scorecardresearch

ഡൽഹി കലാപം റിപ്പോർട്ടിങ്; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്

വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‍റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി

Asianet News Media One, Ban, ഏഷ്യനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, KUWJ, കെയു‌ഡബ്ല്യൂജെ , മീഡയാവൺ, വിലക്ക്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വെള്ളിയാഴ്ച, മാർച്ച് 6 രാത്രി 7.30 മുതൽ ഞായറാഴ്ച, മാർച്ച് 8 രാത്രി 7.30 വരെയാണ് വിലക്ക്.

വടക്ക് കിഴക്കന്‍ ഡൽഹിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്.

ഇരു സ്ഥാപനങ്ങളുടെയും യൂട്യൂബ് ചാനലുകളും ലഭ്യമാകില്ല. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചാനലുകളുടെ ഭാഗത്ത്‌ നിന്നും മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.

Read in IE: Delhi violence reporting: Two Malayalam news channels barred from transmission for 48 hours

വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‍റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി.

“ഇത് പോലെ ഗുരുതരമായ സംഭവങ്ങൾ അതീവ ശ്രദ്ധയോടെയും സംതുലിതമായും റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ് മതസ്പർദ്ധ വർധിപ്പിക്കാന്‍ ഉതകും,” മന്ത്രാലയം ചാനലുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

2016ൽ സമാനമായ ഉത്തരവിലൂടെ എൻഡിടിവിയ്ക്കും വാർത്തപ്രേക്ഷപണ മന്ത്രാലയം ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പഠാൻകോട്ട് അക്രമണവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ എന്‍ഡിടിവി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ഉത്തരവിന് സ്റ്റേ നേടുകയും ചെയ്തു.

ചാനലുകളുടെ സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടി അപലപനീയം: പത്രപ്രവര്‍ത്തക യൂണിയന്‍

ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തി വയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

‘വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല.  കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം’ കെയുഡബ്ല്യുജെ പ്രസ്താവനയിൽ അറിയിച്ചു.

സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.

അത്യന്തം അപലപനീയവും ആശങ്കയുളവാക്കുന്നത്തുമെന്ന് ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്

“മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം തടഞ്ഞ നടപടി അത്യന്തം അപലപനീയവും ആശങ്കയുളവാക്കുന്നതുമാണ്. മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ മാധ്യമസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കൊപ്പം ഈ വിഷയവും നാളെ വിളിച്ച് ചേർത്തിട്ടുള്ള പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യും.” ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (DUJ) പ്രസിഡന്റ് എസ്.കെ.പാണ്ഡെ പറഞ്ഞു.

ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറാണ് വിലക്ക്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രി 7.30 വരെ ചാനലുകൾ ലഭ്യമാകില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Asianet and media one banned for violating guidelines on delhi violence

Best of Express