scorecardresearch
Latest News

അവള്‍ അപ്പടിത്താന്‍: ആണ്‍നോട്ടങ്ങളിലെ പെണ്‍വിടുതലുകള്‍

പരീക്ഷണ, വിമോചന സിനിമകളിലെ സ്ത്രീയവതരണങ്ങളും ആൺനോട്ടങ്ങളുടെ കാഴ്ചവട്ടങ്ങൾ മാത്രമായിരുന്നോ. “അവൾ അപ്പടിത്താൻ” എന്ന തമിഴ് ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം

അവള്‍ അപ്പടിത്താന്‍: ആണ്‍നോട്ടങ്ങളിലെ പെണ്‍വിടുതലുകള്‍

തമിഴ് സിനിമയുടെ ഭാവുകത്വത്തില്‍ നിര്‍ണായക പരിണാമങ്ങള്‍ സംഭവിച്ച കാലയളവാണ് 1970 കള്‍. ഇക്കാലയളവില്‍ ശ്രദ്ധേയരായ കെ. ബാലചന്ദര്‍, ഭാരതിരാജ മുതല്‍ ഭാഗ്യരാജ്, മണിവര്‍ണന്‍ വരെ നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര പരമ്പരയെ തള്ളിക്കളഞ്ഞു കൊണ്ട് തമിഴ് ചലച്ചിത്ര ചരിത്രം നിര്‍മിക്കുക അസാധ്യമാണ്. എം ജി ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എസ്.എസ്. രാജേന്ദ്രന്‍ തുടങ്ങിയവരുടെ സിനിമകളിലെ അതിമാനുഷിക, മെലോഡ്രമാറ്റിക് കഥാപാത്രങ്ങളില്‍ നിന്നുള്ള വിച്ഛേദമായിരുന്നു എഴുപതുകളുടെ രണ്ടാം പകുതിയിലെ തമിഴ് സിനിമാ ഭാവുകത്വം. യഥാതഥാവിഷ്‌കാരങ്ങളോട് ചാര്‍ച്ച പുലര്‍ത്തിയിരുന്ന ഇക്കാലയളവില്‍ കെ. ബാലചന്ദറും ജെ. മഹേന്ദ്രനും മനുഷ്യബന്ധങ്ങളിലെ വിഹ്വലതകള്‍ക്കും സാമൂഹികാനുഷ്ഠാനങ്ങള്‍ക്കും അനഭിമതമായേക്കാവുന്നതും ഈര്‍ഷ്യയുളവാക്കിയേക്കാവുന്നതുമായ വിഷയങ്ങള്‍ അഭ്രപാളിയിലെത്തിച്ചു. ഗ്രാമീണമായ ഇടങ്ങളും സാമൂഹികജീവിതവും തിരഞ്ഞ ഭാരതിരാജ സിനിമകളെ പിന്‍പറ്റിയാണ് ഭാഗ്യരാജ് തന്റെ ചിത്രങ്ങളുടെ രംഗപടമൊരുക്കിയത്. അവതരണത്തിലെ നൂതന പ്രവണതകള്‍ ബാലു മഹേന്ദ്രയെ വ്യത്യസ്തനാക്കി. ചുരുക്കത്തില്‍, എഴുപത്- എണ്‍പത് കാലയളവില്‍ പ്രമേയം, പശ്ചാത്തലം, ക്രാഫ്റ്റ് തുടങ്ങി സമസ്ത മേഖലകളിലും തമിഴ് ചലച്ചിത്രമേഖല പരിവര്‍ത്തന വിധേയമായി.

1970- ന്റെ രണ്ടാം പാദത്തില്‍ തമിഴ് സിനിമയുടെ വ്യാകരണം മാറ്റിയെഴുതാന്‍ ശ്രമിച്ച ഒറ്റപ്പെട്ട ചില ശ്രമങ്ങളായിരുന്നു ജോണ്‍ എബ്രഹാമിന്റെ ‘അഗ്രഹാരത്തില്‍ കഴുതൈ’യും(1977) സി. രുദ്രയ്യയുടെ ‘അവള്‍ അപ്പടിത്താനും’ (1978). അതു വരെ നിലനിന്നിരുന്ന വ്യവസ്ഥാപിതവും സുഘടിതവുമായിരുന്ന ചലച്ചിത്ര കാഴ്ചാശീലങ്ങളെ അലോസരപ്പെടുത്തുവാന്‍ ഇവയ്ക്കായെന്നതില്‍ സംശയമില്ല. ‘ഗ്രാമത്തിന്‍ അധ്യായം’ എന്നൊരു ചലച്ചിത്രം കൂടി രുദ്രയ്യയുടേതായി പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, ജനപ്രിയ തരംഗത്തിനു മുന്‍പില്‍ പിടിച്ചു നില്‍ക്കുവാനാകാതെ പരീക്ഷണ സിനിമകള്‍ അതിവേഗം തിരശീലയൊഴിഞ്ഞു.

ശക്തമായ പെണ്‍ശബ്ദങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു എണ്‍പതുകളിലെ തമിഴ് സിനിമകള്‍. ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ രുദ്രയ്യയുടെ ‘അവള്‍ അപ്പടിത്താന്‍’ കാലത്തോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നു പറയാം. സ്വതന്ത്ര സ്ത്രീയുടെ സ്വത്വപ്രഖ്യാപനത്തിനു മുതിരുന്നുവെന്നത് ‘അവള്‍ അപ്പടിത്താന്‍’ എന്ന സിനിമയെ ഒരു സ്ത്രീപക്ഷ സിനിമയായി നിരീക്ഷകര്‍ വിലയിരുത്താന്‍ കാരണമായി. പ്രസ്തുത സിനിമയുടെ രീതിശാസ്ത്രമാകട്ടെ അക്കാലയളവിലെ മധ്യവര്‍ത്തി, ജനപ്രിയസിനിമകളോട് കലഹിക്കുന്നതായിരുന്നു.

 

അരുണ്‍ (കമലഹാസന്‍), ത്യാഗു (രജനികാന്ത്), മഞ്ജു (ശ്രീപ്രിയ) എന്നിവര്‍ക്കുള്ളില്‍ അരങ്ങേറുന്ന ആശയ സംഘര്‍ഷങ്ങള്‍, വാദപ്രതിവാദങ്ങള്‍ എന്നിവയിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി പുരോഗമിക്കുന്നത്. സ്ത്രീ വിമോചനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യുവാന്‍ ചെന്നൈയിലെത്തുന്ന അരുണ്‍, ത്യാഗു എന്ന പരസ്യക്കമ്പനി ഉടമയുടെ സുഹൃത്താണ്. അയാളുടെ കമ്പനിയിലെ ജീവനക്കാരിയായ മഞ്ജുവിനോട് അരുണിന്റെ ജോലി പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കണമെന്ന് ത്യാഗു നിര്‍ദേശിക്കുന്നു. തുടര്‍ന്നുള്ള രംഗങ്ങളില്‍, പുരുഷമേധാവിത്വം പുലര്‍ത്തുന്ന ത്യാഗു, പുരുഷവര്‍ഗത്തോട് പുച്ഛത്തോടെ ഇടപഴകുന്ന മഞ്ജു, ലിബറല്‍ ചിന്താഗതിക്കാരനായ അരുണ്‍ എന്നിവര്‍ക്കിടയിലെ വിരുദ്ധ ജീവിത കാഴ്ചപ്പാടുകള്‍ അഭ്രപാളിയിലെത്തുന്നു.

പുരുഷന്മാരില്‍ നിന്ന് പലപ്പോഴായി നേരിട്ട ശാരീരികവും മാനസികവുമായ ചൂഷണങ്ങളെ അതിജീവിച്ചതിനാലാണ് മഞ്ജു പുരുഷ വര്‍ഗത്തോട് നീരസം പുലര്‍ത്തുന്നതെന്ന് അരുണ്‍ മനസ്സിലാക്കുന്നു. അരുണിന് തന്നോട് തോന്നുന്ന പ്രണയവും ത്യാഗുവിന് തന്റെ ശരീരത്തോട് തോന്നുന്ന കാമവും മഞ്ജു ഒരേ മട്ടിലാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാനം മഞ്ജു അരുണിന് അനുകൂലമായ മാനസികാവസ്ഥയിലേക്കെത്തുമ്പോഴേക്കും അയാള്‍ മറ്റൊരു വിവാഹ ബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞിരുന്നു. ഒടുവില്‍, ഒരു വാഹനത്തില്‍ തന്നില്‍നിന്നും അകന്നുപോകുന്ന അരുണ്‍, അയാളുടെ നവവധു, ത്യാഗു എന്നിവരെ നോക്കി മഞ്ജു നില്‍ക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

 

ലോക ചലച്ചിത്ര മേഖലയില്‍ 1950 കളോടെ അരങ്ങേറിയ വിപ്ലവകരമായ പരിവര്‍ത്തനമായിരുന്നു ഫ്രഞ്ച് നവതരംഗം (French New Wave). പരമ്പരാഗത നിര്‍മാണ രീതിയോടും സുഘടിത ചലച്ചിത്ര ഘടനയോടുമുള്ള വിപ്രതിപത്തിയുടെ അനന്തര ഫലമായിരുന്നു ഫ്രഞ്ച് നവതരംഗ സിനിമകള്‍. മറ്റൊരര്‍ത്ഥത്തില്‍, ദൃശ്യകലാരൂപങ്ങള്‍ അനുവാചകര്‍ക്കിടയില്‍ നിര്‍മിക്കുന്ന നാലാം ചുവര്‍ (Fourth Wall) എന്ന സങ്കല്‍പത്തെ റദ്ദ് ചെയ്യുകയെന്നത് നവതരംഗസിനിമകളുടെ പ്രധാന ഉദ്ദേശമായിരുന്നു. ഒരല്‍പം കൂടി വ്യക്തത നല്‍കിയാല്‍, പരമ്പരാഗത കലാസ്വാദനത്തിലെ മുഖ്യചേരുവയായ സന്ദേഹങ്ങളുടെ ഭ്രംശനം (Suspension of Disbelief) ഇത്തരത്തില്‍ പരിവര്‍ത്തന വിധേയമായ ചലച്ചിത്ര പരിപ്രേക്ഷ്യത്തില്‍ അപ്രസക്തമാക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്നു. യാഥാര്‍ഥ്യം (Reality), യഥാതഥവാദം (Realism) എന്നിവയെ സംബന്ധിച്ച താത്വികമായ വിചിന്തനത്തിന് ഇവിടെ കളമൊരുങ്ങുന്നു.

ഫ്രഞ്ച് നവതരംഗ സിനിമകളുടെ സ്വാധീനത്തില്‍ ‘അവള്‍ അപ്പടിത്താന്‍’ എന്ന ചലച്ചിത്രമൊരുക്കിയ രുദ്രയ്യ, തമിഴ് ചലച്ചിത്രാസ്വാദനത്തിന് വേറിട്ട ഭാഷ്യം ചമയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ടൈറ്റില്‍ രംഗങ്ങള്‍ അവതരിപ്പി ക്കുമ്പോള്‍ പിന്നണിയില്‍ അരങ്ങേറുന്ന സംഭാഷണങ്ങള്‍, ആദ്യ രംഗത്തില്‍ നായക കഥാപാത്രം കാണികളോട് സംവദിക്കുന്നുവെന്ന പ്രതീതിയുളവാക്കുന്ന രംഗം, സിനിമയ്ക്കുള്ളിലെ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നായകന്‍ നടത്തുന്ന അഭിമുഖങ്ങള്‍ എന്നിവ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് യാഥാര്‍ഥ്യത്തില്‍നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു കലയുടെ ആസ്വാദനപ്രക്രിയയിലാണെന്ന് കാണികളെ ഓര്‍മപ്പെടുത്തുവാന്‍ പോന്നവയാണ്. “This is Cinema… This is take one… You know this is not the full picture… It is only the rush print” എന്ന അരുണിന്റെ വോയ്‌സ് ഓവര്‍ മേല്‍പറഞ്ഞ വാദത്തെ സാധൂകരിക്കുന്നു.

aval appadithan,film,blais johny
കമല്‍ഹാസന്‍/അവള്‍ അപ്പടിത്താന്‍/രുദ്രയ്യ/1978

ആദ്യ രംഗത്തിലാകട്ടെ, ഒരു സിനിമാ ക്യാമറയിലേക്ക് കേന്ദ്രീകരിക്കുന്ന ഷോട്ടില്‍ അരുണ്‍ സിനിമാക്കാണികളോട് പറയുന്നത് ‘ഹലോ ഉങ്കളെത്താന്‍, കൊഞ്ചം ലെഫ്റ്റിലെ തള്ളി’ എന്നാണ്. രേഖീയവും സുഗമവുമായ കാഴ്ചകളൊരുക്കുക എന്നതിനു പകരം അലോസരമുളവാക്കുന്ന ഔട്ട് ഓഫ് ഫോക്കസ് ഷോട്ടുകളുടെ ബാഹുല്യം പ്രസ്തുത സിനിമയെ അക്കാലത്തെ പൊതു ചലച്ചിത്ര സഞ്ചയത്തില്‍ നിന്ന് വ്യത്യസ്തമാക്കി. ചലച്ചിത്ര നിരൂപകനായ ആശിഷ് രാജാധ്യക്ഷ, പോള്‍ മില്ലിമെന്‍ എന്നിവര്‍ തയ്യാറാക്കിയ ‘Encyclopedia of Indian Cinema- ൽ ഗൊദാര്‍ദിന്റെ “Two or Three Things I Know About Her” എന്ന ചിത്രത്തോട് നേരിയചായ്‌വ് ‘അവള്‍ അപ്പടിത്താന്‍’ പ്രകടിപ്പിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ട്.

ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് തിരിയുമ്പോള്‍ മൂന്നു വിഷയങ്ങള്‍ സവിശേഷ ശ്രദ്ധ നേടുന്നു.

  1. ‘അവള്‍ അപ്പടിത്താന്‍,’ പ്രത്യക്ഷത്തില്‍ സ്ത്രീവാദ/ സ്ത്രീവിമോചന ശബ്ദമെന്ന പ്രതീതിയുളവാക്കുന്നു.
  2. വിരുദ്ധ ആശയങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങള്‍
  3. സാമ്പ്രദായിക ചലച്ചിത്രാഭിരുചിയെ പരിഷ്‌കരിക്കുവാനുള്ള ത്വര

ഇവ മൂന്നിന്റെയും സഞ്ചിത സ്വഭാവം ഉത്പാദിപ്പിക്കുന്ന വ്യാഖ്യാന സാധ്യതകളിലേക്ക് ലഘുവായി കടക്കാം.

താനൊരു സ്ത്രീവിരോധയല്ലെന്നും സ്ത്രീസൗന്ദര്യം ആസ്വദിക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ചിത്രത്തിലുട നീളം പ്രഖ്യാപിക്കുന്ന ത്യാഗു നിശ്ചയമായും പുരുഷകേന്ദ്രിത വ്യവസ്ഥിതിയുടെ വക്താവ് മാത്രമാണ്. സ്ത്രീപുരുഷ തുല്യതയെന്നത് ഒരു മിഥ്യയാണെന്നും ലൈംഗിക തൃപ്തി നേടാത്ത സ്ത്രീയെ മെരുക്കേണ്ടത് തന്നിലെ ആണത്ത ബോധത്തിന്റെ കടമയാണെന്നും അയാള്‍ വിശ്വസിക്കുന്നു.

എന്നാല്‍, ഇതിന്റെ നേര്‍ വിപരീതദിശയില്‍ സ്വതന്ത്രസ്ത്രീസങ്കല്‍പത്തിന്റെ ചലച്ചിത്ര പ്രതിരൂപമാകുന്നു മഞ്ജു. തന്റെ ശരീരത്തെ കാംഷിക്കുന്ന ആണ്‍നോട്ടങ്ങളെയും സമീപനങ്ങളെയും വര്‍ധിതവീര്യത്തോടെയും പരമപുച്ഛത്തോടെയുമവള്‍ എതിര്‍ക്കുന്നു. പെണ്ണുടലിനെ കേന്ദ്രവസ്തുവായി അവതരിപ്പി ക്കന്ന അരുണിന്റെ ഡോക്യുമെന്ററിയോട് കലഹിക്കുന്ന മഞ്ജു പക്ഷേ, തന്റെ പരസ്യക്കമ്പനിയിലെ മോഡലിനോട് അല്‍പവസ്ത്രധാരിണിയായി അഭിനയിക്കുവാന്‍ ആവശ്യപ്പെടുന്നു. ചുരുക്കത്തില്‍, വൈരുദ്ധ്യങ്ങളുടെ ഒരു സംഘര്‍ഷഭൂമികയാണ് മഞ്ജു.  ഇരുവര്‍ക്കുമിടയിലെ ഉദാത്ത മധ്യവര്‍ഗനായകനായാണ് അരുണ്‍ സ്ഥാനപ്പെടുന്നത്. സ്ത്രീചൂഷണങ്ങളോട് ‘സഹതപിക്കുന്ന’ പുരോഗമന ചിന്തകളാല്‍ പ്രചോദിതനായ ഒരു ‘സംസ്‌കരിക്കപ്പെട്ട’ പ്രതിനിധാനമാണയാള്‍.

 

ആദ്യ രംഗത്തില്‍ കാണികളോട് ഇടത്തോട്ട് നീങ്ങിയിരിക്കുവാന്‍ ആവശ്യപ്പെടുന്ന, വോള്‍വോഗ്രാഡിന്റെ വലിയ ചിത്രം മുറിയില്‍ സൂക്ഷിക്കുന്ന, മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ വായിക്കുന്ന, പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ലാതെ സിനിമയെടുക്കുന്ന, ഒരു ഇടത് ലിബറല്‍ ചിന്താഗതിക്കാരനായാണ് അരുണ്‍ ചിത്രത്തിലവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, ക്രമേണ എടുത്തണിഞ്ഞ ചായക്കൂട്ടുകള്‍ ഓരോന്നും അരുണിന്റെ മുഖത്തു നിന്നും മാഞ്ഞു തുടങ്ങുന്നു. ഒടുക്കം പരമ്പരാഗത മൂല്യാധിഷ്ഠിത ജീവിതം പുലര്‍ത്തുന്ന സ്ത്രീയെ ഭാര്യയാക്കി പുരോഗമന ചിന്തകളുടെയും വിമോചന പ്രഘോഷണങ്ങളുടെയും കെട്ടിമാറാപ്പുകള്‍ അയാള്‍ ഒഴിവാക്കുന്നു. ചിത്രത്തിന്റെ ആഖ്യാനസ്ഥാനം അരുണില്‍ കേന്ദ്രീകരിക്കുമ്പോള്‍ പോലും അയാളെക്കാളധികം വ്യക്തിത്വം പുലര്‍ത്തുന്നത് ത്യാഗുവും മഞ്ജുവുമാണെന്നതാണ് വാസ്തവം.

aval appadithan,film,blais johny
രജനികാന്ത്, ശ്രീപ്രിയ/അവള്‍ അപ്പടിത്താന്‍/രുദ്രയ്യ/1978

വളരെ സ്വാഭാവികമെന്നവണ്ണം സ്വീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക ചലച്ചിത്രശീലങ്ങളില്‍ ഒരു കല്ലുകടിയെന്ന നിലയില്‍ അസ്വസ്ഥത പടര്‍ത്തുവാന്‍ രുദ്രയ്യയെന്ന സംവിധായകനായി. പ്രമേയ സ്വീകരണത്തിലെ പുതുമയെന്നതിലുപരി, ചലച്ചിത്രത്തിന്റെ ചേതനയിലും (Spirit) അത് നിഴലിക്കുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ ചുണ്ടില്‍ സിഗരറ്റുമായി ഒരു കെട്ടിടത്തില്‍നിന്ന് നിരത്തിലേക്കിറങ്ങുന്ന ത്യാഗു ഒഴിഞ്ഞ പാക്കറ്റ് ക്യാമറയ്ക്ക് നേരെ വലിച്ചെറിയുന്നു. ഇത്തരത്തില്‍ ബോധപൂര്‍വമായിത്തന്നെ ചില പരീക്ഷണങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും ചിത്രം മുതിരുന്നു.

‘അവള്‍ അപ്പടിത്താന്‍’ സ്വതന്ത്ര സ്ത്രീ എന്ന സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി നിര്‍മിച്ചിരിക്കുന്നുവെന്ന പ്രാഥമിക ധാരണ ജനിപ്പിക്കുന്നുവെങ്കിലും അത് അപ്രകാരമൊരു നിലപാടിനോട് നീതി പുലര്‍ത്തുന്നുണ്ടോയെന്നത് സംശയകരമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംവിധായകന്റെ മുന്‍വിധികളും അപക്വമായ കാഴ്ചപ്പാടുകളും പ്രക്ഷേപിക്കുക മാത്രമല്ലേ മഞ്ജുവെന്ന കഥാപാത്രം ചെയ്യുന്നത്? ചലച്ചിത്രത്തിന്റെ സ്ത്രീപക്ഷ രാഷ്ട്രീയത്തെ സൂക്ഷ്മവിമര്‍ശനത്തിന് വിധേയമാക്കുമ്പോള്‍ മഞ്ജുവിന്റെ നിലപാടുകളെ രൂപീകരിച്ചിരിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും അമ്മയുടെ പരപുരുഷബന്ധങ്ങളും പുരുഷന്മാരില്‍നിന്ന് നേരിട്ട വഞ്ചനകളും മാത്രമാണെന്ന് വരുന്നു. കേവലം വൈകാരിക വിഹ്വലതകളിലേക്ക് പെണ്‍വിടുതലിനെ ലഘൂകരിക്കുകയല്ലേ ചിത്രം ചെയ്യുന്നത് എന്നു സംശയിക്കുന്നതില്‍ ന്യായമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, വഴിപിഴച്ചവളായി പുരുഷഭാവനയിലുരുവം കൊള്ളുന്ന മഞ്ജുവിനെ ഒരു അത്ഭുതവസ്തുവാക്കി തിരശീലയില്‍ എത്തിക്കുക മാത്രമാണ് സിനിമ ചെയ്തിരിക്കുന്നത്. ധൈഷണികമായ തലങ്ങളിലേക്ക് വികസിക്കുവാനാകാതെ പെണ്ണൊച്ചകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്നു. ആണ്‍നോട്ടങ്ങളിലെ പെണ്‍വിടുതലിന്റെ പരിമിതികളും പരാധീനതകളുമാണിവിടെ വെളിപ്പെടുന്നത്. പെണ്‍വിമോചനത്തിനായി തുനിയുന്ന ആണിടപെടലു കളെ പെരിയാര്‍ ഇ.വി. രാമസ്വാമി ഇപ്രകാരം കുറിക്കുന്നു:

“Like wise, not only does women slavery grow because men toil for women’s liberation, but the restrictions ensuring that women never attain liberation also become stronger. Men’s pretence of respecting women and working for their liberation is nothing but a conspiracy to cheat women.”

“Will rats be liberated by the efforts of cats? Will goats and cocks be liberated by foxes? Will the wealth of Indians increase because of the British? Will the non- Brahmin attain equality by the efforts of Brahmins?”

(മീന കന്തസാമി വിവര്‍ത്തനം ചെയ്ത പെരിയാറിന്റെ ‘പെണ്‍ ഏന്‍ അടിമയാനാള്‍’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയായ ‘Why Were Women Enslaved’ ല്‍ നിന്ന്)

Stay updated with the latest news headlines and all the latest Women news download Indian Express Malayalam App.

Web Title: Aval appadithan kamal haasan rajanikanth sripriya

Best of Express