കേരളത്തില്‍ തുലാവർഷം ശക്തമാകുമെന്നാണു കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണു തുലാവർഷത്തിന്റെ പ്രത്യേകത. മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 രെ ശക്തമായ അപകടകരമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ഇടിമിന്നല്‍ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹമില്ല. അതിനാല്‍ മിന്നലേറ്റയാളിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് സുരക്ഷയ്ക്കുള്ള സുവര്‍ണ നിമിഷങ്ങളാണ്.

കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ലെന്നതിനാല്‍ മുന്‍കരുതല്‍  നടപടികളിൽനിന്നു വിട്ടുനില്‍ക്കരുത്.

# കുട്ടികൾ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 രെ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. പട്ടം പറത്തരുത്.
# തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നലുള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. മൈക്ക് ഉപയോഗിക്കരുത്.

# ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. തുറസ്സായ സ്ഥലത്ത് പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. വാഹനത്തിനുള്ളിലാണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

# മഴക്കാറ് കാണുമ്പോള്‍ തുണികളെടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 10 വരെ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്.

# ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ജലാശയത്തില്‍ ഇറങ്ങാന്‍ പാടില്ല. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കാനും മഴ മേഘം കാണുമ്പോള്‍ പോകരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook