“തീവ്രമായി സ്നേഹിക്കുമ്പോൾ ആണും പെണ്ണുമില്ല. സേബ, ആനന്ദം മാത്രമേയുള്ളൂ,” കെ.ആർ.മീരയുടെ ‘കമിങ് ഔട്ട്’ എന്ന കഥയിലെ വരികളാണ്. ഈ വരികളെ അന്വർത്ഥമാകുന്ന പല കാഴ്ചകളും സമീപകാലങ്ങളിൽ നമ്മൾ കണ്ടു. ഇപ്പോഴിതാ ആണും പെണ്ണുമില്ലാത്ത, ആനന്ദം മാത്രമുള്ള പ്രണയത്തിന്റെ മറ്റൊരു തുടർച്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു.
ന്യൂയോർക്ക് നഗരത്തിലെ രണ്ട് പ്രണയികളുടെ ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പാക്കിസ്ഥാൻ വംശജയായ സുന്ദാസ് മാലിക് എന്ന മുസ്ലിം ആർട്ടിസ്റ്റും ഇന്ത്യൻ വംശജയും ഹിന്ദുവുമായ അഞ്ജലി ചക്രയുമാണ് തങ്ങളുടെ പ്രണയം ലോകത്തോട് വിളിച്ചു പറയുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.
അഞ്ജലിയും സുന്ദാസും ഈ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടിനായി രണ്ടുപേരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. പൊട്ടും മൂക്കുത്തിയും മനോഹരമായ ആഭരണങ്ങളും അണിഞ്ഞാണ് ഇരുവരും ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook