‘അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ’ (ഇന്ത്യയുടെ അപനിര്‍മ്മിതി) എന്ന വിഷയത്തിലുള്ള തന്റെ എഴുത്തുകളെക്കുറിച്ച് നയന്‍താര സെഹ്ഗല്‍ സംസാരിക്കുന്നു. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കലുഷിതമായ ഈ കാലത്ത് കലയും എഴുത്തും പ്രധാനപ്പെട്ടതാണ് എന്നും പ്രത്യാശയും അതിജീവനവും മാത്രമാണ് മുന്നോട്ടുള്ള വഴി എന്നും സീമാ ചിസ്തിയുമായുള്ള സംഭാഷണത്തില്‍ തൊണ്ണൂറ്റിയൊന്ന് വയസ്സുകാരിയായ എഴുത്തുകാരി വ്യക്തമാക്കുന്നു.
നമ്മൾ ജീവിക്കുന്ന കാലവുമായി താങ്കൾ എഴുതുന്ന നോവലുകള്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു?
നമ്മൾ ജീവിക്കുന്ന സമയത്തെ കുറിച്ചുള്ളതായിരുന്നു എന്റെ എല്ലാ നോവലുകളും. ആദ്യ നോവലുകൾ നവ ഇന്ത്യയുടെ നിര്‍മ്മിതിയെ കുറിച്ചുള്ളവയായിരുന്നു. അവസാനത്തെ രണ്ടെണ്ണം (When the Moon Shines by the Day [2017], The Fate of Butterflies [2019] )നവ ഇന്ത്യയുടെ അപനിര്‍മ്മിതിയെ കുറിച്ചാണ്. ഇപ്പോൾ അനാവൃതമാകുന്ന രംഗങ്ങള്‍ അതിന്റെ തുടർച്ചയല്ല, മറിച്ചു മറ്റൊരു പോയിന്റ് ഓഫ് ഡിപ്പാര്‍ച്ചര്‍’ ആണ്. കാലത്തിന്റെ ക്രോണോളോജിക്കല്‍ രേഖപ്പെടുത്തലുകള്‍ ആണ് എന്റെ നോവലുകൾ.
താങ്കളുടെ നോവെല്ല തുടങ്ങാനായി Follow the Fleet (1936) എന്ന ചിത്രത്തിൽ നിന്നും എടുത്ത ഉദ്ധരണി- ‘കഷ്ടപ്പാടുകൾ വരാനിരിക്കുന്നുണ്ടാകാം/ നിലാവും, സംഗീതവും പ്രണയവും കാല്പനികതയും ഉള്ളിടത്തോളം/ നമുക്ക് സംഗീതം കേട്ട് കൊണ്ട് നൃത്തം ചെയ്യാം…’ – കഷ്ടപ്പാടുകൾ കാരണം നശിച്ചു പോയ ലോകത്ത്, അവയ്ക്ക് നൃത്തവും സംഗീതവും കൊണ്ട് മറുപടി നൽകുന്ന ‘എലീറ്റി’നെ കുറിച്ചാണോ ഇത്?
‘എലീറ്റി’നെ കുറിച്ചു മാത്രമല്ല അത്. അതിദാരുണമായ ഒരു ദുരന്തത്തിന്റെ സമയമാണത്. നര്‍ത്തകനും, സ്വവർഗ്ഗ പ്രേമിയുമായ പ്രഹ്ലാദന് തന്റെ കല്യാണ ദിവസം (മറ്റൊരു പുരുഷനെ കല്യാണം കഴിക്കുക എന്നത് നിയമപരമായി തെറ്റായിരുന്ന സമയത്ത്) ഒരു സ്വകാര്യ ആഘോഷം സംഘടിപ്പിക്കുകയും, തന്റെ അവസ്ഥയെ ധൈര്യപൂർവം നേരിടാൻ തയ്യാറാവുകയും ചെയ്യുകയാണ്. ഇത്രയും ദുരന്തപൂർണവും, കഷ്ടപ്പാടും, വിപത്തും നിറഞ്ഞൊരു സമയത്തെ അഭിമുഖീകരിക്കുന്ന ആ വ്യക്തിയുടെ ചേതനയെ, മുന്നോട്ട് വന്ന് നൃത്തം ചെയ്യുക എന്നതിലപ്പുറം മറ്റെന്ത് വിവരണമാണ് നൽകാൻ സാധിക്കുക.
ഇന്ദിരാ ഗാന്ധിയുടെ കസിൻ ആയിരുന്നിട്ട് കൂടെ, താങ്കൾ അടിയന്തരാവസ്ഥയുടെ ഏറ്റവും ശക്തയായ വിമർശകയായിരുന്നു. ഇന്നത്തെ സാഹചര്യത്തെ ചിലർ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് പറയുന്നു. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
ഇപ്പോൾ എന്ത് തന്നെയാണ് നടക്കുന്നതെങ്കിലും, അത് ജനാധിപത്യത്തിന്റെ മറവിലാണ് നടക്കുന്നത്. 1975 മുതൽ ’77- വരെ, പ്രതിപക്ഷത്തെ ജയിലിലടച്ചും, ഭരണഘടന താല്‍ക്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു കൊണ്ട് നമ്മൾ എവിടെയായിരുന്നു എന്നത് നമുക്കറിയാമായിരുന്നു. എന്നാൽ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന അവസ്ഥ, ഭരണഘടനാപരമായി ജനാധിപത്യവും എന്നാൽ ഒരു സേഛ്ഛാധിപത്യത്തിന്റെ എല്ലാ സാക്ഷ്യവും പേറുന്ന ഒന്നാണ്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു, ഭരിക്കുന്ന പാർട്ടിയുമായി പൊരുത്തപ്പെട്ട് പോകാത്തവരെയെല്ലാം വിലക്കുന്നു, മനുഷ്യരെ കൊല്ലുകയും നിയമം കൈലെടുക്കുകയും ചെയ്യുന്ന കുറ്റവാളികളെയൊന്നും തന്നെ അറസ്റ്റ് ചെയ്യുകയോ തുടർന്ന് നടപടികൾ എടുക്കുകയോ ചെയ്യുന്നില്ല. വിദ്വേഷം ഉളവാക്കുന്നവർ സ്വതന്ത്രരും പോലീസിനാൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മോശമാണോ ഇത്?
ഇത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഇതൊന്നും കാര്യമാക്കാത്തവർ ഇത് വലിയ പ്രശ്നമില്ലാത്ത അവസ്ഥയാണെന്ന് പറയും. മനുഷ്യർ തെരുവുകളിൽ മരിച്ചു വീഴുകയോ അല്ലെങ്കിൽ അതിലും ദുരിതപൂർണ്ണമായി എന്തെങ്കിലും സംഭവിക്കുകയോ ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾ പ്രസിദ്ധരാണ്. അതു കൊണ്ട് തന്നെ, ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്നു അറിവുള്ള പണക്കാരും പഠിപ്പുള്ളവരും ഇവിടത്തെ അവസ്ഥയിൽ എന്തെങ്കിലും തെറ്റുള്ളതായി കാണുന്നില്ല. എല്ലായിപ്പോഴും ചുറ്റിനും പറക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ഇതിന് കാരണം. അവർ അവരുടെ കാര്യം മാത്രം അന്വേഷിച്ചു ജീവിക്കുമ്പോൾ പാവപ്പെട്ടവരും, മുസ്ലിമുകളും, ദളിതരും ആൾക്കൂട്ടങ്ങളാൽ കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്നു.
ഇത്തരം സമയങ്ങളോട് പ്രതികരിക്കുന്നതിൽ കഥാസാഹിത്യത്തിന്റേയും എഴുത്തിന്റേയും റോള്‍ എന്താണ്?
എഴുത്ത് എന്നത് രാഷ്ട്രീയപരമായ പ്രവർത്തനത്തിന്റെ ഒരു ഉപകരണമാണ്. ഞാൻ അതിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഒരു കാലത്ത് ജയപ്രകാശ് നാരായണിന് എതിരായി തെരുവിലിറങ്ങിയത് പോലെ ഇപ്പോൾ ഞാൻ തെരുവിലിറങ്ങുന്നില്ല, എന്നാൽ എഴുത്ത് എന്നത് വളരെ നാടകീയവും എന്നാൽ സര്‍വ്വപ്രധാനവുമായ ഒന്നാണ്. ലാറ്റിൻ അമേരിക്കയിലും സ്പെയിനിലുമൊക്കെ സേഛ്ഛാധിപത്യത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റേയും കാലത്തു നമ്മളതിന് സാക്ഷികളായതാണ്. എല്ലാ കലയും, എഴുത്തോ സിനിമയോ ചിത്രകലയോ എന്തുമായിക്കൊള്ളട്ടെ, അവയെയെല്ലാം രാഷ്ട്രീയ പ്രവർത്തനങ്ങളാണ്.
ഇത്തരമൊരു സമൂഹത്തിൽ ‘പബ്ലിക് ഇന്റ്റലെക്ച്ച്വല്സിന്റെ’ കർത്തവ്യം എന്താണ്?
‘പബ്ലിക് ഇന്റ്റലെക്ച്ച്വസ്’ എന്നതു കൊണ്ട് പൊതു സമൂഹത്തിൽ ഒരു നിലപാടെടുക്കുന്ന റോമില ഥാപ്പറിനെപോലെയുള്ള (ചരിത്രജ്ഞ) പണ്ഡിതരായ വ്യക്തികളെയാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു. അവർ വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവർ യുവ മനസുകളെ രൂപപ്പെടുത്തുകയാണ്. അതു കൊണ്ടു തന്നെ അവർ പൊതുസമൂഹത്തിൽ എടുക്കുന്ന നിലപാടുകൾ വളരെ പ്രധാനമാണ്. നമ്മളിപ്പോൾ കുറുകെയുള്ള വഴികളിൽ എത്തിനിൽക്കുകയാണ്, സ്വാതന്ത്ര്യം വേണോ സേഛ്ഛാധിപത്യം വേണോ എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. ഇവയ്ക്കും രണ്ടിനുമിടയിൽ ഒന്നുമില്ല. പൊതു ബുദ്ധിജീവികൾ സ്പഷ്ടമാക്കി തരുന്നത് അതാണ്.
Read More: ചിലയിടങ്ങളിൽ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതും നമ്മുടെ ചുമതലയാണ്
ജനുവരിയിൽ മഹാരാഷ്ട്രയിലെ ഒരു സാഹിത്യ സംഘടന താങ്കൾക്ക് നൽകിയ ക്ഷണം പിൻവലിക്കുകയുണ്ടായി. എന്നിട്ടും താങ്കൾ അവിടെ പോയി.
ദേശീയ മറാത്തി സാഹിത്യ സംഗമത്തിലേക്കുള്ള ക്ഷണം അതിന്റെ സംഘാടകരാണ് ഔദ്യോഗികമായി പിൻവലിച്ചത്. എന്നാൽ പ്രതിഷേധത്തിന്റെ ഉറവിടം അവിടത്തെ മറാത്തി എഴുത്തുകാരിൽ നിന്നുമായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു. എനിക്ക് ലഭിച്ച പിന്തുണ അവിശ്വസനീയമായിരുന്നു. എന്റെ പ്രസംഗം മറാത്തിയിൽ വായിച്ചു കേൾപ്പിച്ച സാംസ്കാരിക, സാമൂഹിക സംഘടനകൾ ഉണ്ടായിരുന്നു. വിലക്കുണ്ടായിരുന്നതിനാൽ അത് കേൾക്കാൻ സാധിക്കാതെ പോകാമായിരുന്ന ആയിരകണക്കിന് ആളുകൾ അതു കൊണ്ട് അത് കേട്ടു. ഞാൻ പകുതി മഹാരഷ്ട്രക്കാരിയാണ്, എന്റെ അച്ഛനൊരു സംസ്കൃത പണ്ഡിതനും, ഗാന്ധിയനുമായിരുന്നു. അദ്ദേഹം കൽഹാനയുടെ ‘രജതരംഗിണി’ (1935) വിവർത്തനം ചെയ്തിരുന്നു. ഇത് ഈ അടുത്തായി മറാത്തിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരിലൊരാളെ അവഗണിച്ചതു പോലെ അവർക്ക് തോന്നി. അങ്ങനെ അഭിനേതാക്കളും എഴുത്തുകാരുമൊക്കെ മുംബൈയിൽ എത്തി, ഞാൻ പൊതുവായി പ്രസംഗങ്ങൾ നടത്താത്ത ആളാണ്, എന്നിരുന്നാലും ഞാൻ അന്ന് പ്രസംഗിച്ചു. എനിക്ക് തോന്നി എനിക്ക് കൂടുതൽ ഫലപ്രദമായി അപ്പോൾ സംസാരിക്കാൻ സാധിക്കുമെന്ന്, കാരണം മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ ഓർമപ്പെടുത്തുന്ന ജനുവരി മാസം മുപ്പതാം തീയതിയുമായി ബന്ധപ്പെട്ടാണ് ഞാൻ അന്ന് മുംബൈയിൽ എത്തിയത്. ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിച്ചത് മുംബൈ സിനിമ വ്യവയാസത്തോടുള്ള എന്റെ അസ്വസ്ഥതയാണ്. നാസറുദീൻ ഷായെ പോലൊരു നടൻ നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അന്തരീക്ഷത്തെക്കുറിച്ചു സംസാരിച്ചപ്പോൾ, മുംബൈ സിനിമ ലോകത്തെ താരങ്ങളോ, ആദ്ദേഹത്തിന്റെ സുഹൃത്തുക്കളോ അദ്ദേഹത്തിനൊപ്പം നിലകൊണ്ടില്ല എന്നുള്ളതാണ്. പരിപൂർണ സെൻസർഷിപ്പ് ഉണ്ടായിരുന്ന കാലത്ത് എങ്ങനെയാണ് സിനിമ ദേശീയ പ്രസ്ഥാനങ്ങളെ സഹായിച്ചതെന്നുള്ളത് ഞാൻ അവരെ ഓർമിപ്പിച്ചു. ആസാദി എന്ന വാക്ക് അന്ന് ബ്രിട്ടീഷുകാർ ഒരിടത്തും ഉള്‍പ്പെടുത്താന്‍ അനുവദിച്ചില്ല. അപ്പോൾ സിനിമകൾ എന്താണ് ചെയ്തത്? ആ വാക്കിനെ സിനിമാ ഗാനങ്ങളിൽ ചേർത്ത് അവർ ആ വിലക്കിനെ മറികടന്നു. അശോക് കുമാർ പ്രധാന നടനായി എത്തിയ അന്നത്തെ പ്രസിദ്ധമായൊരു സിനിമ ‘നയാ സൻസാറി’ൽ (1941) ഒരു ഗാനമുണ്ട്, ‘ഏക് നയാ സൻസാർ ബാനയേം, ഐസ ഏക് സൻസാർ, ജിസ്മേ ധർത്തി ഹോ ആസാദ്, കി ജിസ്മേ ജീവൻ ഹോ ആസാദ്, കി ജിസ്മേ ഭാരത് ഹോ ആസാദ് (ഒരു പുതിയ ലോകം നിർമിക്കാം, സ്വാതന്ത്രയായൊരു ഒരു ലോകം നിർമിക്കാം, ജീവിതം സ്വന്തന്ത്രമായൊരു ലോകം, ഭാരതം സ്വാതന്ത്രമായൊരു ലോകം നിർമിക്കാം). എന്നിട്ട് ഞാൻ പറഞ്ഞു, ‘ഇപ്പോഴത്തെ നിങ്ങളെ നോക്കൂ.’
ഈ സന്ദർഭങ്ങളിൽ കഥാസാഹിത്യത്തിന്റെ കർത്തവ്യം എന്താണ്?
എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഒരു കഥാപാത്രത്തെ എടുത്ത് ഒരു പേജിൽ വയ്ക്കുമ്പോൾ, അത് അതിന്റെതായ ഒരു ജീവൻ ഉണ്ടാക്കി എടുക്കുകയാണ്. ഏകദേശം എന്റെ എല്ലാ കഥാപാത്രങ്ങളും അവരവരാൽ എഴുതപ്പെട്ടവരാണ്. വില്ലിയം ഫോൾക്നർ വളരെ പ്രസിദ്ധമായി പറഞ്ഞതു പോലെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ഒപ്പം എത്താൻ അദ്ദേഹം നന്നേ കഷ്ടപ്പെട്ടിരുന്നു. കലയെ സംബന്ധിച്ചിടത്തോളം ഈ ഒരു സര്‍ഗ്ഗശക്തിയെയാണ് ഏകാധിപതികൾ ഏറ്റവുമധികം ഭയക്കുന്നത്. കലയെ അവർക്ക് മനസിലാക്കാൻ സാധിക്കില്ല, എന്നാൽ അത് കലാകാരനെയും അതിജീവിക്കുമെന്ന് അവർക്കറിയാം. അതു കൊണ്ടു തന്നെ ഏകാധിപതികൾ കലയേയും കലാകാരന്റെ സർഗ്ഗശക്തിയെയും നിശബ്ദമാക്കാൻ ശ്രമിക്കുന്നു. സിനിമയും സിനിമയിലെ സർഗാത്മക കഥാപാത്രങ്ങളെയും അതു കൊണ്ടാണ് അവർ സെൻസർ ചെയ്യുന്നത്. എല്ലാ തരത്തിലുമുള്ള കലയാണ് ഈ കാലഘട്ടത്തിലെ നമ്മുടെ പ്രതീക്ഷ.
ഇന്നത്തെ കാലത്തിൽ പ്രതീക്ഷയുണ്ടോ?
ഇതിനോട് പോരാടണമെന്ന് എനിക്കറിയാം. ഞാൻ വളർന്നു വന്നൊരു സാഹചര്യം എന്നെ പഠിപ്പിച്ചതു വെച്ചു കലയ്ക്ക് വേണ്ടി തന്നെയാണ് ഞാൻ പ്രതിരോധിച്ചു നിൽക്കേണ്ടത് എന്നത് എനിക്ക് വ്യക്തമാണ്. അടിയന്തരാവസ്ഥകാലത്തും എന്നോട് ഞാൻ എന്തിനു എന്റെ കുടുംബത്തിന് എതിരായി നിൽക്കുന്നു എന്ന് ചോദിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പൈതൃകത്തെയാണ് അത് മുറിപ്പെടുത്തുന്നത് എന്നതായിരുന്നു എന്റെ മറുപടി. നെഹ്രുവിന്റെ പൈതൃകമാണ് എന്റെ പൈതൃകം, അതിനു വേണ്ടി ഞാൻ പോരാടി. അത് തന്നെയായിരുന്നു എന്റെ സഹജവാസനയും സാമാന്യ ബോധവും- പ്രതീക്ഷ കൈവിടാതെ പോരാടുക.
പൗരാണിക സങ്കല്പത്തിലെ പ്രഹ്ലാദനെ അഗ്നി സ്പർശിക്കുന്നില്ല. അടിച്ചമര്‍ത്തുവാൻ സാധിക്കാത്ത പ്രതീക്ഷ എന്ന ആശയം പകർന്നു നൽകാനാണോ നിങ്ങളുടെ കഥാപാത്രങ്ങളിൽ ഒന്നിന് അത്തരമൊരു പേര് നൽകിത്?
അതെ. ഹിരണ്യകശിപുവിന്റെ കഥയിൽ അഗ്നിക്ക് ദഹിപ്പിക്കാൻ സാധിക്കാത്ത കഥാപാത്രമാണ് പ്രഹ്ലാദൻ. എന്റെ കഥാപാത്രത്തിന്റെ ചേതനയെ തകർക്കാൻ അയാളുടെ കാലുകളെ കത്തിക്കുന്നുണ്ട്, പക്ഷേ അയാൾ അതിജീവിക്കുക തന്നെ ചെയ്യുന്നു.