പണത്തിന്റെയും ഫാഷന്റെയും ലക്ഷ്വറിയുടെയുമെല്ലാം ലോകമാണ് പലപ്പോഴും മിസ് ഇന്ത്യ മത്സരവേദികൾ. ആ വേദിയിലേക്ക് സ്വപ്നങ്ങൾ ഇന്ധനമാക്കി, സമൂഹത്തിന്റെ താഴെതട്ടിൽ നിന്നും നടന്നുകയറിയ കഥയാണ് മന്യ സിങ് എന്ന ഉത്തർപ്രദേശ് സ്വദേശിനിക്ക് പറയാനുള്ളത്. മിസ് ഇന്ത്യ 2020 മത്സരത്തിൽ മാനസ വാരണാസി മിസ് ഇന്ത്യ പട്ടം നേടിയപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവർന്നത് റണ്ണർ അപ്പായ മന്യ സിങ്ങാണ്.
വർഷങ്ങളുടെ നിതാന്ത പരിശ്രമത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും വിജയകഥയാണ് മന്യയ്ക്ക് പറയാനുള്ളത്. ഉത്തർപ്രദേശിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ മന്യയെ സംബന്ധിച്ച് മിസ് ഇന്ത്യ മത്സരത്തിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല.
പലരാത്രികളും ഉറക്കവും ഭക്ഷണവുമില്ലാതെ താൻ കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് മന്യ പറയുന്നു. കൗമാരക്കാലത്തു തന്നെ ജോലി ചെയ്തു തുടങ്ങിയതിനാൽ മന്യയ്ക്ക് കൃത്യമായി സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. “എന്റെ കൈകളിലുള്ള വസ്ത്രങ്ങളെല്ലാം തുന്നിക്കൂട്ടിയവയായിരുന്നു. ഞാൻ പുസ്തകങ്ങൾക്കായി കൊതിച്ചു, പക്ഷേ ഭാഗ്യം എനിക്ക് അനുകൂലമായിരുന്നില്ല. ഒടുവിൽ എന്റെ മാതാപിതാക്കൾ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ ആഭരണം പണയം വച്ച് എന്റെ ബിരുദപരീക്ഷയ്ക്കുള്ള പരീക്ഷാഫീസ് അടച്ചു. എനിക്കു വേണ്ടി അമ്മ വളരെയധികം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്.”
പതിനാലാമത്തെ വയസ്സിൽ വീട്ടിൽ നിന്നും ഓടിപ്പോയ മന്യ പകൽ മുഴുവൻ ഇരുന്നു പഠിക്കും. വൈകുന്നേരങ്ങളിൽ വീടുകളിൽ പാത്രം കഴുകാൻ പോയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമായിരുന്നു ഉപജീവനം മന്യ നടത്തിയത്. ഓട്ടോറിക്ഷയ്ക്ക് കൊടുക്കേണ്ട പണം സേവ് ചെയ്യാനായി ഞാൻ മണിക്കൂറുകളോളം നടക്കുമായിരുന്നെന്നും മന്യ പറയുന്നു.
“എന്റെ അച്ഛനും അമ്മയ്ക്കും ഇളയസഹോദരനും പ്രത്യാശഭരിതമായൊരു നാളെ ഉണ്ടായിക്കാണാനും നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചാൽ അവ സാധ്യമാണെന്ന് ലോകത്തെ കാണിക്കാനും വേണ്ടിയാണ് ഞാനിന്ന് ഫെമിന മിസ് ഇന്ത്യ 2020ന്റെ ഈ വേദിയിൽ നിൽക്കുന്നത്.” റണ്ണർ-അപ്പ് കിരീടം നെറുകയിൽ ഏറ്റുവാങ്ങി മന്യ പറഞ്ഞതിങ്ങനെ. അതെ, മന്യ ഒരു പ്രചോദനമാണ്. സ്വപ്നങ്ങൾ പിന്തുടരാൻ ഒരുപാട് പേർക്ക് ജീവിതം കൊണ്ട് പ്രചോദനമായി മാറിയ പെൺകുട്ടി.