പൂനെ: രാജ്യത്ത് സമൃദ്ധമായ മഴ ലഭിച്ച വർഷമാണ് 2019. വടക്കുകിഴക്കൻ കാലവർഷവും ഇന്ത്യയിൽ ശക്തമായിരുന്നു. 30 ശതമാനം അധിക മഴയാണ് വടക്കുകിഴക്കൻ കാലവർഷത്തിൽ രാജ്യത്ത് ലഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് വടക്കു കിഴക്കൻ കാലവർഷം.
ഈ മാസങ്ങളിൽ പ്രധാനമായും തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് മഴ ലഭിക്കാറുളളത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മഞ്ഞ് വീഴ്ചയും മഴയും ഉണ്ടാകാറുണ്ട്.
തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻമാറാൻ താമസിച്ചത് ശൈത്യകാല മൺസൂണിന്റെ വരവ് കാലതാമസമുണ്ടാക്കി. എന്നാൽ തെക്കൻ സംസ്ഥാനങ്ങളിലെ മിക്ക പ്രദേശങ്ങളിലും മൂന്ന് മാസത്തിനുള്ളിൽ നല്ല രീതിയിൽതന്നെ മഴ ലഭിച്ചു.
ലക്ഷദ്വീപിലാണ് ഇക്കാലയളവിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 172 സെന്റിമീറ്റർ. കർണാടകയിൽ 80 സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. കേരളത്തിലും മാഹിയിലും 27 ശതമാനം അധിക മഴയാണ് ഡിസംബർ വരെ രേഖപ്പെടുത്തിയത്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ മഴ ലഭിച്ചു.