തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ കേരളത്തിലെത്തും. സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അറബിക്കടലില്‍ കേരള – കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More: മണ്‍സൂണ്‍ കേരളത്തിലെത്തുക ജൂണ്‍ എട്ടിന്

തൃശൂര്‍ ജില്ലയില്‍ ജൂണ്‍ പത്തിനാണ് റെഡ് അലര്‍ട്ട്. ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്‍പത് മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.

പ്രളയസാധ്യത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. ബീച്ചുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, പുഴകളിലും ചാലുകളിലും ഇറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

Read More: കാലവർഷം: ഭൂതത്താന്‍കെട്ട് ഷട്ടര്‍ തുറക്കും

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ഇത്തവണ എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിലെത്തുന്നത്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.

ഇത്തവണ കേരളത്തിൽ പതിവുമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളതീരത്ത് അറബിക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ടെന്നും ഇതോടെ മഴ ശക്തമാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ജൂൺ 8, 9 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ഇന്നലെ കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ (ജൂൺ 8) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ജൂൺ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook