കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതിയുടെ ചർച്ചയിൽ യുഎസ് പ്രതിനിധിയായി സംസാരിച്ച് മലയാളി വിദ്യാർത്ഥിനി. പ്രത്യേക പരിചരണം വേണ്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് എന്നിൽ സംസാരിച്ച് ശ്രദ്ധേയയായിരിക്കുകയാണ് ഫിലാഡെൽഫിയായിൽ താമസിക്കുന്ന മലയാളിയായ എയ്മിലിൻ തോമസ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനി.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നു പഠിച്ച കാര്യങ്ങൾ കൂടിയാണ് എയ്മിലിൻ തോമസ് യുഎൻ വേദിയിൽ പങ്കുവച്ചതെന്നാണ് കുട്ടികകളുടെ അവകാശത്തിനായുള്ള സമിതിയുടെ ചെയർപേഴ്സൺ മിക്കിക്കോ ഒടാനി പറഞ്ഞത്.
“’പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികൾ” എന്ന വിഷയം 17 വയസ്സുകാരിയായ എയ്‌മിലിന് സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ‘കാർഡിയോഫാസിയോ ക്യുട്ടേനിയസ് സിൻഡ്രോം’ എന്ന അപൂർവ ജനതിക മാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് എയ്മിലിന്റെ സഹോദരൻ ഇമ്മാനുവൽ തോമസ്. പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജ്ജിച്ച ജീവിതാനുഭവങ്ങൾ, എയ്‌മിലിനെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവതിയും വക്താവുമാക്കി മാറ്റുന്നതിന് വഴിയൊരുക്കി,”- എയ്‌മിലിനെ പരിചയപ്പെടുത്തിക്കൊണ്ട് മിക്കിക്കോ ഒടാനി പറഞ്ഞു.
ശശി തരൂർ എംപി അടക്കം നിരവധി പേർ എയ്‌മിലിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ട്വീറ്റിലൂടെയാണ് തരൂർ എയ്മിലിനെ പ്രശംസിച്ചത്.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആർസി) രണ്ട് വർഷത്തിലൊരിക്കൽ പൊതു ചർച്ചാ ദിനം നടത്താറുണ്ട്. അതിന്റെ ഭാഗമായുള്ള ഉദ്ഘാടന യോഗത്തിലാണ് എയ്മിലിൻ സംസാരിച്ചത്. കുട്ടികളുടെ അവകാശ സമിതിയുടെ ചെയർമാൻ, അസോസിയേറ്റ് ഡയറക്ടർ, യൂണിസെഫിന്റെ ആഗോള മേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സമിതിയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടന യോഗത്തിലെ മറ്റ് പ്രഭാഷകർ.

Read More: പിടി ഉഷയെ ഓടിത്തോല്‍പ്പിച്ച ‘ഏഴാം ക്ലാസുകാരി’; 44 വര്‍ഷം മുന്‍പത്തെ ഓർമയിൽ ലീല
സഹോദരൻ ഇമ്മാനുവലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് എനിക്ക് പ്രചോദനമായെന്ന് തന്റെ പ്രഭാഷണത്തിൽ എയ്മിലിൻ പറഞ്ഞു.
“സഹോദരൻ ഇമ്മാനുവലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് എനിക്ക് പ്രചോദനമായി; ആ ലക്ഷ്യത്തിലേക്ക് പ്രതിജ്ഞാബദ്ധയാകാൻ എനിക്ക് സ്വന്തം അനുഭവങ്ങൾ വഴിയൊരുക്കി. പീഡിയാട്രിക് സർജൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നു, കുട്ടികകളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളും,” എയ്മിലിൻ പറഞ്ഞു.
പ്രത്യേക പരിചരണം വേണ്ട കുട്ടികൾക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമാവുന്നില്ലെന്നും പ്രഭാഷണത്തിൽ പറയുന്നു.
“അമേരിക്കയിൽ താമസിക്കുന്നതിനാൽ, നല്ല ആരോഗ്യ ഇൻഷുറൻസും പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്കായി മികച്ച പദ്ധതികളും ഉള്ളതിനാൽ, നമ്മൾ വളരെ ഭാഗ്യമുള്ളവരാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അമേരിക്കയിലെ തന്നെ പാവപ്പെട്ട വരുമാനം കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്ന, പ്രത്യേക പരിചരണാവശ്യങ്ങളുള്ളവർക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമല്ല എന്നത് വസ്തുതയാണ്. ഉയർന്ന നിലവാരമുള്ള പരിചരണം എല്ലാവർക്കും ലഭ്യമാകണം. അത് നാം എത്ര പണം സമ്പാദിച്ചാലും, നാം എവിടെ താമസിച്ചാലും,” എയ്മിലിൻ പറഞ്ഞു.
ഫിലാഡെൽഫിയായിൽ താമസിക്കുന്ന പാലാ സ്വദേശി ജോസ് തോമസിന്റെയും മൂലമറ്റം സ്വദേശി മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്‌മിലിൻ.