/indian-express-malayalam/media/media_files/2025/08/14/j-devika-kadalkutty-chapter-24-fi-2025-08-14-10-31-41.jpg)
ചിത്രീകരണം: അർച്ചനാ രവി
യുദ്ധം!
പിശാചുസമ്മേളനം തുടങ്ങാൻ ഇനി ഒരു ദിവസമേ ഉള്ളൂ. നേരെ പുലരും മുമ്പേ പിള്ളതീനിപ്പിശാചിൻ്റെ കൊട്ടാരത്തിൽ തിരക്കോടുതിരക്കാണ്. ലോകത്തിലെ മിക്ക പിശാചുക്കളും അവരുടെ ശേവുകരും ഹൈഫയിൽ എത്തിക്കഴിഞ്ഞിരുന്നു.
ഹൈഫാ കടപ്പുറത്ത് തലയുയർത്തി നിൽക്കുന്ന വലിയൊരു കടപ്പുറക്കൊട്ടാരത്തിൽ... ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ ആണ് പിശാചുക്കൾ ഒത്തുകൂടാൻ പോകുന്നത്.
സമ്മേളനത്തിൻ്റെ തലേന്ന് പിശാചുക്കളെ അലങ്കരിച്ച ബോട്ടുകളിൽ കയറ്റി കടലെല്ലാം കാണിക്കാൻ പോകുന്നു...
കടൽജീവികളുടെ പതിവില്ലാത്ത നീക്കങ്ങൾ പിള്ളതീനിയുടെ ശേവുകന്മാരുടെ കണ്ണിൽ പെട്ടിരുന്നു. പക്ഷേ അവർക്ക് ഒരു പിടിയും കിട്ടിയില്ല.
പിശാചുക്കളുടെ ഉല്ലാസബോട്ടുകൾ കടലിൽ ഇറങ്ങിയതും “തയ്യാറായിക്കോ...!” വെള്ളച്ചി ഗ്ലാഡിസ് തൻ്റെ കൂട്ടരോടു പറഞ്ഞു.
“ആരും ബോട്ടുകൾക്കു ചുറ്റും കറങ്ങിനിന്നു സമയമൊന്നും കളഞ്ഞേക്കല്ല്... അവന്മാരുടെ ചുക്കാനിടിച്ച് തെറിപ്പിച്ചോണം!”
/filters:format(webp)/indian-express-malayalam/media/media_files/2025/08/14/j-devika-kadalkutty-chapter-24-3-2025-08-14-10-33-16.jpg)
ബോട്ടുകളിലിരുന്ന് കാറ്റുകൊള്ളുകയായിരുന്ന പിശാചുക്കളും അവരുടെ ശേവുകരും എന്താണ് അവരെ വന്നിടിച്ചതെന്നറിയാതെ കിടുങ്ങിപ്പോയി.
നിലവിളികൾക്കും കരച്ചിലിനുമിടിയിൽ അഞ്ചാറു ബോട്ടുകളെ വെള്ളച്ചിയും കൂട്ടരും മുക്കി. ബാക്കിയുള്ളതിൻ്റെ ചുക്കാൻ കടിച്ചും ഇടിച്ചും പൊട്ടിച്ചുകളഞ്ഞു. അവയെ തിരക്കൾക്കു തട്ടിക്കളിക്കാൻ വിട്ടുകൊടുത്തു. കിട്ടിയ അവസരം പാഴാക്കാതെ തിരകൾ ബോട്ടുകളെ എടുത്തിട്ട് കുടഞ്ഞു.
വലിയ കപ്പലുകൾ പിശാചുക്കളെ രക്ഷിച്ചുകൊണ്ടുപോകാൻ എത്തിയപ്പോൾ വെള്ളച്ചിയുടെയും സംഘത്തിൻ്റെയും പൊടി പോലും കാണാനില്ല!!
ഈ സമയത്തായിരുന്നു ഹൈഫാ തുറമുഖത്ത് ലക്ഷക്കണക്കിനു ജെല്ലിയോദ്ധാക്കളുടെ മിന്നലാക്രമണം..!!
