/indian-express-malayalam/media/media_files/2025/08/11/j-devika-kadalkutty-chapter-22-fi-2025-08-11-18-39-43.jpg)
ചിത്രീകരണം: അർച്ചനാ രവി
വെള്ളച്ചി ഗ്ളാഡിസ്
അമ്മൂമ്മയും മാഗിയും ചക്കരയും ഫിൻ തിമിംഗലനേതാക്കളും ജെല്ലിഫിഷ് പോരാളിനേതാക്കളും സംസാരിച്ചുകൊണ്ടിരുന്ന കടൽഗുഹയിലേക്കാണ് വെള്ളച്ചിയും അവളുടെ കൊലയാളിത്തിമിംഗലസംഘവും നേരെ കയറിച്ചെന്നത്.
ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് വെള്ളച്ചി പറഞ്ഞു.
“മനുഷ്യരോട് കണക്കു ചോദിക്കാൻ പോകുന്നുവെന്ന് കേട്ടല്ലോ... ഞങ്ങൾക്കും അവരോടു കണക്കു ചോദിക്കണം...”
മാഗിക്ക് അവരുടെ ഭാവം കണ്ടിട്ട് അല്പമൊരു പേടി തോന്നി.
“ഞങ്ങളതിന് ആരെയും കൊല്ലാൻ പോകുന്നില്ല” അവൾ കുറച്ചു ഗൗരവമായിത്തന്നെ പറഞ്ഞു.
വെള്ളച്ചി അവളെ തറപ്പിച്ചൊന്നു നോക്കി.
“വെള്ളച്ചിയമ്മേ... നിങ്ങൾക്കിവിടെ സ്വാഗതം തന്നെ!!” അമ്മൂമ്മ പെട്ടെന്ന് ആ തിമിംഗലപ്പോരാളിയോടു പറഞ്ഞു.
“നിനക്കറിയാമോ?” അമ്മൂമ്മ മാഗിയുടെ ചെവിയിൽ പറഞ്ഞു “ഇവർ വലിയ അഭ്യാസിയാണ്. പത്തിരുന്നൂറു ബോട്ടിൻ്റെ ചുക്കാൻ ഇടിച്ചു തകർത്തുകളഞ്ഞ അമ്മച്ചിയാണ്... അവരുടെ കുടുംബക്കാർ മുഴുവൻ ബോട്ടിടിച്ചു തകർത്തു ആർത്തിക്കാരെ തുരത്തുന്നവരാണ്... പക്ഷേ അവര് മനുഷ്യരെ കൊല്ലില്ല.”
“വെള്ളച്ചിയമ്മേ... ഞാൻ അറിയാതെ പറഞ്ഞതാണേ... മാപ്പാക്കണേ...”
“സാരമില്ല. കൊച്ചെ... ഇനിപ്പറ, നമ്മൾ എങ്ങനെയാണ് ഇതു ചെയ്യാൻ പോകുന്നത്?”
മെഡിറ്ററേനിയനിലെ കൊലയാളി തിമിംഗലങ്ങൾ തിമിംഗലക്കുഞ്ഞുങ്ങളെ തിന്നാറില്ല, എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അമ്മൂമ്മ മാഗിയോട് പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/j-devika-kadalkutty-chapter-22-2025-08-11-18-40-50.jpg)
അവർക്കിഷ്ടം ചൂര മീനാണ്, മനുഷ്യർക്കും. പക്ഷേ ഇവര് വിശപ്പടക്കാൻ മാത്രമേ ചൂരയെ തിന്നൂ. മനുഷ്യർക്ക് അതൊന്നും പോര, വിറ്റുകാശാക്കണം. മനുഷ്യർ കണ്ടമാനം ചൂരയെ പിടിച്ചുകൊണ്ടുപോകാൻ തുടങ്ങിയപ്പൊ ഇവര് മനുഷ്യരുമായി ഏറ്റുമുട്ടാൻ തുടങ്ങി. ഈ വെള്ളച്ചിക്ക് അന്ന് ചെറുപ്പമായിരുന്നു.
എന്നിട്ടോ...? ഒരു ദിവസം മനുഷ്യരുടെ മീൻപിടുത്തബോട്ട് വെള്ളച്ചി ഗ്ളാഡിസിനെ ഇടിച്ചിട്ടിട്ടു പോയി. അന്ന് അവളുടെ വയറ്റിൽ ഒരു കുഞ്ഞുവാവയുണ്ടായിരുന്നു. വെള്ളച്ചിയുടെ മുറിവ് ഉണങ്ങാൻ ഒരുപാടു നാളെടുത്തു.
അതോടെ വെള്ളച്ചിക്ക് ബോട്ടുകളോട് കലിയായി... അവൾ ബോട്ടുകളുടെ ചുക്കാനിടിച്ചു കളഞ്ഞ് അവയെ തിരകളിലേക്ക് എടുത്തെറിയുന്ന വിദ്യ ശരിക്കും പഠിച്ചു. എന്നിട്ട് അത് കുട്ടിത്തിമിംഗലങ്ങളെ പഠിപ്പിച്ചുകൊടുക്കുന്ന കളരീം തുടങ്ങി. ഇപ്പോ ബോട്ടിടിവിദ്യയുടെ കളരിയിലെ പ്രധാന ആശാട്ടിയാണ് വെള്ളച്ചി!
അവളുടെ കുടുംബക്കാരും അവളും കൂടി ബോട്ടുകളെ ആക്രമിച്ച് അതിൻ്റെയൊക്കെ ചുക്കാൻ ഒടിച്ചുവിടും. അതോടെ കടൽ കൊണ്ടുപോകുന്നിടത്തേക്ക് ബോട്ടു പോവും.
തൻ്റെ കളരിയിലെ ആഭ്യാസികളെ മുഴുവനും കൊണ്ടാണ് അമ്മച്ചി വന്നിരിക്കുന്നത്!
ഇനി ആരെയും ഞാനിങ്ങിനെ ചാടിക്കയറി വിലയിരുത്തില്ല, അമ്മൂമ്മേ...!!
നല്ലൊരു പാഠമാണ് മാഗി പഠിച്ചത്.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.