കഴിഞ്ഞ നാളുകളില്‍ സൈബറിടത്തും പുറത്തും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു എഴുത്തുകാരി കെ.ആര് മീരയും തൃത്താല എം.എൽ.എ വി.ടി ബല്‍റാമും തമ്മില്‍ ഫെയ്സ്ബുക്കില്‍ നടന്ന വാഗ്വാദം. എന്തിനാണ് മീര ബല്‍റാമിനോട് കൊമ്പുകോര്‍ത്തത്? സോഷ്യല്‍ മീഡിയയിലെ മുഖമില്ലാത്തവരോട് സംവദിക്കേണ്ടതുണ്ടോ? രാഷ്ട്രീയ-സാംസ്കാരിക കേരളം എങ്ങനെയാണ് ഈ വിവാദത്തോട് പ്രതികരിച്ചത്? ഒരു സ്ത്രീ പൊതുവിടത്തില്‍ അഭിപ്രായം പറയുമ്പോള്‍ ആര്‍ക്കാണത് അസ്വസ്ഥതയുണ്ടാക്കുന്നത്? ഇത്തരം പ്രതികരണങ്ങള്‍ വരും നാളുകളിലും തുടരേണ്ടതിന്റെ ആവശ്യകത എന്ത് എന്നീ ചോദ്യങ്ങള്‍ക്ക് തന്റെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയാണ് കെ.ആര്. മീര.
വി.ടി ബല്‍റാമിനെ അങ്ങോട്ട് ചെന്ന് പ്രകോപിപ്പിച്ചു എന്നാണല്ലോ ആരോപണം?
ഈ വിഷയം വാര്‍ത്തയാക്കിയ എല്ലാ പത്രമാധ്യമപ്രവര്‍ത്തകരും ബോധപൂര്‍വ്വമോ അല്ലാതെയോ പ്രചരിപ്പിച്ചത് അങ്ങനെയാണ്. വെറുതെയിരുന്ന നിഷ്കളങ്കനും സദാചാരനിരതനുമായ എം.എല്‍.എയെ ‘പോ മോനേ ബാലരാമാ’ എന്നു ഞാന്‍ വിളിച്ചു ; അതില്‍ വ്രണിത ഹൃദയനായി അദ്ദേഹം എന്നെ ‘പോ മോളേ മീരേ’ എന്ന് ഭേദഗതിയോടെ വിളിക്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു, വികൃതിക്കുട്ടികളായ കോണ്‍ഗ്രസുകാര്‍ ഉടനെ ഭേദഗതിയോടെ സംബോധന ചെയ്തു. അങ്ങനെയല്ല, മറിച്ച്, വി.ടി. ബല്‍റാം ആണ് വെറുതെയിരുന്ന എന്നെ ‘കെ. ആര്. മീര വല്ലതും മൊഴിഞ്ഞോ’, ‘സാഹിത്യനായിക അര്‍മാദിക്കുകയാണ്’ എന്നും മറ്റും അധിക്ഷേപിച്ചത്. പെരിയയിലെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. വെട്ടിക്കൊലപ്പെടുത്തിയതില്‍ ഞാന്‍ പ്രതിഷേധിച്ചില്ല എന്നു വരുത്താനായിരുന്നു ആദ്യ പോസ്റ്റ്. ഞാന്‍ പ്രതിഷേധിച്ചിരുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ എം.എല്‍.എ സ്വന്തം കമന്റ് തെറ്റിപ്പോയി എന്നു സമ്മതിക്കേണ്ടതാണ്. പക്ഷേ, അങ്ങനെ തെറ്റു സമ്മതിക്കാന്‍ സാധിക്കുന്ന ആളല്ല, തൃത്താല എം.എല്‍.എ. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് തീവ്രത പോരാ എന്ന് ആരോപിച്ച് ബല്‍റാം വീണ്ടും അധിക്ഷേപിച്ചു. അതിനു താഴെ വന്ന തെറിവിളികളാണ് വാസ്തവത്തില്‍ ഒരു മറുപടി കൊടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഭാവിസാഹിത്യനായികമാരോട് എന്നു തുടങ്ങുന്ന ആ മറുപടിയില്‍ ഞാന്‍ വ്യക്തമാക്കിയത് ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെ വളര്ന്നവളല്ല എന്നാണ്. അതിന്റെ അവസാന വരി മാത്രമാണ് പോ മോനേ, ബാലരാമാ എന്നത്.
ബാല ‘ഡാഷ്’ രാമ എന്നു വിളിച്ചു എന്നാണ് എം.എല്‍.എയുടെ പരാതി?
ഞാന്‍ എഴുതിയത് ‘ബാല-രാമ’ എന്നാണ്. ബാല ഹൈഫന് രാമ. പ്രൂഫ് റീഡിങ്ങില്‍ ഞാന്‍ പഠിച്ചിട്ടുള്ളത് അതിന്റെ അര്‍ത്ഥം ബാലനായ രാമന് എന്നാണ്. ഡാഷ് വേറെ, ഹൈഫന് വേറെ. അല്ലാതെ എനിക്ക് അക്ഷരത്തെറ്റ് വന്നതോ എംഎല്‍എയുടെ പേര് ബാലരാമന് എന്ന് മാറ്റിയതോ അല്ല. ബാലനായ രാമന് എന്നത് എന്നു മുതലാണു തെറിയായത്? അദ്ദേഹത്തിന്റെ ബാലത്വത്തെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചത്. ഈ ബാലത്വത്തെ ആദ്യമായി അഡ്രസ്സ് ചെയ്യുന്നത് ഞാനല്ല, എന്‍.എസ് മാധവനാണ്. അദ്ദേഹം ബാലകറാം എന്നാണ് വിളിച്ചത്. അത് എം.എല്‍.എയെ വേദനിപ്പിച്ചില്ല. കാരണം എന്‍.എസ് മാധവന് ഒരു പുരുഷനാണ്. കുട്ടി എന്നാണ് എം.എല്‍.എയെപ്പറ്റി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. ഈ നാട്ടിലെ പക്വതയുള്ളവര്‍ക്കെല്ലാം ഈ എം.എല്‍.എയ്ക്കു കുറച്ചു കുട്ടിത്തവും പക്വതക്കുറവും ഉണ്ടെന്നു തോന്നുന്നുണ്ട്. പക്ഷെ ഒരു സ്ത്രീ ‘പോ മോനെ ബാല-രാമ’ എന്നു വിളിച്ചത് തെറി വിളിയായി. ‘പോ മോനെ ദിനേശാ’ എന്നത് ഇവിടുത്തെ ആണ്‍ബോധത്തിന്റെ ഒരു വലിയ സ്റ്റേറ്റ്മെന്റാണ്. അതു പൗരുഷത്തിന്റെ വലിയൊരു ബിംബം സൃഷ്ടിച്ച നായകന് സിനിമയില്‍ പറഞ്ഞതാണ്. അതൊരു സ്ത്രീക്ക് പറയാന്‍ യാതൊരു യോഗ്യതയുമില്ല എന്നത് ഇവിടുത്തെ 15 വയസുള്ള ആണ്‍കുട്ടികള്‍ മുതല്‍ 100 വയസുള്ള പുരുഷ കേസരികള്‍ വരെ വിശ്വസിക്കുന്നു. അവര്‍ നാമം ജപിക്കാന്‍ പറയുമ്പോള്‍ നാമം ജപിക്കുന്ന, നിരത്തിലിറങ്ങാന്‍ പറയുമ്പോള്‍ ഇറങ്ങുന്ന, ചോദ്യം ചോദിക്കാത്ത, കാത്തിരിക്കാന്‍ തയ്യാറാണ് എന്നു പറയുന്ന സ്ത്രീയാണ് നല്ല സ്ത്രീ. ചോദ്യം ചെയ്യുന്നവളും പരിഹസിക്കുന്നവളും അതേ ഭാഷയില്‍ തിരിച്ചടിക്കുന്നവളും അവരെ അസ്വസ്ഥരാക്കും. അങ്ങനെയുള്ള സ്ത്രീയെ അവര്‍ തെറി വിളിച്ചു നിശ്ശബ്ദയാക്കും. സൗകര്യത്തിനു കിട്ടിയാല്‍ കൂട്ടബലാല്‍സംഗം ചെയ്യും. കാരണം, അവള് അതൊക്കെ അര്‍ഹിക്കുന്നു.
കെ.ആര് മീരയുടെ വാക്കുകള്‍ക്ക് പ്രസക്തിയുള്ളതുകൊണ്ടാണ് ‘കെ.ആര് മീര വല്ലതും മൊഴിഞ്ഞോ എന്ന് ചോദിച്ചത്’ എന്നാണ് വി.ടി ബൽറാം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നെ അസ്വസ്ഥതപ്പെടുത്തുന്നത് ഈ കാപട്യമാണ്. എഴുത്തുകാരുടെ മൗനത്തെ കുറിച്ചുള്ള ആരോപണത്തിനു മറുപടിയായിരുന്നു എന്റെ പോസ്റ്റ് എന്നും ബല്‍റാം വളച്ചൊടിക്കുന്നുണ്ട്. എം.എല്‍.എ. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഇപ്പോള്‍ മാത്രമാണോ എം.എല്‍.എയ്ക്ക് രാഷ്ട്രീയ കൊലപാതകങ്ങള്‍ ക്രൂരമായി തോന്നിയത്? 1984ലെ സിഖ് കലാപം രാഷ്ട്രീയ കൊലപാതകമായിരുന്നില്ലേ? ‘വന്മരങ്ങള് വീഴുമ്പോള്‍ കുറച്ച് ഭൂമിയും കുലുങ്ങും,’ എന്ന് വളരെ നിസ്സാരമായി രാജീവ് ഗാന്ധി പറഞ്ഞത് രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കലായിരുന്നില്ലേ? ബല്‍റാം എം.എല്‍.എ ആയതിനു ശേഷം ഒന്ന് ആഞ്ഞു ശ്രമിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെയും ആര്.എസ്.എസിന്റെയും എല്ലാ കൊലപാതകങ്ങളും എന്നേക്കുമായി അവസാനിപ്പിക്കാമായിരുന്നല്ലോ? രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങള്‍ ദിവസേന ഇവിടെ സംഭവിക്കുന്നുണ്ട്. കൊലചെയ്യപ്പെടുന്ന ഓരോ ജീവന് വേണ്ടിയും എഴുത്തുകാരുടെ ഹൃദയം പിടയുന്നുണ്ട്. അങ്ങനെ പിടയാത്ത ഒരാളെയും എഴുത്തുകാരിയോ എഴുത്തുകാരനോ ആയി ഞാന്‍ കണക്കാക്കുന്നില്ല. പെരിയ സംഭവത്തില്‍ ബല്‍റാമിന്റെ രോഷം ഇലക്ഷന് സ്റ്റണ്ട് മാത്രമാണ്. ഫെയ്സ്ബുക്കില്‍ എന്റെ പ്രതികരണത്തിന് ശക്തി പോരെന്ന് അധിക്ഷേപിക്കുമ്പോള്‍ ബല്‍റാം പെരിയയില്‍ പോയിട്ടില്ല. സൈബര്‍ ലിഞ്ചിങ്ങിനു ക്ഷമ ചോദിക്കാന്‍ വിളിച്ച അഡ്വ. ടി. സിദ്ദിഖിനോടു ഞാന്‍ ചോദിച്ചു, ‘വി.ടി. ബല്‍റാം പെരിയയില്‍ വന്നിരുന്നോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘ആദ്യ ദിവസം കണ്ടില്ല പിന്നെ എപ്പോഴെങ്കിലും ചെന്നിരുന്നോ എന്ന് അറിയില്ല’ എന്നാണ്. ഏതായാലും ഫെയ്സ്ബുക്കില്‍ ഇതു സംബന്ധിച്ച പടങ്ങളൊന്നും കാണാത്തതുകൊണ്ട് പോയിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കണം, കെ. പി. സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്, ഈ ഫെയ്സ്ബുക്ക് യോദ്ധാക്കളെ പാര്‍ട്ടിയുടെ പരിപാടികള്‍ക്കു കിട്ടുന്നില്ല എന്ന്. സ്വന്തം കുറ്റബോധം മറികടക്കാനുള്ള ശ്രമമാണ് ബല്‍റാം നടത്തുന്നത്. കൈയ്യടികള്ക്കുവേണ്ടിയുള്ള പ്രതിച്ഛായ നിര്‍മ്മിതി. രാഷ്ട്രീയമെന്നാല്‍ പകുതി പ്രതിച്ഛായ നിര്‍മാണവും മറുപകുതി അതു മറ്റുള്ളവരെ വിശ്വസിപ്പിക്കുകയുമാണ് എന്ന് Hannah Arendt പറഞ്ഞിട്ടുള്ളതാണ് എനിക്ക് ഓര്‍മ്മ വരുന്നത്.
ഫെയ്സ്ബുക്കില്‍ വളരെ സജീവമായി ഇടപെടുന്ന ഒരു ജനപ്രതിനിധിയാണ് ബല്‍റാം. സോഷ്യൽ മീഡിയയിലെ പ്രതിച്ഛായാ നിർമ്മിതിയും തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
ബല്‍റാം വലിയ വായനയൊക്കെ ഉള്ള ആളാണെന്നാണ് കേള്‍വി. ആ ചെറുപ്പക്കാരന് തന്റെ അണികളെ തൃപ്തിപ്പെടുത്തുന്ന ആണ്ബിംബത്തിന്റെ പ്രചാരകനും പ്രായോജകനുമാണ്. അതു കൊണ്ടാണു തനിക്കു തെറ്റു പറ്റി എന്നു തിരിച്ചറിയുമ്പോഴും മാപ്പു പറയാനോ ഖേദം പ്രകടിപ്പിക്കാനോ ബല്‍റാമിനു സാധിക്കാതെ പോകുന്നത്. അത് തന്റെ ഫാന്‍സിനെ നിരാശപ്പെടുത്തും എന്നു ബല്‍റാം ഭയക്കുന്നുണ്ട്. സൂപ്പർസ്റ്റാറിന്റെ മീശപിരിക്കുന്ന സിനിമകളാണ് ഫാന്‍സിന് ആവശ്യം. അത്തരം സിനിമകള്‍ ഇറക്കിയില്ലെങ്കില്‍ സൂപ്പർസ്റ്റാറിന് സൂപ്പര്‍ സ്റ്റാറായി നിലനില്‍പ്പില്ല. ഫാന്‍സിന് നടനെ വേണ്ട, ബിംബത്തെ മതി. അങ്ങനെ ഒരു ബിംബമായി മാറാനാണ് വി.ടി ബല്‍റാം ആഗ്രഹിക്കുന്നത്. സി.പി.എമ്മിന്റെ കുത്തകമണ്ഡലമായിരുന്നു തൃത്താല. അവിടെ ബല്‍റാം ജയിക്കുന്നത് സി.പി.എം വിഭാഗീയതയുടെയും ആര്.എസ്.എസ്. വോട്ടുകളുടെയും ബലത്തിലാണ് എന്നാണു ഞാന്‍ വായിച്ചിട്ടുള്ളത്. ചുരുക്കത്തില്‍, വി.ടി. ബല്‍റാം ഒരു പാരഡോക്സിക്കല്‍ എം.എല്‍.എ ആണ്.
ബല്‍റാമിനെ മുമ്പും വിമര്‍ശിച്ചിരുന്നല്ലോ?
അത് ആദരണീയനായ എ.കെ.ജിയെ തേജോവധം ചെയ്തപ്പോഴാണ്. വിദ്യാസമ്പന്നനും കോണ്‍ഗ്രസിന്റെ കരുത്തനായ യുവനേതാവും എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷയോടെ കണ്ടിരുന്നതാണു വി.ടി.ബല്‍റാമിനെ. അങ്ങനെ ഒരാള്‍ എ.കെ.ജിയെ അധിക്ഷേപിച്ചതിനു മാപ്പ് പറയേണ്ടതായിരുന്നു. പക്ഷേ പറഞ്ഞില്ല. ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു ‘ബല്‍റാം മാപ്പു പറയണം എന്ന് ഞാന്‍ ആവശ്യപ്പെടില്ല. കാരണം മാപ്പ് പറയാന്‍ നാം ആണ്‍കുട്ടികളെ പരിശീലിപ്പിച്ചിട്ടില്ലല്ലോ എന്ന്. അന്നുമിന്നും ഈ ‘ആണ്‍കുട്ടി’ എന്ന സ്വത്വ നിര്‍മിതിയുടെ ബലിയാടായിട്ടേ എനിക്ക് ആ ചെറുപ്പക്കാരനെ കാണാന്‍ കഴിയുന്നൂള്ളൂ. കാരണം, ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും എ.കെ.ജിയെ അവഹേളിച്ചതില്‍ തെറ്റു പറ്റി എന്നു സമ്മതിക്കാനുള്ള സത്യസന്ധത ബല്‍റാം കാണിച്ചില്ല. എ.കെ.ജി. ആയാലും എഴുത്തുകാരായാലും ആളുകള്‍ ഇഷ്ടപ്പെടുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് പാരഡോക്സിക്കല്‍ നേതാക്കളുടെ പൊതു രാഷ്ട്രീയതന്ത്രം. പക്ഷേ, ഇന്നലെത്തന്നെ മുല്ലപ്പള്ളി രാമചന്ദ്രന് ആ വിഷയത്തെക്കുറിച്ചു സംസാരിച്ചത് എങ്ങനെയെന്നു നോക്കണം, വ്യത്യാസം മനസ്സിലാക്കാന്‍. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എ.കെ.ജിയെ നെഹ്രുവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ പേരില്‍ മുല്ലപ്പള്ളി എത്ര ആദരവോടെയാണ് ഓര്‍മ്മിച്ചത്. എ.കെജിയെ കുറിച്ചു ബല്‍റാം നടത്തിയ അഭിപ്രായപ്രകടനത്തില്‍ തനിക്കു വേദനയുണ്ടായി എന്നാണു മുല്ലപ്പള്ളി പറഞ്ഞത്.
ഈ വിഷയം റിപ്പോർട്ട് ചെയ്യപ്പെട്ട രീതി തീര്‍ത്തും ഏകപക്ഷീയമായിപ്പോയി എന്ന് തോന്നുന്നുണ്ടോ?
ഞാന്‍ ജോലി ചെയ്ത സ്ഥാപനമാണ് മലയാള മനോരമ. ഫാക്ച്വല് കറക്ട്നെസ് ആണ് പ്രഫഷനലിസത്തിന്റെ അടിത്തറ എന്നൊക്കെ എന്നെ പഠിപ്പിച്ച സ്ഥാപനമാണ്. അവരാണ് ഫാക്ച്വലി ഇന്‍കറക്ട് ആയി ഈ വാര്‍ത്ത കൂടുതല്‍ പ്രചരിപ്പിച്ചത്. ‘ബല്‍റാമിനെ മീര അധിക്ഷേപിച്ചു; ഉരുളയ്ക്ക് ഉപ്പേരിയായി ബല്‍റാമിന്റെ മറുപടി’ എന്നാണു മനോരമ ഓണ്‍ലൈനിലും മനോരമ ന്യൂസിന്റെ സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടത്. ഉരുളയ്ക്ക് ഉപ്പേരിയായി ആര്‍ക്കെങ്കിലും മറുപടി കൊടുക്കണമെങ്കില്‍ സ്വീകരിക്കേണ്ട മാതൃക മനോരമ നല്‍കിയില്ല എന്ന പരാതി വേണ്ട. മനോരമ ന്യൂസിന്റെ ഒരു പരിപാടിയില്‍ പ്രമോദ് രാമന് എന്ന അവതാരകന് ഇതെക്കുറിച്ചു ടി.പി. രാജീവന്, അശോകന് ചരുവില്‍ എന്നിവരോടു ചോദിക്കുന്നത് ‘വാഴപ്പിണ്ടി സമരത്തോടു കെ.ആര്.മീര പ്രതികരിച്ച രീതി, കെ.ആര്.മീരയോടു വി.ടി. ബല്‍റാം പ്രതികരിച്ച രീതി’ എന്നാണു തുടങ്ങുന്നത്. കേട്ടാല്‍ എന്താണു തോന്നുക? യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമരം നടത്തിയതിന് ഞാന്‍ എം.എല്‍.എയോടു ‘പോ മോനേ ബാലരാമാ’ എന്നു പറഞ്ഞു എന്നല്ലേ?
കെ.ആര് മീര ‘ഈ ലെവലിലേക്ക്’ താഴേണ്ടിയിരുന്നില്ല എന്നും അഭിപ്രായപ്പെടുന്നവരുണ്ട്
ഞാന്‍ ഒരു ഉത്തമ പുരുഷ എം.എല്‍.എയുടെ ലെവലിലേക്ക് ഉയരാന്‍ ശ്രമിക്കുകയല്ലേ? എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു എം.എല്‍.എയോടുള്ള യുദ്ധമല്ല. മറിച്ച് സ്ത്രീകള്‍ക്കു രാഷ്ട്രീയ സംവാദത്തിനുള്ള ഇടം ഒരുക്കുകയാണ്.
ആദ്യമായല്ല ഇത്തരത്തില്‍ സ്വന്തം ഫെയ്സ്ബുക്ക് പേജിലോ അല്ലാതെയോ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമല്ലേ നേരിടേണ്ടി വന്നത്?
സൈബര്‍ ആക്രമണത്തെ കുറിച്ച് ഞാന്‍ ബോധവതിയാകുന്നത് മൂന്നോ നാലോ അനുഭവങ്ങളിലൂടെയാണ്. ആദ്യത്തേത് 2015ല്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. പ്രക്ഷോഭത്തിന്റെ സമയത്ത്. ആ സമയത്ത് ഞാന്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാനായി ഡല്‍ഹിയിലായിരുന്നു. പുരസ്കാരം വാങ്ങി വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഇതിനെക്കുറിച്ചു പ്രതികരണം ചോദിച്ചു. ‘യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതില്‍ യോജിപ്പില്ല’ എന്നു ഞാന്‍ പറഞ്ഞു. ‘അവിടെ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് എന്താണ് അഭിപ്രായം’ എന്ന ചോദ്യത്തിന്, ‘അങ്ങനെ നടന്നെന്ന് കരുതുന്നില്ല’ എന്നും. ആ ദിവസമാണ് എന്റെ ഫെയ്സ്ബുക്ക് പേജില്‍ ആദ്യമായി ആക്രമണം ഉണ്ടാകുന്നത്. അന്ന് അതൊരു ഷോക്ക് ആയി. അതുവരെ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ഐ.ടി. സെല്ലുകളെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രായത്തിലുള്ള ഒരു എഴുത്തുകാരിയോട് വളരെ ചെറുപ്പക്കാരായ ആളുകള്‍ക്ക് എങ്ങനെ ഈ വിധത്തില്‍ പെരുമാറാന്‍ സാധിക്കുന്നു എന്നത് എന്നെ ചിന്തിപ്പിച്ചു. പിന്നീട് അവിടെ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ല എന്ന് തെളിഞ്ഞു. നമ്മുടെ പ്രധാനമന്ത്രി പോലും ഒരു ക്ഷണവുമില്ലാതെ പാക്കിസ്ഥാനില്‍ പോയി അവിടുത്തെ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് അവിടുന്ന് ചായയും കുടിച്ച് വരുന്നത് കണ്ടു. പക്ഷേ, എന്നെ അന്നു തെറിവിളിച്ചവരാരും അതു പിന്‍വലിച്ചില്ല. ഇപ്പോള്‍ യുദ്ധത്തിന്റെ സമയത്ത് അതു പിന്‍വലിക്കുമെന്നു പ്രതീക്ഷയും ഇല്ല.
അടുത്ത അനുഭവം വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ചപ്പോഴാണ്. ഒരു നടി നഗരമധ്യത്തില്‍ ആക്രമിക്കപ്പെടുകയും, ഒരു പ്രധാന നടന് അതിന്റെ ഗൂഢാലോചനയില്‍ ഭാഗമായി എന്ന് പൊലീസുകാര്‍ തെളിവ് സഹിതം സമര്‍ത്ഥിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ഒരു സംഘടനയെ പിന്താങ്ങി ഒരു കുറിപ്പ് എഴുതിയതാണു കാരണം. അന്നു ഞാന്‍ തെറിവിളിച്ചവരുടെ പ്രൊഫൈലുകള്‍ പരിശോധിച്ചു. ചില ആളുകള്‍ വളരെ നിഷ്കളങ്കമായി അറിവ് കേടു കൊണ്ടും മറ്റു ചിലര്‍ അഭിപ്രായം പറയുന്നത് ഒരു സ്ത്രീയായതു കൊണ്ടും ആക്രമിക്കുകയാണ് എന്നു മനസ്സിലായി. ഈ രണ്ടാമത്തെ വിഭാഗത്തെയാണ് എനിക്ക് പഠിക്കാന്‍ ആഗ്രഹം.
എടുത്തുപറയേണ്ട മറ്റു രണ്ട് അനുഭവങ്ങള്‍ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചതും ശബരിമല വിധിയെ സ്വാഗതം ചെയ്തതുമാണ്. അപ്പോഴാണ് മനസിലാക്കുന്നത് സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ജാതിമതഭേദമന്യേ മലയാളി ഒറ്റക്കെട്ടാണെന്ന്. അതില്‍ സ്ത്രീകളുമുണ്ട്, പുരുഷന്മാരുമുണ്ട്, ട്രാന്‍സ് ജെണ്ടര്‍ വ്യക്തികളുമുണ്ട്. സ്ത്രീയുടെ അവകാശത്തിന് വേണ്ടി മതത്തേയോ ജാതിയേയോ തൊട്ടുകളിക്കുമ്പോള്‍ അവര്‍ക്ക് ഏത് വിധം പൊള്ളുന്നു എന്നതു പഠിക്കാന്‍ സാധിച്ചു.ആദിവാസി മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചപ്പോഴും കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചപ്പോഴും ഇട്ട പോസ്റ്റുകള്‍ക്കു നേരെയും സൈബര്‍ ആക്രമണമുണ്ടായി. പക്ഷേ, അതൊക്കെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാലു താങ്ങി, പിണറായിയുടെ ചെരുപ്പുനക്കി എന്നൊക്കെ വിളിച്ചു കൊണ്ടാണ്. എന്നാല്‍ ശരിക്കുള്ള തെറിവിളി നേരിട്ടത് എ.കെ. ആന്റണിയേക്കാള്‍ ആദര്‍ശധീരനും കെ. കരുണാകരനേക്കാള്‍ ഭക്തവല്‍സലനുമായ ഈ എം.എല്‍.എക്കു മറുപടി നല്‍കിയപ്പോഴാണ്. എം.എല്‍.എയുടെ ശൗര്യവും ആത്മാര്‍ത്ഥതയും ആള്‍ബലവും കാണുമ്പോള്‍ ഈ നാട്ടില്‍ എല്‍.ഡി.എഫ്. എങ്ങനെ ഭരണത്തിലെത്തി എന്നതാണ് എനിക്കു മനസ്സിലാകാത്തത്. തെറിവിളിക്കുന്നവരൊക്കെ വോട്ടു ചെയ്തിരുന്നെങ്കില്‍ യു.ഡി.എഫ്. നൂറ്റിനാല്പതു സീറ്റും പാട്ടും പാടി ജയിച്ചേനെ.
ഒരുപക്ഷത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നു എന്ന പ്രതീതിയില്‍ നിന്നായിരിക്കില്ലേ ഈ പ്രതിഷേധം?
എഴുത്തുകാര്‍ക്ക് അതത് കാലത്തെ കക്ഷി രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചുള്ള പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. എഴുത്തുകാര്‍ക്ക് നിലപാട് അല്ല, പ്രിന്സിപ്പിള്ഡ് സ്റ്റാന്‍ഡ് ആണു വേണ്ടത്. എഴുതിയില്ല എന്നതുകൊണ്ട് നിലപാട് മാറുന്നില്ല. എല്ലാ വിഷയങ്ങളിലും പ്രതികരണം ഒരേ പോലെ എഴുതണം എന്ന് ആവശ്യപ്പെടുന്നത് എഴുത്ത് എന്താണ് എന്ന് അറിയാത്തതുകൊണ്ടാണ്.
മുഖം പോലുമില്ലാത്ത ഫെയ്ക് പ്രൊഫൈലുകളുടെ അധിക്ഷേപങ്ങള്‍ക്കു മറുപടി നല്‍കേണ്ടതുണ്ടോ?
ആദ്യ ഘട്ടത്തില്‍ ഞാന്‍ കമന്റുകള്‍ക്കൊന്നും മറുപടി കൊടുത്തിരുന്നില്ല. പക്ഷേ, പിന്നീട് എനിക്ക് ഇവരെ പരിചയപ്പെടണമെന്ന് ആഗ്രഹം തോന്നി. മാത്രമല്ല, ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പോയപ്പോള്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയും പ്രേരണയായുണ്ട്. ആ കുട്ടി പറഞ്ഞത്, ഫെയ്സ് ബുക്കില്‍ ഞാന്‍ ചിലര്‍ക്ക് കൊടുക്കുന്ന മറുപടി കണ്ടപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത് എങ്ങനെ എന്നു മനസ്സിലായി എന്നാണ്. എല്ലാവര്ക്കും മറുപടി കൊടുക്കുന്നത് പ്രായോഗികമല്ലെങ്കിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇടപെടുന്ന ആളുകളുമായി സംവദിക്കുക എന്നത് ഇപ്പോള്‍ ഒരു ദൗത്യമാണ്. അല്ലാതെ ഇവരുമായി നേര്‍ക്കുനേരെ ഒരു സംവാദത്തിന് അവസരമില്ല. പക്ഷേ, ആണ് അഹന്തയുടെ അഴിഞ്ഞാട്ടത്തിന്റെ ഏറ്റവും ഭീകരമായ വേര്‍ഷനാണ് ഈ എംഎല്‍എയുടെ വിഷയത്തില്‍ ഞാന്‍ കണ്ടത്.
കുരീപ്പുഴയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതികരിച്ചു, എന്നാല്‍ ഷുഹൈബ് വധക്കേസില്‍ പ്രതികരിച്ചില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അത്ര നിസാരമായി അവഗണിക്കാവുന്ന ഒന്നാണോ?
അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതകങ്ങളെ കുറിച്ചു ഞാന്‍ സാധാരണ എഴുതാറില്ല. കാരണം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാലത്ത് കേരളത്തില്‍ അന്നോളം ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. മിക്കവാറും പാര്‍ട്ടികള്‍ക്കു ചില നേതാക്കളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുണ്ട് എന്നു പറയപ്പെടുന്നു. അവര്‍ക്ക് കില്ലര്‍ ഗ്രൂപ്പുകളുണ്ട്. ഈ ഗ്രൂപ്പുകളെ പരസ്പരം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യാറുണ്ട്. സമീപകാലത്ത് നമ്മെ നടുക്കിയ പല കൊലപാതകങ്ങളിലേയും പ്രതികള്‍ സിപിഎമ്മുകാരാണ്. അത് പാര്‍ട്ടിക്ക് സംഭവിക്കുന്ന അപചയമാണ്. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും എം.വി. ജയരാജനും ഉള്‍പ്പെടെ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്ന വേദിയില്‍ ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പലതവണ ഞാന്‍ സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. എന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ 1998ല്‍ പാനൂരിലെ ചലച്ചിത്ര താരങ്ങളുടെ ഉപവാസത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നല്ലോ. അതില്‍ മലയാള സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്തു കണ്ണൂരുകാരനായ ശ്രീനിവാസന് ഒഴികെ. അദ്ദേഹം എന്തു കൊണ്ടു പോയില്ല എന്ന് ഞാന്‍ അന്വേഷിച്ചു. ശ്രീനിവാസന്റെ മറുപടി ഇതായിരുന്നു ഞാന്‍ കണ്ണൂരുകാരനാണ്. ഒരു ദിവസമല്ല, ജീവിതം മുഴുവന്‍ ഉപവാസം നടത്തിയാലും അവിടുത്തെ സ്ഥിതി മാറുകയില്ല എന്ന് ഉപവാസം നടത്തിയവര്‍ക്ക് അറിയില്ല, എനിക്ക് അറിയാം. അതുകൊണ്ടു പോയില്ല.
സംഘപരിവാറിന്റേയും വി.ടി ബല്‍റാമിന്റേയും അനുകൂലികള്‍ കെ.ആര് മീരയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം ഒന്നു തന്നെയാണ്. കെ.ആര് മീര സിപിഎമ്മിന്റെ വക്താവാണ് എന്ന്.
ഞാന്‍ എങ്ങനെ സിപിഎമ്മിന്റെ വക്താവാകുന്നു എന്നെനിക്ക് മനസിലാകുന്നില്ല. ഒരു പക്ഷേ, ഇലക്ഷന് സമയത്ത് പിണറായി വിജയന് ബ്രണ്ണന്‍ കോളേജിലെ സഹപാഠികള്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തതുകൊണ്ടാകാം. ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പല കാര്യങ്ങളെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എങ്കിലും തുല്യനീതിയെ കുറിച്ച് വ്യാകുലപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് മതിപ്പു തോന്നിയ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, നടി ആക്രമിക്കപ്പെട്ട കേസിലും കന്യാസ്ത്രീ പീഡന കേസിലും ശബരി മല കേസ് വിധിയിലും എല്‍.ഡി.എഫ്. സ്വീകരിച്ച നടപടികള്‍. ഈ സംഭവങ്ങള്‍ സമൂഹത്തിന് നല്കുന്ന ഒരു സന്ദേശമുണ്ട്. അതു പ്രോഗ്രസീവ് ആയ ഒരു സമൂഹത്തിനു വിലപ്പെട്ടതാണ്. അതിനര്‍ത്ഥം ഞാന്‍ ഈ ഗവണ്മെന്റിന്റെ എല്ലാ ചെയ്തികളെയും ന്യായീകരിക്കുന്നു എന്നല്ല. പരിസ്ഥിതി പ്രശ്നങ്ങളില്‍, ആദിവാസി പ്രശ്നങ്ങളില്‍ ഒക്കെ ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടുകളില്‍ എനിക്കു കഠിനമായ നിരാശയുണ്ട്.
എങ്കിലും ഇടതുപക്ഷത്തോടാണ് കൂടുതല്‍ കൂറ്, അല്ലേ?
എം.ബി.രാജേഷ് എം.പിയുടെ പത്രസമ്മേളനത്തില്‍ മീര അധിക്ഷേപിച്ചിട്ടല്ലേ ബല്‍റാം തെറി വിളിച്ചത് എന്നു ചോദിച്ച് ആക്രമിച്ച പത്രപ്രവര്‍ത്തകര്‍ ഉണ്ട്. ബല്‍റാം എനിക്ക് എതിരേ എഴുതിയ ആദ്യ പോസ്റ്റുകളും അതിനു താഴെയുള്ള കമന്റുകളും ശ്രദ്ധിക്കാത്തതുകൊണ്ടാകാം, ആ ചോദ്യം ഉണ്ടായത്. അതിന് രാജേഷ് എം.പി. നല്കിയ മറുപടി കൃത്യമായിരുന്നു : ‘മീര ഇത് അര്‍ഹിക്കുന്നില്ലേ എന്നാണു നിങ്ങള്‍ ചോദിക്കുന്നതിന്റെ അര്‍ത്ഥം. അതു തന്നെയല്ലേ നിര്‍ഭയ കേസിലെ പ്രതികളും ചോദിച്ചത്?’ എന്ന്. ഈ വിധത്തില്‍ പ്രോഗ്രസീവ് ആയ ബോധം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ ഇടതുപക്ഷത്തുള്ളതുകൊണ്ടാണു മിക്കവാറും എഴുത്തുകാര്‍ അവരോടൊപ്പം നില്‍ക്കുന്നത്. അതില്‍ വി.ടി. ബല്‍റാമിനും അണികള്‍ക്കും അസഹിഷ്ണുതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് കൂടുതല്‍ പുരോഗമനപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്.
വി.ടി. ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സ്ത്രീവിരുദ്ധം എന്നു തള്ളിക്കളഞ്ഞു. മാത്രമല്ല, കെ.ആര് മീരയുടെ പോസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരായ ഒരു വിലാപമാണെന്നും പറഞ്ഞു. അത് ശ്രദ്ധയില്‍ പെട്ടിരുന്നോ?
അദ്ദേഹത്തോട് നന്ദിയുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു വിവേകവും പക്വതയും നഷ്ടപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചു. എന്റെ വായനക്കാരനാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കു ഞെട്ടലുണ്ടായി. കാരണം, കോണ്‍ഗ്രസുകാര്‍ എന്ന് അവകാശപ്പെടുന്നവരുടെ പതിനായിരക്കണക്കിന് തെറിവിളികള്‍ കേട്ടിട്ടിരിക്കുകയാണല്ലോ ഞാന്‍. വായിക്കുന്ന ഒരാളായതുകൊണ്ടാണ് അദ്ദേഹത്തിനു പെരിയയില്‍ ശരത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഹൃദയത്തില്‍നിന്നു കരച്ചില് വന്നത് എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടാണ്, അദ്ദേഹത്തിനു തെറി വിളിക്കരുത് എന്നു പറയാന്‍ കഴിയുന്നത്. ഇരട്ടക്കൊലയെ അപലപിച്ചു ഞാന്‍ എഴുതിയ കുറിപ്പ് വായിച്ച് കെപിസിസി ട്രഷറര്‍ ജോണ്സണ് ഏബ്രഹാമാണ് എന്നെ ആദ്യം വിളിച്ച് നന്ദി പറഞ്ഞത്. പിന്നീട് ബല്‍റാമിന്റെ മോബ് ലിഞ്ചിങ് ആഹ്വാനം വന്നു കഴിഞ്ഞും ജോണ്സണ് ഏബ്രഹാം വിളിച്ചിരുന്നു. അഡ്വക്കേറ്റ് ടി.സിദ്ദിഖ് ആണ് എനിക്ക് അനുകൂലമായി പരസ്യമായി പ്രതികരിച്ചത്. എം.എം.മണിയെയും എസ്. രാജേന്ദ്രനെയും സി.പി.എം. ശാസിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യബോധം അങ്ങനെയാണു പ്രകടിപ്പിക്കേണ്ടത്.
മലയാളത്തില്‍ ഒരു എഴുത്തുകാരി ഇത്രയേറെ സൈബര്‍ ആക്രമണത്തിന് വിധേയയാകുന്നത് ഇതാദ്യമായാണ്. എഴുത്തുകാരുടെ ഫ്രറ്റേണിറ്റിയില്‍ നിന്നും പ്രതിഷേധ സ്വരങ്ങളൊന്നും കേട്ടില്ല?
എന്തു ഫ്രറ്റേണിറ്റി? പി.കെ. പാറക്കടവും അശോകന് ചെരുവിലും ഒഴികെ, ആണ്, പെണ് എഴുത്തുകാര്‍ ഇതറിഞ്ഞതായി ഭാവിച്ചിട്ടില്ല. പക്ഷേ, അതില്‍ അദ്ഭുതപ്പെടാനില്ല. സ്വന്തം തടികേടാകുന്ന ഒരു പ്രശ്നത്തിലും നമ്മുടെ എഴുത്തുകാര്‍ ഇടപെടാറില്ല. ഹരീഷിന്റെ പുസ്തകത്തിന് എതിരേയുള്ള ആക്രമണം നോക്കൂ. ഹരീഷിന് അനുകൂലമായി ഒരു ധര്‍ണ നടത്താനെങ്കിലും പത്ത് എഴുത്തുകാരന്മാര്ക്കു തോന്നിയോ ? ഹരീഷിന് അനുകൂലമായി ലേഖനമെഴുതിയത് ഞാന്‍ മാത്രമാണ്. അതു ഹരീഷ് ആവശ്യപ്പെട്ടിട്ടല്ല. അന്നു ഹരീഷ് എന്നെ വിളിച്ചു നന്ദി പറഞ്ഞിരുന്നു. സ്വന്തം പുസ്തകങ്ങളെ ബാധിക്കും എന്ന അവസ്ഥ വന്നപ്പോള്‍ മറ്റെല്ലാവരും നിശ്ശബ്ദരായി, മീര മാത്രമേ എഴുതിയുള്ളൂ എന്ന്. അപ്പോള്‍ അതാണ് അവരില്‍ പലരുടെയും ധാര്‍മികതയും എഴുത്തിനോടും സഹഎഴുത്തുകാരോടുമുള്ള സമീപനവും.
വി.ടി ബല്‍റാമിന്റേയും കെ.ആര് മീരയുടേയും പ്രതികരണം ഒരുപോലെ അശ്ലീലമാണ് എന്നു ടി.പി രാജീവന് അഭിപ്രായപ്പെട്ടല്ലോ?
നേരത്തെ പറഞ്ഞ പൊതുബോധത്തിന്റെ ഒരു ടിപ്പിക്കല്‍ എക്സാംപിള് ആണ് ടി.പി. രാജീവന്. ‘എന്തിനാണ് ഇവര്‍ ഈ ഫെയ്സ്ബുക്കില്‍ പ്രസ്താവനകള്‍ ഇടുന്നത്, എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും സമയം’ എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. സഫ്ദര്‍ ഹഷ്മി എന്തിനാണു തെരുവുനാടകം കളിച്ചത്, അതുകൊണ്ടല്ലേ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ തല്ലിക്കൊന്നത് എന്നു വിശ്വസിക്കുന്ന ആളായിരിക്കാം, ടി.പി.രാജീവന്. എന്തിനാണ് ഇന്ത്യയിലെ ദരിദ്രര്‍ പെറ്റുപെരുകിയത്, അതുകൊണ്ടല്ലേ സഞ്ജയ് ഗാന്ധിക്കു നിര്‍ബന്ധിത വന്ധ്യംകരണ ക്യാംപുകള്‍ നടത്തേണ്ടി വന്നത് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടാകും. കാരണം, ടി.പി. രാജീവന് എഴുത്തുകാരനെക്കാള്‍ കൂടുതല്‍ യു.ഡി.എഫുകാരനായി തീര്‍ന്നിരിക്കുന്നു. വിദേശ ഫെലോഷിപ്പുകള്‍ ഒക്കെ കിട്ടി മറ്റു രാജ്യങ്ങളില്‍ പോയി ലിബറേറ്റഡ് ആയ മനുഷ്യരെ കണ്ടിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ ടി.പി. രാജീവന് എന്റെയും എം.എല്‍.എയുടെയും വാക്കുകള്‍ ഒരേപോലെ മാത്രമേ കാണാന്‍ സാധിക്കൂ. എന്നെ തെറിവിളിക്കൂ എന്ന് തന്റെ അനുയായി വൃന്ദത്തോട് എം.എല്‍.എ. ആഹ്വാനം ചെയ്തത് ക്രിമിനല്‍ ഒഫന്‍സ് ആണെന്ന് അദ്ദേഹം കരുതുന്നതുമില്ല. കാരണം, ടി.പി.രാജീവനെ സംബന്ധിച്ചിടത്തോളം ഞാന്‍ സ്ത്രീയല്ല. പക്ഷേ, സ്ത്രീയല്ലാത്ത ഞാന്‍ ആണ്‍ബോധത്തിന്റെ നിര്‍മിതിയായ ഒരു ഡയലോഗ് എടുത്ത് എം.എല്‍.എയോടു പറഞ്ഞാല്‍ അത് അശ്ലീലമാണ് എന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയവുമില്ല. ഈയിടെയായി ആചാരസംരക്ഷണത്തിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചിരിക്കുന്നു എന്നു കൂടി സമ്മതിച്ചതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ഗാന്ധിജിയും ഗോഡ്സേയും ചെയ്തത് ഒരുപോലെ അശ്ലീലമാണ്. ഗാന്ധിജി ഉപവസിച്ചതുകൊണ്ടല്ലേ ഗോഡ്സേയ്ക്കു കൊല്ലേണ്ടി വന്നത് എന്നു ടി.പി. രാജീവന് പറയുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കാം.
അസഭ്യവര്‍ഷം ഏറെ ഉണ്ടായിരുന്നെങ്കിലും കെ.ആര് മീരയ്ക്ക് ഒപ്പം നില്‍ക്കാനും കുറച്ചു വായനക്കാരെങ്കിലും ഉണ്ടാകില്ലേ?
ഒരുപാടു പേരുണ്ട്. രാഷ്ട്രീയക്കാരുടെ സ്നേഹവും വിദ്വേഷവും ശാശ്വതമല്ല. വായനക്കാര്‍ മാത്രമേ ഒപ്പമുണ്ടാകൂ.