Latest News

എന്‍റെ ജോര്‍ജ് മൂന്നാമന്: കെ ആര്‍ മീര എഴുതുന്നു

“കയ്യിലും കാലിലും ചങ്ങലയിട്ടു നടത്തിയിട്ടും തലയുയര്‍ത്തിത്തന്നെ നടന്നു പോയ ഒരു സ്വപ്നജീവിയുടെ കഥ,” ഇന്ത്യയിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിട പറയലിനെക്കുറിച്ച് കഥാകാരി കെ ആര്‍ മീര

george fernandes, george fernandes death, george fernandes emergency, george fernandes speech, george fernandes jaya jaitley, jaya jaitley, k r meera, k r meera books, k r meera aarachar, k r meera facebook, k r meera novels, k r meera short stories, George Moonnaman Theevandi Odikkumpol, ജോര്‍ജ് മൂന്നാമന്‍ തീവണ്ടി ഓടിക്കുമ്പോള്‍, കെ ആര്‍ മീര, കെ ആര്‍ മീര ആരാച്ചാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, ജയാ ജെറ്റ്ലി, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

രാജ്യം കണ്ട ഏറ്റവും ശക്തരായ പോരാളികളില്‍, പൊതുപ്രവര്‍ത്തകരില്‍ ഒരാളായ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്നലെ വിട പറഞ്ഞു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പത്രവാര്‍ത്തകളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തെക്കുറിച്ച് ‘ജോര്‍ജ് മൂന്നാമന്‍ തീവണ്ടി ഓടിക്കുമ്പോള്‍’ എന്ന പേരില്‍ മലയാളത്തില്‍ കെ.ആര്‍ മീര ഒരു കഥ എഴുതുകയുണ്ടായി. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സുഹൃത്തായ ഡോ. ജോര്‍ജ് മാത്യുവിന്റെ ആവശ്യപ്രകാരം ആ കഥ ഡോ.ജെ.ദേവിക ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. “കഥ വായിച്ച് ജയാ ജെറ്റ്ലി കരഞ്ഞു” എന്നതുള്‍പ്പടെയുള്ള വൈകാരിക നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കയാണ് കഥാകാരി തന്റെ കുറിപ്പില്‍.

‘‘എല്ലാ തീവണ്ടികളും മുന്നോട്ടു മാത്രം പാഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ യൗവ്വനം. ഞങ്ങളുടെ യൗവ്വനത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്തൊരു കാലമായിരുന്നു അത് ! അന്നു ജോര്‍ജ് ഒരു ചൂണ്ടുവിരല്‍ കൊണ്ടു രാജ്യത്തെ തീവണ്ടികള്‍ മുഴുവന്‍ പിടിച്ചു നിര്‍ത്തി. ആദ്യം കണ്ടതു മുതല്‍ ജോര്‍ജിനെ കുറിച്ചു കേള്‍ക്കുമ്പോഴൊക്കെ തീവണ്ടി പായുന്ന ഭൂമി പോലെ ഞാന്‍ പ്രകമ്പനം കൊണ്ടു….’’

–‘ജോര്‍ജ് മൂന്നാമന്‍ തീവണ്ടി ഓടിക്കുമ്പോള്‍ ’ എന്ന എന്‍റെ കഥ ഇങ്ങനെയാണ് ആരംഭിച്ചത്.

ഒരു രാത്രി, ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടറും ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ അടുത്ത സുഹൃത്തുമായ ഡോ. ജോര്‍ജ് മാത്യു വിളിച്ചു :

‘‘നിങ്ങള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറിച്ച് ഒരു കഥ എഴുതിയിട്ടുണ്ട് എന്നു കേട്ടു. അതു വായിക്കാന്‍ താല്‍പര്യമുണ്ട്. അത് ഒന്നു പരിഭാഷപ്പെടുത്തി തരാമോ? ’’

ഡോ. ജെ. ദേവിക അദ്ദേഹത്തിനു വേണ്ടി അതു തിടുക്കപ്പെട്ടു പരിഭാഷപ്പെടുത്തി.

അദ്ദേഹം അതു വായിച്ചിട്ട് വീണ്ടും വിളിച്ചു– ജോര്‍ജിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെ എഴുതാന്‍ സാധിക്കുമോ ?

ആ കഥ വായിച്ച് ജയ ജെയ്റ്റ്ലി കരഞ്ഞതായി അദ്ദേഹം പറഞ്ഞു.

George Fernandes, former union leader and Lok Sabha MP, dead
ജയാ ജെയ്റ്റ്ലിക്കൊപ്പം ജോര്‍ജ് ഫെര്‍ണാണ്ടസ് എക്സ്പ്രസ്സ്‌ ഫൊട്ടോ

Read More: കെ ആര്‍ മീര എഴുതിയ ‘ജോര്‍ജ് മൂന്നാമന്‍ തീവണ്ടി ഓടിക്കുമ്പോള്‍ എന്ന കഥ വായിക്കാം

പില്‍ക്കാലത്ത് ഡോ. തോമസ് ഐസക്കിന്റെ ‘ഇടത്തോട്ടുള്ള വഴി’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവേളയില്‍ കണ്ടുമുട്ടിയപ്പോഴും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞത് ആ കഥയുടെ സ്മരണ കൊണ്ടാണ്.

‘ആരാച്ചാര്‍’ എഴുതുമ്പോഴും ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നെ വിട്ടൊഴിഞ്ഞില്ല.

ഇന്ദിരാഗാന്ധിയുടെ സകല സന്നാഹങ്ങളെയും വെട്ടിച്ച് ഒളിവിലിരിക്കെ, 1975 ഓഗസ്റ്റ് പതിനഞ്ചിന് അദ്ദേഹം പുറത്തിറക്കിയ ലഘുലേഖയിലെ വരികളോടെയാണ് എന്‍റെ നാല്‍പത്തിരണ്ടാം അധ്യായം ആരംഭിച്ചത് :

“The formula three raised to the power of eighteen will work here. If three persons tell a story each in turn to only three others, in eighteen operations taking, say, eighteen hours, 38,74,20,489 people will have heard the story. Yes, 38 crores, 74 lakhs, 20 thousand four hundred and eighty nine. In other words, the entire adult population of the country…”

ഓരോ ആളും പറയാനുള്ള കഥ മൂന്നു പേരോടു പറഞ്ഞാല്‍ പതിനെട്ടു മണിക്കൂറിനുള്ളില്‍ 38 കോടി 74 ലക്ഷത്തി നാനൂറ്റി എണ്‍പത്തിയൊമ്പതു പേര്‍ അത് അറിഞ്ഞു കഴിയും. അതായത് രാജ്യത്ത് അക്കാലത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേരും… ’’

എന്തൊരു സ്വപ്നമായിരുന്നു അത് !

ഇപ്പോള്‍, നമ്മളെല്ലാവരും അദൃശ്യമായ ചങ്ങലകള്‍ പേറുന്ന ഇക്കാലത്തും ഇതു വായിക്കുന്നവര്‍ മൂന്നു പേരോടു വീതം ഈ കഥ പറയുക –

കയ്യിലും കാലിലും ചങ്ങലയിട്ടു നടത്തിയിട്ടും തലയുയര്‍ത്തിത്തന്നെ നടന്നു പോയ ഒരു സ്വപ്നജീവിയുടെ കഥ.

Read More: അസാമാന്യനായൊരു മനുഷ്യൻ

കാലത്തിന്‍റെ തിരിമറിയില്‍ ആദര്‍ശങ്ങള്‍ പലതും കൈവിട്ടെങ്കിലും സൈന്യാധിപനു ഹസ്തദാനം മാത്രം നല്‍കി സൈനികനെ ഗാഢം പുണരാനുള്ള മാനവികത എന്നുമുണ്ടായിരുന്ന ഒരു പ്രതിരോധ മന്ത്രിയുടെ കഥ.

അങ്ങനെ കഥയുടെ ചങ്ങല കൊണ്ട് ഭരണകൂടത്തിന്‍റെ ചങ്ങലകളെ രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്‍മാരും ഭേദിക്കട്ടെ.

അദ്ദേഹത്തിന്‍റെ ഓഫിസ് മുറിയുടെ ചുവരില്‍ ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിന്‍റെ ഫോട്ടോ ഉണ്ടായിരുന്നു എന്ന് എവിടെയാണു വായിച്ചത്?

എല്ലാ സ്ഫോടനങ്ങള്‍ക്കു ശേഷവും വിസ്മൃതനാകാന്‍ വിസമ്മതിക്കുന്ന എന്‍റെ ജോര്‍ജ് മൂന്നാമന്‍, അങ്ങയ്ക്കു നിത്യശാന്തി!

Get the latest Malayalam news and Women news here. You can also read all the Women news by following us on Twitter, Facebook and Telegram.

Web Title: K r meera on george fernandes

The moderation of comments is automated and not cleared manually by malayalam.indianexpress.com