നിറഞ്ഞ കുളത്തില്‍ എത്ര നേരം മുങ്ങിയാലാണ് ശുദ്ധിയാവുക? മൂക്കില്‍ വെള്ളം നിറഞ്ഞ്, ശ്വാസം കിട്ടാതെ ഓരോ തവണ നിവര്‍ന്നു വരുമ്പോഴും അമ്മ പറഞ്ഞു കൊണ്ടിരുന്നു, “പോര.” വേനല്‍ അവധിക്കാലത്ത് അമ്മാത്ത് പോകുമ്പോള്‍ മാസമുറ ഉണ്ടാവുകയാണെങ്കില്‍ മൂന്നു ദിവസത്തെ മാറ്റി നിര്‍ത്തലുണ്ടാവും. കുടുംബത്തിലെ കുളത്തില്‍ മുങ്ങിക്കുളിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപെടാനോ, മറ്റു ചര്യകള്‍ തുടരാനോ സാധിക്കൂ.
സാധാരണ കുളത്തില്‍ മുങ്ങുന്നത് പോലെയല്ല ഇത്. മുടി മുകളില്‍ കെട്ടിവച്ച്, ഏതാനും സെക്കന്റ് നേരത്തേക്ക് വെള്ളത്തില്‍ മുങ്ങണം. അപ്പോള്‍ ഒരു മുടിയിഴ പോലും വെള്ളത്തിന് മുകളില്‍ ആവാന്‍ പാടില്ല. അങ്ങനെ വന്നാല്‍, അപ്പോള്‍ തന്നെ അമ്മ അത് കണ്ടു പിടിക്കുകയും, “മുടി മുഴുവന്‍ ഉള്ളില്‍ പോയില്ല, ഒന്ന് കൂടി മുങ്ങൂ” എന്ന് പറയുകയും ചെയ്യും. ബാംഗ്ലൂരില്‍ ഞങ്ങളുടെ വീട്ടില്‍ തീര്‍ത്തും ‘റീസണബിള്‍’ ആയി പെരുമാറുന്ന അമ്മ ഇവിടെയെത്തുമ്പോള്‍ ഇങ്ങനെ പിന്തിരിപ്പനാവുന്നതെന്തിന് എന്ന് ഞാന്‍ അലറും. ഒടുവില്‍, പിഴച്ചു പോയ ഒരുപാട് മുങ്ങലുകള്‍ക്കപ്പുറം, എങ്ങനെയോ ശരിയായി മുങ്ങി നിവര്‍ന്ന് ദേഷ്യത്തോടെ ഞാന്‍ കുളപ്പടവുകള്‍ ചവിട്ടുമ്പോള്‍ അമ്മ പറയും, “ഇപ്പൊ ശുദ്ധമായി.”
ഒരു നാടിനേയും അവിടത്തെ മനുഷ്യരേയും, വിശ്വാസങ്ങളേയും, ലിംഗനീതി, ശുദ്ധി എന്നിവയെക്കുറിച്ചുള്ള അവരുടെ ധാരണകളേയുമെല്ലാം ശബരിമല കലക്കിമറിയ്ക്കുന്ന വേളയില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട വാക്കാണ് വിശ്വാസത്തിന്റെ ഭാഗവും അടിച്ചമര്‍ത്തലിന്റെ ആയുധവുമായ
‘ശുദ്ധം’ എന്ന വാക്ക്.
കുളത്തില്‍ നിന്നും മടങ്ങുന്ന വഴി, അമ്മ, ദേഷ്യപ്പെട്ടിരിക്കുന്ന രണ്ടാമത്തെ മകളോട് എന്തിനാണ് താന്‍ ഇത്ര ‘സ്ട്രിക്റ്റ്’ ആകുന്നതു എന്ന് വിശദീകരിക്കും. “ഇതൊരു തറവാടാണ്. ഇവിടെ ചില നിയമങ്ങളും ആചാരങ്ങളുമുണ്ട്. അതെല്ലാവരും പാലിക്കുന്നു. നിനക്ക് മാത്രമേ പരാതിയുള്ളൂ. ഇവിടെ ഭാഗവതിയുണ്ട്. അമ്മാമന് പൂജയുമുണ്ട്. തറവാട്ടിനോ നിനക്കോ ഒരു ദോഷവും സംഭവിക്കരുത്. ഇപ്പോള്‍ നീ നന്നായി ശുദ്ധയായി, ഇനി എന്ത് വേണമെങ്കിലും ചെയ്തോളൂ.”
അച്ഛന്റെ തറവാട്ടിലായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കൊണ്ട് കരച്ചിലിനിടയിലൂടെ ഞാന്‍ പറയും, “ഇനി ഒരിക്കലും ഞാന്‍ ഇങ്ങോട്ട് വരില്ല.” എന്തിനും എന്നും പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന മുത്തശ്ശിയും, പാലിക്കാന്‍ ഒരു നിയമവും ഇല്ലാത്ത സ്വതന്ത്ര രാജ്യമായിരുന്നു അച്ഛന്റെ വീട്. “ഇവിടെ ഇങ്ങനെയാണ്,” എന്ന് അമ്മയുടെ മറുപടി വരും.
വിശ്വാസം എന്നത് എന്നെ സംബന്ധിച്ച് ‘ടീസ്’ ചെയ്യപ്പെടേണ്ട ഒരു നേര്‍ത്ത വരയായിരുന്നു. ആരും കാണാത്തപ്പോള്‍ ഒരു ‘ഹോപ്സ്കാച്’ ചാട്ടം ചാടി, ഒറ്റക്കുതിപ്പിനു അപ്പുറത്ത് എത്താവുന്ന ഒരു വര. എന്നാല്‍ വരയുടെ നിയമങ്ങള്‍ പാലിച്ചു വളര്‍ന്നു, കാലക്രമേണ അതിന്റെ പാലകര്‍ ആയിത്തീര്‍ന്ന എന്റെ അമ്മ-അമ്മായിമാരെ സംബന്ധിച്ച്, അതൊരു ലക്ഷ്മണ രേഖ തന്നെയായിരുന്നു.
എന്റെ അമ്മാത്തെ രീതികള്‍ അനുസരിച്ച്, ഒരു സ്ത്രീയ്ക്ക് മാസമുറയുണ്ടായാല്‍ (തീണ്ടാരി എന്നാണു അവിടെ പറഞ്ഞിരുന്നത്), പിന്നെ അവര്‍ അതിനായി വീട്ടില്‍ മാറ്റി വച്ചിരിക്കപ്പെടുന്ന മുറിയിലേക്ക് മാറണം. നേരിയ ഒരു പായയായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക് കിട്ടിയിരുന്നത്. (ബാംഗ്ലൂര്‍ നിന്ന് വന്ന പെണ്കുട്ടികള്‍ക്ക് മാത്രമായിരുന്നു ഇത്. നാട്ടിലുള്ളവര്‍ക്ക് കൈതപ്പായ ആയിരുന്നു കൊടുത്തിരുന്നത്.) കൂടാതെ ഒരു പ്ലേറ്റ്, ഗ്ലാസ് എന്നിവയും തന്നിരുന്നു. അടുത്ത മൂന്നു ദിവസം, എന്റെ തീണ്ടാരി എന്നത് ആ വലിയ കൂട്ടുകുടുംബത്തിലെ പൊതു ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വിഷയമായി മാറും ആ മുറി വഴി കടന്നു പോകുന്ന എല്ലാവരും – കസിന്‍സ്, അമ്മാവന്മാര്‍, അമ്മായിമാര്‍, അമ്മൂമ്മ – കഴുത്തുള്ളിലേക്കിട്ട് , മൂലയില്‍ പായയില്‍ ഇരിക്കുന്ന എന്നെ നോക്കി “ഉമ തീണ്ടാരിയാണ്” എന്ന് ഉദ്‌ഘോഷിക്കും.
ആ നീണ്ട മങ്ങിയ ദിവസങ്ങളുടെ വിരസതയെ മുറിക്കുന്ന പ്രഭാത-ഉച്ച-രാത്രി ഭക്ഷണ വിളികള്‍ക്കായി ഞാന്‍ കാത്തിരിക്കും. അത് കേട്ടാല്‍ ഉടനെ എന്റെ പ്ലേറ്റും ടംബ്ലറുമെടുത്ത്, വീടിനു ചുറ്റുമായി നടന്ന്, വലിയ തീന്‍മുറിയുടെ കോണില്‍ അമ്മൂമ്മയോ അമ്മായിമാരോ ഭക്ഷണം വിളമ്പുന്നത് കാത്തു ഞാന്‍ ഇരിക്കും. അറിയാതെയെങ്ങാനും ഞാന്‍ തൊട്ടശുദ്ധമാക്കിയാലോ എന്ന് കരുതി, ഒരു ‘സേഫ് ഡിസ്ടന്‍സില്‍’ തവി പിടിച്ചാണ് വിളമ്പിയിരുന്നത്.
‘തീണ്ടാരി’യാവുമ്പോള്‍ ടിവി കാണാനും അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇവിടെയും, അവള്‍ വീടിനു പുറത്ത് കൂടെ നടന്നു വന്നു, തറയില്‍ ഇരുന്നു (സോഫയില്‍ അല്ല) കാണണം. അതും അടുത്തുള്ള ഒന്നുമായും സമ്പര്‍ക്കമുണ്ടാവാത്ത തരത്തില്‍ നൈറ്റി ചുരുട്ടിപ്പിടിച്ചു വേണം ഇരിക്കാന്‍. സന്ധ്യാ പൂജ ചെയ്യുന്ന കസിന്‍ അത് വഴി നടന്നു പോവുകയാണ് എങ്കില്‍, അവന്‍ തീണ്ടാരി കാണാതിരിക്കാന്‍ മുഖം മറച്ചു പിടിക്കും.
എന്നാല്‍ ആ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു, നാലാം ദിവസം പുലര്‍ച്ചെ കുളത്തില്‍ മുങ്ങി നിവരുമ്പോള്‍ ഈ കളങ്കമെല്ലാം മറക്കപ്പെടും. എന്റെ നിയന്ത്രണ വരകള്‍ മാഞ്ഞു, അവിടെ മറ്റൊരാളുടേത് തെളിയും. പായകള്‍ വീണ്ടും പുറത്തെടുക്കപ്പെടും, “അമ്മായി തീണ്ടാരിയാണ്’ എന്ന് ഉദ്ഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടാകും.
എന്റെ അവധിക്കാലത്തിനെ പിന്നീട് ഒന്നിനും തടസപ്പെടുതാനായില്ല. ബാക്കിയുള്ള വേനലവധിക്കാലം മുഴുവന്‍ ഏറെ സ്നേഹമുള്ള അമ്മായി-അമ്മാവന്‍മാരുടെയും പ്രിയപ്പെട്ട ഓര്‍മ്മകളുടെയും കൂടെയാണ് ചെലവഴിച്ചു. മാങ്ങ കടിച്ചു തിന്ന്, മുട്ടിലേക്ക് ഒഴുകി വരുന്ന പഴച്ചാറ് നക്കിത്തുടച്ച്, കുളത്തില്‍ നീന്തിത്തുടിച്ച്, മുടിയില്‍ നിന്നും പേന്‍ ചീകിയെടുത്ത്, അങ്ങനെ.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മാത്തും ഒരുപാട് മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ ഉള്ള നിയമങ്ങള്‍ അത്ര കര്‍ക്കശമല്ല എന്ന് അമ്മ പറയുന്നു. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, തിരിച്ചടിക്കുന്നു. പ്രായം ചെന്ന ഒരു അമ്മായി അടുത്തിടെ പറഞ്ഞു, “എനിക്കറിയാം അവര്‍ (ചെറുപ്പകാരികള്‍) എല്ലാം തൊടുന്നുണ്ട് (മാസമുറക്കാലത്ത്), പക്ഷേ ഞാന്‍ ഒന്നും പറയാറില്ല.”
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കണിശവും ചിട്ടയും പാലിച്ചിരുന്ന എന്റെ അമ്മാവന്‍, പുരോഗമനവാദിയും തീര്‍ത്തും ‘നോണ്‍-കമ്മ്യൂണലു’മായ ഒരു മനുഷ്യനാണ് എന്ന് ഞാന്‍ വഴിയെ തിരിച്ചറിഞ്ഞു. ശബരിമലയില്‍ കണ്ട രോഷം പൂണ്ട, മുറിവേറ്റ ഹിന്ദുവല്ല അദ്ദേഹം. വാട്ട്‌സാപ്പ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ കാണുന്ന, വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ക്രുദ്ധമായ ശരണം വിളികള്‍ കൊണ്ടും മസില്‍ പെരിപ്പിച്ചു കാണിക്കുന്ന ഈമോജികള്‍ കൊണ്ടും നേരിടുന്ന ആളുമല്ല. തന്റെ പൂജകള്‍, ലളിത ജീവിതം, റേഡിയോ എന്നിവയൊക്കെയായി സ്വന്തം രീതിക്ക് ജീവിതം നയിക്കുന്ന ആളാണ്. തറവാട്ടിന്റെ പടിക്കല്‍ വന്നു മാറ്റം മുട്ടി വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞ ആളുമാണ്. അടുക്കളയില്‍ സഹായത്തിനു അടുത്തിടെ ഒരു ‘കീഴ്ജാതി’ സ്ത്രീ, വര്‍ഷങ്ങളുടെ വിലക്ക് കടന്നെത്തിയത്, അദ്ദേഹത്തിന്റെ ഉറച്ച നിലപാട് കാരണമായിരുന്നു.
ഒന്നിനും വഴങ്ങാത്ത, വിട്ടുവീഴ്‌ചയില്ലാത്ത, ഇപ്പോള്‍ പലരും വരയ്ക്കാന്‍ ശ്രമിക്കുന്ന നേര്‍രേഖയല്ലായിരിക്കാം ചിലപ്പോള്‍ പാരമ്പര്യം എന്നത്. ഇത് പോലെ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്ന ഒന്നാകാം ഒരുപക്ഷേ അത്.
“കാര്യങ്ങളൊക്കെ മാറും, അതങ്ങനെയല്ലേ,” അമ്മ അടുത്തിടെ പറഞ്ഞു. അതിരുകള്‍ പുനർനിർമ്മിക്കപ്പെട്ടു കൊണ്ടുമിരിക്കും, അല്ലേ?