നീണ്ടു മെലിഞ്ഞ്, വെളുത്ത്, അഴകളവുകൾ ഒത്ത ശരീരം – മോഡലിംഗിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഫാഷൻ ലോകത്തിന്റെ മുൻഗണനകൾ ഈ ഘടകങ്ങൾക്ക് ഒക്കെ തന്നെയാണ്. ഇത് തന്നെയാണ് സമൂഹത്തിന്റെ പൊതുവില്‍ സൗന്ദര്യ മാനദണ്ഡങ്ങളാക്കി കണക്കാക്കുന്നതും. ഇതില്‍ നിന്ന് വ്യത്യസ്ഥമായ ശരീരഘടനയുള്ളവര്‍ക്ക് ഇത് പലപ്പോഴും അപകർഷതബോധത്തിനും ആത്മവിശ്വാസക്കുറവിനും കാരണമാവാറുണ്ട്.
കൊച്ചി ഇരുമ്പനം സ്വദേശിയായ ഇന്ദുജ പ്രകാശും കുറച്ചു വർഷങ്ങൾക്ക് മുൻപു വരെ അപകർഷതാബോധത്തിൽ മുങ്ങിപ്പോയൊരു പെൺകുട്ടിയായിരുന്നു. മനുഷ്യരുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളെ പരിഹസിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തിൽ ‘ബോഡി ഷേമിംഗ്’ എന്ന സാമൂഹികവിരുദ്ധതയ്ക്ക് നിരന്തരം ഇരയാകേണ്ടി വന്ന ഒരാള്‍.
ബസ് യാത്രകളിൽ, എത്ര നിന്നു കാലുകഴഞ്ഞാലും ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റ് കണ്ടാൽ അവിടെ പോയിരിക്കാൻ ഇന്ദുജ ഭയപ്പെട്ടു. താനിരുന്നാൽ തൊട്ടടുത്ത് പിന്നെ ആർക്കും സീറ്റ് തികയില്ലെന്ന ചിന്ത അവളെ എപ്പോഴും അലട്ടി. ‘നിനക്ക് വേണ്ടി രണ്ട് ടിക്കറ്റ് എടുക്കേണ്ടി വരുമല്ലോ,’ എന്ന് അപരിചിതരിൽ നിന്നു പോലും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇന്ദുജയ്ക്ക് പലപ്പോഴും. അപ്പോഴെല്ലാം ഒന്നും തിരിച്ചു പറയാതെ, ഉള്ളിൽ സങ്കടം ഒതുക്കി മുഖത്ത് ചിരി വരുത്താൻ ഇന്ദുജ കഷ്ടപ്പെട്ടു. സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും പോലും എപ്പോൾ വേണമെങ്കിലും തനിക്കു നേരെ ഉയരാൻ ഇടയുള്ള പരിഹാസങ്ങളെ ഭയന്നിരുന്ന ഒരാളായിരുന്നു ഇന്ദുജ ഒരിക്കൽ.
എന്നാൽ, ഇന്ന് കഥയാകെ മാറി. ഒരുപാട് പേർക്ക് പ്രചോദനമാവുന്ന ഒരാളായി ഇന്ദുജ പ്രകാശ് മാറിയിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ ‘പ്ലസ് സൈസ് മോഡൽ’ എന്ന് വേണമെങ്കിൽ ഇന്ദുജയെ വിശേഷിപ്പിക്കാം. സൈസ് സീറോ സുന്ദരികൾ അരങ്ങു വാഴുന്ന മോഡലിംഗ് രംഗത്ത് നൂറു വോൾട്ട് ചിരിയും ‘110 കിലോ ആത്മവിശ്വാസ’വുമായി ഇന്ദുജ നിൽക്കുമ്പോൾ തകർന്നു വീഴുന്നത് എന്നോ കാലാഹരണപ്പെട്ടു പോവേണ്ടിയിരുന്ന സമൂഹത്തിന്റെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ തന്നെയാണ്.
കളിയാക്കലുകളും സങ്കടങ്ങളും അവഗണനകളുമേറ്റ് കടന്നു വന്ന തന്റെ ‘പ്ലസ് സൈസ്’ ജീവിതത്തെ കുറിച്ചും മോഡലിംഗ് കരിയറിനെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ഇന്ദുജ.
“പാരമ്പര്യമായി വണ്ണമുള്ള കുടുംബമാണ് എന്റേത്. കുട്ടിക്കാലം മുതൽ തന്നെ ഞാനൊരു ‘ചബ്ബി’ കുട്ടിയായിരുന്നു. അതിന്റെ പേരിൽ ചെറുപ്പത്തിൽ ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ‘ഓടി നടക്കല്ലേ ഭൂമി കുലുങ്ങും’ എന്നൊക്കെയാവും പലപ്പോഴും പരിഹാസം. ആളുകൾ അവർക്ക് തോന്നുന്ന ഇരട്ടപ്പേരുകളും വിളിക്കും. ഭക്ഷണം കഴിക്കുന്നിടത്ത് പോലും അപമാനിക്കപ്പെട്ടിട്ടുണ്ട് പലപ്പോഴും. പക്ഷേ സത്യത്തിൽ അമിതമായി ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല എന്റേത്. ഇപ്പോഴും ഡോക്ടർമാർ പറയുന്നത്, തന്റെ ശരീരത്തിൽ രക്തം കുറവാണ്, നന്നായി ഭക്ഷണം കഴിക്കണം എന്നാണ്. തൈറോയ്ഡ് ആണ് എന്റെ കാര്യത്തിൽ വില്ലനായത്, ഒപ്പം പിസിഒഡി പ്രശ്നങ്ങളുമുണ്ട്. തൈറോയ്ഡ് ആണ് പ്രശ്നമെന്ന് ആദ്യം മനസ്സിലായില്ല. അറിഞ്ഞു കണ്ടു പിടിച്ചു വന്നപ്പോഴേക്കും ഞാൻ നന്നായി തടിച്ചിരുന്നു. 136 കിലോ ഉണ്ടായിരുന്നു ആദ്യം, അവിടുന്ന് 86 കിലോയിലേക്ക് കുറച്ചു കൊണ്ട് വന്നതാണ്. പിന്നെയും തൈറോയ്ഡ് പ്രശ്നമായതോടെ 110ൽ എത്തി,” ഇന്ദുജ പറഞ്ഞു തുടങ്ങി.
‘തൊട്ടപ്പൻ,’ ‘വികൃതി’ എന്നീ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിരുന്നുവെങ്കിലും മോഡലിംഗിനെ കുറിച്ച് ഗൗരവമായി ഇന്ദുജ ആലോചിച്ചു തുടങ്ങുന്നത്
ലോക്ക്ഡൗൺ കാലത്താണ്. “സിവിൽ എഞ്ചിനീയറിംഗാണ് ഞാൻ പഠിച്ചത്. ഡിപ്ലോമ നേടി കുറച്ചു കാലം ആ ഫീൽഡിൽ ജോലി ചെയ്തു. പിന്നെ അത് വിട്ട്, സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മണാലിയിൽ ചെറിയൊരു ഹോം സ്റ്റേ ബിസിനസ് തുടങ്ങി. അവിടെ വിന്റർ സീസൺ തുടങ്ങിയപ്പോൾ നാട്ടിലേക്ക് വന്നതായിരുന്നു ഞാൻ. അപ്പോഴേക്കും കോവിഡ് ആയി, ലോക്ക്ഡൗൺ ആയി. പിന്നെ തിരിച്ചു പോവാൻ കഴിഞ്ഞില്ല. എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. പണ്ടു മുതലേ അഭിനയിക്കാൻ ഇഷ്ടമാണ്, സിനിമയോട് പാഷനുമുണ്ട്. അതിനൊക്കെ മുന്നോടിയായുള്ള ഒരു സ്റ്റാർട്ട് അപ്പ് പോലെ മോഡലിംഗ് ചെയ്തു നോക്കാം എന്നു തോന്നി.
തടി കൂടിയവരോ നിറം കുറവുള്ളവരോ, അതിന്റെ അപകർഷത കൊണ്ടുനടക്കുന്നവരോ ഒക്കെയായി എന്നെ പോലെയുള്ള ഒരുപാട് പേരുണ്ട്. ഒരു സെൽഫിയ്ക്ക് പോലും ആത്മവിശ്വാസത്തോടെ പോസ് ചെയ്യാൻ കഴിയാത്തവർ. എന്നെ പോലൊരു വ്യക്തി അതിനെ ബ്രേക്ക് ചെയ്തു വന്നാൽ അത് ആര്‍ക്കെങ്കിലുമൊക്കെ ‘ഇൻസ്പിരേഷൻ’ ആവുമെന്ന് തോന്നി.
ഒരു സുഹൃത്ത് വഴിയാണ് മേക്ക് ഓവർ ആർട്ടിസ്റ്റായ ജസീന കടവിലിനെ പരിചയപ്പെടുന്നത്. ജൂലൈയിൽ ഞാൻ ചേച്ചിയെ വിളിച്ചു. മുൻപ് പലരെയും സമീപിച്ചിരുന്നെങ്കിലും ‘ഒന്നുകൂടെ തടി കുറച്ചിട്ട് പോരേ ഇന്ദൂ’ എന്ന് അവരൊക്കെ എന്നെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പക്ഷേ ജസീന ചേച്ചി, അതിനെന്താ നമുക്ക് ചെയ്യാമെന്നാണ് ആദ്യം തന്നെ പറഞ്ഞത്. ആ വാക്കുകൾ തന്നെ പോസിറ്റിവിറ്റി ചെറുതല്ല… ഞങ്ങളുടെ ആദ്യത്തെ ഫോട്ടോഷൂട്ട് തന്നെ വൈറലായി. കുറേ നല്ല അഭിപ്രായങ്ങളും കിട്ടി. ഇപ്പോൾ ധാരാളം അവസരങ്ങൾ വരുന്നുണ്ട്. അടുത്തിടെ ഒരു ബ്രാൻഡിന്റെ മോഡലാവാൻ പറ്റി. അതൊക്കെ വലിയ സന്തോഷമാണ്.,” ജീവിതത്തിലെ ടേണിംഗ് പോയിന്റിനെ കുറിച്ച് ഇന്ദുജ പറഞ്ഞു.
“നമ്മുടെ കേരളത്തിൽ ഇപ്പോഴും മോഡലിംഗിനെ കുറിച്ചുള്ള കൺസെപ്റ്റ് പറയുമ്പോൾ നല്ല നിറം വേണം, മെലിഞ്ഞ് നീണ്ട്, സീറോ സൈസ് വേണം എന്നൊക്കെയാണ്. ഇപ്പോഴും ഐശ്വര്യാ റായിയെ താരതമ്യപ്പെടുത്തിയാണ് മോഡൽ രംഗം ചിന്തിക്കുന്നത്. അതിൽ നിന്നൊരു മാറ്റം വേണം എന്നെനിക്ക് തോന്നി. ആത്മവിശ്വാസമുണ്ടെങ്കിൽ ആർക്കും പറ്റാവുന്ന ഒന്നാണ് മോഡലിംഗ് എന്നു തെളിയിക്കണമെന്നും. നിന്നെ കൊണ്ട് ഈ വണ്ണം വെച്ച് എന്തു ചെയ്യാൻ പറ്റും എന്നു ചോദിച്ചവർക്കുള്ള മറുപടി ആയാണ് ഞാനിപ്പോൾ എന്റെ കരിയറിനെ കാണുന്നത്.
നോർത്ത് ഈസ്റ്റിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം ധാരാളം പ്ലസ് സൈസ് മോഡലുകളുണ്ട്. കേരളത്തിൽ മാത്രമാണ് പരസ്യവിപണി ഇപ്പോഴും സൈസ് സീറോ കൺസെപ്റ്റിൽ പോവുന്നത്. എന്തിന്, നമ്മുടെ സിനിമകളിൽ പോലും പലപ്പോഴും വണ്ണമുള്ള വ്യക്തിയെ ഒരു കോമാളിയായാണ് ചിത്രീകരിക്കുന്നത്. അതൊക്കെ അത്തരം ആളുകളിൽ ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ ഏറെയാണ്. എനിക്കും ഒരു കാലത്ത് വളരെ അപകർഷതാബോധമായിരുന്നു. പുറത്തിറങ്ങുമ്പോൾ ചുരിദാർ മാത്രം ഇടുന്ന, രണ്ടു ഭാഗത്തും ഷാളു കുത്തുന്ന, മറ്റുള്ളവർ എന്നെ നോക്കുന്നുണ്ടോ കളിയാക്കുന്നുണ്ടോ എന്നൊക്കെ ടെൻഷൻ കൊണ്ടു നടന്നിരുന്ന ആളായിരുന്നു ഞാൻ.”
എന്നെ മാറ്റിയ യാത്രകൾ
“എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് എന്നു പറയുന്ന വർഷം 2016 ആണ്. കൊച്ചിക്കാരി ആയിരുന്നിട്ടും അതു വരെ കൊച്ചി പോലും മുഴുവൻ കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു ഞാൻ. എനിക്ക് കുറച്ചു സ്ഥലങ്ങൾ കാണണം എന്ന് ആഗ്രഹം തോന്നുന്നത് 2016ൽ ആണ്. വീട്ടുകാരോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് ഭർത്താവോ ഒക്കെ കൊണ്ടു പോയിട്ട് ലോകം കാണാനായി കാത്തിരിക്കേണ്ട, ഞാൻ തന്നെ ഇനീഷേറ്റീവ് എടുക്കണമെന്ന് തോന്നിയപ്പോൾ ഞാൻ യാത്ര ചെയ്യാൻ തുടങ്ങി. ആ യാത്രകളാണ് ജീവിതത്തിൽ എനിക്ക് ആത്മവിശ്വാസം തന്നത്. കേരളത്തിൽ മാത്രമേ ഉള്ളൂ, ബോഡി ഷേമിംഗ് ചെയ്ത് നമ്മളെ ഇത്രയും അസ്വസ്ഥരാക്കുന്ന ആൾക്കൂട്ടവും തുറിച്ചുനോട്ടങ്ങളുമൊക്കെ.
എന്തിനാ മോളിങ്ങനെ വണ്ണം വയ്ക്കുന്നത്? രാവിലെ എണീറ്റ് ഇത്തിരി നാരങ്ങാനീരോ കുമ്പളങ്ങാനീരോ കഴിച്ചൂടെ? എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഇവിടെയാണ് ഉള്ളത്. ഒരു പരിചയമില്ലാത്ത ആളുകൾ വരെ അടുത്ത് വന്ന് തടി കുറയ്ക്കാനുള്ള ഉപദേശം തന്നിട്ടുണ്ട്. എന്ത് വണ്ണമാണ്, വൃത്തികേടാണ് എന്നൊക്കെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. പുറത്തൊന്നും പക്ഷേ ആളുകൾ നമ്മളെ അങ്ങനെയല്ല കാണുന്നത്. നോർത്തിലൊക്കെ പോവുമ്പോൾ, പ്രായമായ സ്ത്രീകളൊക്കെ വന്ന് സ്നേഹത്തോടെ കവിളിൽ പിടിച്ചിട്ട് ‘ക്യൂട്ട് ആൻഡ് ചബ്ബി ഗേൾ’ എന്ന് പറയും. അവരുടെ മനോഭാവം അങ്ങനെയാണ്. പത്തു പേരുടെ ഇടയിൽ നിൽക്കുമ്പോൾ ഇവിടുന്ന് കേൾക്കുന്ന കമന്റുകളും ഉപദേശങ്ങളുമൊന്നും ആ യാത്രകളിൽ ഞാൻ കേട്ടിട്ടില്ല.
ഇപ്പോൾ എനിക്ക് സന്തോഷമേയുള്ളൂ. ഈ ശരീരത്തിലും വണ്ണത്തിലും ഞാൻ ഹാപ്പിയാണ്. ചേച്ചിയ്ക്ക് പറ്റുമെങ്കിൽ ഞങ്ങൾക്കും പറ്റും എന്നൊക്കെ ചില കുട്ടികൾ മേസേജ് ചെയ്യും. അതു കാണുന്നതേ സന്തോഷമാണ്. ജീവിതത്തിന് തന്നെ ഒരു അർത്ഥം തോന്നുന്ന നിമിഷങ്ങളാണ് അത്. ഞാനെന്ന വ്യക്തി ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തി പോവാനാണ് ഞാനാഗ്രഹിക്കുന്നത്. മുൻപ് എന്റെ തടിയെ കളിയാക്കിയവർ ഇപ്പോൾ ഇന്ദൂ, നിനക്ക് ഈ വണ്ണമാണ് ഭംഗിയെന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്റെ നെഗറ്റീവുകളൊക്കെ ഞാൻ പോസിറ്റീവ് ആക്കുകയാണ്. സോഷ്യൽ മീഡിയയിലും ഉറച്ച പിന്തുണ നൽകുന്ന ഒരുപാട് പേരുണ്ട് ഇന്ന്.”
ഫേസ്ബുക്ക് പ്രൊഫൈൽ സ്റ്റാറ്റസിൽ കുറിച്ചതു പോലെ, സമൂഹത്തിന്റെ ബ്യൂട്ടി സ്റ്റാൻഡേർഡുകൾക്ക് അനുസരിച്ച് സമരസപ്പെടാനും നിരാശപ്പെടാനും നിൽക്കാതെ ‘ദൈവം തന്ന ഈ കൊച്ചുജീവിതം അടിച്ചുപൊളിച്ചങ്ങു ജീവിക്കുന്ന’ തിരക്കിലാണ് ഇന്ദുജ ഇപ്പോൾ.