ഇഡ്ഡലി ഇനി കട്ടിയാകില്ല, മാവ് അരയ്ക്കുമ്പോൾ ഇത് ചേർക്കൂ
വീട്ടിലും വളരെ എളുപ്പത്തിൽ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ സഹായിക്കുന്ന വിദ്യ പരിചയപ്പെടാം
അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി വൃത്തിയാക്കുക. അരി ഒരു പാത്രത്തിലും ഉഴുന്നും ഉലുവയും കൂടി മറ്റൊരു പാത്രത്തിലും 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വെക്കാം
അരി അരയ്ക്കുന്നതിന് അരമണിക്കൂർ മുമ്പ് അര കപ്പ് അവൽ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇത് ഇഡ്ഡലിക്ക് നല്ല മസ്ലിൻ തുണി പോലുള്ള മൃദുത്വം നൽകും
ആദ്യം ഉഴുന്നും ഉലുവയും കൂടി മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് നന്നായി അരയ്ക്കുക. അല്പം മാത്രം വെള്ളം ചേർത്ത് നല്ല വെണ്ണ പോലെ പതഞ്ഞു വരുന്നത് വരെ അരയ്ക്കണം. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം
ശേഷം കുതിർത്ത അരിയും അവലും ചേർത്ത് അരയ്ക്കാം. അരി അധികം നൈസായി അരയേണ്ടതില്ല, നേരിയ തരിയോടു കൂടി അരച്ചെടുക്കുന്നത് ഇഡ്ഡലിക്ക് നല്ല ഘടന നൽകും
അരച്ചുവെച്ച ഉഴുന്നും അരിയും കൂടി നന്നായി കൈകൊണ്ട് യോജിപ്പിക്കുക. കൈകൊണ്ട് ഇളക്കുന്നത് മാവ് പെട്ടെന്ന് പുളിക്കാൻ സഹായിക്കും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം
മാവ് എട്ടു മണിക്കൂറെങ്കിലും അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ അടച്ചു വെച്ച് പുളിക്കാൻ അനുവദിക്കുക. മാവ് നന്നായി പൊങ്ങി വന്നാൽ അധികം ഇളക്കാതെ പതുക്കെ യോജിപ്പിച്ച് ഇഡ്ഡലി തട്ടിൽ ഒഴിച്ച് വേവിച്ചെടുക്കാം