/indian-express-malayalam/media/media_files/uploads/2023/04/Debit-cards-face-threat-over-UPI-preference.jpg)
ഫൊട്ടൊ: ഐഇ മലയാളം
ഇന്ത്യയിലുടനീളം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമിനുള്ള മുൻഗണന വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഡെബിറ്റ് കാർഡുകൾ അവയുടെ സേവനങ്ങൾ അതേപടി നിലനിർത്താൻ പാടുപെട്ടേക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളെ ഇന്റർഓപ്പറബിൾ യുപിഐയുടെ ഭാഗമാക്കാൻ തീരുമാനിച്ചിരുന്നു. ഇത് യുപിഐ ഇടപാടുകൾക്ക് സഹായകമായേക്കാം.
''മുൻപ്, ഡെബിറ്റ് കാർഡുകളിലൂടെയായിരുന്നു ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ടിലുള്ള പണം ചെലവഴിക്കാനുള്ള ഏക മാർഗവും ഇതായിരുന്നു. ഇപ്പോൾ യുപിഐയിൽ കൂടുതൽ ഡാറ്റ സെക്യൂരിറ്റി ലഭിക്കുമെന്നതിനാൽ, ആളുകൾ ഈ ചാനലുകളിലേക്ക് മാറുകയാണ്. ഡെബിറ്റ് കാർഡുകളുടെ ഉപയോഗം ഉറപ്പായും കുറയും ഞാൻ കരുതുന്നു,” പേവേൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ത്യാഗി പറഞ്ഞു.
യുപിഐ ഇടപാടുകൾ ഫെബ്രുവരിയിൽ കഴിഞ്ഞ വർഷത്തെ 66.4 ശതമാനത്തിൽനിന്നു ഉയർന്ന് 7.5 ബില്യണിലെത്തിയതായി എൻപിസിഐ കണക്കുകൾ വ്യക്തമാക്കുന്നു. ഇടപാടുകളിലും മാർച്ചിൽ ഗണ്യമായ വർധനവുണ്ടായി. മറുവശത്ത്, ഡെബിറ്റ് കാർഡ് ഇടപാടുകൾ കഴിഞ്ഞ വർഷത്തിൽനിന്നു 20 ശതമാനം കുറഞ്ഞ് 220 ദശലക്ഷമായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കൂടുതൽ മാർഗങ്ങൾ ലഭിച്ചതാണ് ഡെബിറ്റ് കാർഡ് ഇടപാടുകളിലെ ഇടിവിന് കാരണം. പണമിടപാടുകൾ നടത്താനായി എല്ലായിടത്തും വാലറ്റ് കൊണ്ടുപോകുന്നതിനെക്കാൾ ഫോൺ സ്കാൻ ചെയ്ത് ഇടപാടുകൾ നടത്തുന്നതിനെ അവർ തിരഞ്ഞെടുക്കുന്നു, വിദഗ്ധർ പറയുന്നു.
“ഡെബിറ്റ് കാർഡ് ഇടപാടുകളുടെ വലിയൊരു ഭാഗവും യുപിഐയിലേക്ക് മാറി. സേവ്-നൗ, പേ-ലേറ്റർ എന്നിവയിലേക്ക് മാറുമ്പോൾ, പണമിടപാടിനായ് അവരുടെ ബാങ്ക് അക്കൗണ്ട് തുറക്കാനോ ഡെബിറ്റ് കാർഡിന്റെ വ്യക്തിഗത തിരിച്ചറിയൽ നമ്പർ (പിൻ) ടൈപ്പ് ചെയ്യാനോ ആളുകൾ ആഗ്രഹിക്കുന്നില്ല. പകരം ഒരു പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണം ഉപയോഗിക്കാൻ അവർ തയാറാകും,” അമിത്
പറഞ്ഞു.
ഏപ്രിൽ 1 മുതൽ, മൊബൈൽ വാലറ്റുകൾ പോലെയുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐ) വഴി ക്വിക്ക് റെസ്‌പോൺസ് കോഡുകളിലൂടെ പേയ്‌മെന്റുകൾ നടത്തുന്നത് എൻപിസിഐ പ്രവർത്തനക്ഷമമാക്കി. എൻപിസിഐയുടെ പ്രഖ്യാപനം യുപിഐ ഇക്കോസിസ്റ്റത്തിന് ഊർജം നൽകിയെങ്കിലും, ഡെബിറ്റ് കാർഡുകളുടെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു.
ഡെബിറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഇടപാടുകളും അവരുടെ സേവിങ്സ് അക്കൗണ്ടുകളിൽ രേഖപ്പെടുത്താതെ തന്നെ പിപിഐ വഴി നടത്താൻ കഴിയും.
കൂടുതൽ സൗകര്യപ്രദമായിരിക്കും എന്നതിന് പുറമേ, പിപിഐ വഴിയുള്ള പണമിടപാട് തട്ടിപ്പിന്റെ അപകടസാധ്യതയിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു. കാരണം ഓരോ തവണയും ഉപയോക്താക്കൾ പേയ്‌മെന്റ് നടത്തുമ്പോൾ അവരുടെ ഡെബിറ്റ് കാർഡ് പിൻ നൽകേണ്ടി വരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
പോയിന്റ് ഓഫ് സെയിൽ മെഷീൻ ലഭ്യമല്ലാത്ത ചെറിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പേയ്‌മെന്റുകൾ നടത്താൻ പിപിഐ ഇന്റർഓപ്പറബിലിറ്റി ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു എന്നതും പ്രധാനമാണ്.
“ഡെബിറ്റ് കാർഡ് ഇപ്പോൾ യുപിഐയേക്കാൾ വളരെ താഴ്ന്ന പ്രൊഡക്റ്റാണെന്ന് ഞാൻ പറയും. കാരണം ഡെബിറ്റ് കാർഡുകളിലൂടെ ഇടപാട് നടത്താനായി ഒരു പോയിന്റ് ഓഫ് സെയിൽ മെഷീൻ ആവശ്യമാണ്. അതേസമയം, യുപിഐയ്ക്ക് ക്വിക്ക് റെസ്‌പോൺസ് കോഡ് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. യുപിഐ ഇന്റർഓപ്പറബിലിറ്റി നിയമങ്ങൾ ഡെബിറ്റ് കാർഡുകളുടെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയാണെന്നാണ് ഞാൻ കരുതുന്നത്,”ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഫിൻബോക്‌സിന്റെ സഹസ്ഥാപകനുമായ രജത് ദേശ്പാണ്ഡെ പറഞ്ഞു.
യുപിഐ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകളെക്കാൾ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, അത് ഡെബിറ്റ് കാർഡുകളുടെ പകരക്കാരനാകുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
എൻപിസിഐയുടെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിൽ പിപിഐ വഴി നടത്തുന്ന വ്യാപാര ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കും.
കൂടാതെ, പിപിഐ ഇഷ്യൂ ചെയ്യുന്നയാൾ 2,000 രൂപയിൽ കൂടുതൽ ഇടപാട് ചെയ്യുന്നതിന് അക്കൗണ്ട് ഉടമയുടെ ബാങ്കിന് 15 ബേസിസ് പോയിന്റുകളുടെ ലോഡിങ് ഫീസ് നൽകേണ്ടിവരും. 2,000 രൂപയ്ക്ക് മുകളിലുള്ള മൊത്തം ഇടപാടുകൾ അഞ്ച് ശതമാനത്തിൽ താഴെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.