സാധാരണ യുപിഐ ഇടപാടുകൾക്ക് ഉപയോക്താക്കളിൽനിന്നു ചാർജുകൾ ഈടാക്കില്ലെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). റീട്ടെയിൽ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സംഘടനയായ എൻപിസിഐ ബാങ്ക് അക്കൗണ്ട്- ടു-ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾക്ക് നിരക്കുകളൊന്നുമില്ലെന്നും അത് സാധാരണ യുപിഐ ഇടപാടുകളായിരിക്കുമെന്നും വ്യക്തമാക്കി.
എന്നിരുന്നാലും, കച്ചവടസ്ഥാപനങ്ങളില്‍ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ് (പിപിഐ) ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ലെന്നും എൻപിസിഐ അറിയിച്ചു.
പേയ്മെന്റ് വാലറ്റുകൾ, സ്മാര്‍ട് കാര്‍ഡുകള്‍, മാഗ്നറ്റിക് ചിപ്സ്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍, മൊബൈല്‍ അക്കൗണ്ടുകള്‍, മൊബൈല്‍ വാലറ്റുകള്‍, വൗച്ചറുകള്‍ തുടങ്ങിയവയെല്ലാം പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകളാണ്.
പിപിഐ ഉപകരണങ്ങൾ വഴി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഉണ്ടായിരിക്കുമെന്ന് എൻപിസിഐ സർക്കുലർ പുറപ്പെടുവിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് എൻപിസിഐയുടെ വിശദീകരണം. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഈ നിരക്ക് ബാധകമാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പ്രസ്തുത സർക്കുലർ പരസ്യമായി ലഭ്യമായിട്ടില്ല.
സമീപകാല റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യുപിഐ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ പിപിഐ വാലറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എൻപിസിഐ അറിയിച്ചു.
” ഇന്റർചേഞ്ച് ചാർജുകൾ പിപിഐ വ്യാപാര ഇടപാടുകൾക്ക് മാത്രമേ ബാധകമാകൂ. ഉപഭോക്താക്കളിൽനിന്നു യാതൊരു നിരക്കും ഈടാക്കുന്നില്ല. കൂടാതെ ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾക്ക് (സാധാരണ യുപിഐ പേയ്‌മെന്റുകൾ) നിരക്കുകളൊന്നുമില്ലെന്നും വ്യക്തമാക്കുന്നു” എൻപിസിഐ പറഞ്ഞു.
യുപിഐ പ്രവർത്തനക്ഷമമാക്കിയ ആപ്പിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നതാണ്, യുപിഐ പെയ്മെന്റുകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പരമ്പരാഗത രീതി. മൊത്തം യുപിഐ ഇടപാടുകളുടെ 99.9 ശതമാനത്തിലധികവും നടക്കുന്നത് ഇങ്ങനെയാണ്. ഈ ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഇടപാടുകൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സൗജന്യമായി തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു.