വളരെ വിരളമായി മാത്രമേ പ്രിയങ്കാ ഗാന്ധി അഭിമുഖങ്ങള്‍ അനുവദിച്ചിരുന്നുള്ളൂ, പ്രത്യേകിച്ച് വീഡിയോ അഭിമുഖങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അമ്മ സോണിയ ഗാന്ധി, ഇപ്പോള്‍ ആ പദവി വഹിക്കുന്ന സഹോദരന്‍ രാഹുല്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതത്തിനു ശക്തി പകര്‍ന്നു കൊണ്ട്, സ്വജീവിതത്തിന്റെ സന്തോഷങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്ന അവര്‍ക്ക് ലോകത്തോട് പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടായിരുന്നിരിക്കണം.
എന്നാല്‍ ഒരിക്കല്‍, അമ്മയുടെ മണ്ഡലമായ അമേഠിയിലെ, മധ്യാഹ്ന സൂര്യന്‍ നിഴലും വെളിച്ചവും പാകിയ ഒരു മരത്തണലില്‍ ഇരുന്ന്, പ്രിയങ്കാ ഗാന്ധി വധേര, എന്‍ ഡി ടി വി യുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖാ ദത്തിനോട് മനസ് തുറന്നു. 2009 ഏപ്രില്‍ 24ന് പബ്ലിഷ് ചെയ്യപ്പട്ട ആ അഭിമുഖം, പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ബര്‍ഖാ ദത്ത് ഇന്ന് തന്റെ ട്വിറ്റെറില്‍ ഷെയര്‍ ചെയിതിട്ടുണ്ട്.
Priyanka: My Life, My Politics. The only indepth interview she has ever done so far – as we both sat on the grass under a tree in amethi. If you want to know Priyanka the person, watch this- this is the full 26 minutes #PriyankaGandhi https://t.co/SC7aaGrwDP
— barkha dutt (@BDUTT) January 24, 2019
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് തന്നെയാണ് ആ അഭിമുഖത്തില്‍ പ്രധാനമായും അവര്‍ സംസാരിച്ചത്. തൊണ്ണൂറ്റിയൊന്‍പതിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് തന്റെ മനസ്സിലെ വലിയ ചോദ്യമായിരുന്നു എന്നും അതിനു ഉത്തരം കിട്ടാതെ ആയപ്പോള്‍ പത്തു ദിവസം വിപാസന മെഡിറ്റെഷനു പോയതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കുഞ്ഞുനാള്‍ മുതല്‍ തന്നെ അമ്മൂമ്മ ഇന്ദിരാ ഗാന്ധിയുമായുള്ള താരതമ്യം നേരിട്ടിരുന്ന പ്രിയങ്ക, അവരെപ്പോലെ തന്നെ ആകാന്‍ ആഗ്രഹിച്ചിരുന്നത് സ്വാഭാവികം. എന്നാല്‍ തന്റെ ഉള്ളിലേക്ക് നോക്കി, ‘ഞാന്‍ ഇന്ദിരാ ഗാന്ധിയല്ലല്ലോ, പ്രിയങ്കയല്ലേ?’ എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്നും ബര്‍ഖാ ദത്തിനോട് സംസാരിക്കവേ അവര്‍ വെളിപ്പെടുത്തി. എല്ലാവരും പറയുന്നത് താന്‍ അമ്മൂമ്മയെപ്പോലെ എന്നാണ്. എന്നാല്‍ താന്‍ അച്ഛനെപ്പോലെയാണ് എന്നാണ് തനിക്കു തോന്നിയിട്ടുള്ളത് എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അച്ഛന്‍ രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം സോണിയ ഗാന്ധി അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് വരേണ്ട സന്ദര്‍ഭം ഉണ്ടായപ്പോള്‍ കുറച്ചു നിമിഷത്തേക്കെങ്കിലും താന്‍ പതറിപ്പോയതായും പ്രിയങ്ക ഓര്‍ത്തു. അച്ഛനും അമ്മൂമ്മയ്ക്കും സംഭവിച്ചത് പൊതുജീവിതത്തില്‍ സജീവരായ അമ്മയ്ക്കും സഹോദരനും സംഭവിക്കും എന്ന് ഭയപ്പെട്ടിരുന്നു, എന്നാല്‍ പതിയെ ആ ഭയത്തെ അതിജീവിച്ചതായും അവര്‍ പറഞ്ഞു. അച്ഛന്‍ രാജീവ് ഗാന്ധിയുടെ മരണത്തില്‍ കുറ്റാരോപിതയായി ജയില്‍ ജീവിതം നയിക്കുന്ന നളിനിയെ പോയി കണ്ടതിന്റെ കാരണവും പ്രിയങ്കാ ഗാന്ധി അഭിമുഖത്തില്‍ വിവരിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ലോകത്തോട് മുഴുവന്‍ തനിക്ക് ദേഷ്യമായിരുന്നു എന്നും എന്നാല്‍ കാലം കടന്നു പോയപ്പോള്‍ അത് തണുത്തതെങ്ങനെ എന്നും അവര്‍ വിശദീകരിച്ചു, അച്ഛന്‍ ‘ജെന്റില്‍’ ആയിരുന്നു എന്നും.
“ഞാന്‍ ‘വിക്ടിം’ ആണ് എന്നൊരു തോന്നല്‍ വളരെക്കാലം ഉണ്ടായിരുന്നു. എന്നാല്‍ അവരെക്കണ്ടാപ്പോള്‍ മനസ്സിലായി. അവര്‍ക്ക് മാപ്പ് കൊടുക്കാന്‍ ഞാന്‍ ആരുമല്ല. കാരണം അവരും എന്നെപ്പോലെ തന്നെ മറ്റൊരു സാഹചര്യത്തിന്റെ വിക്ടിം ആണ്. ഞാന്‍ അനുഭവിച്ചതിനു തുല്യമോ അതില്‍ കൂടുതലോ സങ്കടം അവരും അനുഭവിക്കുന്നുണ്ട് എന്ന്.”

അഭിമുഖങ്ങളിലും അല്ലാതെയും തുടര്‍ച്ചയായി രാഷ്ട്രീയപ്രവേശനം ഇല്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടേയിരുന്ന പ്രിയങ്ക ഒടുവില്‍ സജീവരാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ഗോരഖ്പൂര്‍), പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരണാസി) എന്നിവരുടെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് ഉത്തര്‍പ്രദേഷാണ് പ്രിയങ്കയുടെ പ്രവര്‍ത്തനമേഖല. സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതും ബി ജി പി പത്തു ശതമാനം റിസര്‍വേഷന്‍ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന് വെല്ലുവിളിയാകും എന്ന സാഹചര്യത്തിലാണ് തങ്ങളുടെ ഏറ്റവും വിലപ്പെട്ട തുറുപ്പ് ചീട്ടായ പ്രിയങ്കാ ഗാന്ധിയെ അവര്‍ രംഗത്തിറക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം ഇനി ഉത്തര്‍പ്രദേശില്‍ ‘എന്തെങ്കിലും ചെയ്തേ മതിയാകൂ’ എന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍, ‘440 വോള്‍ട്ടുള്ള ഒരു ഷോക്ക്’ തന്നേക്കാം എന്ന് രാഹുല്‍ വാഗ്ദാനം ചെയ്തത്രേ.
പ്രിയങ്കയുടെ വരവ് എത്രത്തോളം ‘ഇലെക്ട്രിഫൈയിംഗ്’ ആകും എന്നത് കാത്തിരിന്നു കാണാം. പക്ഷേ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് പറയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ പ്രധാനപ്പെട്ടതാണ് എന്നാണ്; ഇത്രയും വലിയ ഒരു ‘ട്രമ്പ് കാര്‍ഡ്’ ഇറക്കാന്‍ മാത്രം പ്രധാനപ്പെട്ടത്. ഉത്തര്‍പ്രദേശിന് പുറത്തെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് പറയുന്നത്, പാര്‍ട്ടിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനം മറ്റൊരു ഗാന്ധിയുടെ വരവോടു കൂടി ഒന്ന് കൂടി ബലപ്പെട്ടിരിക്കുന്നു എന്നുമാണ്.
നാല്പത്തിയേഴുകാരി മകളെ സജീവ രാഷ്ട്രീയത്തിന്റെ ചുമതലകള്‍ ഏല്‍പ്പിച്ച്, (ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന) സോണിയാ ഗാന്ധി പിന്‍വാങ്ങും എന്നാണു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആക്കണം എന്ന് ഗുലാം നബി ആസാദ് 2017ല്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രേ.
“എന്നാല്‍ ഉചിതമായ സമയത്ത് ആ തീരുമാനം എടുക്കാന്‍ ആയിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ആളുകള്‍ക്ക് പ്രിയങ്കയെ നന്നായി അറിയാം. ഗാന്ധി കുടുംബത്തിനു അവിടെയുള്ള സമ്മതി, ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയ്ക്കുള്ള രൂപസാദൃശ്യം എല്ലാം കണക്കിലെടുക്കാവുന്നതാണ്. വലിയൊരു ക്രൌഡ് പുള്ളര്‍ കൂടിയാണ് പ്രിയങ്ക,” ഗുലാം നബി ആസാദ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുലിന് ഒരു വലിയ കൈത്താങ്ങാകും അവര്‍ എന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രെസ് പാര്‍ട്ടിയ്ക്ക് പ്രിയങ്കാ ഗാന്ധി ഒരു ‘അസറ്റ്’ ആണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചില്ലറയുമല്ല. പ്രിയങ്ക അച്ഛനെപ്പോലെയോ അമ്മൂമ്മയെപ്പോലെയോ അതോ അതില്‍ നിന്നുമെല്ലാം വ്യത്യസ്ഥയോ എന്ന് ഈ തെരഞ്ഞെടുപ്പ് കാലം പറയും.
