കഴിഞ്ഞ ദിവസം ദിവസം തിരുവനന്തപുരത്ത് സംഭവിച്ച ഒരു മരണത്തെക്കുറിച്ചാണ് ഈ കുറിപ്പ്. മരിച്ചയാള്‍ എനിക്ക് അടുപ്പമുള്ള ഒരാളാണ്. വേണ്ടപ്പെട്ടവര്‍ക്ക് ഏറെ വ്യസനമുണ്ടാക്കിയ ഒരു വിടവാങ്ങല്‍. അതും വളരെ സങ്കടകരമായ രീതിയില്‍… ഉപചാരങ്ങളില്ലാതെ, യാത്രാമൊഴികള്‍ ഇല്ലാതെ അദ്ദേഹം പോയി.
വയറു വേദനക്ക് ഗൾഫിൽ ചികിത്സയിലായിരുന്ന അദ്ദേഹം സർക്കാർ ഏർപെടുത്തിയ വിമാനത്തിൽ മുൻഗണനാക്രമം അനുസരിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ വരികയും, വിമാനത്താവളത്തിൽ നിന്നും നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി പോവുകയും ചെയ്തു. അസുഖം ഭേദമായി വരുന്നതിനിടെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും അദ്ദേഹം മരിക്കുകയും ചെയ്തു. മരണശേഷമുള്ള കോവിഡ് സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയിരുന്നതിനാൽ സംസ്കരിക്കുന്നത് കോവിഡ് പ്രൊട്ടൊക്കോൾ അനുസരിച്ച് ആയിരിക്കണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയും അപ്രകാരം സംസ്കരിക്കുകയും ചെയ്തു. ഉറ്റവർക്കും ഉടയവർക്കും ഭാര്യക്കും മക്കൾക്കും അദ്ദേഹത്തിനെ ഒരു നോക്ക് കാണാനോ, അന്ത്യോപചാര്യം അർപ്പിക്കാനോ, അന്ത്യകർമങ്ങൾ നിർവ്വഹിക്കാനോ കഴിയാത്ത വിധം അദ്ദേഹം യാത്രയായി.
ചുറ്റിലും രോഗം പെരുകുകയും മരണം കടന്നു വരികയും ചെയ്തിട്ടും നമ്മള് ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നുണ്ടോ എന്ന സംശയമാണ് ആരും കടക്കാന്‍ മടിക്കുന്ന, കോവിഡ് പ്രൊട്ടൊക്കോൾ അനുസരിച്ച് നടന്ന ഒരു സംസ്കാരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത്രയേറെ മുന്നറിയിപ്പുകള്‍ക്ക് ശേഷവും വലിയൊരു ശതമാനം ആളുകൾ മാസ്കുകൾ ധരിക്കാതെയും അകലം പാലിക്കാതെയും ഇന്നും സമൂഹത്തിൽ ഇടപഴകുന്നു. ചിലർ കഴുത്തിൽ മാസ്ക് ധരിച്ച് നടക്കുന്നു. തങ്ങളെ ഈ രോഗം ബാധിക്കില്ലന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. പൊതുസ്ഥലങ്ങളിലും അങ്ങാടികളിലും ഒക്കെ കൂട്ടം കൂടുന്നു. ഇവരിലാരെങ്കിലും രോഗലക്ഷണം കാണിക്കാത്ത ‘Asymptomatic Carriers’ ആണെങ്കിൽ ഇവർ രോഗം പകർന്ന് നല്‍കുന്നത് എത്രയനേകം പേർക്കായിരിക്കും? അത്തരക്കാരിൽ ആരെങ്കിലും അവരുടെ ഉത്തരവാദിത്യരാഹിത്യം ഉപേക്ഷിക്കുകയാണെങ്കിൾ ഉപേക്ഷിക്കട്ടെ എന്ന തോന്നലാണ് ഈ ചിത്രങ്ങൾ എടുക്കാൻ പ്രസ്തുത സംസ്കാര സ്ഥലത്ത്, റിസ്ക് എടുത്ത് ചെല്ലാന്‍ കാരണമായത്.
എന്റെ ഉദ്ദേശം മനസ്സിലാക്കിയ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകളോടെ ചിത്രങ്ങൾ പകർത്തുവാനുള്ള അനുവാദം തന്നു. കൂടെയുള്ള ആരോഗ്യ വകുപ്പ് ഫോട്ടോഗ്രാഫർ നിൽക്കുന്നതിനപ്പുറം യാതൊര് കാരണവശാലും പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അവർ തന്ന മാസ്കുകളും കയ്യുറകളും ധരിച്ച്, 300 mm ന്റെ ടെലി ലെൻസ് ഉപയോഗിച്ച് വളരെ ദൂരെ നിന്നാണ് ചിത്രങ്ങൾ ചിത്രീകരിച്ചത്. വൈഡ് ഷോട്ടുകള്‍ക്ക് മാത്രം 24 – 105 mm ലെൻസ് ഉപയോഗിച്ചിരുന്നു.
ചിത്രങ്ങള്‍ പകര്‍ത്തിയതിനു ശേഷം സ്വയം ‘ഐസോലേഷനില്‍’ ആണ്. ശ്രദ്ധയൊന്നു പാളിയാല്‍, മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാതിരുന്നാല്‍, ആര്‍ക്കും ബാധിക്കാവുന്നതാണ് ഈ വൈറസ്. അതിന്റെ ഏറ്റവും ദാരുണമായ ഒരു അവസ്ഥയാണ് ഒറ്റപ്പെടല്‍. ജീവിതത്തില്‍ മാത്രമല്ല, മരണത്തോടടുക്കുമ്പോഴും ആ ഒറ്റപ്പെടല്‍ തുടര്‍ന്നേ മതിയാകൂ. ഒറ്റയ്ക്ക് ഒരു ആശുപത്രിയില്‍, ഉറ്റവരെ ഒരു നോക്ക് കാണാതെ, യാത്ര പറയാതെ പോകേണ്ടി വരുന്ന അവസ്ഥ. ഈ കാഴ്ച ഉളവാക്കിയ വേദന പോലും താങ്ങാന്‍ ആവുന്നില്ല. അപ്പോള്‍ അത് അനുഭവിക്കേണ്ടി വരുന്നവരുടെ കാര്യമോ?
കോവിഡ് മുന്നറിയിപ്പുകൾ പൂർണ്ണമായും നിർബന്ധമായും നാം പാലിക്കണം. ഇവ അവഗണിക്കുന്നവർ ധാരാളമുണ്ട് എന്നുള്ളത് കൊണ്ടാണു വീണ്ടും പറയുന്നത്. അസുഖം പിടിപെടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഈ ചിത്രങ്ങളിലെ അവസ്ഥ എല്ലാവര്ക്കും വന്നു കൂടും എന്ന് ഓര്‍മ്മിപ്പിക്കട്ടെ. വൈറസിന് വലിപ്പചെറുപ്പമില്ല. ജീവന് നഷ്ടപ്പെട്ടാല്‍ പകരം മറ്റൊന്നില്ല.