scorecardresearch

കടലോളം ചുഴലിക്കാറ്റുകൾ,  കാലം തെറ്റുന്ന കാലവർഷം

ഈയിടെയായി മേയ് മാസത്തിൽ വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്കാലം തുടങ്ങുന്ന സമയത്തു രൂപപ്പെടുന്ന തീവ്രമായ ചുഴലിക്കാറ്റുകൾ മഴക്കാറ്റിന്റെ പ്രവാഹത്തെ ബാധിക്കുകയും മേഘങ്ങളെ അകറ്റുകയും ചെയ്തു കൊണ്ട് മൺസൂൺ ആരംഭത്തെയും പുരോഗതിയെയും സ്വാധീനിക്കുന്നു, മാക്സ് മാർട്ടിൻ എഴുതുന്നു

ഈയിടെയായി മേയ് മാസത്തിൽ വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്കാലം തുടങ്ങുന്ന സമയത്തു രൂപപ്പെടുന്ന തീവ്രമായ ചുഴലിക്കാറ്റുകൾ മഴക്കാറ്റിന്റെ പ്രവാഹത്തെ ബാധിക്കുകയും മേഘങ്ങളെ അകറ്റുകയും ചെയ്തു കൊണ്ട് മൺസൂൺ ആരംഭത്തെയും പുരോഗതിയെയും സ്വാധീനിക്കുന്നു, മാക്സ് മാർട്ടിൻ എഴുതുന്നു

author-image
Max Martin
New Update
cyclone, indian cyclone, south west monsoon, rains in india, cyclone news today, weather news today, rains kerala today

The Rising Storm: Increasing cyclones pose threat to South West Monsoon's progress | Photo. Nitin R K

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൺസൂൺ ജൂൺ എട്ടു വ്യാഴാഴ്ചയാണ് കേരളത്തിലെത്തിയത്. ഇടവപ്പാതി എന്ന് അറിയപ്പെടുന്ന മഴ തുടങ്ങുന്നത് ജൂൺ ഒന്നിന് എന്നാണ് പ്രമാണം. കാലാവസ്ഥാവിഭാഗം അംഗീകരിക്കുന്ന തീയതി ഇതാണെങ്കിലും അപൂർവ്വമായേ കൃത്യമായി ജൂൺ ഒന്നിന് തന്നെ മൺസൂൺ ആരംഭിക്കാറുള്ളു. ഇത്തവണ ജൂൺ ഒന്നിൽ നിന്നും ഒരാഴ്ച വൈകി ജൂൺ എട്ടിനാണ് കേരളത്തിൽ മഴയെത്തിയത്.

Advertisment

ജൂൺ എട്ടിന് മൺസൂൺ ഇവിടെ എത്തിയെങ്കിലും, കേരളത്തത്തിൽ പരക്കെ പെയ്യാതെ തന്നെ പതിനൊന്നാം തീയതിയോടെ, മഴ ഗോവ- മഹാരാഷ്ട്ര അതിർത്തി വരെയെത്തി. അതായത് വെറും മൂന്നു ദിവസങ്ങൾക്കുള്ളിൽ. സാധാരണ ഗതിയിൽ ജൂൺ ഒന്നിന് തുടങ്ങുന്ന മഴ 10 ദിവസമെടുത്താണ് ഈ ഭാഗത്തെത്തുന്നത്.

'രണ്ടു ദിവസത്തിനുള്ളിൽ മഴ വടക്കോട്ട് നീങ്ങിയേക്കാം. എന്നാൽ മൊത്തത്തിലുള്ള പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുന്നു,' എന്ന് മഴയിവിടെ തുടങ്ങിയപ്പോൾത്തന്നെ പ്രശസ്ത മൺസൂൺ വിദഗ്ധനും തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ്സ്റ്റഡീസിലെ (എൻ‌സി‌ഇ‌എസ്‌എസ്) വിശിഷ്ട ശാസ്ത്രജ്ഞനുമായ( Distinguished scientist) ഡോ. മാധവൻ നായർ രാജീവൻ പറഞ്ഞു.

കേരളത്തിലെ മറ്റു പല അന്തരീക്ഷ ശാസ്ത്രജ്ഞരും കാലാവസ്ഥാ നിരീക്ഷകരും പറയുന്നതു ഇന്ത്യൻ മഹാസമുദ്രത്തിലെയും ശാന്തസമുദ്രത്തിലെയും ചുഴലിക്കാറ്റുകൾ മഴയെ ബാധിക്കുന്നു എന്നാണ്. അതേ സമയം തന്നെ, ആഴ്ചകളോളം നീണ്ട ഇടവേളയ്ക്ക് ശേഷം തീവ്രമഴയുണ്ടാകാനും സാധ്യതയുണ്ടത്രേ.

Advertisment

മഴയിലെ നാടകീയമായ ഈ ഏറ്റക്കുറച്ചിലുകൾ കാലാവസ്ഥാ മാറ്റത്തിന്റെ (climate change) ലക്ഷണമാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഈ പ്രതിഭാസങ്ങൾക്കു പല കാരണങ്ങളുണ്ട്. ചുഴലിക്കാറ്റുകളുമായി ബന്ധപ്പെട്ട് മഴയെ കുറിച്ചാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.

ഇപ്പോൾ അറബിക്കടലിൽ ആഞ്ഞടിക്കുന്ന ബിപോർജോയ് എന്ന അതിതീവ്ര ചുഴലിക്കാറ്റ് മഴമേഘങ്ങളെ കേരളതീരത്തിലേക്ക് എത്തിച്ചു മഴ പെയ്യിച്ചു. എന്നാൽ കുറെയേറെ മേഘങ്ങളെ ഉൾക്കടലിലേക്കും കൊണ്ടു പോയി എന്നാണ് കുസാറ്റ് അന്തരീക്ഷ റഡാർ ഉന്നതപഠനകേന്ദ്രമായ അക്കാറിലെ (ACARR) നിരീക്ഷണങ്ങൾ കാണിക്കുന്നത്. ആദ്യം പസഫിക്കിന് മുകളിലൂടെയുള്ള മാവാർ ചുഴലിക്കാറ്റും പിന്നീട് ബിപോർജോയ് ചുഴലിക്കാറ്റും മേഘങ്ങളുടെ ചലനത്തെയും കാറ്റിന്റെ പ്രവാഹത്തെയും ബാധിച്ച് മൺസൂണിന്റെ വരവിനും പുരോഗതിക്കും കാലതാമസത്തിനും കാരണമായതായി ശാസ്ത്രജ്ഞർ പറയുന്നു.

Weather, Rain, Monsoon, Iemalayalam
എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍

പൊതുവേ, മഴക്കാലം തുടങ്ങുന്ന സമയത്തു രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ മഴക്കാറ്റിന്റെ പ്രവാഹത്തെ ബാധിക്കുകയും മേഘങ്ങളെ അകറ്റുകയും ചെയ്തു കൊണ്ട് മൺസൂൺ ആരംഭത്തെയും പുരോഗതിയെയും വൈകിപ്പിക്കുന്നു. ഈ പഠനങ്ങൾ നിരീക്ഷിക്കുന്നത് പോലെ, പതിവു പോലെയുള്ള മഴ ലഭിക്കാൻ ഇനിയും ഒന്നോ രണ്ടോ ആഴ്ച എടുത്തേക്കാം.

അടുത്തിടെയായി മൺസൂൺ ആരംഭത്തോടൊപ്പം അറബിക്കടൽ ചുഴലിക്കാറ്റുകൾ കൂടുതലായി രൂപപ്പെടുന്നതായി കാലാവസ്ഥാ വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. പി പി ബാബുരാജ് ഉൾപ്പെടെയുള്ളവർ നടത്തിയ പഠനങ്ങളിൽ പറയുന്നു. കാലാവസ്ഥാവിഭാഗം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, കുസാറ്റ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചുഴലിക്കാറ്റുകൾക്കു കേരളത്തിൽ മൻസൂൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പും ശേഷവും ഒരു നിശ്ചിത കാലയളവിൽ മൺസൂൺ കാറ്റിന്റെയും മേഘവിന്യാസത്തിന്റെയും ഊർജ്ജത്തെയും ചലനത്തെയും സ്വധീനിക്കാനാവും. കുസാറ്റ് റഡാർ കേന്ദ്രഡയറക്ടർ ഡോ. അഭിലാഷ് സുകുമാര പിള്ള ഈ ബന്ധത്തെ കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു സൂചനയായാണ് കാണുന്നത്. 'കാലാവസ്ഥാ മാറ്റം ഇന്ത്യൻ വേനൽക്കാല മൺസൂണിന്റെ കാലാനുസൃതതയെയും സവിശേഷതകളെയും ബാധിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.

അറബിക്കടലിലെ ചുഴലിക്കാറ്റുകൾ കേരളത്തിൽ കാലവർഷാരംഭത്തെ മാത്രമല്ല, അതിന്റെ വടക്കോട്ടുള്ള ചലനത്തെയും സ്വാധീനിക്കും. മൺസൂൺ സംവിധാനത്തെ ചലിപ്പിക്കുന്ന അന്തരീക്ഷ ശക്തികളെയും അതിന്റെ ഊഷ്മാവിനെയും ഊർജത്തെയും ഈ ചുഴലിക്കാറ്റുകൾ മൺസൂൺ തുടങ്ങുന്നതിനു മുമ്പും ശേഷവും മാറ്റുന്നുവെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ചുഴലിക്കാറ്റ് ഇല്ലാത്ത സമയങ്ങളിൽ മൺസൂൺ കേരളത്തിൽ നിന്ന് തെക്കു-പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി വടക്കോട്ട് നീങ്ങുന്നു. ആരംഭത്തിനു (onset) ശേഷം 10-15 ദിവസങ്ങൾക്കുള്ളിൽ തെക്കു-പടിഞ്ഞാറൻ തീരം മുഴുവൻ ഇത് ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമ്പോൾ, മഴമേഘങ്ങളുടെ വിന്യാസം ചുഴലിക്കാറ്റിനൊപ്പം നീങ്ങുന്നു. ചുഴലിക്കാറ്റ്, മഴമേഘങ്ങളെ തീരത്ത് നിന്ന് അകറ്റുന്നു. എന്നാൽ ചുഴലിക്കാറ്റ് കരയിലേക്ക് വീശുന്നയിടങ്ങളിൽ കനത്ത മഴ പെയ്യിക്കും.

കേരളത്തിലെ പല അന്തരീക്ഷശാസ്ത്രജ്ഞരും നേരത്തെ തന്നെ അനുമാനിച്ചത് കരയിൽ നിന്ന് മഴമേഘങ്ങളുടെ ഇത്തരത്തിലുള്ള ചലനം ഇത്തവണ ഉണ്ടായേക്കാമെന്നാണ്. ചുഴലിക്കാറ്റുകൾ വളരെ ചലനാത്മകമായ സംവിധാനങ്ങളാണ് (ഡൈനാമിക് സിസ്റ്റംസ്), അവ വേഗത്തിൽ ശക്തി പ്രാപിക്കുകയും അതെ പോലെ ശക്തിക്ഷയം സംഭവിക്കുകയും ചെയ്യും. മാത്രമല്ല, ഗതിമാറി സഞ്ചരിക്കുകയും ചെയ്യും.

ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ചുറ്റുപാടും 200 മുതൽ 500 വരെയോ അല്ലെങ്കിൽ 1000 കിലോമീറ്റർ വരെ വ്യാസത്തിലും, മുകളിലേക്കു ട്രോപോപാസ് വരെയും വ്യാപിക്കും. വരണ്ട സ്ട്രാറ്റോസ്ഫിയറിനും, താഴെയുള്ള, കൂടുതൽ കാലാവസ്ഥാപരമായി സജീവമായ ട്രോപോസ്ഫിയർ പാളിക്കും ഇടയിലുള്ള അതിർത്തിയാണ് ട്രോപോപോസ്. ട്രോപോസ്ഫിയർ ആരംഭിക്കുന്നത് ഭൂമിയുടെ ഉപരിതലത്തിലാണ്, പക്ഷേ ട്രോപോസ്ഫിയറിന്റെ ഉയരം ഭൂമധ്യരേഖയിൽ 11-12 മൈൽ (18-20 കി.മീ), ധ്രുവങ്ങളിൽ വെറും നാല് മൈലിൽ 6 കി.മീ) താഴെയുമാണ്.

മൺസൂൺ കാറ്റിന്റെ രീതിയിൽ മാത്രമല്ല, അന്തരീക്ഷത്തിലെ താപത്തിന്റെയും ഈർപ്പത്തിന്റെയും മുകളിലേക്കും താഴേക്കുമുള്ള ചലനത്തിലും വലിയ അളവിൽ മാറ്റം വരുത്താൻ ചുഴലിക്കാറ്റുകൾക്കു കഴിയും, പ്രത്യേകിച്ച് മൺസൂൺ തുടങ്ങുന്ന സമയത്ത്.

ചുഴലിക്കാറ്റുകളുടെ കാലഘട്ടം

മെയ് പകുതിയോടെ, ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും തീരപ്രദേശങ്ങളിലൂടെ കടന്നുപോയ മോക്ക, വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിതീവ്രമായതും (168 കി.മീ. വേഗതയിൽ വീശുന്നത് –extremely severe) അതിലും വലുതുമായ ചുഴലിക്കാറ്റുകളുടെ ചിത്രം നമുക്ക് കാണിച്ചു തരുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി കൊടുങ്കാറ്റുകൾ ഗുരുതരമായ ഭീഷണികൾ ഉയർത്തുന്നുവെന്ന് വിദഗ്ധർ പറയുന്നു

മണിക്കൂറിൽ ഏകദേശം 209 കിലോമീറ്റർ (130 മൈൽ) വേഗത്തിലാണ് കൊടുങ്കാറ്റ് മ്യാൻമറിലൂടെ ആഞ്ഞടിച്ചത്. നേരത്തെ ഇത് 282 കിലോമീറ്റർ (175 മൈൽ) വേഗത കൈവരിച്ചിരുന്നു, ഇത് വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ശക്തമായ രണ്ട് കൊടുങ്കാറ്റുകളിൽ ഒന്നായി മാറി. അത് ക്യാമ്പുകളും വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർത്തു.

ചുഴലിക്കാറ്റ് പ്രവചനങ്ങൾ വളരെയധികം മെച്ചപ്പെടുന്നുന്നുണ്ട്. ഇത്തവണ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം വളരെ മികച്ചതായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റ് ശക്തമാകുന്നതിൽ ആശങ്കയുണ്ടെന്ന് കൊടുങ്കാറ്റിനെ നിരീക്ഷിക്കുന്നവർ പറയുന്നു.

വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മൺസൂണിന് മുമ്പുള്ള സമയത്തും (മാർച്ച് – മേയ്) മൺസൂണിന് ശേഷമുള്ള (ഒക്‌ടോബർ ¬ ഡിസംബർ) കാലത്തും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റുകൾ ഈയിടെയായി മേയ് മാസത്തിലാണ് സംഭവിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, മെയ് മാസത്തിൽ നാല് അതിതീവ്ര ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018-ൽ മെകുനു ഒമാനിലെത്തി. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ സൂപ്പർ ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവമായാണ് 2019-ൽ ഫാനി ഒഡീഷയെ ബാധിച്ചത്. 2020-ൽ അംഫാൻ പശ്ചിമ ബംഗാളിൽ ആഞ്ഞടിച്ചു. 2021-ൽ തൗക്തേ ഗുജറാത്തിന്റെ കരയിലെത്തി.

ഒരു കൊടുങ്കാറ്റിന് എത്താൻ കഴിയുന്ന പരമാവധി തീവ്രതയാർജ്ജിക്കാൻ പറ്റിയ സമയമാണ് മേയ് എന്ന് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ (IITM) ഒരു സംഘം 2022-ൽ നടത്തിയ പഠനത്തിൽ പറയുന്നു. സമുദ്രോപരിതലത്തിലെ താപനിലയിലെ വർധനയാണ് ഇതിനെ പ്രധാനമായുംസ്വാധീനിക്കുന്നതെന്ന് സ്വപ്ന പണിക്കലിന്റെ നേതൃത്വത്തിലുള്ള പഠനം ചൂണ്ടിക്കാട്ടി.

അന്തരീക്ഷത്തിലെ കാർബൺ വർദ്ധനവ് കാരണമുണ്ടാകുന്ന ട്രോപോപോസിന്റെ തണുപ്പിന് പുറമെ, വേനൽക്കാല മൺസൂൺ ദുർബലമാകുന്നതും ഈ പ്രതിഭാസത്തിനു കാരണമാകുന്നുവെന്ന് ഐ ഐ ടി എംസംഘം ചൂണ്ടിക്കാട്ടി. തിരശ്ചീനമായുള്ള കാറ്റിന്റെ ദിശയും വേഗതയും ഉയരത്തിനനുസരിച്ച് മാറുന്ന പ്രവണത മൺസൂൺ ദുർബലമാകുന്നതിനാൽ കുറയാം. കൂടാതെ തെക്കോട്ടുള്ള സമുദ്രതാപ ഗതാഗതവും കുറയും; അതു കാരണം സമുദ്രത്തിലെ താപ ശേഖരണം കൂടും. ഇതെല്ലാം ചുഴലിക്കാറ്റുകൾ ഉണ്ടാവാനും ശക്തിപ്പെടുത്താനും സഹായിക്കുന്ന കാര്യങ്ങളാണ്.

