scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ ആരംഭിക്കുന്നു

"അതിരില്ലാപാടത്തിൽ മാഗി മറ്റു മനുഷ്യരെ കണ്ടിട്ടില്ല. അതുകൊണ്ട് അവളിലെ ശ്രദ്ധ ഉണർന്നു. പരിചയമില്ലാത്തവരെ കണ്ടാൽ പെട്ടെന്നുണ്ടാകുന്ന ശ്രദ്ധ മാഗിയുടെ ഉള്ളിലിരുന്നു ചക്കര ഉണർത്തിവിടുന്നതാണ്." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' ആരംഭിക്കുന്നു

"അതിരില്ലാപാടത്തിൽ മാഗി മറ്റു മനുഷ്യരെ കണ്ടിട്ടില്ല. അതുകൊണ്ട് അവളിലെ ശ്രദ്ധ ഉണർന്നു. പരിചയമില്ലാത്തവരെ കണ്ടാൽ പെട്ടെന്നുണ്ടാകുന്ന ശ്രദ്ധ മാഗിയുടെ ഉള്ളിലിരുന്നു ചക്കര ഉണർത്തിവിടുന്നതാണ്." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' ആരംഭിക്കുന്നു

author-image
J Devika
New Update
J Devika Kadalkuttu Chapter 1 FI

ചിത്രീകരണം: അർച്ചനാ രവി

അധ്യായം- 1

സ്വപ്നം

മതിലുകളില്ലാത്ത, അതിരുകളില്ലാത്ത ഒരു സ്ഥലം. ആകാശം പോലെ. മാഗി അതിൻറെ ഒത്ത നടുക്കാണ്, ഒരു കുഞ്ഞിപ്പൊട്ട് പോലെ. അവൾ ചുറ്റും നോക്കുന്നുണ്ട്. അവളുടെ കണ്ണുകൾ കൗതുകം കൊണ്ട് തിളങ്ങുന്നുണ്ട്. നീലയും പച്ചയും കൂടിച്ചേരുന്ന ചക്രവാളത്തിൻറെ കോണിൽ നിന്ന് സ്നേഹത്തിൻറെ 'ബൌ... ബൌ...' ശബ്ദം കേൾക്കുന്നു.

Advertisment

സന്തോഷത്തിൻറെ വെള്ളിത്തിരമാല മാഗ്ലിനെ കോരിയെടുത്തുയർത്തി. ചക്കര വരുന്നുണ്ട്! ഓർമ്മയുള്ള കാലം മുതൽക്ക് അവൾ മാഗിയുടെ കളിക്കൂട്ടുകാരിയാണ്. അവൾക്ക് കുറച്ചു നാളു മുമ്പ് വേറേലോകത്തിൽ പോകാറായി. 

ശരീരം വയസ്സായവരെല്ലാം വേറേലോകത്തിൽ പോകുമല്ലോ. പക്ഷേ ചക്കര വയസ്സായ തൻറെ ശരീരത്തെ മാത്രം വേറേലോകത്തിലേക്ക് അയച്ചു. അവൾക്ക് മാഗിയെ പിരിയാൻ വയ്യ.  ഇപ്പം മാഗീടെ ഉള്ളിൽത്തന്നെയാണ് താമസം.

രാത്രിയിൽ മാഗി ഉറങ്ങിക്കഴിഞ്ഞാൽ സ്വപ്നത്തിൽ അവൾ വരും. അവളും മാഗിയും അതിരില്ലാസ്ഥലത്തിൽ ഓടിക്കളിക്കും.

Advertisment

പിന്നിൽ ആരോ നടന്നുവരുന്ന ശബ്ദം.

അതിരില്ലാപാടത്തിൽ മാഗി മറ്റു മനുഷ്യരെ കണ്ടിട്ടില്ല. അതുകൊണ്ട് അവളിലെ ശ്രദ്ധ ഉണർന്നു. പരിചയമില്ലാത്തവരെ കണ്ടാൽ പെട്ടെന്നുണ്ടാകുന്ന ശ്രദ്ധ മാഗിയുടെ ഉള്ളിലിരുന്നു ചക്കര ഉണർത്തിവിടുന്നതാണ്.

J Devika Kadalkutty Chapter 1
ചിത്രീകരണം: അർച്ചനാ രവി

മാഗി തിരിഞ്ഞുനോക്കി. നല്ല പൊക്കവും ഒത്ത വലുപ്പവുമുള്ള ശരീരമാണ്. തലപ്പാവും തോളിൽ വിശേഷപ്പെട്ട മുണ്ടുമുണ്ട്. കാട്ടുതേനിൻറെ നിറമാണ്. ഒന്നിനും പിടിച്ചുകെട്ടാനാവാത്ത ചൊടിയോടെയുള്ള നടത്തം. ആർക്കും കെടുത്താനാവാത്ത ചിരി, കണ്ണിലെ തിളക്കം, ഗംഭീരമായ മീശ.

എവിടെയാണ് ഈ അപ്പൂപ്പനെ കണ്ടിട്ടുള്ളത്... ഓർത്തെടുക്കാനാവുന്നില്ല...

മാഗി ഞെട്ടിയുണർന്നു. ആകാശം പോലെ പരന്നുകിടന്ന അതിരില്ലാസ്ഥലത്തു നിന്നും കുഞ്ഞുപെട്ടിലോകത്തിലേക്ക് തലകുത്തിവീണു. നിങ്ങൾ ഫ്ളാറ്റ് എന്നു പറയാറില്ലേ, അത്. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ചുറ്റുംനോക്കി. 

നേരം വെളുത്തിട്ടില്ല. നിലവറമുറിയുടെ ചുമരിൻറെ ഏറ്റവും മുകളിലുള്ള കുഞ്ഞിജനലിലൂടെ പുറത്തെ വലിയ വലിയ പെട്ടിവീടുകോട്ടകളിൽ നിന്നുള്ള ലൈറ്റുകളുടെ വെളിച്ചം അറച്ചറച്ച് അകത്തേക്കുവരുന്നു.

ആരായിരുന്നു സ്വപ്നത്തിൽ വന്നതെന്ന് എത്ര ആലോചിചിട്ടും അവൾക്ക് ഓർമ്മ വന്നില്ല. മാഗി വീണ്ടും കണ്ണടച്ചു കിടന്നു. 

ചക്കര അവളുടെ ഹൃദയത്തിൽ നിന്ന് കണ്ണുകൾക്കുള്ളിലേക്കു വന്നു. അവൾ സ്നേഹത്തോടെ കുറച്ചുനേരം നക്കിക്കൊടുത്തപ്പോൾ മാഗി ഉറങ്ങിപ്പോയി.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ ആമുഖം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

J Devika Stories Sea Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: