Kerala Monsoon: തിരുവനന്തപുരം: കേരളത്തിൽ നാളെ കാലവർഷമെത്തും. ഇത്തവണ എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിലെത്തുന്നത്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.
ഇത്തവണ കേരളത്തിൽ പതിവുമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളതീരത്ത് അറബിക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ടെന്നും ഇതോടെ മഴ ശക്തമാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ജൂൺ 9, 10 തീയതികളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 8, 9 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഇന്നു കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ (ജൂൺ 8) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ജൂൺ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. തൃത്താലയിൽ (പാലക്കാട്) 11 സെന്റിമീറ്ററും, വടകരയിൽ (കോഴിക്കോട്) 10 സെന്റിമീറ്ററും മഴ ലഭിച്ചു. കാഞ്ഞിരപ്പിളളിയിലും (കോട്ടയം), പൊന്നാനിയിലും (മലപ്പുറം) 6 സെന്റിമീറ്റർ വീതവും, കൊച്ചി എപി (എറണാകുളം), മൂന്നാർ (ഇടുക്കി), പട്ടാമ്പി (പാലക്കാട്), പെരിന്തൽമണ്ണ (മലപ്പുറം) എന്നിവിടങ്ങളിൽ 5 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.
കോന്നി (പത്തനംതിട്ട), തൊടുപുഴ (ഇടുക്കി), കൊടുങ്ങല്ലൂർ (തൃശൂർ), ഇരിക്കൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതവും, വൈക്കം (കോട്ടയം), എറണാകുളം സൗത്ത്, മൈലാടുംപാറ (ഇടുക്കി), ഇരിഞ്ഞാലക്കുട, കുന്നംകുളം (തൃശൂർ), മണ്ണാർക്കാട് (പാലക്കാട്), അമ്പലവയൽ, കുപ്പടി (വയനാട്) എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും, കരിപ്പൂർ എപി, നിലമ്പൂർ (മലപ്പുറം), ചേർത്തല (ആലപ്പുഴ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും, കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്), കണ്ണൂർ, കുരുടമണ്ണിൽ (പത്തനംതിട്ട), മാൻകോമ്പു (ആലപ്പുഴ), ഇടുക്കി, ആലത്തൂർ, ഒറ്റപ്പാലം, പറമ്പികുളം (പാലക്കാട്) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.