/indian-express-malayalam/media/media_files/2025/08/09/j-devika-kadalkutty-chapter-20-fi-2025-08-09-18-03-17.jpg)
ചിത്രീകരണം: അർച്ചനാ രവി
കടൽക്കുട്ടിയാണെങ്കിൽ
മനുഷ്യർ വായുവിൽ തള്ളുന്ന മാലിന്യം കാരണം ചൂടു കൂടി കടലു പെരുകി കലങ്ങുന്നതുകൊണ്ടുണ്ടാകുന്ന കഷ്ടങ്ങൾ പല കൂട്ടരും എണ്ണിയെണ്ണിപ്പറഞ്ഞു.
“ഹൈഫാ നഗരതീരത്ത് നുഴഞ്ഞുകയറി ഈ പിശാചുക്കൾ കൂടുന്ന സ്ഥലത്തേക്ക് ഇരച്ചുകയറണം. അവർ നമ്മെ കേട്ടേപറ്റൂ!!” പല തരം ജെല്ലിപ്പിളേളർ ആർത്തുവിളിച്ചു.
“അതു ചെയ്യാൻ ഞങ്ങൾക്കാണ് ഏറ്റവും എളുപ്പം. കാരണം കടലിന് ചൂടുകൂടുന്നതുകൊണ്ട് ഏറ്റവുമധികം പെറ്റുപെരുകി കഷ്ടപ്പെടുന്നത് ഞങ്ങളല്ലേ... ഭക്ഷണം കിട്ടാതെ വലഞ്ഞ് ലോകം മുഴുവൻ കണ്ടസ്ഥലത്തെല്ലാം തെണ്ടിനടക്കുന്നത് ഞങ്ങളല്ലേ...!!” അവർ വികാരത്തോടെ പറഞ്ഞു.
ഹൈഫാ... അവരിലൊരാൾക്ക് പെട്ടെന്ന് ഓർമ്മ വന്നു.
“നമ്മുടെ ആൾക്കാർ അവിടെയുണ്ടല്ലോ, ലക്ഷക്കണക്കിന്. അവർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് സുയെസ് കനാലു വഴി അങ്ങോട്ടു കടന്നിട്ടുണ്ട്... ഇരുപതു കോടി ജെല്ലിഫിഷുകൾ.
എന്നാൽ കാര്യങ്ങൾ എളുപ്പമായി. കടലുകളിലെ എല്ലാ തിമിംഗലങ്ങലക്കൂട്ടരും എത്തിയിട്ടുണ്ട്.
“നമ്മുടെ ആരാടീ അവിടെയുള്ളെ. ങാ, നമ്മുടെ ഫിൻചേച്ചിമാരും ചേട്ടന്മാരും അവിടെയില്ലേ... അവരെ വിവരമറിയിക്കാം.”
ഹൈഫാ നഗരത്തോടു ചേർന്നുകിടക്കുന്ന കടലിൽ താമസിക്കുന്ന ഫിൻ തിമിംഗലങ്ങൾ നമ്മുടെ കൂനികളുടെ ബന്ധുക്കളായിട്ടുവരും. അവരെ ഉടൻ വിവരമറിയിക്കണം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/09/j-devika-kadalkutty-chapter-20-2025-08-09-18-04-33.jpg)
“ഇനി, ഏറ്റവും പ്രധാനപ്പെട്ട കാര്യം.”
“പിശാചുക്കളോട് സംസാരിക്കാൻ ഒരാൾ വേണം നമ്മുടെ വശത്തുനിന്ന്. മനുഷ്യരുടെ ഭാഷ അറിയുന്നയാൾ.”
“അമ്മൂമ്മയുണ്ടല്ലോ?”
“ഉണ്ട്, പക്ഷേ കടലിനടിയിൽ ജീവിക്കാൻ തീരുമാനിച്ചതുകൊണ്ട് എന്നെ അവർക്കു കാണാൻ കഴിയില്ല.”
“കാളിയപ്പൂപ്പനെ വിളിച്ചാലോ?” ചക്കര ചോദിച്ചു.
“ഇല്ല, കടലിൽ നിന്നു തന്നെയുളള ആളാകണം.”
ഒരാൾ മാത്രമേ അങ്ങനെയുള്ളൂ. എല്ലാവരുടെയും കണ്ണുകൾ മാഗിയുടെ നേരെ നീണ്ടു.
“ഞാൻ പോകാം” മാഗി എഴുന്നേറ്റുനിന്നു.
“എനിക്ക് ഇംഗ്ളിഷ് നന്നായി അറിയാം. കാര്യങ്ങളും അറിയാം. മനുഷ്യരുടെ മര്യാദകളും.” അമ്മൂമ്മയുടെ മുഖത്ത് സങ്കടവും സംശയവും കലർന്ന ഭാവം. പിള്ളതീനിപ്പിശാചിനെ നേരിടാൻ ഈ ചെറിയ കുട്ടിയോ?
“മോളെ, അതിന് കാളിയപ്പൂപ്പൻ കെട്ടിയ ചരട് അഴിച്ചുമാറ്റേണ്ടി വരും. പിന്നെ നിനക്ക് കടലിൻ്റെ പള്ളയിലേക്കു മടങ്ങാൻ പ്രയാസമാകും. നീയതിനു തയ്യാറാണോ?”
മാഗി ചെറുതായി ഞെട്ടി. അവൾ ചക്കരയെ തെരഞ്ഞു. രണ്ടുമൂന്നുനിമിഷം അവർ അങ്ങനെ നിന്നു.
മാഗിയുടെ കണ്ണിൽ കടലിൻ്റെ നിലവിളി കേട്ടിട്ടും അതിൻ്റെയടുത്തു പോകാനാകാതെ സങ്കടപ്പെട്ട അപ്പനപ്പൂപ്പന്മാരുടെ, അമ്മയമ്മൂമ്മമാരുടെ മുഖങ്ങൾ തെളിഞ്ഞു. അവരുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് ഒടുവിൽ അവൾ പറഞ്ഞു “കടൽക്കുട്ടിയാണെങ്കിൽ ഞാൻ പോയിരിക്കും!!”
കടൽജീവികളുടെ സന്തോഷശബ്ദങ്ങൾക്കു മീതെയായിരുന്നു ചക്കരയുടെ അഭിനന്ദനക്കുര!!
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.