scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം 14

"നന്നായി, മോളെ! പക്ഷേ... ഞാൻ കടൽ വിട്ട് എങ്ങോട്ടുമില്ല. നാട്ടിൽ ആർക്കും എന്നെ ഓർമ്മയുമില്ല..." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം പതിനാല് വായിക്കാം

"നന്നായി, മോളെ! പക്ഷേ... ഞാൻ കടൽ വിട്ട് എങ്ങോട്ടുമില്ല. നാട്ടിൽ ആർക്കും എന്നെ ഓർമ്മയുമില്ല..." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം പതിനാല് വായിക്കാം

author-image
J Devika
New Update
J Devika Kadalkutyy Chapter 14 FI (1)

ചിത്രീകരണം: അർച്ചനാ രവി

കല്ല്യാണിക്കുട്ടിയമ്മയുടെ കഥ

വിശ്രമം കഴിഞ്ഞെത്തിയ മാഗിക്ക് കടൽതീറ്റയുടെ ഭക്ഷണം അമ്മൂമ്മ ഒരുക്കി. കടലിനടിയിൽ വിശപ്പൊന്നും അവൾ അറിഞ്ഞിരുന്നില്ല. എനിക്കു വേണ്ടാ അമ്മൂമ്മേ... എന്ന് പറഞ്ഞപ്പോൾ അവർ അവളുടെ കൈ പിടിച്ചുനോക്കി.

Advertisment

“ആഹാ, കാളിച്ചേട്ടൻ്റെ ചരട്!!”

“നിനക്കറിയാമോ, കാളിച്ചേട്ടൻ നമ്മുടെയൊക്കെ മണ്ടയിൽ കെട്ടിവച്ചിരുന്ന ഭാരങ്ങളെയൊക്കെ തകർത്തെറിഞ്ഞ ആളാണ്...”

“അറിയാം” മാഗി പറഞ്ഞു. “കാളിയപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്.”

“ഞാൻ ചെറുപ്പമായിരുന്നപ്പഴും നമ്മുടെ നാട്ടിൽ പെണ്ണുങ്ങളുടെ മുതുകത്ത് ഭയങ്കരഭാരങ്ങളാ കേറ്റിവച്ചിരുന്നത്...“ ആ ഓർമ്മ അമ്മൂമ്മയുടെ ചിരിയിൽ സങ്കടത്തിൻറെ തരികൾ വീഴ്ത്തി.

“ഞാൻ മദ്രാസിൽ പോയി കോളേജിൽ പഠിച്ചു സ്വയം ചിന്തിക്കാനും പറയാനും എഴുതാനും ഒക്കെ ആയപ്പോ... മനസ്സിലായി, നമ്മൾ ഈ ഭാരമൊന്നും ചുമ്മക്കേണ്ട കാര്യമേ ഇല്ലാ..."

Advertisment

“ഇപ്പഴും നമ്മുടെ നാട്ടിൽ ഭാരങ്കരൻ്റെ ആൾക്കാർക്കൂ മാത്രമേ ഭാരമില്ലാതെ ജീവിക്കാൻ പറ്റൂ...” മാഗി നാട്ടിലെ കാര്യമെല്ലാം പറഞ്ഞു.

“സ്ത്രീകളുടെമേൽ വല്ലാത്ത ഭാരം കയറ്റുന്നതിനെ ഞാൻ ജീവിതം മുഴുവൻ എതിർത്തതാണ്.”

“ലോകം മുഴുവൻ യാത്ര ചെയ്യാനായിരുന്നു എൻ്റെ ആശ. നിനക്കറിയാമോ, ഞാൻ എവിടെയെല്ലാം പോയിട്ടുണ്ടെന്ന്... ഇന്ത്യ മുഴുവൻ, പിന്നെ യൂറോപ്പിലും... മനഃപ്രയാസം വന്നാൽ ട്രെയിനിൽ കയറി ഒറ്റപ്പോക്കായിരുന്നു...”

ആ യാത്രകളുടെ തിളങ്ങുന്ന ഓർമ്മ അമ്മൂമ്മയുടെ കണ്ണിൽ കുറച്ചു നിമിഷം തങ്ങിനിന്നു. പിന്നെ സങ്കടം നിറഞ്ഞ ഒരു ചെറുചിരി അവരുടെ മുഖത്ത് മിന്നിമറഞ്ഞു.

“ഭാരങ്കരന്മാർ അന്നും ഉണ്ടായിരുന്നു, മോളെ... ഞാൻ ഭാരമില്ലാതെ നടക്കുന്നതു കണ്ടപ്പോൾ കണ്ണു ചുമന്നവർ...”

J Devika Kadalkutty Chapter 14 (1)
ചിത്രീകരണം: അർച്ചനാ രവി

“സ്ത്രീകളുടെ മേൽ ഭാരം ചുമത്തുന്നത് തെറ്റാണെന്നു പറഞ്ഞതിന്, യാത്ര ചെയ്യാൻ ആഗ്രഹിച്ചതിന്, കിതച്ചും വലിഞ്ഞും നടക്കാൻ വിസമ്മതിച്ചതിന്... അവർ എന്നെ ജയിലിൽ അടച്ചു.”

“എൻ്റെ മേൽ എത്രയധികം ഭാരമാണെന്നോ അവർ കെട്ടിവച്ചത്... എനിക്കു നടക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റാതെയായി. അത് കണ്ട് കൈകൊട്ടിച്ചിരിച്ച ദുഷ്ടന്മാരെല്ലാം ഭാരങ്കരപ്പിശാചുക്കൾ തന്നെയായിരുന്നു.”

എനിക്കു ലോകം മുഴുവൻ യാത്ര ചെയ്യാൻ കൊതിയായിരുന്നു. കടലിനോട് പണ്ടേ ഇഷ്ടമായിരുന്നു. പണ്ട്, കോളേജിൽ പഠിച്ച സമയത്ത്,  ഞാൻ താമസിച്ചിരുന്ന കെട്ടിടത്തിൻറെ മൂന്നാം നിലയിൽ പോയി രാത്രി മുഴുവൻ കടലിനെ നോക്കിയിരിന്നിട്ടുണ്ട്...

അന്നൊക്കെ വർഷത്തിൽ കടലിൽ നീലവെളിച്ചം വരും. അതു നോക്കി ഞാൻ പുലരും വരെ ഇരിക്കും... പിന്നെ വലിയൊരു കപ്പലിൽ കയറിയാണ് ഞാൻ യൂറോപ്പിൽ പോയത്. അന്നും കടൽ എത്ര കണ്ടാലും എനിക്കു പോരാ...”

“ഒടുവിൽ ശരീരത്തിനു വയസ്സായപ്പോൾ എനിക്കും വേറേലോകത്തിൽ പോകാറായി. പക്ഷേ ഞാൻ പോയില്ല...”

“കാളിച്ചേട്ടനൊക്കെ നാട്ടിൽത്തന്നെ മനുഷ്യരുടെ കണ്ണിനടുത്ത് താമസിച്ചു. അതുകൊണ്ടെന്തായി...? അദ്ദേഹത്തെ മണ്ണിനു താഴെയുള്ള ഏതോ നിലവറയിൽ തള്ളിയെന്നാ കേട്ടത്... ഞാൻ അങ്ങോട്ടു പോയതേയില്ല...!!”

സ്വയം പുകഴ്ത്തിപ്പറയുന്നത് നന്നല്ലെന്ന് മാഗിക്ക് അറിയാം, പക്ഷേ ഇതു കേട്ടപ്പോൾ അവൾക്കു പറയാതിരിക്കാനായില്ല.

“ഞാനാ അമ്മൂമ്മേ, കാളിയപ്പൂപ്പനെ ആ നിലവറേന്നു പുറത്തുകൊണ്ടുവന്നത്... അപ്പൂപ്പൻറെ വില്ലുവണ്ടീലാണ് ഞങ്ങൾ കടപ്പുറത്തെത്തിയത്. ആ വില്ലുവണ്ടിയുടെ മുന്നില് നല്ല പുതിയ ഒരു വഴീം തുറന്നിട്ടുണ്ട്. ആ വഴി നടന്നാൽ ഭാരമേ തോന്നൂല്ല...”

“ആണോ...??”

“നന്നായി, മോളെ!... പക്ഷേ... ഞാൻ കടൽ വിട്ട് എങ്ങോട്ടുമില്ല. നാട്ടിൽ ആർക്കും എന്നെ ഓർമ്മയുമില്ല...”

“ഇവിടെ ഭാരങ്ങൾ ഇല്ലേയില്ല. നിലവറയിൽ ആരും ഇട്ടടയ്ക്കുമില്ല. നിനക്കറിയാമോ, ഞാനീ കടലിലൂടെ എവിടെയെല്ലാം പോയിട്ടുണ്ടെന്ന്... ലോകം മുഴുവൻ..."

“അതേ, അതിരില്ലാസ്ഥലം” ചക്കര മെല്ലെ പറഞ്ഞു.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: