/indian-express-malayalam/media/media_files/2025/08/08/j-devika-kadalkutty-chapter-19-fi-2025-08-08-17-26-52.jpg)
ചിത്രീകരണം: അർച്ചനാ രവി
പടയൊരുക്കം
പിന്നീടുള്ള ദിവസങ്ങൾ കൂടിയാലോചനയുടെയും തയ്യാറെടുപ്പിൻ്റെയും ആയിരുന്നു.
ലോകത്തു മുഴുവനുമുള്ള ആർത്തിക്കാരുടെ നേതാക്കൾ എല്ലാ വർഷവും അവരുടെ ഏതെങ്കിലും വൻനഗരത്തിൽ ഒത്തുകൂടും. തലമൂത്ത പിശാചുക്കളാണ് അവരുടെ നേതാക്കന്മാർ... അവരുടെ കൂടെ നിൽക്കുമ്പോൾ നമ്മുടെ ഭാരങ്കരനൊക്കെ വെറും കൂരി!!
അടുത്തവർഷവും ആർത്തിക്കാരല്ലാത്ത മനുഷ്യരെയും മറ്റെല്ലാ ജീവികളെയും എങ്ങനെ പറഞ്ഞുപറ്റിക്കാം, അവർ കഷ്ടപ്പെട്ടുണ്ടാക്കുന്നത് എങ്ങനെ സൂത്രത്തിൽ തട്ടിയെടുക്കാം, എന്നൊക്കെ ആലോചിക്കാനാണ് ഈ പിശാചുക്കൾ ഇങ്ങനെ കൂടുന്നത്. ആർത്തിക്കാരല്ലാത്ത മനുഷ്യർ ഇവർക്കെതിരെ വലിയ പ്രതിഷേധങ്ങളുമായി വരാറുണ്ട്. പിശാചുക്കൾ മല്ലന്മാരെ വിട്ട് അവരെ തല്ലിക്കും.
ഇത്തവണ ഇവന്മാർ ഇതുവരേം കണ്ടിട്ടില്ലാത്ത ഭയങ്കരമായ പ്രതിഷേധം ഉണ്ടാക്കണം!
ഈ വർഷത്തെ ലോകപിശാചുസമ്മേളനം എവിടെയാണ്? എപ്പോഴാണ്? എന്നു കണ്ടുപിടിക്കണം. അതാണ് ആദ്യം വേണ്ടത്.
“ഞാൻ ഓസ്ട്രേലിയ വരെ ഒന്നു പോയി വരാം” അമ്മൂമ്മ പറഞ്ഞു. ശരീരമില്ലാത്തതുകൊണ്ട് അമ്മൂമ്മയ്ക്ക് അതിവേഗം സഞ്ചരിക്കാം. മനുഷ്യരുടെ കണ്ണിൽ പ്രത്യക്ഷപ്പെടാതെയും ഇരിക്കാം.
“മാഗിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയുണ്ടോ?”
“ഒറ്റയ്ക്കോ... ഞാനുള്ളപ്പോൾ അവളെങ്ങനെ ഒറ്റയ്ക്കാവും?” ചക്കര മുരണ്ടു. അവൾക്ക് ആ ചോദ്യം ഇഷ്ടമേ ആയില്ല.
രണ്ടു ദിവസത്തിനകം അമ്മൂമ്മ വിവരങ്ങൾ അറിഞ്ഞ് തിരിച്ചുവന്നു. ശരീരമില്ലാത്തതുകൊണ്ട് അമ്മൂമ്മയ്ക്ക് ആരും കാണാത്തരീതിയിൽ വായനശാലകളിലും ടിവി കേന്ദ്രങ്ങളിലും ഒക്കെ കടന്നുചെല്ലാം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/08/j-devika-kadalkutty-chapter-19-2025-08-08-17-28-10.jpg)
ഇത്തവണത്തെ ലോകപിശാചുസമ്മേളനം നടക്കുന്നത് പിള്ളതീനിപ്പിശാച് ഭരിക്കുന്ന ദൂരെയുള്ള രാജ്യത്താണ്. പിള്ളതീനി എന്നു വിളിക്കുന്നത് വെറുതേയല്ല... മനുഷ്യക്കുഞ്ഞുങ്ങളെ കൊന്നുകളയാൻ ഒരു മടിയുമില്ലാത്ത പരമദുഷ്ടനായ പിശാചാണത്.
അവിടെ ഹൈഫ എന്ന തുറമുഖനഗരത്തിലാണ് സമ്മേളനം നടക്കാൻ പോകുന്നത്. ആർത്തിക്കാരല്ലാത്ത മനുഷ്യർ പ്രതിഷേധവുമായി ചെല്ലാതിരിക്കാൻ പല തരം ആയുധങ്ങളാണ് പിള്ളതീനിപ്പിശാച് റെഡിയാക്കി വച്ചിരിക്കുന്നത്...
വന്നയുടൻ അമ്മൂമ്മ എല്ലാ ജലജീവികളെയും വിളിച്ചുകൂട്ടി. ദൂരെയുള്ളവരെ കടൽക്കമ്പി വഴി അറിയിച്ചു.
അങ്ങനെ പാലുവാ ദ്വീപിനടുത്തുള്ള ഒരു കടലിനടിയിൽ അവർ ഒത്തുകൂടി.
“സഹോദരങ്ങളെ... കടൽമക്കളെ... നമുക്കിനി മിണ്ടാതിരിക്കാനാവില്ല.” അമ്മൂമ്മ അവരോടു പറഞ്ഞു.
“അവിടെയുമിവിടെയുമുള്ള മിന്നൽസമരങ്ങൾ പോര... അതൊന്നും ഈ പിശാചുക്കൾക്ക് മനസ്സിലാവില്ല. അവരോട് നേരിട്ട്, അവരുടെ കണ്ണിൽ നോക്കി പറയണം.”
“കടലിനെ ഇങ്ങനെ കഷ്ടപ്പെടുത്താൻ കഴിയില്ല... നമ്മൾ സമ്മതിക്കില്ല...!!”
എല്ലാവരും കൂടി വിളിച്ചുപറഞ്ഞു.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.