1957 ല്‍ അധികാരമേറ്റ ഇം.എം.എസ് മന്ത്രിസഭ മുതല്‍ 2016 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വരെ കേരളം കണ്ടത് ആകെ എട്ട് വനിതാ മന്ത്രിമാരെ. ചട്ടക്കൂടുകളും പ്രതിബന്ധങ്ങളും തരണം ചെയ്ത് സ്ത്രീകള്‍ എല്ലാ മേഖലകളിലേക്കും രംഗപ്രവേശം നടത്തണമെന്ന് പ്രസംഗിക്കുന്ന പുരോഗമനവാദികളായ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നും ഇക്കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്. സ്ത്രീ എന്നാല്‍ അരാഷ്ട്രീയ വാദിയായിരിക്കണമെന്ന പൊതുബോധം കേരളത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്നുണ്ട്.
രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ആശ്ചര്യത്തോടെ നോക്കുന്ന ശീലം മലയാളി ഇന്നും ഉപേക്ഷിച്ചിട്ടില്ല. നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കാം എന്നല്ലാതെ അതിനപ്പുറം ചരിത്രപരമായ തീരുമാനങ്ങളൊന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നുവരെ എടുത്തിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുമുണ്ടാകുമെന്ന് ഇടത് വലത് മുന്നണികള്‍ മാറി മാറി പ്രസംഗിച്ചപ്പോഴും ശരാശരി മലയാളിക്ക് ആ സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ച് അവബോധമുണ്ടായിരുന്നു. ഒരു വീണാ ജോര്‍ജും ഒരു ഷാനിമോള്‍ ഉസ്മാനും ഒരു ശോഭാ സുരേന്ദ്രനുമപ്പുറം അധികം സ്ത്രീ നാമങ്ങളൊന്നും ഇക്കാലത്ത് ചര്‍ച്ചയാകാതിരുന്നതും അതുകൊണ്ടാണ്. സ്ഥാനാര്‍ത്ഥികളുടെ പട്ടികയെടുത്താല്‍ പത്ത് ശതമാനം പോലും പ്രാതിനിധ്യം വനിതാ നേതാക്കള്‍ക്കില്ലെന്നതാണ് വസ്തുത. ഈ ഉള്ള പത്ത് ശതമാനത്തില്‍ പലരും ജാതിമത സമവാക്യങ്ങളുടെ പിന്‍ബലത്തില്‍ കയറിപറ്റിയവരും. 1957 ലെ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍ ഗൗരിയമ്മ ഇന്നും ചര്‍ച്ചാ വിഷയമാകുന്നത് ഈ രാഷ്ട്രീയ പരിസരം നിലനില്‍ക്കുന്നതിനാലാണ്.
Read More: സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക; ഇത്തവണ മത്സരിക്കാൻ രണ്ടു വനിതകൾ
1957 ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം 2016 ല്‍ നിലവില്‍ വന്ന 14-ാം നിയമസഭ വരെ കേരളം കണ്ടത് ആകെ എട്ട് വനിതാ മന്ത്രിമാരെയാണ്. പിണറായി വിജയന്‍ മന്ത്രിസഭയിലാണ് രണ്ട് പേര്‍. സിപിഎം പ്രതിനിധികളായി നിയമസഭയിലെത്തിയ കെ.കെ ശൈലജ (എംഎല്‍എ, കൂത്തുപറമ്പ്), ജെ. മേഴ്‌സിക്കുട്ടിയമ്മ (എംഎല്‍എ, കുണ്ടറ) എന്നിവരാണ് പിണറായി മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. ശൈലജ ആരോഗ്യമന്ത്രിയായും മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായുമാണ് സ്ഥാനമേറ്റത്. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തിയത്. 2014 വരെ ആകെ ആറ് വനിതാ മന്ത്രിമാര്‍ മാത്രമാണ് കേരളത്തിന് ഉണ്ടായിരുന്നത്. ദീര്‍ഘമായ അറുപത് വര്‍ഷത്തിനിടയിലാണ് രണ്ടക്കം കാണാത്ത വനിതാ മന്ത്രിമാരുടെ എണ്ണത്തെ കുറിച്ച് മലയാളി സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആദ്യ 13 നിയമസഭകളുടെ കാലത്ത് 21 മന്ത്രിസഭകളാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. ഇതില്‍ ഒന്‍പത് മന്ത്രിസഭകളില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. 1957 ല്‍ അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭയില്‍ ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ ചരിത്രത്തില്‍ ഇടം പിടിച്ചു. റവന്യൂ എക്‌സൈസ് വകുപ്പാണ് ഗൗരിയമ്മ കൈക്കാര്യം ചെയ്തത്. ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമം (1957), ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവയുടെ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കെയാണ്. ആദ്യ മന്ത്രിസഭയിലെ അംഗമായിരുന്ന ഗൗരിയമ്മ പിന്നീട് 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും മന്ത്രിയായി. 1987 ല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപെട്ട നേതാവ് കൂടിയാണ് കെ.ആര്‍ ഗൗരിയമ്മ. എന്നാല്‍, ഇ.കെ നായനാരാണ് അന്ന് മുഖ്യമന്ത്രി കസേരയിലെത്തിയത്. ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിചിടും’ എന്ന മുദ്രാവാക്യം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിയമ്മയുടെ ഇടം എത്ര വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
ഗൗരിയമ്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ വനിത കോണ്‍ഗ്രസിന്റെ എം. കമലമാണ്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും കെപിസിസി ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച എം. കമലം 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് എത്തി. 1982 മുതല്‍ 1987 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയുടെ ചുമതല വഹിച്ചു.
എം.ടി പത്മയാണ് കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിത. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച പത്മ രണ്ട് തവണയാണ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായത്. 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി.
എം.ടി പത്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ വനിതാ നേതാവാണ് സുശീല ഗോപാലന്‍. 1996 ലെ നായനാര്‍ മന്ത്രിസഭയിലാണ് സുശീല അംഗമായത്. വ്യവസായ മന്ത്രിയായി അധികാരമേറ്റ സുശീല ഗോപാലന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ നാലാമത്തെ വനിതാ മന്ത്രിയാണ്. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീല ഗോപാലന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ ഇ.കെ നായനാര്‍ക്ക് തന്നെ നറുക്കുവീഴുകയായിരുന്നു.
2006 ലെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഓരോ വനിതാ മന്ത്രിമാര്‍ ഉണ്ടായിരുന്നു. 2001 ലും 2006 ലും പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ പി.കെ ശ്രീമതി 2006 ല്‍ വി.എസ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി. കേരള മന്ത്രിസഭയില്‍ അംഗമായ അഞ്ചാമത്തെ വനിതാ മന്ത്രിയായിരുന്നു പി.കെ ശ്രീമതി. നിലവില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമാണ്.
2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായ പി.കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയില്‍ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിന്റെ ചരിത്രത്തില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ മന്ത്രി കൂടിയാണ് ജയലക്ഷ്മി. മാനന്തവാടിയില്‍ നിന്ന് നിയമസഭയിലെത്തിയ ജയലക്ഷ്മി പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
കേരളത്തിന്റെ 14-ാം നിയമസഭയിലുള്ള വനിതകളുടെ പ്രാതിനിധ്യവും വളരെ കുറവാണ്. 140 അംഗ കേരള നിയമസഭയില്‍ എട്ട് സ്ത്രീകളാണ് ആകെ ഉള്ളത്. എട്ട് പേരും ഇടതുമുന്നണിയില്‍ നിന്നാണ്. ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ സ്ത്രീകളുടെ എണ്ണമാകട്ടെ 87 ഉം!
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃനിരയിലും സ്ത്രീ സാന്നിധ്യം വളരെ കുറവാണ്. നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ കഴിവും പ്രാപ്തിയുമുള്ള സ്ത്രീകളെ പോലും ഇടത് വലത് ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുന്ന സമീപനമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുരുഷന് ലഭിക്കുന്ന എല്ലാ സാധ്യതകളും അവസരങ്ങളും അതേപടി സ്ത്രീകള്‍ക്ക് കൂടി ലഭിക്കുമ്പോഴാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടുതല്‍ സ്ത്രീപക്ഷമാകുക.