ന്യൂഡൽഹി: തനിക്കെതിരെ ഫോണിലൂടെ ഭീഷണി ഉയര്‍ത്തുകയും ആക്രമണം നടത്തുകയും ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വീറ്റ് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിനെ ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തു. പിന്നീട് ബ്ലോക്ക് മാറ്റിയെങ്കിലും ട്വിറ്ററിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബര്‍ഖ ദത്ത്.

ചില ആളുകള്‍ തന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്നും ഇതിനു പുറകെ തനിക്ക് ഭീഷണി സന്ദേശങ്ങളും ബലാത്സംഗ ഭീഷണികളും ലഭിച്ചുവെന്നും ചിലര്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നും ബര്‍ഖ ദത്ത് പറയുന്നു.

ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളും ഇതയച്ചവരുടെ ഫോണ്‍ നമ്പരുകളും ബര്‍ഖ ദത്ത് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പുറകെയാണ് ട്വിറ്റര്‍ ബര്‍ഖ ദത്തിന്റെ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് പിന്‍വലിച്ചതിനു ശേഷം, ഇതിനെതിരെയുള്ള പരാതിയും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

ലൈംഗിക ചൂഷണത്തേയും അതിക്രമത്തേയും ഹീനമായി പ്രോത്സാഹിപ്പിക്കുകയാണ് ട്വിറ്ററെന്നും ലിംഗ അസമത്വത്തിന്റെ തെളിവാണ് ഇതെന്നും ബര്‍ഖ ദത്ത് കുറ്റപ്പെടുത്തി. എന്നാല്‍ മറ്റുള്ളവരുടെ അനുമതി കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നതാണ് തങ്ങളുടെ നിയമമെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.

‘ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ട്വീറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ ഞങ്ങളുടെ നിർദേശങ്ങളനുസരിച്ചേ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. അത് ചിലപ്പോള്‍ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ താത്കാലികമായി ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ ആകാം,’ ട്വിറ്റര്‍ വക്താവിന്റെ പ്രതികരണം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പുറകെ തങ്ങള്‍ക്ക് ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. പുല്‍വാമ സംഭവത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുന്ന കശ്മീരികള്‍ക്ക് സഹായം വാഗ്‌ദാനം ചെയ്തതിന്റെ പേരിലാണ് ഇവര്‍ ഭീഷണികള്‍ നേരിടുന്നത്.

ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വനിതാ മാധ്യമപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ ഡൽഹി പത്രപ്രവർത്തക യൂണിയൻ ഞെട്ടൽ രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook