/indian-express-malayalam/media/media_files/2025/08/05/j-devika-kadalkutty-chapter-16-fi-2025-08-05-18-21-28.jpg)
ചിത്രീകരണം: അർച്ചനാ രവി
രാജകുമാരി പോലൊരു ഡിപ്ളുമാരി
മാഗിയും ചക്കരയും തിമിംഗലസ്കൂളിൽ ചേർന്നു. ആ സ്കൂൾവർഷം മുഴുവൻ അവർ അവിടെ പഠിച്ചു. സ്കൂൾഅവധി തുടങ്ങാറായി. തിമിംഗലങ്ങൾ വടക്കോട്ട് യാത്ര പോകാറായി (അങ്ങനെ ഒരു യാത്രയിലാണല്ലോ മാഗിയും ചക്കരയും അവരുടെകൂടെ ഇങ്ങോട്ടുപോന്നത്).
“കടലിന് പനി പിടിക്കുന്നതിനെ പറ്റി അടുത്ത വർഷം ഞാൻ കുട്ടികളെ വിശദമായി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു. അതേപ്പറ്റി പഠിക്കാൻ ഞാനൊരു യാത്ര പോകുന്നുണ്ട്... നിങ്ങൾ വരുന്നോ?” അമ്മൂമ്മ ചോദിച്ചു.
“വരുന്നുണ്ട്!!” മാഗിയും ചക്കരയും ഒന്നിച്ചു പറഞ്ഞു.
അല്പ ദിവസത്തെ തയ്യാറെടുപ്പിനുശേഷം അവർ പുറപ്പെട്ടു.
“പോകുന്നവഴിക്ക് ഒരാളെ ഒന്ന്വേഷിക്കണം” അമ്മൂമ്മ പറഞ്ഞു. “നമ്മുടെ ജെല്ലിഫിഷുകളുടെ ഡിപ്ളുമാരിയെ.”
“അതാരാ?”
“അത്... ഈ മനുഷ്യരുടെയിടയിൽ രാജകുമാരീന്ന് കേട്ടിട്ടില്ലേ... അതുപോലെ ജെല്ലിഫിഷുകൾക്കിടയിൽ ഒരു ഡിപ്ളുമാരി!!” അമ്മൂമ്മ കളി പറഞ്ഞു.
ഡിപ്ളുമാരീടെ വീട് അൻ്റാർട്ടിക്കാക്കടലിനു താഴെയുള്ള മായികലോകത്തിലാണ്. അമ്മൂമ്മയുടെ കൂടെ മാഗിയും ചക്കരയും അവിടേക്ക് പോയി. കടലിൻ്റെ അടിത്തട്ടു നിറയെ പിങ്കുനിറത്തിലെ നക്ഷത്രമീനുകൾ...
മുകളിൽ... ശാന്തമായ കടൽപ്രവാഹത്തിൽ, നർത്തകിയുടെ മനോഹരമായ മെല്ലെനടത്തം പോലെ ചാഞ്ഞും ചരിഞ്ഞും വളഞ്ഞും തിരിഞ്ഞും ചലിക്കുന്ന ജെല്ലിസുന്ദരി!! ശരിക്കും രാജകുമാരിയെപ്പോലെ തോന്നും, കണ്ടാൽ!! അവളുടെ ജെല്ലിക്കുട, നേർത്ത, സുതാര്യമായ, പാവാട പോലെ. വെള്ളത്തിൽ അത് മെല്ലെ, മനോഹരമായി, ഉലയുന്നു. ഓറഞ്ചും ചുവപ്പും കലർന്ന തീ നിറത്തിലെ വയറ് ആ തിളങ്ങുന്ന കുടയ്ക്കുള്ളിൽ . തീ നിറത്തിൽ ഫ്രില്ലു പോലെ വെള്ളത്തിൽ മെല്ലെ ഇളകുന്ന നീണ്ട കൈകൾ…
അതാ... ജെല്ലിഫിഷുകളുടെ ഡിപ്ളുമാരി!
മാഗി ഇതു പോലുള്ള ഭംഗി ജീവിതത്തിൽ കണ്ടിട്ടില്ല. അവൾക്ക് ഡിപ്ളൂൻ്റെ ഇളകുന്ന കുടയിൽ നിന്ന് കണ്ണെടുക്കാനേ കഴിഞ്ഞില്ല... തിളങ്ങുന്ന ചിലന്തിവലനൂലുകൾ കൊണ്ട് നെയ്തെടുത്തതുപോലെ...
“വണക്കം, ഡിപ്ളൂ!” അമ്മൂമ്മ പരിചിതഭാവത്തിൽ പറഞ്ഞു.
“സന്തോഷം, ടീച്ചറേ!” ഡിപ്ളു ജെല്ലിഭാഷയിൽ പറഞ്ഞു.
“ഞാനറിഞ്ഞു, നിനക്കെന്തോ സുഖമില്ലെന്ന്...”
“അതേ ടീച്ചറെ... എന്തോരു ചൂട് ... ഇങ്ങനെ പോയാൽ നമ്മളൊക്കെ വേറേലോകത്തു പോകേണ്ടിവരും...”
“ഛേ... ഇതെന്താ കുട്ടീ... ഒന്നുമില്ലെങ്കിലും നീ ഒരു ഡിപ്ളുമാരിയല്ലേ...!
/filters:format(webp)/indian-express-malayalam/media/media_files/2025/08/05/j-devika-kadalkutty-chapter-16-2025-08-05-18-22-45.jpg)
പക്ഷേ ഡിപ്ളുമാരിയുടെ ആശങ്കയ്ക്കു കുറവുണ്ടായില്ല. “ജെല്ലികൾ ചില്ലറക്കാരല്ലല്ലോ… വേറേ ലോകത്തു പോയീന്ന് നമ്മളെല്ലാരും വിചാരിച്ച ആ ജെല്ലിഫിഷു തരക്കാരുണ്ടല്ലോ... ക്രസ്പെഡക്കുസ്റ്റന്മാർ... മനുഷ്യര് അഴുക്കു തള്ളുന്നത് നിർത്തിയപ്പോൾ അവരു മടങ്ങീലെ... പിന്നെ തണുപ്പുവെള്ളത്തിലും അവരു കയറിപ്പറ്റിയിരിക്കുന്നുവെന്നാണല്ലോ കേട്ടത്.”
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഡിപ്ളുമാരിപ്പെണ്ണിൻ്രെ മുഖം തെളിഞ്ഞില്ല.
“എൻറെ മഞ്ഞുകൊട്ടാരത്തിൻ്റെ മതിലുകളെല്ലാം വിണ്ടുകീറിത്തുടങ്ങി... ചൂട് ഇപ്പോൾ ഇപ്പോൾ ഇറങ്ങിവന്ന് ഞങ്ങളെ എല്ലാം കുത്തിനോവിക്കുന്നു.”
ങേ... അൻ്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞുപാളി ഉരുകിയുരുകി പൊട്ടാൻ തുടങ്ങിയിരിക്കുന്നു. വല്ലാത്ത അപകടം തന്നെയാണ്... ചുമ്മാതല്ല, ഡിപ്ളുവിൻറെ മുഖത്ത് വല്ലാത്ത വാട്ടവും വേവലാതിയും.
“മുകളിലുള്ളവർ ആഹാരം പോലും കണ്ടുപിടിക്കാൻ പാടുപെടുന്നു, ടീച്ചറേ... ചൂട് നേരെ വന്നു വീഴുവല്ലേ...”
അൻ്റാർട്ടിക്കയിൽ താമസിക്കുന്ന പെൻഗ്വിനുകളുടെ കാര്യമാണ് ഡിപ്ളു പറഞ്ഞത്. ശരിയാണ്, അവരിപ്പോൾ കുറേയായി പരാതിപറയുന്നുണ്ട്.
“അപ്പോ അൽബേഡോ ഇവിടെ ഇല്ലേ? ചൂടിനെ തുരത്തേണ്ട പണി അയാളുടേതല്ലേ...?”
ജെല്ലികളുടെ ഡിപ്ളുമാരിയും തോഴിമാരും താമസിക്കുന്ന മഞ്ഞുകൊട്ടാരമാണ് ശരിക്കും നമ്മളീ അൻ്റാർട്ടിക്കാ... അൻ്റാർട്ടിക്കാ... എന്നു പറയുന്നത്. ലോകം മുഴുവൻ ചൂടു കൂടിയപ്പോ അതിൻറെ മഞ്ഞുകൊണ്ട് പണിത മച്ചിനു തന്നെയാണ് വിള്ളലു വീണത്.
കൊട്ടാരംകാവൽക്കാരനായ കുഞ്ഞുദേവത ആണ് ഈ അൽബെഡോ. അവനാണ് മഞ്ഞിനു മീതെ വന്നു വീഴുന്ന ചുവന്നു പഴുത്ത ചൂടിനെ തിരിച്ചടിച്ചുകളയുന്നത്.
“അവൻ്റെ കൈയും കാലും കെട്ടിയിട്ടതു പോലെയാണ്... ചൂട് ഇഷ്ടം പോലെ അകത്തുകടന്ന് കൊട്ടാരമാകെ ഉരുകിനശിക്കുവാണ്…”
“ടീച്ചർ, ഇനി നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റൂ... മനുഷ്യരോട് പോയി പറയണം, ഇതിനി പറ്റില്ലാന്ന്…”
അപ്പോഴാണ് മാഗിക്ക് ശരിക്കും മനസ്സിലായത്, കടലിന് ചൂടു കൂടുന്നത് മനുഷ്യരെ കാരണമാണ്. അവർ ആകാശം മുഴുവൻ, വായു മുഴുവൻ, കടലു മുഴുവൻ, അഴുക്കാക്കിയിരിക്കുന്നു. വായുവിലെ ആ ആഴുക്കെല്ലാം കൂടി ഭയങ്കരനായ ഒരു ദുർഭൂതത്തെപ്പോലെ ഭൂമിയെ ശ്വാസംമുട്ടിക്കുകയാണ്.
ഭൂമിയിൽ നിന്ന് ചൂടിനെ പുറന്തള്ളാൻ പറ്റാതായിരിക്കുന്നു. അൻ്റാർട്ടിക്കാ കൊട്ടാരം കോടാനുകോടിവർഷം ചൂടിൽ നിന്ന് കാത്തുരക്ഷിച്ച അൽബെഡോ ദേവത ഇന്ന് തീരെ ദുർബലനായിരിക്കുന്നു.
“ടീച്ചർക്കും ഈ കുട്ടിക്കും മനുഷ്യരുടെ ഭാഷ അറിയാമല്ലോ... ഞങ്ങൾക്കെല്ലാം വേണ്ടി മനുഷ്യരുടെ നേതാക്കളോട് കാര്യം പറഞ്ഞൂടെ...”
ഉള്ളിൽ തോന്നിയ സങ്കടം പുറത്തുകാണിക്കാതെ അമ്മൂമ്മ ഡിപ്ളൂനെ ആശ്വസിപ്പിച്ചു. “തീർച്ചയായും... നോക്കട്ടെ...”
ഡിപ്ളൂൻറെ കൊട്ടാരത്തിൽ നിന്നിറങ്ങിയപ്പോൾ ഇരുവരും നിശബ്ദരായിരുന്നു. ചക്കരയും ഡിപ്ളൂൻറെ സങ്കടമെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ മാത്രം സങ്കടത്തിൽ താണുപോയില്ല.
“അമ്മൂമ്മേ... മാഗീ... നോക്കൂ, നമുക്കെന്തെങ്കിലും ചെയ്യണം!!!”
ചക്കരയുടെ കുഞ്ഞിക്കുര മുദ്രാവാക്യംവിളി പോലെ കടലിലെ പാറക്കെട്ടുകളിലും കുന്നിൻചരിവുകളിലും എല്ലാം മാറ്റൊലിക്കൊണ്ടു.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.