അജ്റക്, ഇക്കത്ത്, ബാന്ദിനി, മൊഡാൽ സിൽക്ക് എന്നിവയെല്ലാം വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന ഫാഷൻ പ്രണയിനികളുടെ ഇഷ്ടം കവർന്നവയാണ്. എന്നിരുന്നാലും, ഇപ്പോൾ എത്നിക് അഴകോടെ ട്രെൻഡായി കൊണ്ടിരിക്കുന്നത് അജ്റക് പ്രിന്റുകളാണ്.
പാക്കിസ്ഥാനിലെ സിന്ധിൽ നിന്നുമാണ് ഉത്ഭവം എന്നു കരുതപ്പെടുന്ന അജ്റക് ഇന്ത്യയിൽ ഗുജറാത്തിലെ കച്ച്, രാജസ്ഥാനിലെ ബാർമർ എന്നിവിടങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അയ്യായിരം വർഷത്തോളം പഴക്കമുണ്ട് അജ്റക് എന്ന ഈ ബ്ലോക് പ്രിന്റ് രീതിയ്ക്ക് എന്നാണ് പറയപ്പെടുന്നത്. 400 വർഷങ്ങൾക്ക് മുമ്പ് കച്ച് രാജാവിന്റെ നിർദ്ദേശപ്രകാരമാണ്, സിന്ധിൽ നിന്നും ഈ സങ്കീർണ്ണമായ ബ്ലോക്ക് പ്രിന്റിംഗ് സാങ്കേതികത കച്ചിലെത്തിയത്. പരമ്പരാഗത അജ്‌റാഖിന്റെ മാസ്റ്റർ ക്രാഫ്റ്റ്‌മാൻ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയിട്ടുള്ള ഡോ. ഇസ്മായിൽ മുഹമ്മദ് ഖത്രിയ്ക്ക് ഈ കല പുനരുജ്ജീവിപ്പിച്ചെടുത്തതിൽ വലിയൊരു പങ്കുതന്നെയുണ്ട്.
പ്രകൃതിദത്തമായ നിറങ്ങളാണ് അജ്റക് പ്രിന്റിൽ സാധാരണയായി ഉപയോഗിക്കുന്നത്. പച്ചമരുന്നുകൾ, പച്ചക്കറികളിൽ നിന്നെടുക്കുന്ന സത്ത്, പ്രകൃതിദത്തമായ ധാതുക്കൾ തുടങ്ങിയ പ്രകൃതിദത്തമായ വസ്തക്കളിൽ നിന്നുമാണ് അജ്റകിനുള്ള ചേരുവകൾ കണ്ടെത്തുന്നത്. വൈൽഡ് ഇൻഡിഗോ, മാതളനാരങ്ങയുടെ പുറംതൊലിയും വിത്തുകളും എന്നിവയൊക്കെ അജ്റകിന്റെ സാധാരണ ചേരുവകളിൽ ചിലത് മാത്രം. തുരുമ്പിച്ച ഇരുമ്പാണ് അജ്റക് കരകൗശലവിദഗ്ധർ കറുത്ത ചായം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് എന്നത് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. എന്നാൽ സംഗതി സത്യമാണ്. ഉപയോഗശൂന്യമായ ഇരുമ്പ്, ശർക്കര, പുളി എന്നിവയൊക്കെ രണ്ടാഴ്ചയോളം വെള്ളത്തിൽ കുതിർത്ത ശേഷം തീയിൽ വേവിച്ചെടുത്താണ് അജ്റകിലെ അവിഭാജ്യഘടകമായ കറുത്ത ചായം തയ്യാറാക്കുന്നത്.
അജ്റക് പ്രിന്റ് തുണികൾ തയ്യാറാക്കുന്നത് പതിനാറ് ഘട്ടങ്ങളായാണ്. തുണി കഴുകുക, ചായം പൂശുക, അച്ചടിക്കുക, ഉണക്കുക എന്നിങ്ങനെ നീളുന്നു പ്രക്രിയകൾ. 16 ദിവസം നീളുന്ന ഈ പ്രക്രിയ തന്നെയാണ് അജ്റക് പ്രിന്റുകളെ ഇത്രയും മനോഹരവും സങ്കീർണ്ണവുമാക്കുന്നത്.
എല്ലാ കാലാവസ്ഥകളിലും ധരിക്കാൻ അനുയോജ്യമായ തുണിയെന്ന പ്രത്യേകതയും അജ്റകിനുണ്ട്. വേനൽക്കാലത്ത്, അജ്റക് തുണിയിലെ സുഷിരങ്ങൾ വികസിപ്പിക്കുകയും വായു കടന്നുപോകൽ എളുപ്പമാക്കുകയും ചെയ്യുന്നു. ശൈത്യകാലത്താവട്ടെ, തുണിയുടെ സുഷിരങ്ങൾ അടയ്ക്കുകയും ചൂട് നൽകുകയും ചെയ്യുന്നു. അജ്റക് പ്രിന്റിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ് തുണിത്തരങ്ങൾക്ക് ഈ സവിശേഷ സ്വഭാവം നൽകുന്നത്.
അജ്റക് പൊതുവെ വർണ്ണാഭമായതും തിളക്കമുള്ളതുമാണ്. ഇതിനു പിന്നിലും ഭൂമിശാസ്ത്രപരമായ ചില കാര്യങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. രാജസ്ഥാനിലെ മരുഭൂമിയിൽ വഴിത്തെറ്റിപോവുക സാധാരണമാണ്. തെളിച്ചമുള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളാവുമ്പോൾ മറ്റുള്ളവർക്ക് അകലത്തു നിന്നു പോലും കണ്ടെത്താനാവും. ഇത്തരത്തിൽ, രാജസ്ഥാനിലെ തദ്ദേശീയമായ ഭൂപ്രകൃതി കൂടി കണക്കിലെടുത്താണ് അജ്റക് പ്രിന്റുകൾക്ക് നിറപ്പകിട്ട് ലഭിച്ചതത്രെ.
അജ്റക് പ്രിന്റിംഗിൽ ഉപയോഗിക്കുന്ന തടി കട്ടകൾ വിദഗ്ധ കലാകാരന്മാർ കൊത്തിയെടുത്തതാണ്. സങ്കീർണ്ണമായ ജ്യാമിതീയ ഡിസൈനുകളും ഫ്ളവർ പാറ്റേണുകളുമെല്ലാം ഈ തേക്ക് തടികൊണ്ടുള്ള കട്ടകളിൽ കാണാം.
ഒരുകാലത്ത്, കച്ചിലെ പാസ്റ്ററൽ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പുരുഷന്മാരായിരുന്നു അജ്റക് ധരിച്ചിരുന്നത്. എന്നാൽ ഇന്ന് കഥ മാറി. എത്നിക്, ഓർഗാനിക്, യുണീക് ഡിസൈനുകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഫാഷൻ സ്റ്റേറ്റ്മെന്റായി അജ്റക് ധരിക്കുന്നു. സിനിമാതാരങ്ങൾ മുതലിങ്ങോട്ട് അജ്റക് പ്രിന്റ് വസ്ത്രങ്ങൾക്ക് വലിയ ആരാധകർ തന്നെ ഇന്നുണ്ട്. അനാർക്കലി ചുരിദാർ, സാരി, ദുപ്പട്ട, കുർത്ത എന്നു തുടങ്ങി എവിടെയും അജ്റക് തരംഗമാണിപ്പോൾ.