപ്പോൾ ഒരു ദുർബുദ്ധി തോന്നി. 

“ഈ പീറപ്പെണ്ണിനെ പിടിച്ചുകെട്ടിയാൽ എന്തുപറ്റാനാ... പിടിക്കെടാ അവളെ!!” അവർ മാഗിയെ തൂക്കിയെടുത്ത് പാറാവുവണ്ടിയിലേക്കു കൊണ്ടുപോയി.

“വിഡ്ഢീ... അതിനെ ഇങ്ങോട്ടുവിട്...  ലോകം മുഴുവൻ കാണുവാ ഇത്...” പിശാച് സിസി ടിവിയിലൂടെ അലറി വിളിച്ചു.

മാഗി കൊട്ടാരത്തിൻ്റെ പൂമുഖത്തിലേക്ക് ഓടിക്കയറി.  

“ഞാൻ നൂറാം നിലയിലേക്കില്ല. ഇവിടെ നിന്നു പറയുകയേ ഉള്ളൂ...!!”

ഏതോ പത്രക്കാർ അവളുടെ കൈയിൽ ഒരു മൈക്കു കൊടുത്തു.

“ഹേ... കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന പരമദുഷ്ടാ... എനിക്കു തന്നോടു മാത്രം സംസാരിച്ചാൽപ്പോര... ഈ ഭൂമിയെ പുകയിൽ മുക്കി കടലിനെ ചൂടുപിടിപ്പിക്കാൻ കൂട്ടു നിൽക്കുന്ന എല്ലാ പിശാചുക്കളും ഞാൻ പറയുന്നത് കേൾക്കുക!!”

J Devika Kadalkutty Chapter 25 (2)
ചിത്രീകരണം: അർച്ചനാ രവി

“കടൽക്കുട്ടിയാണ് ഞാൻ!!”

“കടലിലെ മുഴുവൻ ജീവൻ്റെയും പേരിൽ ഞാൻ പറയുന്നു, നിങ്ങൾ ഭൂമിയെ ശ്വാസംമുട്ടിക്കാതിരിക്കുക... നിങ്ങൾ കടലിനു പനി പിടിപ്പിക്കാതിരിക്കുക... ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പടുവിഡ്ഢികളായ മനുഷ്യരെ, ഇനിയെങ്കിലും കേൾക്കുക!”

“നിങ്ങളുടെ മുന്നിൽ കൂമ്പാരമായി വന്നു വീഴുന്ന ജെല്ലിഫിഷുകൾ... നിങ്ങളെക്കാരണം അന്തംവിട്ടു പെറ്റുപെരുകേണ്ടിവന്നവർ... അവർ പറയുന്നതെന്താണെന്ന് കേൾക്കുക.”

“നിങ്ങൾ മുറിവേൽപ്പിച്ച കടൽജീവികളുടെ നിലവിളി കേൾക്കുക, അൻ്റാർട്ടിക്കായിലെ മഞ്ഞുകൊട്ടാരം പൊട്ടിത്തകരുന്നതു കേൾക്കുക...”

മുകളിലിരുന്ന പിള്ളതീനിയും കൂട്ടരും ഇതെല്ലാം കേട്ടു. ഇവൾ ഭയങ്കരിയാണല്ലോ... പിശാചുക്കൾ കണ്ണുതള്ളി. കടൽക്കുട്ടിപോലും!!

പിള്ളതീനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരനാണ് നീലക്കണ്ണൻ പിശാച്. അയാൾ മുന്നോട്ടാഞ്ഞ് പറഞ്ഞു.

“ഭൂമി ചൂടാകുന്നത് കൊച്ചുപിള്ളാര് മരത്തേൽ എറിഞ്ഞു മാങ്ങായും ആപ്പിളുമൊക്കെ പറിച്ചിട്ടാന്ന് പറഞ്ഞേക്ക്. പിള്ളാരെ അറസ്റ്റു ചെയ്യാമെന്ന് പറഞ്ഞാ ചെലപ്പം ഇത്ങ്ങ അടങ്ങും.”

പിളേളരെ കൊല്ലുന്ന കാര്യം കേട്ടാൽ പിള്ളതീനിക്ക് സന്തോഷമാ... അയാൾ  തൻ്റെ ടിവിക്കാരെ വിളിച്ചു.

കുറച്ചുനേരത്തിനകം അത്ഭുകബാലികയുടെ ചോദ്യങ്ങൾക്ക് പി തീ പിശാചാര്യയുടെ ഉത്തരം, പ്രശ്നങ്ങൾക്കു പരിഹാരം... എന്നു വാർത്ത വന്നു.

പുറകേ പി തീ  (പിള്ളതീനിയുടെ ചുരുക്കപ്പേര് ) രാജ്യത്തെ അഭിസംബോധന ചെയ്തു.

“പ്രിയപ്പെട്ട ലോകവാസികളെ, ലോകരാജ്യങ്ങളുടെ മുഴുവൻ നേതാക്കളുടെയും പേരിൽ ചില സത്യങ്ങൾ നിങ്ങളെ ഇതാ അറിയിക്കാൻ പോകുന്നു...

നമ്മുടെ മുന്നിൽ അത്ഭുതകടൽബാലിക ഉയർത്തിയ ചോദ്യങ്ങൾക്ക്  ശാസ്ത്രജ്ഞർ മറുപടി കണ്ടെത്തിയിരിക്കുന്നു... വായു മലിനമാകാനും ഭൂമിക്കു ശ്വാസം മുട്ടാനും കടലിനു ചൂടുകൂടാനും ഒരേയൊരു കാരണമാണുള്ളത്...”

എല്ലാവരും ടിവി സ്ക്രീനിലേക്ക് ഉറ്റുനോക്കി. അതിൽ തെളിഞ്ഞുവന്ന ദൃശ്യം കണ്ട് മാഗിയും ചക്കരയും അമ്മൂമ്മയും അടിമുടി ഞെട്ടി.

വഴിയിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന ചെറിയ മനുഷ്യക്കുട്ടികൾ... അവരുടെ ദേഹത്ത് അടി കൊണ്ട പാടുകൾ... ചോരക്കറകൾ. കീറക്കുപ്പായങ്ങളും വിണ്ടുകീറിയ പാദങ്ങളും. അവർ കരഞ്ഞും ഞെരങ്ങിയും മുന്നോട്ടുനീങ്ങുന്നു...

J Devika Kadalkutty Chapter 25 (1)
ചിത്രീകരണം: അർച്ചനാ രവി

“ഈ ദേശദ്രോഹികളെ സൂക്ഷിച്ചു നോക്കൂ...!!”

"...ഇവരാണ് ഭൂമിയുടെയും കടലിൻ്റെയും സകലദുരിതത്തിനും കാരണം... കായ്ചു നിൽക്കുന്ന മരത്തിൽ കല്ലെറിഞ്ഞ് മാങ്ങായും ആപ്പിളും ഒക്കെ പൊട്ടിച്ചു തിന്ന പിളേളരാണിവർ... കള്ളന്മാരും കള്ളികളും...”

“അത്ഭുതബാലികയുയർത്തിയ പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരമേ ഉള്ളൂ... ഇവരെ വെടിവച്ചുകൊല്ലുക!!”

പിള്ളതീനിക്ക് ഇനിയും പിള്ളാരെ കൊന്നുകളയാൻ താൻ കാരണമായിരിക്കുന്നു!! ഇത്ര ഭയങ്കരമായ ക്രൂരതയോ... മാഗിയുടെ ഉള്ള് മരവിച്ചു പോയി.

പക്ഷേ ചക്കര അവളുടെ ഹൃദയത്തെ തകർക്കാൻ പോകുന്നതു പോലെ കിടന്നു കുരച്ചു “വിടരുത് ഈ ദുഷ്ടനേ... വിടരുത്...!!”

ഇതനുവദിച്ചുകൂടാ...!!

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: