/indian-express-malayalam/media/media_files/2025/08/01/j-devika-kadalkutty-chapter-12-fi-2025-08-01-17-27-12.jpg)
ചിത്രീകരണം: അർച്ചനാ രവി
അൻറാർട്ടിക്കയിലേക്ക്
കടലിലൂടെ വളരെ നാൾ യാത്ര ചെയ്യേണ്ടി വന്നു അവർക്ക്.
നീലത്തിമിംഗലങ്ങളെക്കൂടാതെ കൂനിത്തിമിംഗലങ്ങളെയും വഴിയിൽ വച്ച് മാഗി പരിചയപ്പെട്ടു. കൂനിത്തിമിംഗലങ്ങൾ കരുണയുള്ളവരാണ്. കൊലയാളിത്തിമിംഗലങ്ങൾ മറ്റു ജീവികളെ ആക്രമിക്കുന്നതുകണ്ടാൽ മുന്നുംപിന്നും നോക്കൂല്ല, എടുത്തങ്ങുചാടും.
കൊലയാളികളുടെ വരവു കണ്ട് ഏതെങ്കിലും കടൽജീവി നിലവിളിക്കുന്നതു കണ്ടാൽ പെട്ടെന്ന് അവിടെ എത്തി കടലിൽ കുത്തിമറിഞ്ഞുവാലിട്ടടിച്ചും ഉരുണ്ടുപെടച്ചും അതിനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്കും.
കൊലയാളിത്തിമിംഗലങ്ങൾ കൂനികളുടെ കുട്ടികളെ ആക്രമിക്കാറുണ്ട്. കൊച്ചുന്നാളിൽ അങ്ങനെ ആക്രമിക്കപ്പെട്ട കൂനികൾ അത് മറക്കുകേയില്ല. അതുകൊണ്ട് “അയ്യോ!! കൊലയാളി വരുന്നേ”ന്ന് ഏതെങ്കിലും ജീവി നിലവിളിക്കുന്നതു കേട്ടാൽ അവർ അവിടെ ഓടിയെത്തും.
കടൽക്കുട്ടി എന്ന വിളിയിലെ സത്യം മാഗിക്ക് ബോധ്യമായത് അവരെ പരിചയപ്പെട്ടപ്പോഴാണ്. അവൾ കണ്ടുവളർന്ന... പേടിച്ചും പാത്തും പതുങ്ങിയും ജീവിക്കുന്ന മനുഷ്യരെപ്പോലെ ആവാനല്ല, കൂനിത്തിമിംഗലത്തെ പോലെ ആകാനാണ് അവൾ ആഗ്രഹിച്ചത്. അവളുടെ ഈ മാറ്റം ഏറെ സന്തോഷിപ്പിച്ചത് ചക്കരയെ ആണ്.
അങ്ങനെ പല പോരാട്ടങ്ങളിലും മാഗി തിമിംഗലങ്ങൾക്കൊപ്പം പൊരുതി. തിമിംഗലപ്പാട്ട് ശരിക്കും പഠിച്ചുമിന്നി. നീർനായ്ക്കളെയും മറ്റു തരക്കാരായ തിമിംഗലസഹോദരങ്ങളെയും കൊലയാളിത്തിമിംഗലത്തിൻ്റെ വായിൽ നിന്ന് രക്ഷപ്പെടുത്തി. ഒത്തിരിയൊത്തിരി കടൽജീവികളുടെ ദേഹങ്ങളിൽ കുത്തിത്തറഞ്ഞ വസ്തുക്കൾ അടർത്തിയെടുത്ത് അവരെ രക്ഷിച്ചു.
അങ്ങനെ മനുഷ്യർ കടൽജീവികളോട് ചെയ്ത ദ്രോഹത്തിന് നിത്യവും പരിഹാരം ചെയ്തു.
വളരെനാളുകൾ അങ്ങനെ പോയി. അൻ്റാർട്ടിക്ക അടുക്കാറായപ്പോൾ അവൾ ശരിക്കും ഒന്നിനേയും പേടിക്കാത്ത കടൽപോരാളിയായിത്തീർന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/01/j-devika-kadalkutty-chapter-12-1-2025-08-01-17-29-07.jpg)
കരയോടുറച്ചു നിൽക്കുന്ന വലിയ വലിയ മഞ്ഞുമലകൾക്കിടയിലൂടെ അവർ നീന്തി. ചില കൂറ്റൻ മഞ്ഞുമലകൾ കരയിൽ നിന്നു വേർപെട്ടു കിടക്കുന്നത് മാഗി കൗതുകത്തോടെ നോക്കിക്കണ്ടു. കടലിനു മുകളിലെ പെൻഗ്വിനുകളെയും നീർനായ്ക്കളെയും പക്ഷികളെയും നോക്കി കൈവീശി.
ഒടുവിൽ തിമിംഗലങ്ങളോട് വിട പറയേണ്ട സമയമായി. കടലിനടിയിൽ... മഞ്ഞുമലകൾക്കു താഴെ... ആണ് കെ കെ അമ്മയുടെ വീട്. അതു കണ്ടെത്തണം.
മാഗി കടലിനടിയിലേക്ക് ഊളിയിടാൻ തുടങ്ങി. മുകളിൽ നിന്നു നോക്കുമ്പോ അൻ്റാർട്ടിക്കാകടലിന് ഒരേ നിറമാണ്, എല്ലായിടത്തും.
താഴേക്കു പോകുന്തോറും ഇരുണ്ടിരുണ്ടു വന്നു. പിന്നെപ്പിന്നെ അങ്ങുമിങ്ങും നീല നിറത്തിലും മറ്റും തിളങ്ങുന്ന കവരുകൾ മാത്രമേ ഉള്ളൂ, ജീവികളുടെ ഉടലുകളിൽ നിന്നുണ്ടാകുന്ന വെളിച്ചം... അവളുടെ ഇരുവശങ്ങളിലും തലയ്ക്കു മുകളിലും താഴെയും പല തരം ജീവികൾ... നേർത്ത, തിളങ്ങുന്ന പടലങ്ങൾ പോലെ കലാഭംഗിയോടെ ഒഴുകിനടക്കുന്നു.
പതുക്കെപ്പതുക്കെ അവൾ കടലിനടിയിലെത്തി. പെട്ടെന്ന് ആരോ ലൈറ്റിട്ടു.
അമ്പോ... ഇതാണോ സ്വർഗലോകം... മാഗി അന്തംവിട്ടു നിന്നുപോയി. എന്തെല്ലാം നിറങ്ങൾ... എന്തൊരു തിളക്കം... എല്ലാംകൂടി പൊട്ടിത്തെറിക്കുംപോലെ... കടലിൻറെ പാറയുള്ള അടിഭാഗം മുഴുവനും പല നിറങ്ങൾ കവിഞ്ഞൊഴുകുന്ന പവിഴപ്പുറ്റുകളും കടൽപ്പഞ്ഞികളും... ഓറഞ്ചും മഞ്ഞയും നീലയും പിങ്കും നിറങ്ങളിൽ... പിന്നെ എന്തെല്ലാം തരം ജീവികൾ... തൂവൽനക്ഷത്രങ്ങൾ, കടൽനക്ഷത്രങ്ങൾ, കടൽച്ചിലന്തികൾ, പലതരത്തിലും നിറത്തിലുമുള്ള മീനുകൾ...
ആരാണ് ലൈറ്റിട്ടത്?
അവൾ ചുറ്റും നോക്കി.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.