scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം രണ്ട്

"രാത്രി മാത്രമാണ് അവർ കടലിൻറെ ശബ്ദം കേട്ടത്. അതു കേൾക്കുമ്പോൾ മാഗിയുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കണ്ണു നിറഞ്ഞൊഴുകും." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം രണ്ട് വായിക്കാം

"രാത്രി മാത്രമാണ് അവർ കടലിൻറെ ശബ്ദം കേട്ടത്. അതു കേൾക്കുമ്പോൾ മാഗിയുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കണ്ണു നിറഞ്ഞൊഴുകും." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം രണ്ട് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 2 FI

ചിത്രീകരണം: അർച്ചനാ രവി

കുഞ്ഞുപെട്ടിലോകം

മാഗിയും അച്ഛനും അമ്മയും അവരുടെ കൂട്ടരുമെല്ലാം താമസിക്കുന്നത് കുഞ്ഞുപെട്ടിലോകത്തിലാണ്. നൂറുനൂറു കുഞ്ഞുപെട്ടികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയടുക്കിവച്ചതുപോലുള്ള കെട്ടിടങ്ങൾ അറ്റമില്ലാതെ പരന്നുകിടക്കുന്ന ഒരു ഇടമാണത്. അവർക്ക് മറ്റെവിടെയും പോകാനില്ല.

Advertisment

മാഗിയുടെ ശരിക്കുമുള്ള പേര് മാഗ്ലിൻ ഫിലോമെനാ എന്നാണ്. അതൊരു വല്യ പേരായതുകൊണ്ട് എല്ലാവരും മാഗീ... മാഗീന്നു വിളിക്കും.

പണ്ട്, മാഗി ജനിക്കുന്നതിനു വളരെ മുമ്പ്, അവർ കടലിൻറെ തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്. കടലിൽ നിന്ന് മീൻ പിടിച്ചായിരുന്നു അവരുടെ ജീവിതം. അന്ന് പെട്ടിലോകം ഉണ്ടായിരുന്നില്ല. 

കുട്ടികൾക്ക് കടപ്പുറത്ത് കളിക്കാൻ പറ്റുമായിരുന്നു. മാഗിയുടെ കൂട്ടർ കടലിൽ നിന്ന് തങ്ങളുടെ ആവശ്യത്തിനുള്ള മീൻ പിടിക്കും. അവർ കടലിനെ നോവിച്ചിരുന്നില്ല. പിടിക്കുന്ന മീനുകളിൽ അമ്മമീനുകളെ കണ്ടാൽ അവർ അവരെ തിരിച്ചു കടലിൽ തന്നെ വിടും. കടലിനെ അവർ അഴുക്കാക്കിയിരുന്നില്ല.

Advertisment

കടപ്പുറങ്ങളിൽ അന്നൊക്കെ സ്വർണം പോലെ തിളങ്ങുന്ന മണലും പല നിറങ്ങളിലുള്ള ചിപ്പികളും കക്കകളും നിറഞ്ഞു പരന്നുകിടന്നിരുന്നു.

മാഗിയുടെ കൂട്ടർക്ക് അതിരുകളെ അത്ര പരിചയമായിരുന്നില്ല. ആകാശം അവരുടെ തലകൾക്കു മീതെ അതിരില്ലാതെ പരന്നുകിടന്നു. എല്ലാ അതിരുകളെയും സദാ തട്ടിത്തെറിപ്പിച്ചുകളയുന്നതായിരുന്നു കടലിൻറെ വിനോദം.

പിന്നെ അവിടേയ്ക്ക് എവിടുന്നോ ചിലർ വന്നു. മാഗിയുടെ അപ്പൂപ്പന്മാർ അവരെ ആർത്തിക്കാർ എന്നാണ് വിളിച്ചിരുന്നത്. “ഞങ്ങളും ഈ കടലിൽ മീൻ പിടിക്കാൻ പോകുന്നു!” അവർ വിളിച്ചുപറഞ്ഞു. 

എന്നിട്ട് അമ്മമീനിനെയും കുഞ്ഞിമീനിനെയും എല്ലാത്തരം കടൽജീവികളെയും കുടുക്കുന്ന വലകൾ കൊണ്ടുവന്നു വീശാൻ തുടങ്ങി. മാഗിയുടെ കൂട്ടരെപ്പോലെ വയ്യാത്തവർക്കും ഇല്ലാത്തവർക്കും മീനിൻറെ പങ്കു കൊടുക്കാനൊന്നും അവർ കൂട്ടാക്കിയില്ല. കിട്ടുന്ന മീൻ മുഴുവൻ വിറ്റു അവർ. ആ കാശു കൊണ്ട് കടലിനെ അഴുക്കാക്കുന്ന ബോട്ടുകൾ അവർ വീണ്ടും വാങ്ങിക്കൂട്ടി അതിൻറെ നെഞ്ചത്തൂടെ ഓടിച്ചു.

കടലിനെ നോവിക്കാൻ അവർക്ക് മടിയുണ്ടായിരുന്നില്ല. കടലിൻറെയും കടപ്പുറത്തിൻ്റെയും പള്ള അവർ വലിച്ചുകീറി. മാഗിയുടെ ആളുകളിൽ പലരെയും അവർ പാട്ടിലാക്കി. അവർക്ക് ചെറിയ കൂലി മാത്രം കൊടുത്ത് ഒത്തിരി കഷ്ടപ്പെടുത്തി.

J Devika Kadalkutty Chapter 2
ചിത്രീകരണം: അർച്ചനാ രവി

പക്ഷേ അതിലും വലിയ കഷ്ടപ്പാടാണ് വരാനിരുന്നത്.

താമസിയാതെ ആ നാടു മുഴുവൻ ഒരു പിശാചിൻറെ ഭരണത്തിനു കീഴിലായി. ആർത്തിക്കാരെ മാത്രം രക്ഷിക്കുന്ന ആർത്തിമൂർത്തിപ്പിശാച്! ഒടുവിൽ പിശാചും ആർത്തിക്കാരും കൂടി മാഗിയുടെ കൂട്ടരെ കടപ്പുറത്തു നിന്നു ആട്ടിപ്പുറത്താക്കി. 

കുഞ്ഞുപെട്ടി പോലുള്ള വീടുകൾ അടുക്കടുക്കായി പണിഞ്ഞ പെട്ടിലോകത്തിൽ അവരെ അടച്ചിട്ടു. ഇപ്പോൾ കടലിനെ ദൂരെനിന്നു കാണാൻ പോലും അവർക്ക് കഴിയുന്നില്ല.

മാഗിയുടെ അച്ഛനും അമ്മയും കടൽവേലകൾ ചെയ്തല്ല ജീവിക്കുന്നത്. അവർ ഇപ്പറഞ്ഞ ഒരു കുഞ്ഞുപെട്ടിവീട്ടിലാണ് താമസം. അവർ പുറത്തുപോയി ജോലിയെടുത്താണ് മാഗിയെ വളർത്തുന്നത്.

രാത്രി മാത്രമാണ് അവർ കടലിൻറെ ശബ്ദം കേട്ടത്.  അതു കേൾക്കുമ്പോൾ മാഗിയുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കണ്ണു നിറഞ്ഞൊഴുകും. കാരണം, പണ്ട് കടലിൻറെ ശ്വാസം കേട്ടാണ് അവർ ഉറങ്ങിയിരുന്നത്. രാവിലെ അവരെ ഉണർത്തിയിരുന്നത് കടലിൻറെ ചിരിയാണ്. 

പക്ഷേ ഇപ്പോൾ കടൽ അലറിയലറി കരയുന്നു. അതിനു ചൂടെടുക്കുന്നു. ആ ചൂട് എങ്ങനെയോ കടലിൽ നിന്ന് ദൂരെയായിപ്പോയ മാഗിയുടെ കൂട്ടരുടെ ഉള്ളിലും കടന്നുകയറുന്നു.

അവരുടെ കണ്ണിനെ പൊള്ളിക്കുന്നതും കടലിനെ തിളപ്പിക്കുന്ന അതേ ചൂടാണ്. അവയിൽ നിന്ന് ഒഴുകുന്ന കണ്ണുനീരിന് കടലിൻറെ ഉപ്പാണ്.  

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: