സുന്ദരനായ ഭർത്താവിനെയോ പങ്കാളിയെയോ എല്ലാരും ആശിച്ചുപോകും. പക്ഷെ ശരീര സൗന്ദര്യം മാത്രം കണ്ട് വീണുപോകരുത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഓർക്കുക. ഒരു ജീവിത പങ്കാളിയെ തിരയുമ്പോൾ അയാളുടെ വ്യക്തിത്വത്തെ മനസിലാക്കാൻ ശ്രമിക്കാം
നിങ്ങൾ ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുത്ത വ്യക്തിയുമായി ശരിയായ ആത്മബന്ധവും അടുപ്പവും സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. സംസാരിക്കുമ്പോൾ ചിലപ്പോൾ ഭക്ഷണകാര്യത്തിലാവാം, സംഗീതമോ യാത്രകളോ കാഴ്ചകളോ അഭിരുചികളോ എന്നിങ്ങനെ നിങ്ങളെ കണക്ട് ചെയ്യാൻ സഹായിക്കുന്ന എന്തെങ്കിലും ഫാക്ടർ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നു നോക്കാം
ശരിയായ ജീവിത പങ്കാളിയെ കണ്ടെത്തുമ്പോൾ തമ്മിൽ കണക്ട് ചെയ്യാൻ പറ്റുന്ന ഒന്നുമില്ലാതെ പോകരുത്. എന്ന് കരുതി എല്ലാ കാര്യത്തിലും ഒരേ ഇഷ്ടമായാലും പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കാം. തമ്മിൽ പൊതു താല്പര്യമുള്ള എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ ജീവിതം സമാധാനപരമായും സന്തോഷകരമായും മുമ്പോട്ട് കൊണ്ടുപോകാം
വധു വിവാഹപിറ്റേന്ന് മാത്രം വരനെ കണ്ടുമുട്ടുന്ന കാലമൊക്കെ കടന്നുപോയി. വരനെ നന്നായി അറിയാനും പഠിക്കാനും സമയം ചിലവഴിക്കാം. അയാളുടെ ദൈനംദിന ശീലങ്ങൾ മുതൽ അയാളുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും വരെ സൂക്ഷ്മതയോടെ മനസിലാക്കുക. ഒരുമിച്ച് കൂടുതൽ സമയം പങ്കിടുന്നതുവഴി, അവൻ അല്ലെങ്കിൽ അവൾ നിങ്ങളോടും നിങ്ങളുടെ ചുറ്റുമുള്ളവരോടും എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാൻ സാധിക്കും
ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവം ഒരിക്കലും മാറുന്നില്ല. അയാൾ ശാന്തനാണോ, ദേഷ്യക്കാരനാണോ, ആധിപത്യം പുലർത്തുന്നവനാണോ, വികാരാധീനനാണോ, ധീരനാണോ, ആത്മവിശ്വാസമുള്ളവനാണോ എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പരസ്പരം സംസാരിക്കുമ്പോൾ അയാളുടെ പെരുമാറ്റവും സംസാര രീതിയും മനസിലാക്കാൻ ശ്രദ്ധിക്കാം
ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അയാളുടെ ഇന്റലിജൻസാണ്. എന്ന് കരുതി അയാളുടെ അക്കാദമിക്, കരിയർ റെക്കോർഡ്‌സ് പരിശോധിക്കാൻ നിൽക്കേണ്ട. ഏതെങ്കിലും വിധത്തിൽ നിങ്ങളെ നിസാരക്കാരിയോ/നിസാരക്കാരനോ ആയി കാണാൻ ശ്രമിക്കുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രമിക്കുക
വിവാഹപ്രായമായി, എന്നാൽ പെട്ടെന്ന് വിവാഹം കഴിച്ചേക്കാം എന്ന ചിന്ത വേണ്ട. പെട്ടന്നെടുക്കുന്ന തീരുമാനങ്ങൾ അപകടത്തിലേക്ക് നയിക്കാം.മനസിനിണങ്ങിയ, നിങ്ങൾക്ക് വേണ്ട ബഹുമാനം തരുന്ന, ശരിയായ പങ്കാളി എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരാളെ തിരഞ്ഞെടുക്കുക | ചിത്രം: ഫ്രീപിക്
Read More