scorecardresearch
Latest News

പൂർണിമ ഇന്ദ്രജിത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം

രാജ്യാന്തര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം വിതരണം ചെയ്യും

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Outstanding Women entrepreneur of Kerala award 2020, Pranaah, പ്രാണ, Indian express malayalam, IE Malayalam

തിരുവനന്തപുരം: കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡ് 2020 ന് (Outstanding Woman Entrepreneur of Kerala) നടി പൂർണിമ ഇന്ദ്രജിത്ത്, ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവർ അർഹരായി. അവാർഡ് വിവരങ്ങൾ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. മാര്‍ച്ച് ഏഴിന് വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്

ശ്രുതി ഷിബുലാല്‍

സ്ത്രീകള്‍ പൊതുവേ കടന്നു വരാത്ത വന്‍കിട ഹോട്ടല്‍ വ്യവസായ ശൃംഖലയില്‍ ധൈര്യസമേതം കടന്നുവന്ന് സ്വന്തമായൊരു ബ്രാന്റുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്റായ താമരലെഷര്‍ എക്‌സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ശ്രുതി. പ്രകൃതി സൗഹൃദ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദാഹരണമാണ് 2012ല്‍ ശ്രുതി ഷിബുലാല്‍ സ്ഥാപിച്ച താമര കൂര്‍ഗ്. കേരളത്തിലും ഈ ഗ്രൂപ്പിന് നിരവധി സംരംഭങ്ങളുണ്ട്.

ഷീല ജെയിംസ്

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, സ്ത്രീകള്‍ പൊതുവേ കടുന്നുവരാന്‍ മടിക്കുന്ന സമയത്ത് ടെക്‌സ്റ്റൈല്‍ ഡിസൈന്‍ രംഗത്ത് കടന്നു വരികയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത സംരംഭകയാണ് ഷീല ജെയിംസ്. ഒരു തയ്യല്‍ മെഷീനിന്റെയും ഒരൊറ്റ തയ്യല്‍ക്കാരന്റെയും സഹായത്തോടെയാണ് 1986 ല്‍ ഷീല തന്റെ സംരംഭം ആരംഭിക്കുന്നത്. ഇപ്പോള്‍ ‘സറീന ബോട്ടിക്ക്’ എന്ന സ്ഥാപനത്തിലൂടെ തലസ്ഥാന നഗരത്തിലെ വിവിധ തലമുറകളുടെ സ്ത്രീകളുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ശക്തിയായി മാറാനും ഷീല ജെയിംസിനു കഴിഞ്ഞു. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കരകൗശലത്തൊഴിലാളികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഷീല ജെയിംസിനു സാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഷീല നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest Women news download Indian Express Malayalam App.

Web Title: Poornima indrajith outstanding woman entrepreneur of kerala award 2020 kerala government