മഴയ്ക്ക് ശേഷവും ചുഴലിക്കാറ്റുകൾ

പുതിയ പഠനങ്ങൾ ഒക്ടോബർ-ഡിസംബർ കാലയളവിലും തീവ്രമായ ചുഴലിക്കാറ്റുകളുടെ വർദ്ധനവ് കാണിക്കുന്നു. അറബിക്കടൽ കൂടുതൽ തീവ്രമായ കൊടുങ്കാറ്റിന് സാധ്യതയുള്ള ഇടമായി മാറുന്നു. 2014 ഒക്ടോബറിൽ, അറബിക്കടലിൽ, മൺസൂണിന് ശേഷം ആദ്യത്തെ അതിതീവ്ര ചുഴലിക്കാറ്റ് രേഖപ്പെടുത്തി - നിലോഫർ. തുടർന്ന് 2015ൽ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുകൾ (ചപാല, മേഘ്) ഉണ്ടായി. 2019 ലെ അഞ്ച് സംഭവങ്ങളിൽ, അതിതീവ്ര ചുഴലിക്കാറ്റ് മഹാ 1961-2018 ലെ ഉപഗ്രഹ കാലഘട്ടത്തിലെ അഭൂതപൂർവമായ ഇരട്ട സംഭവമായി ക്യാർ സൂപ്പർ ചുഴലിക്കാറ്റു (മണിക്കൂറിൽ 222 കിലോമീറ്ററും അതിനു മുകളിലും) ഹ്രസ്വമായി നിലനിന്നിരുന്നു. അതേ സമയം, അതിശക്തമായ ചുഴലിക്കാറ്റുകളുടെ (മണിക്കൂറിൽ 119-221 കിലോമീറ്റർ –– Very Severe) മൊത്തം ദൈർഘ്യവും മൂന്നിരട്ടിയായി വർദ്ധിച്ചു.

കൂടുതൽ കഠിനമായ ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നത് ഉഷ്ണമേഖലാ ചുഴലിക്കാറ്റുണ്ടാക്കുന്ന താപസാധ്യതയാണ്. ഇത് സമുദ്രത്തിലെ 26°C താപനിലയുള്ള പോയിന്റുകളെ ബന്ധിപ്പിക്കുന്ന സങ്കൽപ്പിക രേഖയ്ക്ക് (isotherm) മുകളിലുള്ള അധിക താപനിലയെ സൂചിപ്പിക്കുന്നു.

ഈ വർദ്ധനവ് കൊടുങ്കാറ്റുകളുടെ ഉത്ഭവം, തീവ്രത, ദൈർഘ്യം എന്നിവയെ സമുദ്രോപരിതല താപനിയെക്കാളേറെ സ്വാധീനിക്കുന്നുവെന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്.

കേരളത്തിന് സമീപമുള്ള അറബിക്കടൽ ഭാഗങ്ങളിൽ ഈ പ്രതിഭാസം ഈയിടെയായി കാണപ്പെടുന്നുണ്ട് എന്നത് കൂടുതൽ പഠനമർഹിക്കുന്ന കാര്യമാണ്.

21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ഉഷ്ണമേഖലാ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകൾക്കു പരമാവധി തീവ്രതയാർജ്ജിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ കാണുന്നു. ഇത് വളരെ തീവ്രമായ ചുഴലിക്കാറ്റുകൾക്ക് കാരണമായേക്കാം. തീരത്തെ ജനസാന്ദ്രതയും നഗരവൽക്കരണവും ഗുരുതരമായ ദുരന്തങ്ങളിലേക്കു നയിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ, ഇപ്പോഴുള്ളതിലും മികച്ചതും, പ്രാദേശികമായ ആഘാതം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളും, സമൂഹാധിഷ്ഠിത ദുരന്തനിവാരണ സംവിധാനങ്ങളുമാകും നമ്മളെ കൂടുതൽ സുരക്ഷിതരാക്കുക.

Cyclone Monsoon Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: