scorecardresearch

ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്

'ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്. ഭരിക്കുന്ന പാർട്ടിയെയോ അവരെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളെയോ വിമർശിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് ഒരു സൂചന അവർ നൽകുന്നുണ്ട്,' വാർത്താ മാധ്യമങ്ങള്‍ നേരിട്ട വിലക്കിന്റെ പശ്ചാത്തലത്തില്‍ അഖില്‍ മുരളീധരന്‍ എഴുതുന്നു

'ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്. ഭരിക്കുന്ന പാർട്ടിയെയോ അവരെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളെയോ വിമർശിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് ഒരു സൂചന അവർ നൽകുന്നുണ്ട്,' വാർത്താ മാധ്യമങ്ങള്‍ നേരിട്ട വിലക്കിന്റെ പശ്ചാത്തലത്തില്‍ അഖില്‍ മുരളീധരന്‍ എഴുതുന്നു

author-image
Akhil S Muraleedharan
New Update
Cable TV Network (Regulations) Act, delhi violence, northeast delhi violence, asianet banned for 48 hours, news channels banned for 48 hours, india news, indian express,

കേന്ദ്രസർക്കാർ മലയാളത്തിലെ രണ്ടു വാർത്താ മാധ്യമങ്ങളെ കലാപങ്ങളുടെ പ്രേരണാക്കുറ്റം ആരോപിച്ചാണ് 48 മണിക്കൂർ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. ഏതാനും മണിക്കൂറുകള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്, മീഡിയവണ്‍ ടിവി എന്നിവയുടെ സംപ്രേക്ഷണം നിലയ്ക്കുകയും ചെയ്തു.

Advertisment

ഡൽഹി കലാപത്തിനിടെ സംപ്രേക്ഷണം ചെയ്ത വാർത്തകൾ കേബിള്‍ ടെലിവിഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ഇതൊരു ആസൂത്രിത കലാപം എന്ന നിഗമനത്തെ പൂർണമായും ശരിവയ്ക്കുന്നതും 'ആര്‍ എസ് എസിനെയും ദില്ലി പോലീസിനെയും വിമര്‍ശിക്കുന്നതും ഒരു മതവിഭാഗത്തിനെ അനുകൂലിച്ചു കൊണ്ടുള്ളതും ആണ്' ഇരുചാനലുകളുടെയും റിപ്പോർട്ടുകൾ എന്ന് ഉത്തരവില്‍ പറയുന്നു.

വളരെ ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്. ശക്തമായ സംഘപരിവാർ രാഷ്ട്രീയ സ്വാധീനം ഈ തീരുമാനത്തില്‍ ഉണ്ടെന്ന് വ്യക്തമാണ്. ഭരിക്കുന്ന പാർട്ടിയെയോ അവരെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളെയോ വിമർശിച്ചാൽ ഇതു തന്നെയാകും ഫലമെന്ന് ഒരു സൂചന ഇത് നൽകുന്നുണ്ട്.

ലോകചരിത്രത്തിൽ എക്കാലവും അധികാരവും പത്രപ്രവർത്തനവും രണ്ടു വിരുദ്ധ ചേരികളിൽ നിന്നാണ് പോരാടിയിട്ടുള്ളത്. അതു കൊണ്ടു തന്നെ ഭരണകൂടങ്ങളുടെ വേട്ടയാടൽ ഏറ്റവും അധികം നേരിടേണ്ടി വരുന്നതും സ്വതന്ത്രമാധ്യമങ്ങൾക്കാണ്. ഇന്ത്യയിലും സമാന സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന് ഒരു തോന്നൽ മൊത്തത്തിൽ വ്യാപിക്കുന്നുണ്ട്. അടിയന്തരവസ്ഥക്കാലത്ത് ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ ആവർത്തിക്കാൻ പോകുന്നെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട് സമീപകാല സംഭവങ്ങൾ ഓരോന്നും.

Advertisment

ഭയപ്പെടുത്തുക അധികാരത്തിന്റെ സ്വഭാവമാണ്, പക്ഷേ പോരാട്ടം അവസാനിപ്പിക്കാനുള്ളതല്ല എന്നും നിഷ്‌പക്ഷവും സത്യസന്ധവുമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുമെന്ന വാശിയും ധാർമിക ബോധവുമുള്ള മാധ്യമപ്രവര്‍ത്തകര്‍ നിലനിൽക്കുന്നു എന്നത് ആശ്വാസവും പ്രചോദനവുമാണ്. പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു സമൂഹം എല്ലാക്കാലത്തും ഭരണകൂട ഭീകരതയ്ക്ക് എതിരെ നിലപാടുകളുമായി നിലയുറപ്പിച്ചിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. ഇന്ത്യയിലും അതു തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.publive-image

അവർ എങ്ങനെയാണ് കടന്നു കയറാൻ തുടങ്ങിയത് ?

ഫാസിസം അതിന്‍റെ രാഷ്ട്രീയ രൂപം കൊണ്ട് നമ്മുടെ ചരിത്രത്തെ പുനര്‍നിര്‍മിക്കുകയാണ്. നമ്മുടെ ബഹുസ്വരത തീവ്രഹിന്ദുത്വത്തിന് അടിയറവു വയ്ക്കാനുള്ള ഒന്നാണെന്ന് ധരിച്ചു പോകുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്ക് സാധിച്ചു എന്നതാണ് ഇത്രയും വര്‍ഷത്തെ ബിജെപി ഭരണം ഇന്ത്യയില്‍ ഉണ്ടാക്കിയ മുന്നേറ്റം.

അധികാരം കയ്യാളുന്നവര്‍ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ബഹുസ്വരതയുടെ ശബ്ദങ്ങളെയും ഭയപ്പെടുന്നു. അവര്‍ വിറളി പിടിച്ചു പായുന്നു. എഴുത്തുകാരെ കൊല്ലുന്നു, കലാകാരന്മാരെ ജയിലിലടക്കുന്നു. ചരിത്രത്തില്‍ ഉടനീളം ഈ സംഘട്ടനങ്ങള്‍ കാണാം.

അധികാരത്തിന്‍റെ അടിഞ്ഞു കൂടിയ ഈ അഴുക്ക് പലപ്പോഴും അടര്‍ത്തി മാറ്റുന്നത് മാധ്യമങ്ങളാണ് . അല്ലെങ്കില്‍ എതിര്‍ ശബ്ദങ്ങളാണ്. ഈ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ചരിത്രത്തെ അവരുടെ കൂടെക്കൂട്ടുന്നു. അവിടെ വിപ്ലവം വരുന്നു. ഭൂരിപക്ഷ ചിന്തയുടെ ധാര്‍മികമായ ബദല്‍ സൃഷ്ടിക്കപ്പെടുന്നു. പുതിയൊരു ആശയമാകട്ടെ, ജനനന്മ ലക്ഷ്യമാക്കിയുള്ള ഒരു പ്രവര്‍ത്തനമാകട്ടെ, എഴുത്തുകാര്‍ ജനങ്ങളുടെ വക്താക്കളാണ്, അവര്‍ ഭൂരിപക്ഷ ധാര്‍മികതയെ പിന്താങ്ങുന്നു .

ഇതാണ് ഫാസിസ്റ്റ് ചിന്തകരെ തകര്‍ക്കുന്നത്. ഫാസിസ്റ്റ് ചിന്താധാരയിലെ ബുദ്ധിജീവികള്‍ക്ക് അറിയാം എഴുത്തിന്‍റെ ശക്തിയെന്താണെന്ന്. അതു കൊണ്ടു തന്നെ വിരുദ്ധശബ്ദങ്ങളെ രഹസ്യമായി ഒതുക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് സാധിക്കുന്നു. പല എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നു. കുൽദീപ് നയ്യാർ അടക്കമുള്ളവർ എഴുതിയ ആ മുന്നറിയിപ്പ് ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു.

ഒരു വലിയ ചരിത്രത്തെ തോക്കിന്‍ കുഴലില്‍ നിര്‍ത്തിയാണ് അവര്‍ പൊളിച്ചു മാറ്റാന്‍ ശ്രമിക്കുന്നത്. പൗരസ്ത്യ ദേശങ്ങളുടെ ചരിത്രം പാശ്ചാത്യ ദേശങ്ങളുടെതിനെക്കാള്‍ അതിവിചിത്രമാണ്. മിത്തുകളുടെ പരിവേഷം കൊണ്ട് നിര്‍മിക്കപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്‍ബലത്തില്‍ എക്കാലവും അതിസങ്കീര്‍ണമായ സമൂഹമായി അവര്‍ മാറിയിട്ടുണ്ട്. ഹൈന്ദവ-ഇസ്ലാം-യഹൂദ പാരമ്പര്യങ്ങള്‍ മാത്രമല്ല, ഗോത്രങ്ങളും ഗോത്രചാരങ്ങളും നാട്ടുവിശ്വാസങ്ങളും കൂടിച്ചേര്‍ന്നതാണ് പൗരസ്ത്യ ചരിത്രം. വളരെ ദുര്‍ഘടമായ കാലഘട്ടങ്ങള്‍ കടന്നിട്ടും യൂറോപ്പിനോളം സമാനമായ ഒരു നവോത്ഥാനം ഇവിടെ സംഭവിച്ചിട്ടില്ല. അതു കൊണ്ടു തന്നെ മതപരമായ നിയമങ്ങള്‍ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുപ്രസിദ്ധി നേടിയിട്ടുണ്ട് ഈ ദേശങ്ങളും അവിടെയുള്ള നിയമങ്ങളും. ഇത്തരം വികലമായ ഒരവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ ബഹുസ്വരത ഉയര്‍ത്തിക്കാണിക്കുന്ന ഇന്ത്യയെ പോലുള്ള  രാജ്യങ്ങള്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന സമൂഹമാണ്.

പ്രകൃതിയില്‍ മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലാത്തതും മനുഷ്യന് ഉള്ളതുമായ പ്രത്യേക കഴിവാണ് വിവേകം. ഈ വിവേകവും നിരീക്ഷണവും ബുദ്ധിയുടെ ക്രമാനുഗതമായ വളര്‍ച്ചയില്‍ പങ്കു കൊണ്ടു. അതു കൊണ്ടാണ് ഗണങ്ങളില്‍ നിന്നും ഗോത്രങ്ങളിലേക്കും അവിടെ നിന്ന് മൂഹത്തിലേക്കും അവന്‍റെ ജീവിതം വളര്‍ന്നു വികസിച്ചത്. സമൂഹം നിലനില്‍ക്കുന്നത് വ്യക്തിയില്‍ അധിഷ്ഠിതമായ മൂല്യങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടാണ്. ആ മൂല്യങ്ങള്‍ ഓരോന്നും പൊതുസമ്മതവും പൊതുഐക്യവും ആര്‍ജ്ജിച്ചതുമായിരിക്കണം. ഈ ഐക്യത്തില്‍ നിന്നാണ് രാഷ്ട്രത്തിന്‍റെ വിഭാവനം രൂപപ്പെടുന്നത്.

അടിസ്ഥാനപരമായി നമ്മുടെ തലച്ചോറിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള ബൗദ്ധിക നിയമങ്ങളാണ് സാമൂഹിക ഐക്യം നിലനില്‍ക്കാന്‍ കാരണം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയുടെ പൂര്‍ത്തീകരണം മാത്രമേ ഓരോ വ്യക്തിക്കും സംതൃപ്തി നല്‍കുകയുള്ളൂ. ഈ അവസ്ഥകളെ മറികടന്നാല്‍ അടുത്ത പടി ചിന്തയുടെതാണ്. അവിടെയാണ് മതവും വിശ്വാസങ്ങളും രൂപപ്പെടുന്നത്.

എന്നാല്‍ മതം വിദഗ്ധമായി ആദ്യ അവസ്ഥകളിലും പിടി മുറുക്കുന്നുണ്ട്. ദൈവത്തിന്‍റെ അസ്ഥിത്വം ഭൗതികനിയമങ്ങളില്‍ ആരോപിക്കുകയും ജനങ്ങളെ അത് വഴി നിയന്ത്രിക്കുകയും ചെയ്യാമെന്ന വലിയൊരു കണ്ടെത്തല്‍ അതിന് ചുറ്റുമുണ്ട്. ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന, സമാധാനം ആഗ്രഹിക്കുന്ന ഒരു ജനത ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടില്ല.

പ്രതികരിക്കുന്ന ഒരു സമൂഹം ബദലായി ഉയര്‍ന്നു വരും. അവ പ്രതിഷേധങ്ങളില്‍ നിന്ന് വിപ്ലവങ്ങളിലേക്ക് ചുവടു മാറും. എഴുത്തുകാരും കലാകാരന്മാരും പത്രപ്രവര്‍ത്തകരും അവരുടെ കണ്ണും ചെവിയും വായും മൂടിക്കെട്ടി വയ്ക്കുമെന്നു ഭരണകൂടം കരുതുന്നെങ്കില്‍

അതൊരു വിഡ്ഢിത്തമാണ്. എല്ലാത്തിനെയും വെല്ലുവിളിക്കുന്ന ഒരു ശക്തമായ തിരുത്തൽ ശക്തി ഉണ്ടായി വരും.  നിങ്ങൾക്ക് അവരെ ഭയപ്പെടുത്താൻ പോയിട്ട് വെല്ലുവിളിക്കാൻ പോലും സാധിച്ചു എന്ന് വരില്ല. അത്രയും വിപുലവും ആഴത്തിലുമാണ് ആ പ്രതിരോധങ്ങളുടെ പാരമ്പര്യം വ്യാപിച്ചു കിടക്കുന്നത്.

Hindutva Ban Fascism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: