/indian-express-malayalam/media/media_files/uploads/2020/07/amal-fi.jpg)
ജീവിതത്തിന്റെയും മരണത്തിന്റെയും നേർത്ത വിളുമ്പിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുമ്പോൾ അന്നു വരെ ജീവിതത്തെ നിർമമമായി കണ്ട മനസ് ഈ കുഞ്ഞു ജീവിതത്തിലൂടെ കടന്നു പോയവരെയെല്ലാം ഓർമ്മയുടെ തട്ടിൽ നിർത്തി, കണക്കെടുപ്പ് നടത്തും! ജീവിതത്തോട് ഇനിയും ചേർന്നു നിൽക്കാൻ ഹൃദയം കൊതിക്കും. കൈവിട്ടു പോകുമെന്നറിയുന്ന നിമിഷം ഓരോരുത്തരേയും ഭ്രാന്തമായി സ്നേഹിച്ചു തുടങ്ങും. എത്ര മാത്രം വേദനകളിലൂടെയാണ് നമ്മളാ നിമിഷം കടന്നു പോവുന്നതെന്ന് നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും അതേ വികാരത്തോടെ പറഞ്ഞു ബോധ്യപ്പെടുത്താനാവില്ല.
കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ നിമിഷം മുതൽ എത്രയോ നാളായി കാത്തിരുന്ന ഒരു അതിഥിയെ പോലെ എന്റെ മനസ്സാ സത്യത്തെ സ്വീകരിച്ചു. ആസ്ത്മാക്കാരിയുടെ മുൻകരുതലോടെ ഞാൻ തള്ളി നീക്കിയിരുന്ന വിരസമായ പകലുകൾക്കറുതിയായെന്ന് ഒരു നിമിഷം ആശ്വസിച്ചു. പക്ഷേ വേദനയുടെ അറിയാച്ചുഴികൾ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒരുപാട് പൂജ്യം വെട്ടി കളികൾ ഞാനുമെന്റെ ഇലാഹും തമ്മിൽ നിരന്തരം നടന്നുനീ എത്രയൊക്കെ ഒളിച്ച് നടന്നാലും നിന്നെ ഞാൻ കണ്ടു പിടിക്കും മുത്തേന്ന് പറയാതെ പറഞ്ഞ് അവനെന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. ആദ്യമൊന്ന് മുഖം കറുപ്പിച്ചെങ്കിലും ഞാനുമവന്റെ കുസൃതികണ്ണുകളിലെ തിരയിളക്കത്തിൽ അടക്കി ചിരിച്ചു. തെറ്റു ചെയ്യുന്ന കുറുമ്പന്മാരോട് അമ്മമാർക്ക് മാത്രം തോന്നുന്ന വാത്സല്യത്തോടെ!
മരണം ഉദാത്തമാണെന്ന് വീരവാദം പറയുമെങ്കിലും അതങ്ങ് അടുത്തെത്തിയാൽ നമ്മുടെ വിധം മാറും. ഇനിയും ജീവിച്ചിരിക്കേണ്ടതിന്റെ നൂറായിരം കാരണങ്ങൾ നമ്മൾ അള്ളാഹുവിന് മുന്നിൽ നിരത്തും. എനിക്കു വേണ്ടിയല്ലാ! എന്റെ മക്കൾക്കു വേണ്ടി, എന്റെ പ്രിയപ്പെട്ടവനു വേണ്ടി, ഞാൻ പോയാൽ എന്റെ പ്രിയൻ നീറി നീറി മരിക്കില്ലേ റബ്ബേ, എന്നെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് വേണ്ടി, കുറച്ച് കൂടി നന്നായി ജീവിക്കാൻ വേണ്ടി എന്നൊക്കെ നമ്മളങ്ങ് വില പേശും. അങ്ങനെ ഒരുപാട് പൂജ്യം വെട്ടി കളികൾ ഞാനുമെന്റെ ഇലാഹും തമ്മിൽ നിരന്തരം നടന്നു. കരഞ്ഞില്ല. തളർന്നില്ല!
പണ്ട് ഉമ്മാടെയടുത്ത് തല്ലു പിടിച്ചിരിക്കുമ്പോൾ മുഖം വീർപ്പിച്ചിരിക്കുന്നത് പോലെ ഞാനെന്റെ റബ്ബിന്റെ മുന്നിൽ ചിണുങ്ങി, കാരുണ്യവാനായ അള്ളാഹു! നിനക്ക് ഞാനില്ലേന്ന് പറഞ്ഞെന്നെ ചേർത്തണച്ചു അവൻ. വേദനാ വേളകളിൽ, എന്നത്തേയും പോലെ എല്ലാം അവനിൽ അർപ്പിച്ച് ഈ ലോകത്തോട് മുഴുവൻ കെറുവിച്ച് സുജൂദിൽ കിടന്ന് കണ്ണുകൾ നിറഞ്ഞൊഴുകിയ ദിവസം ഉള്ളിലെ കല്മഷമെല്ലാം നീങ്ങി ഞാൻ ശാന്തയായി. എന്തിനെയും നേരിടാനാവുന്ന ശാന്തത വന്നെന്നെ പൊതിഞ്ഞു, മനസ്സൊരു അപ്പൂപ്പൻ താടി കണക്കെ ഭാരമില്ലാതെയായി!
സാധാരണ വരാറുള്ള ശ്വാസം മുട്ടിന്നപ്പുറം സഹിക്കാനാവാത്ത നെഞ്ചു വേദനയാൽ ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലാണ് ഞാൻ ആശുപത്രിയിലെത്തിയത്, ഒപ്പം രുചി മുകുളങ്ങളും ഗന്ധഗ്രന്ഥികളും എവിടെയോ കൈമോശം വന്ന പോലെ... ഒരു മൂക്കടപ്പു പോലുമില്ലാതെ രുചിയും ഗന്ധവും നഷ്ടമായപ്പോൾ മനസ്സിലിരുന്നാരോ മന്ത്രിച്ചു, അവൻ വന്നിരിക്കുന്നുവെന്ന്. അത് കൊണ്ട് തന്നെ അത്ഭുതം ലവലേശമില്ലായിരുന്നു. മോൾക്കും എന്നോടൊപ്പം കൊറോണ പോസിറ്റീവാണെന്ന കാര്യം എന്നെ പരിഭ്രാന്തയാക്കി. നമ്മോട് ചേർന്നു നിൽക്കുന്നവരുടെ വേദനകളാണ് നമ്മുടെ വേദനകളെക്കാൾ നമ്മെ തളർത്തുക, എങ്കിലും അവൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നത് എന്നെ ആശ്വസിപ്പിച്ചു.
ഐസോലേഷൻ റൂമിലെ തണുപ്പിൽ, ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. അതേ മുറിയിൽ കോവിഡ് പോസിറ്റീവായി രണ്ടു പേർ കൂടി ഉണ്ടായിരുന്നു, ഒരു വിനോദയാത്രക്കെന്ന പോലെ ഒരുങ്ങി, ബ്രാൻഡഡ് വസ്ത്രങ്ങളും ഒരു കവർ നിറയെ ചിപ്സും ബിസ്കറ്റുമായി ഫിലിപ്പിനോ യുവതി കരോൾ, പതിനഞ്ചോ പതിനാറോ വയസ്സ് പ്രായമുള്ള ഖത്തറി പെൺകുട്ടി മറിയം.
മുഖാവരണത്തിന് പിറകിലും ഭീതിയുടെ നിഴലാട്ടമായി അവളുടെ കണ്ണുകൾ. മിഴിക്കോണിലെവിടെയോ പെയ്യാൻ വെമ്പി നിൽക്കുന്ന മഴ മേഘങ്ങൾ. നിശാവസ്ത്രത്തിനു മുകളിൽ അലസമായി ധരിച്ചിരിക്കുന്ന അബായ. ഇന്നത്തെ ഏതൊരു കൗമാരക്കാരിയെയും പോലെ മറിയത്തിന്റെ കൈകൾ അസാമാന്യ വേഗതകളോടെ അവളുടെ ഫോണിന്റെ കീപാഡിലൂടെ നിരന്തരം ചലിക്കുന്നുണ്ടായിരുന്നു. പക്ഷേ അതോടൊപ്പം അവളുടെ മനോഹരമായ നീണ്ട കൈ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു.., പനി കൂട്ടിയിട്ടായിരിക്കുമോ? ഒരു വേള ഞാൻ സംശയിച്ചു. പക്ഷേ അവളുടെ കണ്ണുകളിലെ മാറി മാറി വരുന്ന വേവലാതികളുടെ നിഴലനക്കങ്ങൾ, എന്തോ വല്ലാത്ത സങ്കടം തോന്നി. അസുഖ ദ്വീപിൽ ഒറ്റപ്പെട്ടു പോയ ഒരു പെൺകുട്ടി. അവളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏകകണ്ണിയായ ഫോണിലാണവൾ മുറുകെ പിടിച്ചിരിക്കുന്നത്. അവളുടെ കൈകൾ ചേർത്തു പിടിച്ച് ആർദ്രമായി അവളോട് ചേർന്നിരിക്കാൻ തോന്നിയെനിക്ക്.
Read Here: ഉപചാരങ്ങളും യാത്രാമൊഴികളുമില്ലാത്ത വിടപറയലുകള്‍
ഞാനെഴുന്നേറ്റപ്പോൾ പിപിഇ കിറ്റിട്ട് ഇരട്ട മുഖാവരണമണിഞ്ഞ് ഞങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നഴ്സെന്നെ ചോദ്യഭാവത്തിൽ നോക്കി. ഞാനൊന്നും മിണ്ടാതെ നിസ്സഹായയായി അവിടെ തന്നെയിരുന്നു, കൊറോണയാണ് പരസ്പരം കൈ ചേർത്ത് പിടിക്കാനാവില്ലെന്ന യാഥാർത്ഥ്യമോർത്തപ്പോൾ വല്ലാത്ത തളർച്ച തോന്നി. ഞാനെന്റെ മനസ്സിൽ ദിക്റുകൾ ഉരുവിട്ടു. ആ കുഞ്ഞു മനസ്സിൽ ഭീതികളകറ്റി ശാന്തത പരത്തണേന്ന് നിശ്ശബ്ദം ചോദിച്ചു കൊണ്ടിരുന്നു.
വിവരശേഖരങ്ങളും അത്യാവശ്യ പരിശോധനകളും കഴിഞ്ഞപ്പോൾ ഞങ്ങളെ വിവിധ മുറികളിലാക്കി. ഞാനും മോളും ഒരേ മുറിയിലാണെന്നത് എന്നെ ആശ്വസിപ്പിച്ചു. ഇടയിൽ ഒരു ഡോക്ടർ വന്ന് മാനസീകാരോഗ്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. ഉച്ചക്ക് കഴിക്കാൻ ചൂടുള്ള സൂപ്പും പച്ചക്കറി സലാഡും പഴങ്ങളും ചോറും മാംസ വിഭവങ്ങളും എല്ലാം കൊണ്ടു വന്നു തന്നു.
ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോൾ രണ്ടാഴ്ച നിൽക്കേണ്ടി വരുമെന്നു കരുതിയ മുറിയിലേക്ക് നഴ്സ് വന്ന് എല്ലാം പൊതിഞ്ഞെടുത്തോളൂ, നിങ്ങളുടെ റൂം ശരിയായിട്ടുണ്ടെന്ന് പറഞ്ഞു. ലിഫ്റ്റിനടുത്തെത്തിയപ്പോൾ മറിയത്തെയും കരോളിനെയും വീണ്ടും കണ്ടു. സ്കൂൾ കുട്ടിയുടെ നിഷ്കളങ്കതയോടെ പുറത്തണിഞ്ഞ ബാഗുമായി നിൽക്കുന്ന മറിയത്തോട് നഴ്സ് ഭക്ഷണമെവിടെന്ന് ചോദിച്ചു. പറഞ്ഞതെന്തെന്ന് മനസ്സിലാവാതെ അന്യഗ്രഹജീവിയെ പോലെ അവൾ നിന്നു. ഞാനെന്റെ ഭക്ഷണപ്പൊതി ഉയർത്തി കാണിച്ചു എടുത്ത് വരാൻ ആംഗ്യ ഭാഷയിൽ പറഞ്ഞപ്പോൾ അവൾ പിന്തിരിഞ്ഞ് മുറിയിലേക്കോടി. അവളെ കാത്തു നിൽക്കുന്ന നിമിഷങ്ങളൊക്കെയും നഴ്സ് അക്ഷമയായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ലിഫ്റ്റിൽ നിൽക്കുമ്പോൾ 'My friend' എന്നഭിസംബോധന ചെയ്ത് കരോൾ സ്വതസിദ്ധമായ ശൈലിയിൽ അസുഖത്തെക്കുറിച്ച് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. മറിയം ഞങ്ങൾക്ക് നേരെ മുഖം തിരിച്ച് ചുമരിലേക്ക് നോക്കി ഒതുങ്ങി നിന്നു. താഴെയെത്തിയ ഞങ്ങളെ നഴ്സ് ഒരു വാനിൽ കയറ്റി. പ്ലാസ്റ്റിക് മറയുടെ അപ്പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഇരമ്പിച്ച് കൊണ്ട് ഡ്രൈവറിരിക്കുന്നുണ്ടായിരുന്നു.
നട്ടുച്ച സമയമാണ്. പൊള്ളുന്ന ചൂടിന്നിടയിലും ഇടതടവില്ലാതെ ഒഴുകുന്ന വാഹനങ്ങൾ. മാസ്ക്കണിഞ്ഞ് നിർവികാരമായി വണ്ടിയോടിക്കുന്നവർ. മൂന്നു മാസമായി പുറം ലോകം കണ്ടിട്ട്... പച്ച നിറത്തിൽ കായണിഞ്ഞ് നിൽക്കുന്ന ഈന്തപ്പനകൾ... ഈത്തപ്പഴമുണ്ടാവുന്ന കാലമാണല്ലോന്ന് ഓർത്തു. എന്തൊരു പ്രസരിപ്പായിരുന്നു ഈ നഗരത്തിന്... ഇന്ന്! ആർത്തിയോടെ ഞാൻ പുറത്തെ കാഴ്ചകളിലൂടെ കണ്ണോടിച്ചു. കൈകളിൽ നിന്നൂർന്നു വീഴുമ്പോഴാണല്ലോ നാം പലതിന്റെയും മൂല്യമറിയുന്നത്.
ദോഹാ നഗരത്തിലെ അംബരചുംബിയായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഞങ്ങളെ ഇറക്കി വാൻ തിരിച്ചു പോയി. സെക്യൂരിറ്റി ഗാർഡ് വന്ന് ഞങ്ങളെ അകത്തേക്ക് ആനയിക്കുമ്പോൾ, പതറിയ നോട്ടത്തോടെ മറിയം ഞങ്ങളെ പിന്തുടർന്നു. റിസപ്ഷനിൽ എല്ലാവരോടും ഐഡി തരാൻ പറഞ്ഞപ്പോൾ രക്തഛവിയില്ലാത്ത മുഖത്തോടെ അവളെന്നെ പകച്ചു നോക്കി. 'ബത്താക്ക ബത്താക്ക' എന്നു പറഞ്ഞപ്പോഴും അവളുടെ കണ്ണുകൾ ഈ ഭൂമിയിലേ ഇല്ലാത്ത പോലെ തോന്നി... നിർജീവമായ മിഴികൾ. 'ഹബീബ്ത്തി ആത്തിനീ ബത്താക്ക' എന്നു ഞാനെന്റെ കാർഡുയർത്തി കാണിച്ച് പറഞ്ഞപ്പോൾ വിറയലോടെ അവൾ ബാഗാകെ ഉഴുതു മറിച്ച് കാർഡെടുത്തു. പെയ്യാൻ വെമ്പി നിൽക്കുന്ന അവളുടെ കണ്ണുകൾ പനിയില്ലെങ്കിലും എന്റെ നെഞ്ചിനെ പൊള്ളിച്ചു.
ഇത്തിരി പോന്ന ലോകമറിയാത്തൊരു കുഞ്ഞ്. അവളേതോ വീട്ടിലെ അരുമയായിരിക്കണം. മാതാപിതാക്കളുടെ തണലിൽ നടന്നിരുന്നൊരു കുസൃതി. പെട്ടെന്നൊരു ദിവസം രോഗത്തിന്റെ സങ്കടക്കടലിൽ ഒറ്റപ്പെട്ടുപോയവൾ. അവളുടെ നിസ്സഹായത, കണ്ണിലെ വേവലാതി, തളർന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ, ഒരു ചിരി കൊണ്ടു പോലും അവളെ സമാധാനിപ്പിക്കാൻ കഴിയാത്ത എന്റെ മുഖത്തെ മാസ്ക്കെടുത്ത് വലിച്ചെറിയാൻ തോന്നി. അവളെ എന്റെ നെഞ്ചോട് ചേർത്തു പിടിക്കാനും. പക്ഷേ ഞാൻ നിസ്സഹായയാണ്. ഒന്നടുത്തിരിക്കാൻ പോലുമാവാത്ത ഈ മഹാമാരിയുടെ ലോകത്ത് അസുഖ ദിനരാത്രങ്ങൾ അതിജീവിച്ച്, അവളുടെ കണ്ണിലെ നക്ഷത്ര തിളക്കം തിരിച്ചു വരുന്നതിനായി നിശ്ശബ്ദം പ്രാർത്ഥിക്കാനേ എനിക്കാവൂ.
ദോഹയില്‍ അധ്യാപികയും മൈലാഞ്ചി ആർട്ടിസ്റ്റുമാണ് ലേഖിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us