/indian-express-malayalam/media/media_files/2025/08/01/j-devika-kadalkutty-chapter-11-fi-2025-08-01-10-04-51.jpg)
ചിത്രീകരണം: അർച്ചനാ രവി
നീലത്തിമിംഗലച്ചേച്ചിമാർ
വഴി ചോദിച്ച് ക്ഷീണിക്കുമ്പോൾ വിശ്രമിച്ചും ചിലപ്പോൾ കടലിനു മുകളിലെത്തി തിരകളോട് ഇത് ഏതാ സ്ഥലം എന്ന് ചോദിച്ചറിഞ്ഞുമായിരുന്നു അവരുടെ യാത്ര. കടലിനടിയിലെ മനോഹരകാഴ്ചകൾ കണ്ടാസ്വദിക്കാനുള്ള നേരമോ മനസ്സോ അപ്പോൾ അവർക്കില്ലായിരുന്നു.
അങ്ങനെ നാലഞ്ചു നാൾ കഴിഞ്ഞ് തങ്ങൾ ശ്രീലങ്കയുടെ തീരത്താണെന്ന് തിരകൾ പറഞ്ഞറിഞ്ഞു. തെക്കുഭാഗത്ത് മിരിസ്സാ എന്നൊരു സ്ഥലമുണ്ട്. അവിടുത്തെ കടലിൽ നീലത്തിമിംഗലങ്ങൾ ധാരാളം വരാറുണ്ട്.
വഴിയിൽ പരിചയപ്പെട്ട കടൽജീവികളെല്ലാം മിരിസ്സയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ “അയ്യോ സൂക്ഷിക്കണേ!”എന്നു പറഞ്ഞു.
അവിടെയുള്ളവർ വായിനോക്കിമനുഷ്യരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. എപ്പോഴും മനുഷ്യർ ബോട്ടുകളിൽ കയറി വരും, തിമിംഗലങ്ങളുടെ ഫോട്ടോ എടുക്കും.
ഒടുവിൽ അവർ മിരിസ്സയുടെ തീരത്തെത്തി. തിമിംഗലങ്ങളുടെ പാട്ടുകൾ മാഗിക്ക് കാണാപാഠമാണ്. അവ കേൾക്കുന്നുണ്ടോ... അവൾ ചെവി കൂർപ്പിച്ചു.
ദൂരെ അതാ... നീലത്തിമിംഗലങ്ങളുടെ സംഘം. അമ്മമാരും കുഞ്ഞുങ്ങളും... എന്തൊരു വലുപ്പം, എന്തൊരു ഭംഗി... എന്തു രസമായിട്ടാ അവര് കടലിൽ കുത്തിമറിഞ്ഞു കളിക്കുന്നത്...
ചുമ്മാതല്ല, വായിനോക്കിമനുഷ്യർ അവരുടെ പുറകേ കൂടുന്നത്. തിമിംഗലസംഗീതം കേൾക്കുന്നുണ്ട്.
പക്ഷേ... പെട്ടെന്ന് അതിനെ മുക്കിക്കളയുന്ന ഭയങ്കരമായ ഒച്ച... കാതടപ്പിച്ചുകളയുന്ന ബഹളങ്ങൾ.
മാഗിയുടെ ഉള്ളിലിരുന്ന് ചക്കര അത്യുച്ചത്തിൽ കുരച്ചു. കരയിൽ ജീവിച്ചിരുന്ന കാലത്ത് ആർത്തിക്കാരുടെ വാഹനങ്ങൾ ഭയങ്കരശബ്ദത്തോടെ പാഞ്ഞുപോകുന്നതു കേൾക്കുമ്പോഴും അവൾ ഉറക്കെയുറക്കെ കുരച്ചിരുന്നു.
“മാഗീ... ആർത്തിക്കാരുടെ കപ്പലുകളാണ്... നോക്കൂ..."
ദൂരെ ഒരു പൊട്ടു പോലെ കാണാനേ ഉള്ളൂ, പക്ഷേ വലിയ ചരക്കുകപ്പലുകൾ അതിവേഗം ഇങ്ങോട്ട് പാഞ്ഞുവരുന്നു!!
ഇത് അപകടമാണല്ലോ... തിമിംഗലങ്ങളെ അറിയിക്കണം.
“ചക്കരേ, ഞാൻ ആവുന്നത്ര വേഗത്തിൽ നീന്താൻ പോവുന്നു. പിടിച്ചിരുന്നോണെ...”
“പറന്നുപോ മോളെ...!!”
/filters:format(webp)/indian-express-malayalam/media/media_files/2025/08/01/j-devika-kadalkutty-chapter-11-2025-08-01-10-06-53.jpg)
മാഗി കപ്പലുകളുടെ വേഗത്തെ വെട്ടിച്ചുകൊണ്ട് കടലിലൂടെ മിന്നലു പോലെ പാഞ്ഞു. നീലത്തിമിംഗലപ്പെണ്ണുങ്ങളും കുഞ്ഞുങ്ങളും കപ്പലുകൾ പാഞ്ഞടുക്കുന്ന വഴിക്കു തൊട്ടു താഴെ തീറ്റ തിന്നുകയായിരുന്നു.
ഒരു തിമിംഗല അമ്മ കുഞ്ഞിന് പാലു കൊടുക്കുകയായിരുന്നു. ദൂരെനിന്ന് ഉറക്കെയുറക്കെ തിമിംഗലഭാഷയിൽ അപകടമറിയിക്കുന്ന പാട്ട് അത്യുച്ചത്തിൽ പാടിക്കൊണ്ട് ഒരു ചെറിയജീവി അതിവേഗം നീന്തിവരുന്നത് അവർ കണ്ടു.
“അപകടം... അപകടം... കപ്പലു പാഞ്ഞുവരുന്നുണ്ടേ... വഴീന്ന് മാറിക്കോണേ... പിള്ളേരെ മാറ്റിക്കോണേ...!!!”
തിമിംഗലങ്ങൾ വശങ്ങളിലേക്കു ചാടി രക്ഷപ്പെട്ടു. വലിയ ചരക്കുകപ്പൽ മാഗിയെ തൊട്ടുതൊട്ടില്ലെന്നപോലെ കടന്നുപോയി. അവൾ കിതച്ചുകൊണ്ട് കപ്പൽവഴിയുടെ ഓരത്തേയ്ക്ക് തെന്നിനീങ്ങി.
തിമിംഗലങ്ങൾ ഈ ചെറിയജീവിയെ കൗതുകത്തോടെ നോക്കി.
“ആരാണു നീ... ?
മനുഷ്യരെ തിമിംഗലങ്ങൾക്ക് വലിയ പേടിയൊന്നും ഇല്ല. അത്രയ്ക്കു വമ്പൻ ശരീരമല്ലേ? പിന്നെ അവരെപ്പോലെ കടലിൽ തലകുത്തി അഭ്യാസം കാട്ടാൻ ആർക്കു പറ്റും...?
പക്ഷേ മനുഷ്യർ എങ്ങനെയൊക്കെയാണ് തങ്ങളെ ദ്രോഹിച്ചിട്ടുള്ളതെന്ന് അവർക്ക് നന്നായി അറിയാം.
“കടൽക്കുട്ടിയാണ്” ചക്കര വീണ്ടും പറഞ്ഞു. “ഇതു മാഗ്ളിൻ ഫിലോമെന അഥവാ മാഗി. പക്ഷേ വെറും മനുഷ്യത്തിയല്ല.”
“ങാ, അങ്ങനെ പറ...! വെറുതേയല്ല ഞങ്ങളുടെ പാട്ട് നീ പഠിച്ചത്!”
പാഞ്ഞുപോകുന്ന കപ്പലുകളിൽ നിന്ന് തങ്ങളെ രക്ഷിച്ചതിന് അവർ അവളോടും ചക്കരയോടും നന്ദി പറഞ്ഞു...
അവരോടൊത്ത് കുറച്ചുനാൾ കഴിച്ചുകൂട്ടിയശേഷം മാഗി കെ കെ അമ്മയുടെ അടുത്തു പോകുന്ന കാര്യം അവരോടു പറഞ്ഞു.
“നീ വരുന്നതുകൊണ്ട് കുഴപ്പമില്ല” അവർ പറഞ്ഞു. “പക്ഷേ ഓർക്കകൾ ചിലപ്പോഴക്കെ ആക്രമിക്കും.”
“എനിക്ക് കൂനിത്തിമിംഗലങ്ങളുടെ പാട്ടും അറിയാം" മാഗി പറഞ്ഞു.
"മിടുക്കീ..." നീലത്തിമിംഗലപ്പെണ്ണുങ്ങൾ തമ്മിൽ പറഞ്ഞു.
“ഈ കടൽക്കുട്ടിക്ക് കൂനികളുടെ സ്വഭാവം തന്ന്യാ... അപകടമുണ്ടെന്ന് തോന്നിയാൽ ഇടിച്ചുകയറിച്ചെന്ന് രക്ഷിക്കും.”
അൻറാർട്ടിക്കയിലേക്കുള്ള മടക്കയാത്രയിൽ മാഗിയും ചക്കരയും നീലത്തിമിംഗലക്കൂട്ടത്തിൻ്റെയൊപ്പം നീന്തി.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.