തിരുവനന്തപുരം: ഒരു വശത്ത് സ്ത്രീശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ വേണ്ടുവോളം നടക്കുന്നു, മറുവശത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവുകളൊന്നും ഉണ്ടാകുന്നുമില്ല. ഇതാണ് ക്രിസ്റ്റി ജോൺസൺ എന്ന സ്വിസ് വനിതയെ സ്ത്രീകൾക്കായി ഒരു താമസ സ്ഥലം എന്ന ചിന്തയിലേക്കെത്തിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് സഞ്ചാരികളായ സ്ത്രീകൾക്കായി ‘പിങ്ക് റൂം’ ഒരുങ്ങി.
സ്വിറ്റ്സർലൻഡ് സ്വദേശിയായ ക്രിസ്റ്റിൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളായി. വനിതാ വിനോദസഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ സംസ്ഥാന തലസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയൊരു സേവനം ആരംഭിക്കാൻ ക്രിസ്റ്റി തീരുമാനിച്ചത്.
Christe Jhonson, Director, Select Rooms says, “At ‘Pink Rooms’, safety of women travellers is given priority. Concept is part of woman empowerment where we’ve only female staff. We’ve made a space where women feel comfortable & safe. We give int’l standard professional services.” https://t.co/fLF2lol4un pic.twitter.com/QF9T7avZal
— ANI (@ANI) November 30, 2019
‘സെലക്ട് റൂം’ എന്ന പദ്ധതിയുടെ മേധാവികളിൽ ഒരാളാണ് ക്രിസ്റ്റി ജോൺസൺ. ഈ പദ്ധതിക്കു കീഴിലാണ് പിങ്ക് റൂം സേവനവും ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളായ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകണമെന്നതാണ് പിങ്ക് റൂം എന്ന ആശയം കൊണ്ട് താൻ ഉദ്ദേശിക്കുന്നതെന്ന് അവർ പറയുന്നു.
“വനിതാ വിദേശ ടൂറിസ്റ്റുകൾ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഐടി പ്രൊഫഷണലുകളും ഈ മുറികൾ തിരഞ്ഞെടുക്കുന്നുണ്ട്,” ക്രിസ്റ്റിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
അവിടെ താമസക്കാരായെത്തുന്ന സ്ത്രീകൾക്ക് എല്ലാവിധ സേവനങ്ങളും ഇവർ നൽകുന്നുണ്ട്. സിസി ടിവി ക്യാമറകൾ, മുഴുവൻ സമയ പരിചാരകർ, വസ്ത്രം കഴുകാനാുള്ള ആളുകൾ, ഭക്ഷണം തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്.
“ഭക്ഷണം നൽകുന്നതിനാൽ സ്ത്രീകൾക്ക് അതിനായി പുറത്തുപോകേണ്ട ആവശ്യം വരുന്നില്ല. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും പിങ്ക് റൂം സർവീസ് തുടങ്ങാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ട്,” ക്രിസ്റ്റി ജോൺസൺ പറയുന്നു.