തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ എത്തുക ജൂണ്‍ എട്ടിനെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ആദ്യത്തോടെ എത്തേണ്ട മണ്‍സൂണ്‍ ഇത്തവണ എട്ട് ദിവസം വൈകിയാണ് കേരളത്തിലെത്തുന്നത്. നേരത്തെ ജൂണ്‍ ആറിന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു പ്രവചനം.
ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്. കേരളത്തില്‍ ചൂടും ശുദ്ധജല ദൗര്‍ലഭ്യതയും വര്‍ധിച്ച സാഹചര്യത്തിലാണ് വലിയ ആശ്വാസമായി മണ്‍സൂണ്‍ മഴയെത്തുന്നത്.
Read More: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, ചൂട് കൂടുതൽ പാലക്കാട്
കാര്‍ഷിക രംഗത്തുള്‍പ്പെടെ വെള്ളത്തിന് അതിരൂക്ഷമായ ദൗര്‍ലഭ്യമുള്ളതിനാല്‍ മണ്‍സൂണ്‍ മഴയുടെ രംഗപ്രവേശം ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെയും ബാധിക്കും. ഇത്തവണ ഇന്ത്യയില്‍ തരക്കേടില്ലാത്ത വിധം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മൺസൂണിന് മുമ്പ് രാജ്യത്ത് ഇത്തവണ ലഭിച്ച മഴയുടെ അളവ് മുൻ വർഷത്തേക്കാൾ കുറവായിരുന്നു. ഇത്തവണ മാർച്ച് – മേയ് മാസത്തിൽ ലഭിച്ച മഴയുടെ അളവ് ഏകദേശം മുൻ വർഷത്തേക്കാൾ 25 ശതമാനം കുറവാണ്. അതിനാലാണ് മൺസൂൺ മഴയെ വലിയ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.
Read More: കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് സ്കൈമെറ്റ്
അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും ഇന്നലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. വർക്കല (തിരുവനന്തപുരം ജില്ല), കൊല്ലം, കാഞ്ഞിരപ്പളളി, കോഴ, വൈക്കം (കോട്ടയം ജില്ല), മൂന്നാർ, തൊടുപുഴ (ഇടുക്കി ജില്ല) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. പാലക്കാടിലും തൃശൂരിലും താപനില ഉയർന്ന നിലയിലാണ്. പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ താപനില സാധാരണ നിലയിലും ഉയർന്ന നിലയിലാണ്. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 36 ഡിഗ്രി സെൽഷ്യസ്.
ജൂൺ 5 മുതൽ ജൂൺ 9 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 8, 9 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ തീയതികളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.