/indian-express-malayalam/media/media_files/uploads/2019/02/bhanu-.jpg)
International Women's Day 2020: ലോക സിനിമാ മികവിന്റെ പുരസ്‌കാരങ്ങളായ ഓസ്കാറിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്റെ മനസ്സില്‍ സ്വാഭാവികമായും വരിക എ.ആർ.റഹ്മാന്‍റെയും റസൂൽ പൂക്കുട്ടിയുടെയുമൊക്കെ പേരാകും. എന്നാല്‍ ഇന്ത്യയിലേക്ക് ആദ്യം ഓസ്കാര്‍ എത്തിച്ചത് മൂന്നു പെണ്ണുങ്ങള്‍ ചേര്‍ന്നാണ് എന്ന് പറഞ്ഞാലോ. ആ കഥ അറിയാം.
Read more: ഇന്ത്യയുടെ ആദ്യ ഓസ്കർ ജേതാവ്; വസ്ത്രാലങ്കാരക ഭാനു അഥൈയ്യ അന്തരിച്ചു
ഓസ്കാർ പുരസ്‌കാരവേദിയിൽ ഇന്ത്യ എന്ന പേര് ആദ്യമായി മുഴങ്ങുന്നത് 1983 ഏപ്രിൽ 11-നാണ്. റിച്ചാർഡ് അറ്റെൻബൊറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അത്. 'സ്റ്റാർ വാർസ്' എന്ന ചിത്രത്തിന് പുരസ്‌കാരം നേടിയ ജോൺ മോലോയ്ക്കൊപ്പം ഇന്ത്യയിൽ നിന്നുമുള്ള വസ്ത്രാലങ്കാരക ഭാനു അഥൈയ്യ ആ വർഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പങ്കു വയ്ക്കുകയായിരുന്നു. അതിനു ശേഷം മികച്ച വസ്ത്രാലങ്കാരകർ ഏറെ വന്നിട്ടും, മൂന്ന് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും, ഭാനു കുറിച്ച ആ ചരിത്രം ആരാലും മറികടക്കപ്പെടാതെ തുടരുന്നു.
ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ, വസ്ത്രാലങ്കാരകയായ ഭാനു അഥൈയ്യInternational Women's Day 2020: ആരാണ് ഭാനു അഥൈയ്യ?
മറാത്തി സിനിമയുടെ ജന്മഭൂമിയായ കോലാപ്പൂരിലാണ് ഭാനു അഥൈയ്യ ജനിച്ചു (28 ഏപ്രിൽ 1929) വളർന്നത്. ചിത്രകാരനും നിർമ്മാതാവുമായിരുന്ന അന്നാസാഹേബ് രാജോപാദ്ധ്യേയാണ് പിതാവ്. മകളിലെ കലാകാരിയെ വളർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അച്ഛൻ ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ബ്രഷുകളും പാലെറ്റും കഴുകി വൃത്തിയാക്കിയിരുന്ന ഭാനു, നിറങ്ങളും ചിത്രങ്ങളും സിനിമയുമാണ് തനിക്കേറ്റവും പ്രിയമെന്ന് ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. പത്താം വയസ്സിൽ അച്ഛന്റെ മരണശേഷവും ഭാനുവിന്റെ അഭിരുചികളിൽ മാറ്റമുണ്ടായില്ല എങ്കിലും മനസ്സിൽ ചിത്രരചനയെക്കാൾ മുൻപന്തിയിൽ ഉണ്ടായിരുന്നത് സിനിമ തന്നെയാണ്.
മുംബൈ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥിനിയായ ഭാനു അഥൈയ്യയുടെ സ്‌കെച്ചുകളും അത്ര തന്നെ മികച്ചതായിരുന്നു. 'ഫാഷൻ' മാഗസിന് വേണ്ടി അവർ വരച്ച വസ്ത്രങ്ങൾ സിനിമാ ലോകത്തിന്റെ ശ്രദ്ധയിൽ പെടുകയും, അവർ ബോളിവുഡിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
രൂപകൽപന ചെയ്യുന്ന വസ്ത്രങ്ങളുടെ സൗന്ദര്യവും പുതുമയും കണ്ടാണ് ആവശ്യക്കാർ ആദ്യമായി ഭാനു അഥൈയ്യയെ തേടിയെത്തിയത്. ഗുരു ദത്തിന്റെ സംവിധാനത്തിൽ സി.ഐ.ഡി. (1956) എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന വസ്ത്രാലങ്കാര ജീവിതത്തിന്റെ ആരംഭം. തുടർന്ന് ഗുരു ദത്തിനോടൊന്നിച്ചു അനവധി ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവ്വഹിച്ചു. 'സംഗം' , 'അമ്രപാലി', 'കാഗസ് കെ ഫൂൽ' തുടങ്ങി അനവധി സിനിമകളുടെ അണിയറയിലെ പ്രസക്ത സാന്നിധ്യമായിത്തീർന്ന ഭാനുവിനെ പുതുതലമുറയ്ക്ക് പരിചയം ആമിർ ഖാൻ ചിത്രമായ ലഗാന്റെയും (2001), ഷാരൂഖ് ഖാൻ ചിത്രമായ സ്വദേശിന്റെയും (2004) ശ്രദ്ധേയമായ വസ്ത്രലങ്കാരം വഴിയാകും.
'ഗാന്ധി' വാരിക്കൂട്ടിയ പുരസ്‌കാരങ്ങൾക്കൊപ്പം'ഗാന്ധി'യിലേക്കെത്തിച്ച്, ഓസ്കാറിനായി ഒരുക്കിയ കൂട്ടുകാരികൾ
ബോളിവുഡിൽ ഇരുപത്തഞ്ചു വർഷം പിന്നിട്ടപ്പോഴാണ് ഭാനു അഥൈയ്യയെ തേടി റിച്ചാർഡ് അറ്റെൻബൊറോ എത്തുന്നത്. ഇന്ത്യയെ അറിയുന്ന, അനുഭവ സമ്പത്തുള്ളൊരു ഡിസൈനറെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. പലരെയും ഓഡിഷൻ ചെയ്തതിനു ശേഷമാണ് അറ്റെൻബൊറോ ഭാനുവിനെ കണ്ടെത്തുന്നത്. തുടർന്ന് സംഭവിച്ചത് ചരിത്രമാണ്. മഹാത്മാ ഗാന്ധിയുടെ ജീവിതം ചിത്രീകരിച്ച 'ഗാന്ധി'യിൽ ഇന്ത്യയുമായി ബന്ധപെട്ടു വരുന്ന വസ്ത്രങ്ങൾ എല്ലാം - ഗാന്ധിയുടെ കഥാപാത്രം മുതൽ തെരുവുകളിൽ അദ്ദേഹത്തെ കാണാൻ എത്തുന്ന നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുടെ വരെ - ഭാനുവിന്റെ ടീം പുനസൃഷ്ടിച്ചു.
ഡൽഹിയിലെ അശോക ഹോട്ടലിന്റെ ഒരു വലിയ ഹാൾ നിറയെ വസ്ത്രങ്ങളാൽ നിറഞ്ഞു. അവയെല്ലാം തന്നെ ഭാനു അഥൈയ്യയുടെ കലാവീക്ഷണത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു. അൻപത് വർഷക്കാലം നീണ്ടു നിന്ന ഗാന്ധിയുടെ പൊതുജീവിതവും പ്രവർത്തനങ്ങളും ഒപ്പിയെടുക്കുന്ന ചിത്രത്തിലെ വസ്ത്രങ്ങൾ, അതിലെ വ്യക്തികള്‍ക്കും സാഹചര്യത്തിനും കാലത്തിനും അനുസരിച്ചു മാറിക്കൊണ്ടേയിരിക്കണം. ഇവയെല്ലാം തയ്യാറാക്കാൻ ഭാനുവിന് ലഭിച്ചത് മൂന്ന് മാസക്കാലത്തെ സമയമാണ്. ഇന്ത്യയിൽ ഏറ്റെടുത്ത ജോലികളെല്ലാം ഇതിനിടയിൽ തീർത്ത് ഭാനു സ്വപ്നസദൃശ്യമായ ആ ജോലി ഏറ്റവും ഭംഗിയായിത്തന്നെ നിറവേറ്റി.
ഭാനു അഥൈയ്യയുടെ സിനിമായാത്രയുടെ വഴിത്തിരിവായി മാറിയ വ്യക്തികളില്‍ ഒരാള്‍, അടുത്ത സുഹൃത്തും നടിയുമായ സിമി ഗരെവാൾ ആണ്. കോൺറാഡ് റുക്‌സിന്റെ 'സിദ്ധാർത്ഥ'യുടെ വസ്ത്രലങ്കാര വേളയിലാണ് സിമിയും ഭാനുവും സുഹൃത്തുക്കളായത്. 'ഗാന്ധി' യുടെ ഇന്ത്യൻ കാസ്റ്റിംഗ് ഡയറക്ടർ ആയ ഡോളി താക്കൂർ ആണ് സിമിയോട് 'ഗാന്ധി'യെ വസ്ത്രാലങ്കാര അവസരത്തെക്കുറിച്ച് പറയുന്നത്. സിമി ഈ വിവരം ഭാനുവിനെ അറിയിക്കുകയും ധൈര്യം പകർന്നു മുന്നോട്ട് നയിക്കുകയും ചെയ്തു. വെറും പതിനഞ്ചു മിനിറ്റിലെ സംഭാഷണത്തിൽ അറ്റെൻബൊറോയ്ക്ക് വ്യക്തമായി, തന്റെ സിനിമയ്ക്ക് മുതൽക്കൂട്ടാകുന്ന പ്രതിഭയാണ് മുന്നിൽ ഇരിക്കുന്ന സ്ത്രീ എന്ന്. സിമിയും ഭാനുവും നല്ല സുഹൃത്തുക്കളായി തുടർന്നു. ഓസ്കാർ നിശയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു നൽകിയതു മുതൽ ഭാനുവിന്റെ സഹപ്രവർത്തകരോട് അവർക്ക് ഓസ്കാർ ലഭിച്ച വിവരം അറിയിച്ചത് വരെ സിമിയാണ്. അത്തരമൊരു സൗഹൃദത്തിന്റെ പിൻബലവും കൂടെയുണ്ട് ഇന്ത്യയുടെ ഓസ്കാർ നേട്ടത്തിന്.
1983 ഓസ്കാർ നിശയിൽ മത്സരിച്ച മറ്റു വസ്ത്രലങ്കാരകർക്കു പോലും ഓസ്കാർ ഭാനു അഥൈയ്യയ്ക്ക് തന്ന ലഭിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം അറ്റെൻബൊറോ കഥയിലൂടെ ചരിത്രത്തെ പുനർസൃഷ്ടിച്ചപ്പോൾ വസ്ത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിന് ജീവൻ നൽകുകയായിരുന്നു ഭാനു അഥൈയ്യ. ഓസ്കാർ ലഭിച്ചതിനു ശേഷം അറ്റെൻബൊറോയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അവർ പറഞ്ഞു, "നന്ദി റിച്ചാർഡ് അറ്റെൻബൊറോ സർ, ലോകശ്രദ്ധ ഇന്ത്യയിലേക്ക് തിരിച്ചതിന് നന്ദി." ആ ശ്രദ്ധ തിരിക്കൽ തുടർന്നു കൊണ്ടേയിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഓസ്കറിനെ പിൻപറ്റി പാശ്ചാത്യ രാജ്യങ്ങളിൽ ധോത്തിയും കുർത്തയുമൊക്കെ ട്രെൻഡ് ആയി മാറിയത്.
International Women's Day 2020: 'ദി ആർട്ട് ഓഫ് കോസ്റ്റ്യൂം ഡിസൈൻ'
ഭാനു അഥൈയ്യ രചിച്ചു 2010-ൽ പുറത്തിറങ്ങിയ 'ദി ആർട്ട് ഓഫ് കോസ്റ്റ്യൂം ഡിസൈൻ' (The Art of Costume Design) എന്ന പുസ്തകത്തിൽ തന്റെ വസ്ത്രലങ്കാര ജീവിതത്തിലെ അനുഭവങ്ങൾ അവർ പങ്കു വെയ്ക്കുന്നുണ്ട്. ഫാഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറും രണ്ട് തരം തൊഴിലാണെന്നും, ഫാഷൻ ഡിസൈനർ ഒരു വ്യക്തിക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കുമ്പോൾ, ഒരു സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ കഥാപാത്രങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിന് അനിയോജ്യമായ വസ്ത്രങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. തന്റെ വസ്ത്രാലങ്കാര കലയുടെ പ്രധാന ഖടകം താന്‍ നടത്തുന്ന യാത്രകളും അതിൽ കണ്ടെത്തുന്ന വസ്ത്ര ശൈലികളും ആണെന്ന് ഭാനു അഥൈയ്യ വെളിപ്പെടുത്തുന്നുണ്ട്. 'ലഗാന്‍' പോലൊരു സിനിമയുടെ വസ്ത്രാലങ്കാരത്തിന് തന്നെ സഹായിച്ചത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുൻപ് താന്‍ നടത്തിയ ഒരു യാത്രയില്‍ വരച്ചെടുത്ത സ്കെച്ചുകള്‍ ആണെന്നും അവർ ഓർക്കുന്നു.
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിയ ഈ കലാകാരിയെ ഇന്ത്യ വേണ്ടത്ര പരിഗണിച്ചിട്ടില്ല. അക്കാദമിയ്ക്ക് (ഓസ്കാർ പുരസ്‌കാരം നൽകുന്ന അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ സയൻസസ്) തന്റെ ഓസ്കാർ തിരികെ നൽകാൻ 2012-ൽ ഭാനു അഥൈയ്യ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. താനല്ലാതെ മറ്റാർക്കും, ഈ അവാർഡ്, അതർഹിക്കുന്ന പ്രാധാന്യത്തോടെ സംരക്ഷിക്കാൻ സാധിക്കില്ലായെന്നും, സർക്കാർ തനിക്ക് അർഹിക്കുന്ന പരിഗണ നൽകിയില്ലയെന്നും അവർ ആരോപിച്ചു.
'ഗാന്ധി' എന്ന ചിത്രത്തിന് ഇത്രയധികം പ്രാധാന്യവും അംഗീകാരവും ലഭിച്ചപ്പോഴും 'വെറും ധോത്തി നിര്‍മിച്ചു നല്‍കിയതില്‍ എന്ത് കാര്യമെന്ന്?' ചോദിച്ച ഇന്ത്യക്കാരുണ്ടെന്നു ഭാനു പറയുന്നു. അതിനാല്‍ തന്നെയാണ് 'ഗാന്ധി'ക്ക് വേണ്ടി ശേഖരിച്ച വിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, അറ്റെൻബൊറോയുടെ അഭിനന്ദനക്കുറിപ്പ് എന്നിവ ഉള്‍പ്പെടെ സൂക്ഷിക്കാനായി അക്കാദമിയെ അവർ തിരികെ ഏല്‍പിച്ചത്.
ഇന്ത്യയുടെ ഓസ്കാര്‍ ജേതാക്കള്‍ സത്യജിത റേയ്ക്കും എ. ആർ. റഹ്മാനും ഗുൽസാറിനും റസൂൽ പൂക്കുട്ടിക്കുമൊപ്പം ഭാനു അഥൈയ്യ എന്ന പേരു കൂടിയുണ്ടെന്നു മറക്കരുത്. തുല്യതയ്ക്കും അർഹിക്കുന്ന സ്ഥാനത്തിനും വേണ്ടി ഇന്ത്യൻ സിനിമയിലെ സ്ത്രീകൾ പോരാടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നിശ്ചയമായും ഓർക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ ഒരു പേര് തന്നെയാണ് സിനിമാ മികവിന്റെ പുരസ്‌കാരം രാജ്യത്തിലേക്ക് ആദ്യമായി എത്തിച്ച ഭാനു അഥൈയ്യയുടേത്.
Read More: Indians who have won an Oscar
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us