/indian-express-malayalam/media/media_files/2025/08/04/j-devika-kadalkutty-chapter-15-fi-2025-08-04-18-13-43.jpg)
ചിത്രീകരണം: അർച്ചനാ രവി
തിമിംഗല സ്കൂൾ
കെ കെ അമ്മൂമ്മ കൂനിത്തിമിംഗലങ്ങൾക്കു പഠിക്കാനുള്ള സ്കൂൾ നടത്തുന്നുണ്ട്. വലിയ ശരീരഭാരമുള്ള തിമിംഗലങ്ങളെ ഭാരം തീരെ ഇല്ലാത്തവരെ പോലെ കടലിലൂടെ കളിച്ചു നടക്കാൻ പഠിപ്പിക്കുന്ന സ്കൂളാണത്.
“ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഞാൻ ഒരു സ്കൂൾ ടീച്ചറായിരുന്നു.”
“കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, ഭാരം കെട്ടിവലിക്കാതെ എങ്ങനെ ജീവിക്കാമെന്ന് ഞാൻ പഠിപ്പിച്ചു. ചിലർക്ക് പറന്നുപോകാൻ ചിറകുണ്ടാക്കിക്കൊടുത്തു...”
“ഇതിനെല്ലാമാണ് അവസാനം അവർ എന്നെ ശിക്ഷിച്ചത്.”
“ഇവിടെയാണെങ്കിൽ അവർ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.”
“ഇവർക്കിടയിൽ വന്നശേഷം ഞാൻ തിമിംഗലരീതികളെല്ലാം ശരിക്കും പഠിച്ചു. സന്തോഷപ്പാട്ട്, സങ്കടപ്പാട്ട്, അപായംപറച്ചിൽപാട്ട്, പടപ്പാട്, ഊണുപാട്ട്, ഉറക്കപ്പാട്ട്, എന്നിങ്ങനെ പലതരം തിമിംഗലപ്പാട്ടുകളുണ്ട്. അതൊക്കെ തിമിംഗലക്കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കും. അതു മാത്രമല്ല, അവർ അറിയേണ്ട എല്ലാ കാര്യങ്ങളും പഠിപ്പിക്കും.”
അടുത്ത ദിവസം അവർ അമ്മൂമ്മ പഠിപ്പിക്കുന്ന സ്കൂൾ കാണാൻ പോയി. തിമിംഗലടീച്ചർമാരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അമ്മൂമ്മയാണ് മേൽനോട്ടം.
മനുഷ്യരിൽ നിന്നുള്ള ദ്രോഹം ഏറിവന്നതോടെ കൂനിത്തിമിംഗലക്കുട്ടികളെ അവരുടെ രീതികളെപ്പറ്റി പഠിപ്പിക്കണമെന്ന് മൂത്തവർ തീരുമാനിച്ചു.
കെ കെ അമ്മൂമ്മ പണ്ട് മനുഷ്യത്തി ആയിരുന്നെന്ന് അവർക്കറിയാമായിരുന്നു. മനുഷ്യരുടെ കുടിലബുദ്ധി തിരിച്ചറിയാൻ തിമിംഗലക്കുട്ടികളെ പഠിപ്പിക്കാമോ എന്നു ചോദിച്ച് അവർ ചെന്നപ്പോഴാണ് അമ്മൂമ്മ സ്കൂൾ തുടങ്ങിയത്.
എല്ലാ വർഷവും കുറേ മാസം അമ്മൂമ്മ കടലിനു പുറത്തുള്ള ലോകത്തിൻ്റെ പല ഭാഗത്തും സഞ്ചരിക്കും. ശരീരമില്ലാത്തതുകൊണ്ട് അവർക്ക് എവിടെയും പോകാം, ആർക്കും അവരെ കാണാൻ പറ്റില്ല. കടലിനെപ്പറ്റിയും കടൽജീവികളെപ്പറ്റിയും ശാസ്ത്രജ്ഞരും കടലിനെ സ്നേഹിക്കുന്നവരും എന്താണ് പറയുന്നതെന്ന് മനസ്സിലാക്കിവരും. കടലിൻ്റെയും കടൽജീവികളുടെയും അവസ്ഥകൾ അറിയും. ആ വിഷയങ്ങളെല്ലാം തിമിംഗലക്കുട്ടികളെ പഠിപ്പിക്കും.
മാഗി ചെല്ലുമ്പോൾ പാട്ടു ക്ളാസാണ്. തിമിംഗലപ്പാട്ട് അറിയാവുന്നതുകൊണ്ട് മാഗിയും കൂടി. അശു പോലിരിക്കുന്ന മാഗി തങ്ങളുടെ പാട്ടു പാടുന്നതു കേട്ട് തിമിംഗലക്കുട്ടികൾ കുലുങ്ങിച്ചിരിച്ചു.
പക്ഷേ ആ ക്ളാസിൽ പാട്ടു മാത്രമല്ല പഠിപ്പിക്കുന്നത്. അപായത്തിൽ പെട്ടുപോയ മറ്റു കടൽജീവികളുടെ സഹായത്തിനായുള്ള നിലവിളിശബ്ദങ്ങളും പഠിപ്പിക്കുന്നുണ്ട്. ആപത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള പരിശീലനം തിമിംഗലക്കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കിട്ടും.
“മനുഷ്യരുടെ ചരക്കുകപ്പലുകളുടെ ശബ്ദങ്ങളും പഠിപ്പിക്കണം” ചക്കര പറഞ്ഞു.
ശ്രീലങ്കാതീരത്തു വച്ചുണ്ടായ സംഭവം മാഗി തിമിംഗലടീച്ചർമാരോടു വിവരിച്ചു. അവർ ശ്രദ്ധിച്ചു കേട്ടു. കപ്പൽശബ്ദം കേട്ട തിമിംഗലഅമ്മമാർ അതിനെ തിമിംഗശബ്ദത്തിലേക്ക് ആക്കുമെന്നും ഇനി മുതൽ അതും പഠിപ്പിക്കുമെന്ന് അവർ ഉറപ്പു കൊടുത്തു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/04/j-devika-kadalkutty-chapter-14-1-2025-08-04-18-15-08.png)
പാട്ടു ക്ളാസ് കൂടാതെ ആഹാരംതേടൽ, ജീവിസ്നേഹം, കായികശേഷി, കടലിനെ അറിയൽ, കടലിൻറെ മുറിവുണക്കൽ മുതലായ വിഷയങ്ങളാണ് സിലബസിൽ.
ആഹാരംതേടലിൽ മനുഷ്യർ കടലിൽ എറിയുന്ന മാലിന്യത്തെ ആഹാരത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാമെന്നത് ഉപവിഷയമാണ്. ഇപ്പോൾ ചില ക്ളാസുകളിലിരിക്കാൻ ജെല്ലിഫിഷുകളും മറ്റു കടൽജീവികളും വരും. ചിലപ്പോൾ വിശപ്പു മൂത്താൽ തിമിംഗലങ്ങൾ ജെല്ലിഫിഷുകളെ തിന്നാറുണ്ട്, അതുകൊണ്ട് ആദ്യമൊക്കെ അവർക്കു വരാൻ പേടിയായിരുന്നു.
അതു മനസ്സിലാക്കിയ കെ കെ അമ്മൂമ്മ തിമിംഗലങ്ങൾക്ക് ഒരു ക്ളാസ് എടുത്തു. ജെല്ലിഫിഷുകൾ 95 ശതമാനവും വെള്ളമാണ്, നിങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങളൊന്നും അവയിൽ ഇല്ല, അതുകൊണ്ട് അവരെ ശാപ്പിടരുത്. മറിച്ച് ലോകത്തിലെ മിക്ക വെള്ളത്തിലും അവ ഉണ്ട്. നമ്മുടെ ആഗോളസേനയാണ് ജെല്ലിഫിഷുകൾ...!! ഇതൊക്കെ പറഞ്ഞ് അമ്മൂമ്മ തിമിംഗലങ്ങളുടെ മനസ്സു മാറ്റി.
തിമിംഗലങ്ങൾ ജെല്ലിഫിഷുകളെ തിന്നണ്ട എന്ന് തീരുമാനിച്ചതോടെ അവർ ക്ളാസിൽ വരാൻ തുടങ്ങി. മറ്റു കടൽജീവികളും അറിഞ്ഞു വന്നുതുടങ്ങി.
അല്ലേലും രുചി കൂന്തലിനും കണവയ്ക്കും ചാളയ്ക്കും ഒക്കെത്തന്നെ. ഇക്കാര്യത്തിൽ മാഗിക്കും തിമിംഗലങ്ങൾക്കും ഒരേ അഭിപ്രായമാണ്.
ങാ, ജെല്ലിഫിഷുകളും പറഞ്ഞു, നമ്മളെ പിടിച്ചുതിന്നുന്നവര് അധികോം നമ്മടെ കൂട്ടരു തന്നെ... പിന്നെ അന്യരെ മാത്രം എന്തിന് പേടിക്കണം?
അങ്ങനെയാണ് ദൂരത്തുള്ള പല കടൽജീവികൾക്കും കെ കെ അമ്മൂമ്മയെ പരിചയമായത്.
പക്ഷേ മാഗിക്ക് ഏറ്റവും ഇഷ്ടമായത് ദിവാസ്വപ്നക്ളാസാണ്. അതിൽ പഠിപ്പിക്കലില്ല. കുട്ടികൾ ദിവാസ്വപ്നം കാണും.
“ഇതു ഞാൻ നിർബന്ധമാക്കി. മനുഷ്യലോകത്തിൽ ഇതു നടപ്പാക്കിയതിനാണ് അവർ എന്നെ കഷ്ടപ്പെടുത്തിയത്. ഇവിടുള്ളവർക്ക് പക്ഷേ മനസ്സിലായി... ദിവാസ്വപ്നം കണ്ടില്ലെങ്കിൽ ജീവിതം വലിയൊരു ഭാരമായി മാത്രമേ അനുഭവപ്പെടൂ...”
ജീവിസ്നേഹക്ളാസെടുത്ത തിമിംഗലടീച്ചർ മാഗിയോട് പറഞ്ഞു“ നമുക്ക് നമ്മുടേതായ ഭാഷയുണ്ട്, ഇരപിടിക്കാൻ വേണ്ട ഉപകരണങ്ങൾ ഉണ്ടാക്കാനും അറിയാം...“
അതേ... മാഗി കണ്ടതാണ്, കുമിളകളുപയോഗിച്ച് കൂനിച്ചേച്ചിമാർ വലയുണ്ടാക്കുന്നത്, ഇരപിടിക്കാൻ.
“നിനക്കറിയാമോ...” അവർ തുടർന്നു. “കുറച്ചു ദിവസം മുമ്പ് ശാസ്ത്രജ്ഞർ തിമിംഗലഭാഷ പഠിച്ച് ദേ, ഇവരോട് സംസാരിക്കാൻ നോക്കി!”
“പക്ഷേ വായോ... വായോന്ന് വിളിക്കാൻ മാത്രമേ മനുഷ്യര് പഠിച്ചിട്ടുള്ളു...” മനുഷ്യരോടു സംസാരിച്ച തിമിംഗലടീച്ചർ പറഞ്ഞു.
അതു വരെ മിണ്ടാതിരുന്ന ചക്കര പറഞ്ഞു “മനുഷ്യർക്ക് ഇനി എന്തോരം വളരാനുണ്ട്... അവരോടൊപ്പം എത്രയോ കാലമായി കഴിയുന്ന ഞങ്ങളെ, നായകളെ, പോലും അവര് ശരിക്കും മനസ്സിലാക്കിയിട്ടില്ല...”
“ലോകത്തെ നശിപ്പിക്കാതെ ഇവിടെ ജീവിക്കാനുള്ള ബുദ്ധി തിമിംഗലങ്ങൾക്കുണ്ട്. അതു മതി.”
സ്കൂൾ സന്ദർശനം കഴിഞ്ഞു വീട്ടിലേക്ക് അവർ താണിറങ്ങി. ജീവികളുടെ സ്വയംവെളിച്ചം മാത്രം കാണുന്ന ഇരുട്ടിലേക്ക്. പക്ഷേ വീടെത്തിയതും അവിടമാകെ വെളിച്ചം കൊണ്ടു നിറഞ്ഞു!!
“എവിടുന്നാ അമ്മൂമ്മേ ഈ വെളിച്ചം?”ആദ്യമെത്തിയപ്പോൾ തോന്നിയ സംശയം ചോദിക്കാനുള്ള അവസരം അപ്പോഴാണ് മാഗിക്ക് കിട്ടിയത്.
“അതോ?” അമ്മൂമ്മ ചിരിച്ചു.
“ജീവിതത്തിൽ നമ്മൾ നേടുന്ന അറിവൊന്നും നമ്മളെ വിട്ടുപോവില്ല, കുട്ടി. ഞാൻ എൻറെ ജീവിതത്തിൽ നേടിയ അറിവിനെ മുറുക്കെപ്പിടിച്ചതുകൊണ്ടാണ് മനുഷ്യർ എന്നെ ശിക്ഷിച്ചത്. പക്ഷേ ആ അറിവാണ് എന്നെ ഭാരം ചുമന്ന് നശിക്കാതെ കാത്തത്. കണ്ണിനെ തെളിയിച്ചതും അതുതന്നെ.”
“ഏതിരുട്ടിൽ പോയാലും അത് പ്രകാശമായി എൻറെ കൂടെ വരും…”
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.