അവരിൽ കുറേപ്പേരെ വൻതിരകൾ കടപ്പുറത്തേയ്ക്ക് എടുത്തെറിഞ്ഞു. ഹൈഫാ നഗരത്തിൻ്റെ കടപ്പുറങ്ങളിൽ ജെല്ലിശരീരങ്ങളുടെ കൂമ്പാരങ്ങളുയർന്നു...!
കടൽത്തീരം മുഴുവൻ ജെല്ലിപ്പട്ടാളത്തിൻറെ പിടിയിൽ!!
അവരുടെ സംഘങ്ങൾ ഹൈഫാ നഗരത്തിന് ശുദ്ധജലം ഉണ്ടാക്കിക്കൊടുക്കുന്ന ജലശുദ്ധീകരണശാലയുടെ കുഴലുകളിൽ നുഴഞ്ഞുകയറി. വൈദ്യുതിയുണ്ടാക്കുന്ന ആണവനിലയവും അവർ പൂട്ടിച്ചു.
ഹൈഫക്കാർ പേടിച്ചുവിറച്ചു. ജെല്ലിശരീരങ്ങളെ കോരിക്കളയുന്തോറും കൂടുതൽക്കൂടുതൽ ഊക്കോടെ കൂടുതൽക്കൂടുതൽ ജെല്ലിയോദ്ധാക്കളെ തിരകൾ കരയിലേക്കെറിഞ്ഞു.
പിശാചുക്കൾ പേടിച്ചും കിതച്ചും ഒരുവിധം കരയ്ക്കടുത്തപ്പോൾ കണ്ട കാഴ്ച!!
ഇതിനിടയിൽ ഹൈഫാ തുറമുഖത്തിലേക്കുള്ള കടൽവഴികൾ മുഴുവൻ മുട്ടൻ തിമിംഗലങ്ങൾ മുതൽ കുഞ്ഞൻ ഞണ്ടുകൾ വരെയുള്ള കടൽജീവികൾ കൈയ്യേറിയ വാർത്ത ലോകം
മുഴുവൻ മിന്നൽവേഗത്തിൽ പടർന്നു. കൈയ്യേറ്റക്കാർ സമരഗാനം പാടുന്നുവെന്നും അതു കേട്ടാൽ 'വരികവരിക സഹജരേ...' എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരഗാനം പോലെയുണ്ടെന്നും ചില വാർത്താച്ചാനലുകൾ അറിയിച്ചു.
ജെല്ലിഫിഷുകളുടെ വരവു കണ്ടു വിരണ്ട പിശാചുക്കൾ കടപ്പുറക്കൊട്ടാരത്തിൻ്റെ നൂറാം നിലയിൽ കയറിയൊളിച്ചു. നാട്ടുകാർ പേടിച്ചരണ്ട് വീടുകളിലിരുന്നു. പുറത്ത് പട്ടാളവും പൊലീസും നിരന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/14/j-devika-kadalkutty-chapter-24-2-2025-08-14-10-33-52.jpg)
ആണവനിലയങ്ങളിൽ നിന്നും കടപ്പുറക്കൊട്ടകളിൽ നിന്നും മീൻപിടിക്കുന്ന വലിയ ബോട്ടുകളുടെ വലകളിൽ നിന്നും ജലശുദ്ധീകരണശാലകളിൽ നിന്നും കുടിവെള്ളസ്രോതസ്സുകളിൽ നിന്നും നീന്തൽക്കുളങ്ങളിൽ നിന്നും ജെല്ലിശരീരങ്ങളെ നീക്കംചെയ്ത്... നീക്കംചെയ്ത്... പിള്ളതീനിപ്പിശാചിൻ്റെ സൈന്യം തളർന്നു.
അടുത്ത ദിവസങ്ങളിലും പോരാട്ടം തുടർന്നു. കടപ്പുറങ്ങളിലും കുടിവെള്ളത്തിലും എല്ലായിടത്തും വല്ലാത്തൊരു നാറ്റവും കൂടെയായപ്പോൾ ഹൈഫക്കാർക്ക് കൂട്ടത്തോടെ ആസ്പത്രിയിൽ പോകേണ്ടിവന്നു. പൊലീസുകാരും പട്ടാളക്കാരും തലവേദനയും ഓക്കാനവും കൊണ്ട് പൊറുതിമുട്ടി.
ഇത്രയുമായപ്പോൾ അമ്മൂമ്മയും മാഗിയും ചക്കരയും തിരകളിലേറി പിശാചുക്കളുടെ കൊട്ടാരത്തിനു നേരെ മുന്നിലുള്ള ബീച്ചിൽ വന്നിറങ്ങി. മുന്നിൽ ലോകം മുഴുവനുമുള്ള ടി വി ചാനലുകളുടെ ക്യാമറകൾ, പല രാജ്യക്കാരായ പത്രക്കാർ...
“കൈയിലെ ഈ ചരടഴിക്കും വരെ അവർക്കാർക്കും നിന്നെ കാണാൻ പറ്റില്ല” അമ്മൂമ്മ മാഗിയോടു പറഞ്ഞു.
“എന്നേം ചക്കരേം അവർക്ക് എന്തായാലും കാണാൻപറ്റില്ല...”
മാഗിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാം. കടപ്പുറക്കൊട്ടാരത്തിനു മുന്നിലെ ക്യാമറകളുടെ മുന്നിലെത്തിയാലുടൻ കൈയിലെ ചരടഴിക്കണം... എന്നിട്ട് ഉച്ചത്തിൽ വിളിച്ചു പറയണം, ഞാനാണ് കടൽക്കുട്ടി... കടൽജീവികളുടെ പ്രതിനിധി... നിങ്ങളോട് സന്ധിസംഭാഷണം നടത്താനാണ് വന്നിരിക്കുന്നത്.
മാഗി മുന്നോട്ടുനടന്നു. അമ്മൂമ്മ തൊട്ടുപിന്നിൽ. ചക്കര മാഗിയുടെ ഹൃദയത്തിനുള്ളിൽ.
കൊട്ടാരത്തിൻ്റെ നൂറാം നിലയിൽ നിന്ന് പിള്ളതീനിപ്പിശാചും കൂട്ടുകാരും നോക്കിയപ്പോൾ താഴെ ഒരു ബഹളം. ക്യാമറക്കാരുടെ ഉന്തും തള്ളും!
അവരുടെ മുന്നിലതാ... ഒരു കൊച്ചുപെണ്ണ്!!
ചരടഴിച്ചു മാറ്റിയപ്പോൾ മാഗി വീട്ടിൽ നിന്നിറങ്ങിയ അതേ വേഷത്തിലാണ്... പച്ച ഫ്രില്ലു പിടിപ്പിച്ച പാവാടയുള്ള നീല കുപ്പായം. കൈയിൽ നീലയും പച്ചയും നിറത്തിൽ കുപ്പിവളകൾ, മുടി വൃത്തിയായി കോതി നീല റിബ്ബൺ കെട്ടിയിരിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/14/j-devika-kadalkutty-chapter-24-1-2025-08-14-10-32-13.jpg)
കാളിയപ്പൂപ്പൻ്റെ ചരട് അവൾ ഉടുപ്പിൻ്റെ പോക്കറ്റിൽ തിരുകി. ഇപ്പോൾ അവൾക്ക് അമ്മൂമ്മയെ കാണാൻ കഴിയുന്നില്ല, പക്ഷേ കേൾക്കാം. ചക്കരയെ കേൾക്കുമ്പോലെ.
മനുഷ്യർക്ക് വേണമെങ്കിൽ അവളെ കൊന്നുകളയാം...
“കടൽക്കുട്ടിയാണെന്ന് ഉറക്കെപ്പറയൂ, മാഗീ...!!” ചക്കര ഉള്ളിൽ തുള്ളിച്ചാടിക്കുരച്ചു.
അന്തംവിട്ടു നിന്ന പത്രക്കാരുടെ മുന്നിൽ മാഗി തലയുയർത്തി നിന്നു.
“ഞാൻ മാഗ്ലിൻ ഫിലോമെന. വെറും മനുഷ്യത്തിയല്ല, കടൽക്കുട്ടി...!! “
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.