ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശീലമാക്കൂ

പ്രമേഹ ബാധിതരുടെ എണ്ണം വർധിക്കുന്നത് വളരെയധികം ആശങ്കാജനകമായ കാര്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പ്രമേഹം കണ്ടുവരുന്നുണ്ട്

ശരിയായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

വ്യായാമം

ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ആഴ്ചയിൽ 3 മുതൽ 4 തവണ വരെ വ്യായാമം ചെയ്യുന്നത് ശരീരത്തെ ഇൻസുലിൻ പ്രോസസ് ചെയ്യാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പഞ്ചസാര നിയന്ത്രിക്കുന്നതിനൊപ്പം, ശാരീരികമായി സജീവമായിരിക്കുന്നതും ഹൃദയത്തെ ശക്തിപ്പെടുത്തുന്നു

സമ്മർദം

ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ സമ്മർദം വളരെയധികം ബാധിക്കും. സമ്മർദത്തിലാകുമ്പോൾ, അധിക പഞ്ചസാരയും കൊഴുപ്പും ശരീരത്തിൽ സംഭരിക്കപ്പെടുന്നു. ടൈപ്പ് 2 പ്രമേഹരോഗികളിൽ മാത്രമല്ല, ടൈപ്പ് 1 പ്രമേഹരോഗികളിലും സമ്മർദം അനുഭവപ്പെടുമ്പോഴെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഭക്ഷണക്രമം

പ്രമേഹരോഗികൾ അമിതമായി പഞ്ചസാര, പാസ്ത, കാർബോഹൈഡ്രേറ്റ് എന്നിവ കഴിക്കാറുണ്ട്, ഇത് അനാരോഗ്യകരമായ ഭക്ഷണക്രമമാണ്. ഇതിനർത്ഥം രുചികരമായ ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നല്ല. കലോറി ഉപഭോഗം നിരീക്ഷിക്കുന്നതും സമീകൃതാഹാരം പിന്തുടരുന്നതും ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും

ഗ്ലൂക്കോസ് നിരീക്ഷണം

എപ്പോഴും രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനുള്ള ഉപകരണം കയ്യിൽ കരുതുക. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്. മറ്റൊരാളുടെ സഹായമില്ലാതെ നിങ്ങൾക്ക് ഉപയോഗിക്കാം. ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന ഉപകരണങ്ങളും ഇപ്പോൾ ലഭ്യമാണ്. ഇവ നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കാൻ സഹായിക്കും. നിങ്ങളുടെ പഞ്ചസാരയുടെ അളവ് പതിവായി ഉയരുകയോ കുറയുകയോ ചെയ്താൽ, നിങ്ങൾക്ക് ഉടനടി ചികിത്സ തേടാം

പുകവലിയും മദ്യപാനവും ഒഴിവാക്കാം

പ്രമേഹമുള്ളവർക്ക് ഹൃദ്രോഗം, നേത്രരോഗം, പക്ഷാഘാതം, വൃക്കരോഗം, നാഡികളുടെ തകരാർ, കാലിലെ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത സ്വാഭാവികമായും കൂടുതലാണ്. ഈ സാഹചര്യത്തിൽ, പഞ്ചസാര നിയന്ത്രിക്കാതെ പുകവലിക്കുകയാണെങ്കിൽ, ഈ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതൽ വർധിക്കും. അമിതമായ മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. മദ്യം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും