/indian-express-malayalam/media/media_files/2025/08/06/j-devika-kadalkutty-chapter-17-fi-2025-08-06-18-25-28.jpg)
ചിത്രീകരണം: അർച്ചനാ രവി
വീണ്ടും കടൽയാത്ര
“നമ്മൾ ഇനി എവിടേക്കാണ് പോകുന്നത്?”
“ഇവിടുന്ന് ഒരുപാടൊരുപാടു ദൂരെ... പലാവു എന്നു പേരുള്ള ദ്വീപിലേക്ക്, നീ കേട്ടിട്ടുണ്ടോ?”
പുറത്തു പോകാനാകാതെ ഒറ്റയ്ക്കിരുന്നു പഠിച്ചതുകൊണ്ട് മാഗിക്ക് ഭൂപടങ്ങളെല്ലാം കാണാപാഠമാണ്. പലാവു ദ്വീപിൻറെ പടം അവൾ കണ്ടിട്ടുണ്ട്. ശാന്തസമുദ്രത്തിത്തിൻറെ വടക്കുഭാഗത്താണത്. അൻ്റാർട്ടിക്കയിൽ നിന്നു പോകുമ്പോൾ ഓസ്ട്രേലിയ, പാപ്പുവാ ന്യൂ ഗിനി, ഇന്തോനേഷ്യ എന്നീ തീരങ്ങൾ പിന്നിട്ടു പോകണം, നല്ല ദൂരം.
പക്ഷേ കേരളതീരത്തു നിന്ന് അൻ്റാർട്ടിക വരെ പോയതല്ലേ... മാഗിയും ചക്കരയും. ഏകദേശം അതേ ദൂരം തന്നെ ഇതും.
“അവിടുത്തെ സുവർണ ജെല്ലിക്കൂട്ടർ കുറേയായി ക്ഷണിക്കുന്നു.” അമ്മൂമ്മ പറഞ്ഞു.
“അന്നേ വിചാരിച്ചതാണ്, പോയി അന്വേഷിക്കണമെന്ന്.”
“ഡിപ്ളു പറഞ്ഞ കാര്യം... നമുക്കെന്തെങ്കിലും ചെയ്യണ്ടേ...?”
“അതേ, നമുക്കെന്തെങ്കിലും ചെയ്യണം...!!” 'ബൌ-ബൌ' ഭാഷയുടെ മുഴുവൻ ശക്തിയുമെടുത്ത് ചക്കര പറഞ്ഞു. അവൾക്ക് യാതൊരു സംശയവും ഇല്ല.
“അതെൻ്റെ മനസ്സിലും ഉണ്ട്" അമ്മൂമ്മ അവരെ ആശ്വസിപ്പിച്ചു.
ഇത്തവണ യാത്ര കുറേക്കൂടി സുഖവും എളുപ്പവുമായിരുന്നു. തിമിംഗലങ്ങൾക്കൊപ്പമുള്ള യാത്രയിൽ കുഞ്ഞിത്തിമിംഗലങ്ങളുടെ മേൽ മറ്റെല്ലാ തിമിംഗലങ്ങളെയും പോലെ മാഗിയും സദാ കണ്ണുവച്ചിരുന്നു. പിന്നെ ചിലർ അല്പം പുറകിലാകുമ്പോൾ കരുതൽ വേണം... അങ്ങനെയങ്ങനെ യാത്ര പതുക്കെയായി.
പക്ഷേ അമ്മൂമ്മയ്ക്കും മാഗിക്കും ചക്കരയ്ക്കും ഭക്ഷണം വേണ്ട. മാഗിയെയും ചക്കരയെയും യാത്രാക്ഷീണം അത്രയൊന്നും ബാധിക്കുകയുമില്ല (കാളിയപ്പൂപ്പൻ കെട്ടിക്കൊടുത്ത ചരടിൻ്റെ മാന്ത്രികശക്തി!! കാശു വാങ്ങിയും മറ്റും ഓരോരുത്തർ തരുന്ന ചരടു പോലല്ല അത്). അതുകൊണ്ട് അവരുടെ സഞ്ചാരം കുറേക്കൂടെ വേഗത്തിലായി.
