scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം 13

"മനോഹരമായ കടൽവെളിച്ചം നിറഞ്ഞ ഒരു മുറിയിലേക്കാണ് അവർ പോയത്. അവിടെ പാറക്കട്ടിലിന്മേൽ ഭംഗിയുള്ള ഒരു കടൽപ്പഞ്ഞിമെത്ത ഉണ്ടായിരുന്നു. അതിൽ കിടന്നയുടൻ മാഗിയും ചക്കരയും ഉറങ്ങിപ്പോയി." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം പതിമൂന്ന് വായിക്കാം

"മനോഹരമായ കടൽവെളിച്ചം നിറഞ്ഞ ഒരു മുറിയിലേക്കാണ് അവർ പോയത്. അവിടെ പാറക്കട്ടിലിന്മേൽ ഭംഗിയുള്ള ഒരു കടൽപ്പഞ്ഞിമെത്ത ഉണ്ടായിരുന്നു. അതിൽ കിടന്നയുടൻ മാഗിയും ചക്കരയും ഉറങ്ങിപ്പോയി." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം പതിമൂന്ന് വായിക്കാം

author-image
J Devika
അപ്‌ഡേറ്റ് ചെയ്‌തു
New Update
J Devika Kadalkutty Chapter 13

ചിത്രീകരണം: അർച്ചനാ രവി

കെ കെ അമ്മൂമ്മ

കടലിനടിയിലെ കൂറ്റൻ പാറക്കെട്ടുകളിലൊന്നിന് അടുത്തായിട്ടാണ് മാഗി ഇപ്പോൾ നിൽക്കുന്നത്. വലിയ ഒരു ഗുഹയുടെ മുന്നിൽ. വെട്ടിത്തിളങ്ങുന്ന അതിസുന്ദരവും ജീവൻ തുടിക്കുന്നതുമായ ഒരു ലോകം അവളുടെ കണ്ണിൽ നിറയുന്നു.

Advertisment

തിരിഞ്ഞുനോക്കുമ്പോൾ ഗുഹയുടെ വാതിൽക്കൽ നിൽക്കുന്നു, വയസ്സായ ഒരു അമ്മൂമ്മ!!

കെ കെ അമ്മ!!

ചുളിവു വീണതെങ്കിലും ബുദ്ധിശക്തിയുടെ തിളക്കമുള്ള മുഖം. കുഞ്ഞുവാവകളുടെ ചിരി. നല്ല ചൊടിയാണ് പൊതുവേ!  മുണ്ടും നേര്യതും കണ്ണടയും. മുട്ടിനു താഴെ വരെ നീണ്ടുകിടക്കുന്ന തിളങ്ങുന്ന വെള്ളിമുടിയും!

മാഗിയും ചക്കരയും അന്തംവിട്ടുനിന്നതേയുള്ളൂ. അതു മനസ്സിലാക്കിയ അമ്മൂമ്മ അവരുടെയടുത്തേക്കു വന്നു.

Advertisment

“അല്ല, ഇതാരാ...!!” അവർ മാഗിയുടെ കൈപിടിച്ചു. കാളിയപ്പൂപ്പനെ പോലെ ഉള്ളിലേക്കു കടന്നുചെല്ലുന്ന കണ്ണുകളാണ് അമ്മൂമ്മയുടേത്. അവ ചക്കരയെ തലോടി.

കേരളക്കടലിൽ ഒരു വൈദ്യത്തി കടൽക്കുട്ടി എത്തിയിട്ടുണ്ടെന്ന വാർത്ത ഇങ്ങ് അൻ്റാർട്ടിക്കാ വരെ എത്തിയിരുന്നു...

“ങാ, അതിപ്പൊ അതിശയിക്കാനില്ല. ഈ ജെല്ലിപ്പിള്ളേർ ഇങ്ങനെ ചുമ്മാ ഒഴുകി നടക്കുകയല്ലേ... അപ്പം മിണ്ടീം പറഞ്ഞും വാർത്തകളെല്ലാം എല്ലാ ദിക്കിലും എത്തിക്കും.”

“അമ്മൂമ്മയും... കടൽക്കുട്ടിയാണോ...?”  

“അല്ല...”അമ്മൂമ്മ പറഞ്ഞു.

“പണ്ട്, അതായത്... ഞാൻ കേരളത്തിൽ ജീവിച്ചിരുന്ന കാലത്ത് ഞാൻ കടൽക്കുട്ടിയല്ലായിരുന്നു...”

J Devika Kadalkutty Chapter 13 (1)
ചിത്രീകരണം: അർച്ചനാ രവി

“അപ്പോ അമ്മൂമ്മ കാളിയപ്പൂപ്പനേം എന്നേം പോലെയാ?  വേറേലോകത്ത് പോയിട്ട് തിരിച്ചുവന്നവരാ...? “ ചക്കര ഇടയ്ക്കുകയറി ചോദിച്ചു.

“എൻറെ പേര് ചക്കര.  ഞാൻ മാഗിയുടെ കൂട്ടുകാരിയാണ്. വേറേലോകത്തിലേക്ക് എൻ്റെ ശരീരം മാത്രമേ പോയുള്ളൂ.”

“എൻറെ മുഴുവൻ പേര് മാഗ്ലിൻ ഫിലോമെന” മാഗി പറഞ്ഞു. "അമ്മൂമ്മയുടെ മുഴുവൻ പേരെന്താ?"

“എൻറെ മുഴുവൻ പേര് കൊച്ചാട്ടിൽ കല്ല്യാണിക്കുട്ടിയമ്മ. പക്ഷേ ഇപ്പം അത് കടൽക്കാട്ടിൽ കല്ല്യാണിക്കുട്ടിയമ്മ എന്നായിരിക്കുന്നു...!! നിങ്ങൾക്ക് എന്നെ കെ കെ അമ്മൂമ്മ എന്നു വിളിക്കാം.”

“വേറേലോകത്തു ശരീരം മാത്രം അയച്ചിട്ട് ഞാനീ കടലിൽ ജീവിക്കാനാണ് തീരുമാനിച്ചത്...” അമ്മൂമ്മയുടെ പുഞ്ചിരി ചക്കരയെ വീണ്ടും തലോടി.

“അതെന്താ...?” മാഗി വീണ്ടും മടിച്ചുമടിച്ചു ചോദിച്ചു.

“എല്ലാം പറയാം” അമ്മൂമ്മ പറഞ്ഞു. “ഇപ്പോൾ നിങ്ങൾ അകത്തുവരൂ. വിശ്രമിക്കൂ.”

മാഗിക്ക് നൂറുനൂറു ചോദ്യങ്ങളുണ്ടായിരുന്നു ചോദിക്കാൻ. പക്ഷേ അവൾ തത്ക്കാലം അമ്മൂമ്മയുടെ കടൽവീട്ടിനുള്ളിലേക്കു പോയി. മനോഹരമായ കടൽവെളിച്ചം നിറഞ്ഞ ഒരു മുറിയിലേക്കാണ് അവർ പോയത്.  അവിടെ പാറക്കട്ടിലിന്മേൽ ഭംഗിയുള്ള ഒരു കടൽപ്പഞ്ഞിമെത്ത ഉണ്ടായിരുന്നു. അതിൽ കിടന്നയുടൻ മാഗിയും ചക്കരയും ഉറങ്ങിപ്പോയി. അപ്പോഴേ അവർ യാത്രാക്ഷീണം അറിഞ്ഞുള്ളൂ.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

J Devika Stories Sea Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: