/indian-express-malayalam/media/media_files/2025/07/27/j-devika-kadalkutty-chapter-10-fi-2025-07-27-20-09-43.jpg)
ചിത്രീകരണം: അർച്ചനാ രവി
കടൽയാത്രയുടെ തുടക്കം
“കെ കെ അമ്മാന്ന് ശരിക്കും ഒരാളുണ്ട്, കടലിൽ, അങ്ങ് ദൂരെ... അൻറാർട്ടിക്കാക്കൊട്ടാരത്തില്” മാഗിയുടെ അമ്പരപ്പു കണ്ട് അവർ പറഞ്ഞു.
“നിന്നെ പോലിരിക്കും, മനുഷ്യത്തിയെപ്പോലെ. അവരുടെ തലരോമമെല്ലാം വെളുത്തിട്ടാണ്, പക്ഷേ...”
കടലിലെ ജീവിതം മാഗിക്ക് പരിചയമായി വരുന്നതേ ഉള്ളായിരുന്നു. അതിൽ ധാരാളം അപകടമുണ്ടെന്നും അവൾക്കു മനസ്സിലായിത്തുടങ്ങിയിരുന്നു. കടൽപ്പാമ്പുകളെയും അടവലൻ തെരണ്ടിമീനനെയും മറ്റും കണ്ടാൽ മിണ്ടാതെ മാറി പോകാൻ അവൾ പഠിച്ചു.
കല്ലു പോലെ കിടക്കുന്ന ചില വിഷമീനുകളെക്കണ്ടാൽ ചക്കര കുരയ്ക്കും. അപ്പോൾ മാഗി സൂക്ഷിച്ച് നീന്തും. എങ്കിലും തന്നെപ്പോലെ ഒരു മനുഷ്യത്തി കടലിനടിയിൽ എവിടെയോ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അവരെ കാണാനുള്ള ആഗ്രഹവും അവളിൽ വളർന്നു.
അവൾ ജെല്ലിഫിഷുകളോട് ചോദിച്ചു "ഈ കെ കെ അമ്മ എവിടെയാണുള്ളത്? അവരുടെയടുത്ത് പോകാൻ പറ്റുമോ?”
“നോക്കട്ടെ” ജെല്ലിഫിഷ് മാമിമാർ പറഞ്ഞു.
"അൻ്റാർട്ടിക്കാക്കൊട്ടാരത്തിൽ പോകാൻ എന്താ വഴി?"
/filters:format(webp)/indian-express-malayalam/media/media_files/2025/07/27/j-devika-kadalkutty-chapter-10-1-2025-07-27-20-10-13.jpg)
ജെല്ലി മാമിമാർ ഒന്നാലോചിച്ച ശേഷം പറഞ്ഞു “ഇവിടുന്നു കുറച്ചങ്ങ് മാറീട്ട് ഒരു സ്ഥലത്ത് ആൻ്റാർട്ടിക്കേന്ന് എല്ലാ വർഷവും നീലത്തിമിംഗലച്ചേച്ചിമാർ വരും. പ്രസവിക്കാനും മറ്റുമായിട്ടാണ്... പിള്ളാരേം കൊണ്ട് അവര് അൻ്റാർട്ടിക്കേലോട്ട് തിരിച്ചു പോകുമ്പം നിനക്കും പോകാം അവരുടെ കൂടെ, പോരെ?”
“അല്ലെങ്കിൽ കൂനിത്തിമിംഗലച്ചേച്ചിമാരുണ്ട്, അവരും അങ്ങോട്ടുതന്ന്യാ പോകുന്നത്.”
“ഉവ്വോ....?” മാഗി സംശയത്തോടെ ചോദിച്ചു. സംശയിക്കാനില്ല, അവർ തറപ്പിച്ചു പറഞ്ഞു.
“ഓർക്കാകൾ ആക്രമിച്ച കടൽക്കൂട്ടീന്ന് പറഞ്ഞാ മതി അവരോട്... ഓർക്കാന്നു പറഞ്ഞാ കൊലയാളിത്തിമിംഗലമാ... അവരു കുടുംബമായിട്ടുവരും ഇരപിടിക്കാൻ. കൂനിച്ചേച്ചിമാരുടെ പിള്ളേരെ പിടിക്കാൻ നോക്കുന്നോണ്ട് അവർക്ക് ഓർക്കാക്കൂട്ടത്തെ കണ്ണെടുത്താകണ്ടൂടാ... ഇന്നാളു ഓർക്കാ ആക്രമിച്ച ഒരു മനുഷ്യത്തിയെ സ്വന്തം മീൻചിറകിനിടയിൽ അടക്കപ്പിടിച്ചാ.... കൂനിച്ചേച്ചി രക്ഷപ്പെടുത്തിക്കൊണ്ടുപോയെ. നിന്നെ അവര് കൊണ്ടുപോകും, തീർച്ചയാ..."
“ഇവിടുന്ന് കുറച്ചു തെക്കോട്ടു നീന്തിയാ മതി, നീലത്തിമിംഗലങ്ങള് വരുന്ന സ്ഥലത്ത് ചെല്ലാം... വൈകാതെ പുറപ്പെട്ടോ...”
അങ്ങനെ ആ സ്ഥലത്തെ കൂട്ടുകാരോട് യാത്ര പറഞ്ഞ് മാഗിയും ചക്കരയും യാത്രയായി. ഇപ്പഴും ആ കടൽനാട്ടിൽ കുറേക്കാലം പാർത്തിരുന്ന കടൽക്കുട്ടി വൈദ്യത്തിയെപ്പറ്റി മീനുകൾ പറയാറുണ്ട്.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.