എന്നാൽ കടലിൻ്റെ ചിലയിടങ്ങളിൽ അവർ അല്പസമയം കൂടെ തങ്ങി. കടലിനടിയിലെ കുന്നുകളും താഴ്വരകളും കൂറ്റൻ പാറകളും പെരുങ്കുഴികളും എല്ലാം അപൂർവമായ സൗന്ദര്യം കൊണ്ടുനിറഞ്ഞവയാണ്. എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ... അമ്മൂമ്മയ്ക്ക് അവയെപ്പറ്റി ഒത്തിരികാര്യങ്ങൾ അറിയാം. പലതിനെയും ചൂണ്ടിക്കാട്ടി അവയെപ്പറ്റി മാഗിക്ക് പറഞ്ഞു കൊടുക്കും.
ഓസ്ട്രേലിയയുടെ തെക്കേ തീരത്ത് അവൾ ആദ്യമായി വമ്പൻ കടൽക്കാടുകൾ കണ്ടു. കടൽച്ചെടികൾ തഴച്ചുവളർന്നു നിൽക്കുന്ന പച്ചയും തവിട്ടുമായ ഇടങ്ങൾ.
"വായുവിലേക്ക് മനുഷ്യർ തള്ളുന്ന വിഷം വലിച്ചെടുക്കും അവ" അമ്മൂമ്മ പറഞ്ഞു.
അവിടെയും ഒത്തിരി സങ്കടം കേട്ടു അവർ. കടലിൽ ചൂടു കൂടുന്നു, മനുഷ്യർ അവരുടെ അഴുക്കുവെള്ളം മുഴുവൻ അവിടേക്ക് ഒഴുക്കുന്നു. അതുകാരണം അവിടെ ചില ജീവികൾ മാത്രം പെറ്റുപെരുകുന്നു. അവർ കടൽകാടുകളെ മുഴുവൻ തിന്നുതീർക്കുന്നു...
അവിടുന്ന് അവർ വീണ്ടും വടക്കോട്ടു നീന്തി. ഓസ്ട്രേലിയയുടെ വടക്കുകിഴക്കേ തീരത്തെത്തിയപ്പോൾ ലോകത്തെ സൗന്ദര്യമത്രയും ആയിരക്കണക്കിനു കിലോമീറ്ററുകളോളം പടർന്നു കിടക്കുന്ന കാഴ്ച... കണ്ണെത്താദൂരത്തോളം പടർന്നു പന്തലിച്ചു കിടക്കുന്ന പവിഴപ്പുറ്റുകൾ...!!
“ജീവൻ പണിഞ്ഞ നഗരമാണിത് മോളെ” തൻറെ മുന്നിൽ പരന്നൊഴുകുന്ന സൗന്ദര്യത്തെത്തന്നെ നോക്കിക്കൊണ്ട് അമ്മൂമ്മ പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/06/j-devika-kadalkutty-chapter-17-2025-08-06-18-26-43.png)
“മനുഷ്യരിലെ ആർത്തിക്കാർ പണിഞ്ഞുവച്ചിരിക്കുന്ന നഗരങ്ങൾ പോലെയല്ല...”
അതെത്ര ശരി, മാഗി മനസ്സിൽ വിചാരിച്ചു. താൻ ജനിച്ചു വളർന്ന നഗരം... ഭാരങ്കരരാജാവിൻറെ നഗരം... അഴുക്കും പുകയും നിറഞ്ഞതാണ്. മരങ്ങളില്ല, കാറ്റിനു പോകാൻ പോലും വഴിയില്ല. തുറന്ന ഇടങ്ങളില്ല. ചൂടുകൂട്ടാൻ മാത്രം കൊള്ളുന്ന കുഞ്ഞുപെട്ടിലോകങ്ങൾ നിറഞ്ഞവ. വൃത്തിയുള്ള ഇടം, നല്ല വെള്ളം, എല്ലാം പണക്കാർക്കു മാത്രം. വണ്ടികൾ പുക വമിച്ചുകൊണ്ടു രാപ്പകൽ ഓട്ടമാണവിടെ. ശബ്ദകോലാഹലമാണ് എപ്പോഴും...
എന്നാൽ കടലിനടിയിലെ ഈ നഗരമോ?
ഇവിടെ ജീവൻ ജീവന് തണലാകുന്നു, ജീവൻ ജീവന് അന്നം കൊടുക്കുന്നു. ഇവിടുത്തെ കെട്ടിടങ്ങളാണ് ഈ പവിഴപ്പുറ്റുകൾ. അവയ്ക്ക് ജീവനുണ്ട്, അവ വളരുന്നവയാണ്... അവയിലാണ് ലക്ഷക്കണക്കിനു ജലജീവികളുടെ താമസം. കൊഞ്ചു മുതൽ സ്രാവു വരെ ഇവിടെ താമസിക്കാൻ ഇടം കണ്ടെത്തും...
ജീവൻ്റെ നഗരം ഉണ്ടായ കഥ അമ്മൂമ്മ പറഞ്ഞു.
“പണ്ടുപണ്ട്... അതായത് വളരെ വളരെ വളരെ വളരെപ്പണ്ട്, കടലിലെ ജീവശക്തി കടൽപ്രാണികളെ എല്ലാം വിളിച്ചുകൂട്ടി. എന്തെങ്കിലും പരാതികളുണ്ടോ എന്നറിയാൻ.”
“അക്കാലത്ത് കടൽജീവികളിൽ ഏറ്റവും കഷ്ടപ്പാട് പവിഴപ്പുറ്റിനായിരുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ അവ എന്തിനാണ് ഞങ്ങളെയിങ്ങനെ ഉണ്ടാക്കിയത്? എന്ന് ജീവനോട് സങ്കടം പറഞ്ഞു."
ജീവശക്തി കടൽജീവികളോട് ചോദിച്ചു. "പവിഴപുറ്റുകളെ സഹായിക്കാൻ ആരുണ്ട് തയ്യാർ?"
ഒരാളും പോലും തയ്യാറായില്ല...
പക്ഷേ കുഞ്ഞുകടൽച്ചെടികൾക്ക് പവിഴപ്പുറ്റിനോട് പാവം തോന്നി. "ഞങ്ങൾ സഹായിക്കാം" അവർ വിളിച്ചു പറഞ്ഞു.
"എന്നാൽ പവിഴപ്പുറ്റ് നിങ്ങളെയും സഹായിക്കും" ജീവശക്തി പറഞ്ഞു.
"നിങ്ങൾ നല്ലവരാണ്. കടലിനടിയിലെ മഹാനഗരങ്ങൾ പണിയുന്നവരാകട്ടെ നിങ്ങൾ. ജീവൻറെ നഗരങ്ങൾ... മറ്റു ജലജീവികളെല്ലാം നിങ്ങളിൽ അഭയംപ്രാപിക്കട്ടെ!"
“അങ്ങനെ പവിഴപ്പുറ്റുകളും കുഞ്ഞിക്കടൽച്ചെടികളും ഒരുമിച്ചു കഴിഞ്ഞുതുടങ്ങി. പവിഴപ്പുറ്റുകൾ ചെടികൾക്കു വളരാൻ നല്ല ഉറപ്പുള്ള വീടുകളായി. കുഞ്ഞിച്ചെടികൾ സൂര്യവെളിച്ചമെടുത്ത് ഭക്ഷണമുണ്ടാക്കി പവിഴപ്പുറ്റിനെ ഊട്ടി. മാത്രമല്ല, ഈ കുഞ്ഞിച്ചെടികളെല്ലാം നല്ല ഭംഗിയുള്ള നിറങ്ങളുള്ളവരാണ്. പവിഴപ്പുറ്റുകളെ പല നിറങ്ങളോടു കൂടി ഭംഗിയാക്കുന്നതും അവയാണ്. അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും താങ്ങിയും വളർത്തിയും അവർ ലക്ഷക്കണക്കിനു വർഷം കടൽനഗരങ്ങളുണ്ടാക്കി, മറ്റെല്ലാ കടൽജീവികൾക്കും വീടായി.”
ഓസ്ട്രേലിയാക്കാർ ഗ്രേറ്റ് ബാരിയർ റീഫ് എന്നു വിളിക്കുന്ന ഈ നഗരത്തിൽ അവർ കുറച്ചു ദിവസം തങ്ങി. അവിടുത്തുകാരോട് അവർ സംസാരിച്ചു, സ്ഥലമൊക്കെ നീന്തിക്കണ്ടു.
അവിടെയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് അവർ കേട്ടത്. കടലിൻറെ ചൂടു കാരണം കുഞ്ഞിച്ചെടികൾക്ക് പവിഴപ്പുറ്റുകളിൽ ജീവിക്കാൻ പറ്റുന്നില്ല... അവ വിട്ടുപോകുന്നു, അപ്പോൾ പാവം പവിഴപ്പുറ്റ് വിളറിവെളുത്ത് വല്ലാതായിപ്പോകുന്നു...
അവർ സഞ്ചാരം തുടർന്നു.
ഒടുവിൽ അവർ പലാവു ദ്വീപിലെ ജെല്ലിഫിഷ് തടാകത്തിലെത്തി.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us