ജീവിതം സമ്മാനിക്കുന്ന പ്രതിബദ്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് മറികടക്കുന്ന, ജീവിതം തന്നെ പോരാട്ടമാക്കി മാറ്റി മാറ്റുന്ന മനുഷ്യരുണ്ട്. അത്തരമൊരു പോരാളിയാണ് പ്രഞ്ജാൽ പാട്ടീൽ. മഹാരാഷ്ട്രക്കാരിയായ പ്രഞ്ജാൽ പാട്ടീൽ ഇപ്പോൾ തിരുവനന്തപുരം സബ് കളക്ടറാണ്.
കാഴ്ചശേഷിയില്ലാഞ്ഞിട്ടും ഐഎഎസ് പദവിയിലെത്തിയ ആദ്യ സ്ത്രീ എന്നത് പ്രഞ്ജാലിനെ സംബന്ധിച്ച് യാദൃശ്ചികമായി തേടിയെത്തിയ ഒരു നേട്ടമല്ല. ഒരു ജീവിതകാലം കൊണ്ട് പ്രഞ്ജാൽ പൊരുതി നേടിയ ഒന്നാണത്. കേരള കേഡറിലെ കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാൽ. 2017 ഐഎഎസ് ബാച്ചിൽ നിന്നും പുറത്തിറങ്ങിയ പ്രഞ്ജാൽ കഴിഞ്ഞ വർഷം എറണാകുളം സബ് കള്ക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരം സബ് കളക്ടറായി പ്രഞ്ജാൽ ചുമതലേയറ്റത്.

ജന്മനാ കാഴ്ചശേഷിയില്ലാത്ത വ്യക്തിയായിരുന്നില്ല പ്രഞ്ജാൽ, ആറാം വയസ്സിലുണ്ടായ ഒരു അപകടമാണ് മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിനിയായ പ്രഞ്ജാലിന്റെ കാഴ്ച കവർന്നത്. ജീവിതം സമ്മാനിച്ച ദുരനുഭവത്തിൽ തളരാതെ പഠിച്ച് മുന്നേറി ഒടുവിൽ സിവിൽ സർവീസിൽ എത്തിച്ചേർന്ന പ്രഞ്ജാലിന്റെ ജീവിതം ഒരുപാട് പേർക്ക് മാതൃകയാക്കാവുന്ന ഒന്നാണ്.
കാഴ്ചശേഷി ഇല്ലാത്ത വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കമല മേഹ്ത്ത ദാദര്‍ സ്‌കൂളിലാണ് പ്രഞ്ജാല്‍ തന്റെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മുംബൈ സെന്റ് സേവ്യർസ് കോളേജിൽ നിന്നും ബിരുദവും ഡൽഹിയിലെ ജെഎൻയുവിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. എംഫിലും പിഎച്ച്ഡിയും പാസ്സായതിനു ശേഷമാണ് ഈ മുപ്പതുകാരി സിവിൽ സർവീസിൽ എത്തുന്നത്.
ആദ്യ ചാൻസിൽ സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും പിൻമാറാൻ കൂട്ടാക്കാത്ത പ്രഞ്ജാൽ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേടുന്നത്. 124-ാം റാങ്കായിരുന്നു പ്രഞ്ജാലിനു ലഭിച്ചത്. മസൂറിയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു പ്രഞ്ജാൽ പരിശീലനം നേടിയത്.
Read more: മലയാള സിനിമയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്; കാനിൽ പുരസ്കാരം കിട്ടിയ ഛായാഗ്രാഹക പറയുന്നു