/indian-express-malayalam/media/media_files/2025/08/07/j-devika-kadalkutty-chapter-18-fi-2025-08-07-18-06-08.jpg)
ചിത്രീകരണം: അർച്ചനാ രവി
കാണ്മാനില്ല!
“അവർ എവിടെ?” മാഗി ചോദിച്ചു.
കടലിലെങ്ങും സുവർണ ജെല്ലിഫിഷുകളെ കാണാനില്ലായിരുന്നു.
“വാ... വഴി കണ്ടുപിടിക്കാം. അവർക്ക് ഇങ്ങോട്ടു വരാൻ പറ്റില്ല. കടലിനടിയിലെ പവിഴപ്പുറ്റു ഗുഹകളിലൂടെ നീന്തിവേണം പൂവ്വാൻ.”
അവർ വെള്ളത്തിനു മാത്രം കയറിയിറങ്ങാൻ പറ്റുന്ന ചെറിയ ഗുഹകളിലൂടെ കടന്ന് തടാകത്തിലെത്തി. നേരെ പുലർന്നു വരുന്നതേയുള്ളു. ചുറ്റും നിറഞ്ഞ പച്ചപ്പാണ്. കരയാൽ ചുറ്റപ്പെട്ട തടാകം. വെള്ളത്തിലേക്ക് വളർന്നിറങ്ങിവരുന്ന കണ്ടൽച്ചെടികളുടെ താഴെ ജലജീവികളുടെ തിക്കിത്തിരക്ക്.
"ഇവിടെ സാധാരണയായി വായിനോക്കി മനുഷ്യർ വരാറുണ്ട്" അമ്മൂമ്മ പറഞ്ഞു.
നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകളെയാണ് അമ്മൂമ്മ അങ്ങനെ വിളിക്കുന്നത്. സുവർണ ജെല്ലിക്കാരും അവരെക്കൂടാതെ ഇവിടെ താമസിക്കുന്ന അമ്പിളിജെല്ലിക്കാരും (കണ്ടാൽ അമ്പിളിയമ്മാമനെ പോലെ തോന്നും, അതാ ആ പേര്) വെറും പാവങ്ങളാണ്. മനുഷ്യരെ ഇറുക്കുകയോ കടിക്കുകയോ ഒന്നും ഇല്ല. അതുകൊണ്ട് അവരുടെ ഇടയിലൂടെ നീന്താൻ വായിനോക്കിമനുഷ്യർ വരും.
പക്ഷേ നേരം നട്ടുച്ചയായിട്ടും സുവർണജെല്ലിക്കാരെ ആരെയും കണ്ടില്ല. സാധാരണ അവർ പകൽസമയത്ത് സൂര്യനു പുറകേ ഉരുണ്ടുരുണ്ടു നടക്കും. അതെന്തുകൊണ്ടാന്നു ചോദിച്ചാൽ, അവരുടെ ശരീരങ്ങളിലും നേരത്തെ പറഞ്ഞ കുഞ്ഞിക്കടൽച്ചെടികളുണ്ട്. സുവർണജെല്ലിഫിഷ് ശരീരമാണ് അവയുടെ വീട്. പകരം അവ സൂര്യവെളിച്ചം പിടിച്ചെടുത്ത് ജെല്ലിഫിഷിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അങ്ങനെ സുഖമായ താമസമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/07/j-devika-kadalkutty-chapter-18-1-2025-08-07-18-07-14.jpg)
കുഞ്ഞിച്ചെടികളുടെ പൊൻനിറമാണ് സുവർണജെല്ലിക്കാരുടെ സൗന്ദര്യരഹസ്യം. കുഞ്ഞിച്ചെടികൾക്ക് ആവോളം സൂര്യവെളിച്ചം കിട്ടിക്കോട്ടേന്നു വിചാരിച്ചാണ് അവ രാപ്പകലിങ്ങനെ സൂര്യനു പുറകേ കിടന്നുരുളുന്നത്.
ഇതെല്ലാം പറഞ്ഞും കുറേ വിശ്രമിച്ചും സമയം പോയി. അപ്പോഴും അവരെ ആരെയും കണ്ടില്ല. അമ്മൂമ്മയ്ക്കു ചെറിയ പേടി തോന്നി. വഴിയേ പോയ ഒരു അമ്പിളിജെല്ലിയോട് കാര്യം തിരക്കി.
“അയ്യോ, നിങ്ങളറിഞ്ഞില്ലേ?”
“നമ്മുടെ സുവർണജെല്ലികളെല്ലാം ഇവിടുന്ന് എങ്ങോട്ടോ പോയി. വേറെ ലോകത്തോട്ടാണെന്നാ തോന്നുന്നെ. വെള്ളത്തിൻ്റെ ചൂടു കൂടിയപ്പം അവരുടെ കുഞ്ഞിച്ചെടികളെല്ലാം പോയ്പ്പോയി...!!”
അമ്മൂമ്മ തലയിൽ കൈവച്ചിരുന്നുപോയി.
രാത്രിയായപ്പോൾ അവിടുത്തെ അമ്പിളിജെല്ലിക്കാർ ചിലർ അവരെ കാണാൻ വന്നു.
സുവർണജെല്ലികളെ കാണാതാവുന്നത് രണ്ടാമത്തെ തവണയാണ്. ആദ്യത്തെത്തവണ പോയ ശേഷം അവർ മടങ്ങിയപ്പോ എല്ലാവരും തിരിച്ചുവന്നില്ല. കുറച്ചു പേരെ തിരിച്ചുവന്നുള്ളൂ. ഈ കടലിങ്ങനെ ചൂടാകുന്നതുകൊണ്ടാണ്.
അവരും പറഞ്ഞു. “നിങ്ങൾ രണ്ടാളെയും കണ്ടിട്ട് മനുഷ്യരെ പോലെ ഉണ്ടല്ലോ. കടലിൻ്റെ ചൂട് ഇനി കൂട്ടരുതെന്ന് ആർത്തിക്കാരായ മനുഷ്യരോട് പറയാൻ നിങ്ങൾക്കു പറ്റില്ലേ?”
അമ്മൂമ്മയും മാഗിവും ചക്കരയും തമ്മിൽത്തമ്മിൽ നോക്കി.
“പറ്റും!!” ചക്കരയുടെ ബൌ ഉയർന്നു. “പറ്റണം!!”
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.